Image

കത്രീന ചുഴലിക്കാറ്റിന്‍െറ ഓര്‍മപുതുക്കി ന്യൂ ഓര്‍ലന്‍സ് വാസികള്‍ ഒത്തുകൂടി

Published on 31 August, 2015
കത്രീന ചുഴലിക്കാറ്റിന്‍െറ ഓര്‍മപുതുക്കി ന്യൂ ഓര്‍ലന്‍സ് വാസികള്‍ ഒത്തുകൂടി
ലൂയീസിയാന: 2005ല്‍ അമേരിക്കയെ ദുരിതത്തിലാഴ്ത്തിയ കത്രീന ചുഴലിക്കാറ്റിന്‍െറ ഓര്‍മപുതുക്കി ന്യൂ ഓര്‍ലന്‍സ് വാസികള്‍ ഒത്തുകൂടി. തിരിച്ചറിയാനാവാത്ത 83 പേരുടെ മൃതദേഹങ്ങള്‍ മറമാടിയ കത്രീന ചുഴലിക്കാറ്റ് സ്മാരകത്തില്‍ ഉപചാരം അര്‍പ്പിച്ചാണ് പരിപാടികള്‍ക്ക് തുടക്കമിട്ടത്. എങ്ങനെയാണ് പ്രദേശവാസികള്‍ പരസ്പരം സഹായിച്ചതെന്ന് സിറ്റി മേയര്‍ മിച്ച് ലാന്‍ദ്രൂ ഓര്‍മിപ്പിച്ചു. പരസ്പരസഹായത്തിലൂടെയാണ് ന്യൂ ഓര്‍ലന്‍സ് തിരിച്ചുകയറിയതെന്ന് അദ്ദേഹം പറഞ്ഞു. വൈകീട്ട് നടന്ന പരിപാടിയില്‍ മുന്‍ പ്രസിഡന്‍റ് ബില്‍ ക്ളിന്‍റന്‍ പങ്കെടുത്തു.
പ്രസംഗങ്ങള്‍ക്കുശേഷം പ്രദേശവാസികള്‍ പട്ടണത്തിലൂടെ അനുശോചന മാര്‍ച്ച് നടത്തി. തുടര്‍ന്ന് നടന്ന സംഗീതപരിപാടിയില്‍ നിരവധിപേര്‍ ഗാനമാലപിച്ചു. പട്ടണവാസികളുടെ നൃത്തപരിപാടികളും അരങ്ങേറിയിരുന്നു. വ്യാഴാഴ്ച പ്രസിഡന്‍റ് ബറാക് ഒബാമ ന്യൂ ഒര്‍ലന്‍സ് സന്ദര്‍ശിച്ചിരുന്നു. ദുരന്തത്തില്‍നിന്ന് തിരിച്ചുകയറാനായി പ്രദേശവാസികള്‍ നടത്തിയ അസാമാന്യ നടപടിയെ ഒബാമ വാഴ്ത്തി. വെള്ളിയാഴ്ച മുന്‍ പ്രസിഡന്‍റ് ജോര്‍ജ് ബുഷ് പ്രദേശം സന്ദര്‍ശിച്ചിരുന്നു. ദുരന്തസമയത്ത് ബുഷ് സര്‍ക്കാറിന്‍െറ മെല്ളെപ്പോക്കില്‍ വന്‍ വിമര്‍ശമുയര്‍ന്നിരുന്നു.
2000ത്തിനടുത്ത് ആളുകള്‍ മരിക്കുകയും 10 ലക്ഷത്തിലധികംപേരെ വഴിയാധാരമാക്കുകയുംചെയ്ത കത്രീന ചുഴലിക്കാറ്റ് അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ പ്രകൃതിദുരന്തമായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക