Image

ഒരു റാങ്ക് ഒരു പെന്‍ഷന്‍ : തൊഴിലാളികള്‍ക്ക് പുതിയ പദ്ധതി: നരേന്ദ്ര മോദി

Published on 15 August, 2015
ഒരു റാങ്ക് ഒരു പെന്‍ഷന്‍ : തൊഴിലാളികള്‍ക്ക് പുതിയ പദ്ധതി: നരേന്ദ്ര മോദി
ന്യൂഡല്‍ഹി: സാമുദായിക ഭിന്നതകള്‍ക്ക് ഇടം നല്‍കരുതെന്നും രാജ്യത്തിന്‍െറ ഐക്യം നഷ്ടപ്പെടുത്തുന്ന ഒരു നീക്കവും അനുവദിക്കരുതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐക്യം തകര്‍ന്നാല്‍ സ്വപ്നങ്ങളും തകരും. വര്‍ഗീയതയെയും വിഘടനവാദത്തെയും തോല്‍പിക്കണം. രാജ്യം ടീം ഇന്ത്യയായി പ്രവര്‍ത്തിക്കണം. ഇത് പ്രതീക്ഷയുടെ പുലരിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 69ാം സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

കല്‍ക്കരി, സ്പെക്ട്രം ലേലത്തിലൂടെ മൂന്ന് ലക്ഷം കോടി രൂപ സര്‍ക്കാറിന് ലഭിച്ചു. അഴിമതി നടത്തിയവര്‍ അഴിമതിക്കെതിരെ സന്ദേശം നല്‍കുന്നു. അഴിമതിരഹിത ഇന്ത്യയെ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. എല്ലാ തലത്തിലുമുള്ള അഴിമതിയും ഇല്ലാതാക്കും. 15 മാസത്തിനിടെ സര്‍ക്കാറിനെതിരെ ഒരു അഴിമതിയാരോപണം പോലും ഉണ്ടായിട്ടില്ല. ജി20 ഉച്ചകോടിയില്‍ കള്ളപ്പണത്തിനെതിരെ പ്രസ്താവന നടത്തി. വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ച കള്ളപ്പണം സര്‍ക്കാര്‍ ഖജനാവില്‍ എത്തിക്കും.

സൈനികര്‍ക്കുള്ള ഒരു റാങ്ക് ഒരു പെന്‍ഷന്‍ സര്‍ക്കാര്‍ നടപ്പാക്കും. ഇതിനുള്ള ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണ്. വൈകാതെ തീരുമാനമെടുക്കും. ബാങ്കുകളുടെ എല്ലാ ബ്രാഞ്ചുകളും ഒരു ദലിതനോ ഗോത്രവര്‍ഗക്കാരനോ വായ്പ ഉറപ്പാക്കണം. രാജ്യത്തെ തൊഴിലാളികള്‍ക്കായി "ശ്രമേവ ജയതെ" എന്ന പുതിയ പദ്ധതി നടപ്പാക്കും. പുതു സംരംഭങ്ങള്‍ക്കായി "സ്റ്റാര്‍ട്ട് അപ് ആന്‍ഡ് സ്റ്റാന്‍ഡ് അപ്പ്" പദ്ധതി. രാജ്യത്തിന്‍െറ കിഴക്കല്‍ മേഖലയില്‍ ഗ്യാസ് പൈപ്പ് ലൈനും റെയില്‍ ശൃംഖലയും സ്ഥാപിക്കും. കൃഷി ഭവന്‍ ഇനി "കൃഷി കിസാന്‍ കല്യാണ്‍ മന്ത്രാലയ" എന്നറിയപ്പെടും. എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി എത്തിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

മന്‍കി ബാത്തിലൂടെ രാജ്യത്തെ ഗ്രാമങ്ങളുടെ ശബ്ദം അറിയാന്‍ സാധിച്ചു. പാവങ്ങള്‍ക്ക് മുമ്പില്‍ അടഞ്ഞിരുന്ന ബാങ്കുകളുടെ വാതിലുകള്‍ തുറക്കാന്‍ കഴിഞ്ഞു. ജന്‍ധന്‍ യോജന വഴി 17 കോടി ജനങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ട് തുറക്കാന്‍ സാധിച്ചു. ഇതുവരെ 30,000 കോടി രൂപ ബാങ്കുകളിലെ ത്തി. ഓരോ ദരിദ്രന്‍െറയും പങ്കാളിത്തതോടെ ജന്‍ധന്‍ യോജന വിജയകരമായി തീര്‍ന്നു. സ്വഛ് ഭാരത് പദ്ധതിയുടെ അംബാസഡര്‍ കുട്ടികളാണ്. പദ്ധതി നടപ്പാക്കുന്നതിന് കുട്ടികളുടെ പങ്കാളിത്തം നിസ്തുലമാണ്. ശുചിത്വ പാഠം നല്‍കിയ കുട്ടികള്‍ക്ക് മുമ്പില്‍ തല കുനിക്കുന്നു.

എല്‍.പി.ജി സബ്സിഡി വെട്ടിക്കുറച്ചതോടെ 15,000 കോടി രൂപയുടെ ലാഭമുണ്ടായി. 20 ലക്ഷം പേര്‍ സബ്സിഡി ഉപേക്ഷിച്ചു. സുരക്ഷ ഇതുവരെ ലഭിക്കാത്തവര്‍ക്കും പ്രധാനമന്ത്രിയുടെ പദ്ധതികളുടെ ഗുണം ലഭിച്ചു. രാജ്യത്തിന്‍െറ വികസനത്തിന്‍െറ പിരമിഡ് തകര്‍ക്കാന്‍ പറ്റാത്തതാണ്. എല്ലാവരെയും ഉള്‍കൊള്ളുന്നതായിരിക്കണം രാജ്യത്തിന്‍െറ വികസനം. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കും. ഒരു വര്‍ഷത്തിനകം രാജ്യത്തെ പുതിയ ഇന്ത്യയാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാവിലെ ഗാന്ധി സമാധിയായ രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെ ത്തിയത്. അവിടെ കര, നാവിക, വ്യോമ സേനകളുടെ അഭിവാദ്യം സ്വീകരിച്ച ശേഷം ലാഹോര്‍ ഗേറ്റിലൂടെ ചെങ്കോട്ടക്കുള്ളില്‍ കടന്ന് ദേശീയപതാക ഉയര്‍ത്തിയ ശേഷമാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക