Image

ഇന്ത്യക്ക് ചരിത്ര ജയം

Published on 01 September, 2015
ഇന്ത്യക്ക് ചരിത്ര ജയം
കൊളംബോ:  ഒടുവില്‍ ശ്രീലങ്കന്‍ മണ്ണില്‍ ഇന്ത്യക്ക് പരമ്പര വിജയം. 22 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ശ്രീലങ്കന്‍ മണ്ണില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര നേടുന്നത്. മൂന്നാം ടെസ്റ്റില്‍ ശ്രീലങ്കയെ 117 റണ്‍സിന് തോല്‍പിച്ചാണ് ഇന്ത്യ ടെസ്റ്റ് പരമ്പര  2^1ന് സ്വന്തമാക്കിയത്. കൊളംബോയിലെ സിംഹളീസ് സ്പോര്‍ട്സ് ക്ളബ് ഗ്രൗണ്ടില്‍ വിരാട് കോഹ്ളിയുടെ നേതൃത്വത്തിലാണ് ഇന്ത്യ ചരിത്ര ജയം കുറിച്ചത്. 

വിജയലക്ഷ്യമായ 386 റണ്‍സ് പിന്തുടര്‍ന്ന ശ്രീലങ്ക 268 റണ്‍സിന് എല്ലാവരും പുറത്തായി.നാലു വിക്കറ്റ് വീഴ്ത്തിയ ആര്‍.അശ്വിന്‍െറയും, മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഇശാന്ത് ശര്‍മയുടെയും മികച്ച ബൗളിങ്ങാണ് ഇന്ത്യക്ക് അനായാസ വിജയമൊരുക്കിയത്. 1993ല്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍െറ നേതൃത്വത്തിലാണ് ആദ്യമായി ഇന്ത്യ ലങ്കന്‍മണ്ണില്‍ ടെസ്റ്റ് പരമ്പര നേടിയത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 1^0ത്തിനായിരുന്നു ഇന്ത്യയുടെ ചരിത്രനേട്ടം. ആ ജയവും ഇതേ ഗ്രൗണ്ടിലായിരുന്നു. കപില്‍ദേവും സചിനും കുംബ്ളെയും വിനോദ് കാംബ്ളിയുമൊക്കെ അടങ്ങുന്ന താരങ്ങള്‍ അണിനിരന്ന അസ്ഹറിന്‍െറ സംഘം 235 റണ്‍സിനാണ് അന്ന് ലങ്കയെ കീഴടക്കിയത്. മറ്റ് രണ്ട് ടെസ്റ്റുകളും സമനിലയില്‍ പിരിയുകയായിരുന്നു.

മൂന്ന് വിക്കറ്റിന് 67 എന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ശ്രീലങ്കക്ക് ഏഴു റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ കൗശല്‍ സില്‍വയെ(27) നഷ്ടമായി.പിന്നീട് തിരമന്നെയും കുശാല്‍ പെരേരയും ചേര്‍ന്ന് സ്കോര്‍ നൂറ് കടത്തി. അഞ്ച് വിക്കറ്റിന് 107 എന്ന നിലയില്‍ തകര്‍ന്ന ആതിഥേയരെ ക്യാപ്റ്റന്‍ ആഞ്ചലോ മാത്യൂസും (110) കുശാല്‍ പെരേരയും (70) ചേര്‍ന്നാണ് കരകയറ്റിയത്. ആറാം വിക്കറ്റിലെ  135 റണ്‍സ് കൂട്ടുകെട്ട് മത്സരം സമനിലയിലെ ത്തിക്കുമെന്ന പ്രതീതി ഉണ്ടാക്കി.  കുശാല്‍ പെരേരയെ പുറത്താക്കി അശ്വിനാണ് ഇന്ത്യന്‍ വിജയത്തിന് വഴിയൊരുക്കിയത്. സ്കോര്‍ ആറിന് 242. അധികം വൈകാതെ മാത്യൂസിനെ പുറത്താക്കിയ ഇശാന്ത് ടെസ്റ്റില്‍  ഇരുനൂറ് വിക്കറ്റും തികച്ചു. ഹെറാത്തിനെയും ധമ്മിക പ്രസാദിനെയും അശ്വിന്‍ പുറത്താക്കി. നുവാന്‍ പ്രദീപിനെ വിക്കറ്റിനു മുന്നില്‍ കുടുക്കി അമിത് മിശ്ര ഇന്ത്യക്ക് ചരിത്ര വിജയം സമ്മാനിച്ചു.

ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് ഏറെ പിന്തുണ ലഭിക്കുന്ന ക്രീസില്‍ ഇശാന്തിന്‍െറയും ഉമേഷ് യാദവിന്‍െറയും തീതുപ്പുന്ന പന്തുകള്‍ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാനാകാതെ ലങ്കന്‍ ബാറ്റ്സ്മാന്‍മാര്‍ കുഴങ്ങി. ഇന്നലെ 67 റണ്‍സെടുത്തപ്പോഴേക്കും വിലപ്പെട്ട മൂന്ന് മുന്‍നിര വിക്കറ്റുകള്‍ ലങ്കക്ക് നിലംപൊത്തിയിരുന്നു. കൂറ്റന്‍ ലക്ഷ്യത്തിന് മുന്നില്‍ അങ്കലാപ്പോടെ ബാറ്റിങ്ങിനിറങ്ങിയ ലങ്കക്ക് ആദ്യ ഓവറില്‍തന്നെ ഇശാന്ത് ശര്‍മ പ്രഹരമേല്‍പിച്ചു. ഓഫ് സ്റ്റംപിന് പുറത്തേക്ക് വെട്ടിത്തിരിഞ്ഞ പന്തില്‍ ബാറ്റ് വെച്ച ഓപണര്‍ ഉപുല്‍ തരംഗയെ റണ്ണെടുക്കും മുമ്പ് വിക്കറ്റ് കീപ്പര്‍ നമാന്‍ ഓജ പിടികൂടി. തുടര്‍ന്ന് ക്രീസിലത്തെിയ ദിമുത് കരുണരത്നെ തരംഗയെ അനുകരിച്ച് ഓജക്ക് പിടികൊടുത്തു. ഉമേഷ് യാദവിനായിരുന്നു വിക്കറ്റ്. കളിക്കിടെ തന്നോട് കൊമ്പുകോര്‍ത്ത ലങ്കന്‍ ബാറ്റ്സ്മാന്‍ ദിനേശ് ചാണ്ഡിമലിനെ വീഴ്ത്തി മൂന്നാം വിക്കറ്റ് കൊയ്ത ഇശാന്ത് ശര്‍മ പകരംവീട്ടുകയായിരുന്നു
 
മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ ആദ്യ ടെസ്റ്റ് ലങ്ക 63 റണ്‍സിന് ജയിച്ചപ്പോള്‍ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ 278 റണ്‍സിന് വിജയിച്ച് തിരിച്ചടിച്ചിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക