Image

പഞ്ചായത്ത് രൂപവത്കരണം: ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീലിന്

Published on 11 August, 2015
പഞ്ചായത്ത് രൂപവത്കരണം: ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീലിന്

കൊച്ചി: വില്ലേജുകള്‍ വിഭജിച്ച് ഒന്നിലേറെ പഞ്ചായത്തുകളിലാക്കി പുതിയ പഞ്ചായത്തുകള്‍ രൂപവത്കരിച്ച നടപടി ഹെക്കോടതി റദ്ദാക്കിയതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും തിരഞ്ഞെടുപ്പ് കമ്മീഷനുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം ആണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടത്. തിരഞ്ഞെടുപ്പ് നിശ്ചയിച്ച സമയത്ത് തന്നെ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. 15 ദിവസത്തിന് ശേഷം വീണ്ടും തിരഞ്ഞെടുപ്പ് കമ്മീഷനുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 

പുതിയ പഞ്ചായത്തുകളുടെ രൂപവത്കരണം ചോദ്യം ചെയ്യുന്ന നാല്പതിലധികം ഹര്‍ജികള്‍ തീര്‍പ്പാക്കിക്കൊണ്ടാണ് ജസ്റ്റിസ് എ.വി. രാമകൃഷ്ണപിള്ള ഇന്നലെ സുപ്രധാന വിധി പ്രസ്താവിച്ചത്. ഇതിനെതിരെയാണ് അപ്പീലിന് പോകുന്നത്. വില്ലേജുകള്‍ ഇങ്ങനെ വിഭജിക്കുന്നതിന് ഭരണഘടനാപരമായ വിലക്കുള്ളതിനാലാണ് കോടതി വിധി. 

ഗവര്‍ണറുടെ മുന്‍കൂര്‍ അനുമതിയോടെ മാത്രമേ വില്ലേജുകളെ വിഭജിക്കാവൂ എന്നാണ് ഭരണഘടനയിലെ 243 (ജി) അനുച്ഛേദം വ്യവസ്ഥ ചെയ്യുന്നത്. പഞ്ചായത്ത് വിഭജനക്കാര്യത്തില്‍ സര്‍ക്കാര്‍ ഈ വ്യവസ്ഥ പാലിച്ചില്ലെന്നതാണ് ഹര്‍ജിക്കാര്‍ ഉന്നയിച്ച പ്രധാന വാദം. അത് ഹൈക്കോടതി അംഗീകരിച്ചു. 

2015 ഏപ്രില്‍ 25ന് തദ്ദേശ സ്വയംഭരണ വകുപ്പ് ഇറക്കിയ പഞ്ചായത്ത് വിഭജന ഉത്തരവില്‍, ഗവര്‍ണറുടെ അനുമതിയില്ലാതെ വില്ലേജ് വിഭജിച്ച് പുതിയ പഞ്ചായത്ത് രൂപവത്കരിക്കുന്ന ഭാഗമാണ് ഹൈക്കോടതി റദ്ദാക്കിയിട്ടുള്ളത്. ഒരു വില്ലേജിന്റെ വിവിധ ഭാഗങ്ങള്‍ വ്യത്യസ്ത പഞ്ചായത്തുകളിലാവുന്നത് നാട്ടുകാര്‍ക്ക് വിഷമം സൃഷ്ടിക്കും. വില്ലേജിനെ പല പഞ്ചായത്തുകള്‍ക്കായി മുറിച്ചു നല്‍കാനാവില്ല. ഒരു വില്ലേജ് അല്ലെങ്കില്‍ ഒരു കൂട്ടം വില്ലേജുകള്‍ പൂര്‍ണമായി ഉള്‍പ്പെട്ടതാവണം പഞ്ചായത്ത് എന്നാണ് ഭരണഘടനാ വ്യവസ്ഥ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക