Image

ഭൂമി ദാനം: വി.എസിനെ പ്രതിയാക്കാന്‍ അനുമതി

Published on 12 January, 2012
ഭൂമി ദാനം: വി.എസിനെ പ്രതിയാക്കാന്‍ അനുമതി
തിരുവനന്തപുരം: ബന്ധുവിനു സര്‍ക്കാര്‍ ഭൂമി പതിച്ചു കൊടുത്ത കേസില്‍ മുന്‍മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ വി.എസ്. അച്യുതാനന്ദനെ ഒന്നാം പ്രതിയാക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ അനുമതി നല്‍കി. കോഴിക്കോട് വിജിലന്‍സ് യൂണിറ്റ് വ്യാഴാഴ്ച ഇതുസംബന്ധിച്ച എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും. അഴിമതി നിരോധനനിയമപ്രകാരമായിരിക്കും വിഎസിനെതിരെ കേസെടുക്കുക. മുന്‍ റവന്യു മന്ത്രി കെ.പി. രാജേന്ദ്രനെ കേസില്‍ രണ്ടാം പ്രതിയാക്കണമെന്ന വിജിലന്‍സിന്റെ ശിപാര്‍ശയും വിജിലന്‍സ് ഡയറക്ടര്‍ അനുമതി നല്‍കിയിട്ടുണ്ട്. 

അനധികൃതമായി സര്‍ക്കാര്‍ ഭൂമി പതിച്ചുകൊടുക്കല്‍, പതിച്ചുകൊടുത്ത ഭൂമിക്കു നിയമവിരുദ്ധമായി വില്‍പ്പനാവകാശം നല്‍കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണു വി.എസ്. അച്യുതാനന്ദനെതിരേ കേസെടുക്കാന്‍ നിര്‍ദേശിച്ചിട്ടുള്ളത്. 2.3 ഏക്കര്‍ ഭൂമി അനധികൃതമായി പതിച്ചു നല്‍കാന്‍ കൂട്ടുനിന്നതിന്റേയും ഗൂഢാലോചനയില്‍ പങ്കാളിയായതിന്റേയും പേരിലാണു റവന്യു മന്ത്രിയായിരുന്ന കെ.പി. രാജേന്ദ്രനെ രണ്ടാം പ്രതിയാക്കാനും വിജിലന്‍സ് അന്വേഷണ സംഘം ഡയറക്ടര്‍ക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

ലാന്‍ഡ് റവന്യു കമ്മീഷണറായിരുന്ന കെ.ആര്‍. മുരളീധരന്‍, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ഷീല തോമസ്, ഭൂമി പതിച്ചു വാങ്ങിയ അച്യുതാനന്ദന്റെ ബന്ധു ടി.കെ. സോമന്‍, സ്ഥലം പതിച്ചു നല്‍കിയ സമയത്ത് കാസര്‍ഗോഡ് കളക്ടറായിരുന്ന കൃഷ്ണന്‍കുട്ടി, നടപടി ഫയലുകള്‍ നീക്കിയ സമയത്തെ കലക്ടര്‍ ആനന്ദ്‌സിംഗ്, അച്യുതാനന്ദന്റെ പിഎ സുരേഷ് എന്നിവരെ മൂന്നു മുതല്‍ എട്ടുവരെ പ്രതികളാക്കാനും വിജിലന്‍സ് സംഘം ശിപാര്‍ശ ചെയ്തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക