Image

അഖിലേന്ത്യ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍

Published on 01 September, 2015
അഖിലേന്ത്യ  പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്‍െറ തൊഴിലാളിവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ബുധനാഴ്ച 10 പ്രമുഖ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ അഖിലേന്ത്യ വ്യാപകമായി പണിമുടക്ക് നടത്തും. റെയില്‍വേ ഒഴികെ എല്ലാ മേഖലകളിലും സമരം ഉണ്ടാവുമെന്ന് സംയുക്ത സമരസമിതി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആര്‍.എസ്.എസിന്‍െറ പോഷക സംഘടനയായ ബി.എം.എസ് പണിമുടക്കില്‍നിന്ന് പിന്മാറി.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കു പുറമെ ബാങ്ക്, ഇന്‍ഷുറന്‍സ്, തപാല്‍, ഗതാഗത മേഖലകളിലുള്ളവരും വ്യവസായ-ഖനി-തുറമുഖ തൊഴിലാളികളുമെല്ലാം പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. ഐ.എന്‍.ടി.യു.സി, സി.ഐ.ടി.യു, എ.ഐ.ടി.യു.സി, എച്ച്.എം.എസ്, ടി.യു.സി.സി, സേവ, എ.ഐ.യു.ടി.യു.സി, എ.ഐ.സി.സി.ടി.യു, യു.ടി.യു.സി, എല്‍.പി.എഫ് എന്നിവയാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. അഞ്ചു വര്‍ഷമായി സംയുക്ത സമിതിയില്‍ ഒന്നിച്ചുനിന്ന ശേഷമാണ് ബി.എം.എസിന്‍െറ പിന്മാറ്റം.

തൊഴിലാളികള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ പരിഗണിക്കാന്‍ സര്‍ക്കാറിന് ആറുമാസത്തെ സാവകാശംകൂടി നല്‍കണമെന്നും വിഷയങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന ഉറപ്പു ലഭിച്ചിട്ടുണ്ടെന്നും വിശദീകരിച്ചാണ് ബി.എം.എസ് അവസാനഘട്ടത്തില്‍ പണിമുടക്കില്‍നിന്ന് പിന്മാറിയത്. എന്നാല്‍, ഭരണകക്ഷിയായ ബി.ജെ.പിയുടെ സമ്മര്‍ദം മൂലമുള്ള രാഷ്ട്രീയ തീരുമാനമാണ് ബി.എം.എസ് എടുത്തതെന്ന് മറ്റു തൊഴിലാളി സംഘടനാ ഭാരവാഹികള്‍ കുറ്റപ്പെടുത്തി.

12 ആവശ്യങ്ങളാണ് സംഘടനകള്‍ പ്രധാനമായും ഉന്നയിക്കുന്നത്. സംഘടിത, അസംഘടിത മേഖലയിലെ കരാര്‍ തൊഴിലാളികള്‍ക്ക് പ്രതിമാസം 15,000 രൂപയെങ്കിലും മിനിമം വേതനം നിശ്ചയിക്കണമെന്ന് തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെടുമ്പോള്‍ 7000 രൂപയാണ് സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന നിര്‍ദേശമെന്ന് അവര്‍ പറഞ്ഞു. സാമ്പത്തിക പരിഷ്കാരങ്ങള്‍ക്കൊത്തവിധം സര്‍ക്കാര്‍ കൊണ്ടുവരുന്ന തൊഴില്‍നിയമങ്ങള്‍ 70 ശതമാനം തൊഴിലാളികളെയും അടിസ്ഥാന നിയമപരിരക്ഷക്ക് പുറത്താക്കുമെന്ന് യൂനിയന്‍ നേതാക്കള്‍ പറഞ്ഞു.
എ.കെ. പത്മനാഭന്‍-സി.ഐ.ടി.യു, ഗുരുദാസ് ദാസ്ഗുപ്ത-എ.ഐ.ടി.യു.സി, തമ്പാന്‍ തോമസ്-എച്ച്.എം.എസ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക