Image

ചരക്കുസേവന നികുതി ബില്‍ രാജ്യസഭയില്‍; അവതരണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല

Published on 11 August, 2015
ചരക്കുസേവന നികുതി ബില്‍ രാജ്യസഭയില്‍; അവതരണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല


ന്യൂഡല്‍ഹി: ചരക്കുസേവന നികുതി ഏര്‍പ്പെടുത്താനുള്ള ഭരണഘടനാഭേദഗതി ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാനുള്ള ശ്രമം കോണ്‍ഗ്രസ് അംഗങ്ങളുടെ പ്രതിഷേധത്തില്‍ മുങ്ങി. ബഹളത്തിനിടെ ബില്‍ അവതരണം പൂര്‍ത്തിയാക്കാന്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ബഹളത്തെ തുടര്‍ന്ന് രാജ്യസഭ ഇന്നത്തേക്ക് പിരിയുകയാണെന്ന് ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‍ അറിയിച്ചു.

ചരക്കുസേവന നികുതി നടപ്പാക്കുന്നതിനുള്ള 122ാം ഭരണഘടനാദേഗതി ബില്‍ ഉച്ചക്കുശേഷം അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമം നടത്തിയത്. ക്രമപ്രശ്‌നമുന്നയിച്ച് അവതരണം മാറ്റിവെപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചെങ്കിലും ചെയറിലുണ്ടായിരുന്ന പി.ജെ. കുര്യന്‍ അനുവദിച്ചില്ല. കാര്യോപദേശക സമിതി(ബി.എ.സി) മുമ്പാകെയത്തൊതെ ഭരണഘടനാഭേദഗതി ബില്‍ പുതുക്കിയ അജണ്ടയില്‍ ഉള്‍പ്പെടുത്തിയത് സഭാച്ചട്ടം ഉന്നയിച്ച് കോണ്‍ഗ്രസ് ഉപനേതാവ് ആനന്ദ് ശര്‍മ ചോദ്യംചെയ്തു. 

എന്നാല്‍ പി.ജെ കുര്യന്‍ ധനമന്ത്രിയെ ബില്‍ അവതരണത്തിന് ക്ഷണിച്ചു. ഇതോടെ, കോണ്‍ഗ്രസ് അംഗങ്ങള്‍ ഒന്നടങ്കം നടുത്തളത്തിലിറങ്ങി.
29 സംസ്ഥാനങ്ങളിലെ മുഴുവന്‍ നികുതികളും ഏകീകരിച്ച് രാഷ്ട്രത്തെ ഒറ്റ വിപണിയായി കാണുന്ന തരത്തിലാണ് ചരക്കുസേവന നികുതി ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് ജെയ്റ്റ്‌ലി പറഞ്ഞു. എന്നാല്‍, രാജ്യത്തിന്റെ വികസനം തടസ്സപ്പെടുത്തുകയാണ് കോണ്‍ഗ്രസിന്റെ യഥാര്‍ഥ ലക്ഷ്യം. സമ്പദ്ഘടന വളരണമെന്ന് അവര്‍ ആഗഹിക്കുന്നില്ല എന്നതാണ് ബില്‍ തടസ്സപ്പെടുത്തുന്നതിന് പിന്നിലുള്ള യഥാര്‍ഥ കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക