Image

പോള്‍ മുത്തൂറ്റ് വധം: ഒമ്പതു പ്രതികള്‍ക്കു ജീവപര്യന്തം

Published on 01 September, 2015
പോള്‍ മുത്തൂറ്റ് വധം: ഒമ്പതു പ്രതികള്‍ക്കു ജീവപര്യന്തം
തിരുവനന്തപുരം: പോള്‍ എം. ജോര്‍ജ് വധക്കേസിലെ ആദ്യ ഒമ്പതു പ്രതികള്‍ക്കു ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്.
കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്ത ഒമ്പതു പ്രതികള്‍ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. തെളിവുകള്‍ നശിപ്പിച്ചതിനു 10 മുതല്‍ 13 വരെയുള്ള പ്രതികള്‍ക്ക് മൂന്നു വര്‍ഷം കഠിന തടവും വിധിച്ചു.
കേസിലെ ഒന്നാം പ്രതി ജയചന്ദ്രന്‍ ജീവപര്യന്തം ശിക്ഷയ്ക്കു പുറമേ 50,000 രൂപ പിഴയും അടയ്ക്കണം. രണ്ടു മുതല്‍ ഒമ്പതു വരെയുള്ള പ്രതികള്‍ 55,000 രൂപ പിഴയടക്കണമെന്നും മറ്റു നാലു പ്രതികള്‍ 5,000 രൂപ പിഴ അടയ്ക്കണമെന്നും കോടതി ഉത്തരവിട്ടു. കേസിലെ 13 പ്രതികള്‍ കുറ്റക്കാരെന്നു പ്രത്യേക സിബിഐ കോടതി കണ്ടെത്തിയിരുന്നു.
കേസില്‍ ആകെ 14 പ്രതികളാണുണ്ടായിരുന്നത്. ഇതില്‍ 14-ാം പ്രതി അനീഷിനെ കോടതി വെറുതെ വിട്ടിരുന്നു.

പ്രതികള്‍ ദയ അര്‍ഹിക്കുന്നില്ളെന്നും ഇവര്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
വീട്ടില്‍ അച്ഛനമ്മമാര്‍ തനിച്ചായതിനാല്‍ വെറുതെ വിടണമെന്ന് ഒന്നാം പ്രതി ജയചന്ദ്രന്‍ കോടതിയില്‍ അഭ്യര്‍ഥിച്ചു. അര്‍ബുദ രോഗിയായ അമ്മയടങ്ങുന്ന കുടുംബത്തിന്‍്റെ ആശ്രയം താനാണെന്ന് രണ്ടാം പ്രതി കാരി സതീഷ് കോടതിയെ അറിയിച്ചു.

2009 ആഗസ്റ്റ് 21 നാണ് മുത്തൂറ്റ് എം ജോര്‍ജ് ഗ്രൂപ്പിന്‍്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ പോള്‍ മുത്തൂറ്റ് ജോര്‍ജ് നെടുമുടിക്ക് സമീപം പോങ്ങയില്‍ വച്ച് കൊല്ലപ്പെട്ടത്. നസീര്‍ എന്നയാളെ അക്രമിക്കാന്‍ ഗുണ്ടാനേതാവ് കാരി സതീശും സംഘവും ക്വട്ടേഷന്‍ എടുത്ത ശേഷം ചങ്ങനാശ്ശേരിയില്‍ നിന്ന് മണ്ണഞ്ചേരിയിലേക്ക് പോകും വഴി പോള്‍ ജേര്‍ജിന്‍്റെ കാറ് തട്ടി ബൈക്ക് യാത്രക്കാരന് പരിക്കേറ്റെങ്കിലും പോള്‍ വണ്ടി നിര്‍ത്തിയില്ല. ഇതില്‍ പ്രകോപിതരായ കാരി സതീശും സംഘവും വാഹനം പിന്തുടര്‍ന്ന് പോളിനെ തടഞ്ഞ് നിര്‍ത്തുകയായിരുന്നു. വാക്കുതര്‍ക്കത്തിനിടയില്‍ കാരി സതീശ് കത്തിയെടുത്ത് പോളിനെ കുത്തികൊലപ്പെടുത്തിയെന്നാണ് കേസ്. ഗുണ്ടാത്തലവന്‍മാരായ ഓംപ്രകാശ്, പുത്തന്‍പാലം രാജേഷ് എന്നിവരും ജോര്‍ജിനൊപ്പമുണ്ടായിരുന്നു.

ഏഴ് പേരെയാണ് കേസില്‍ സി.ബി.ഐ മാപ്പ് സാക്ഷിയാക്കിയത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക