Image

അടിയന്തരാവസ്ഥയുടെ മണിമുഴക്കം

Madhyamam Published on 10 August, 2015
അടിയന്തരാവസ്ഥയുടെ മണിമുഴക്കം

അവശ്യസന്ദര്‍ഭങ്ങളില്‍ വാ തുറക്കാതിരിക്കുകയും പ്രതിശബ്ദങ്ങളുടെയും വിമര്‍ശങ്ങളുടെയും വായ് മൂടിക്കെട്ടുകയും ചെയ്യുന്ന ഫാഷിസത്തിലേക്ക് മോദിഭരണം മാറുകയാണെന്ന ആശങ്കയെ ത്വരിപ്പിക്കുന്നതാണ് സര്‍ക്കാറിന്‍െറ ഓരോ നീക്കവും. വന്‍ അഴിമതിയിലും ഭീകരമായ അധോലോക ക്രിമിനല്‍ രാഷ്ട്രീയത്തിലും സ്വന്തം മന്ത്രിസഭയിലെ അംഗങ്ങള്‍ക്കും മുഖ്യമന്ത്രിമാര്‍ക്കും പങ്കുണ്ടെന്നു വ്യക്തമായിട്ടും അതിനെതിരെ മുറവിളികളുയര്‍ന്നിട്ടും പ്രധാനമന്ത്രി ഒരക്ഷരം ഉരിയാടുന്നില്ല. എന്നാല്‍, ഒൗദ്യോഗികസംവിധാനങ്ങള്‍ക്കെതിരെ ഉയരുന്ന ചൂണ്ടുവിരലുകളൊടിക്കുന്നതില്‍ ഭരണകൂടം ബദ്ധശ്രദ്ധ പതിപ്പിക്കുകയും ചെയ്യുന്നു. മന്ത്രിമാരായ സഹപ്രവര്‍ത്തകര്‍ക്ക് കമാന്നു മിണ്ടാന്‍ നിയന്ത്രണം. മുഖ്യമന്ത്രിയറിയാതെ ഗവര്‍ണര്‍മാരെ കേന്ദ്രത്തില്‍നിന്ന് നൂലില്‍കെട്ടിയിറക്കുന്നു. കേന്ദ്ര നിയന്ത്രണസ്ഥാപനങ്ങളില്‍ സ്ഥാനത്തിനും രാജ്യത്തിനു പോലും പേരുദോഷം കേള്‍പ്പിക്കാവുന്നവര്‍ക്കു പോലും കുഞ്ചികസ്ഥാന പ്രതിഷ്ഠ.

കോടതി തല്‍ക്കാലം ഇടപെടാന്‍ നിര്‍വാഹമില്ളെന്നു പറഞ്ഞ് കൂടുതല്‍ വിസ്താരത്തിനു മാറ്റിവെച്ച വെബ്സൈറ്റ് നിയന്ത്രണവിഷയത്തില്‍ സര്‍ക്കാര്‍ ചാടിയിറങ്ങി ഉത്തരവ്. ആര്‍ക്കോ പിടിക്കാത്തത് പ്രദര്‍ശിപ്പിച്ചെന്നും പറഞ്ഞ് ചില ചാനലുകള്‍ക്ക് നിരോധം...ഇങ്ങനെ എതിരനക്കങ്ങളെ അടിച്ചമര്‍ത്തി ജനാധിപത്യത്തിനെതിരെ സ്വേച്ഛാധിപത്യം ദംഷ്ട്രകള്‍ പുറത്തുകാട്ടിത്തുടങ്ങുകയാണ്. ഇതിന്‍െറ ഭാഗമായി വേണം മൂന്നു വാര്‍ത്താചാനലുകള്‍ക്കെതിരെ കേന്ദ്ര വാര്‍ത്താപ്രക്ഷേപണ വിതരണ മന്ത്രാലയം പുറപ്പെടുവിച്ച ഷോകോസ് നോട്ടീസിനെ കാണാന്‍.
യാക്കൂബ് മേമന്‍െറ തൂക്കിക്കൊലയുമായി ബന്ധപ്പെട്ട് ജുഡീഷ്യറിക്കും രാഷ്ട്രപതിക്കുമെതിരെ നിന്ദാപരമായ ഉള്ളടക്കം പ്രസാരണംചെയ്തെന്ന് ആരോപിച്ച് എ.ബി.പി ന്യൂസ്, എന്‍.ഡി.ടി.വി, ആജ്തക് എന്നീ സ്വകാര്യചാനലുകളോട് നടപടിയെടുക്കാതിരിക്കാനുള്ള കാരണം ബോധിപ്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. മേമന്‍ നിരപരാധിയാണെന്നു വാദിക്കുന്ന ഛോട്ടാ ശക്കീലിന്‍െറ ടെലിഫോണ്‍ അഭിമുഖവും കോടതിവിധിയെ വിമര്‍ശിക്കുന്ന യാക്കൂബിന്‍െറ അഭിഭാഷകന്‍െറ ഇന്‍റര്‍വ്യൂവും പ്രക്ഷേപണംചെയ്തതാണ് അപരാധം.

കേബ്ള്‍ ടി.വി നെറ്റ്വര്‍ക്കുകള്‍ക്കുള്ള നിയമമനുസരിച്ചാണ് സ്വകാര്യചാനലുകളുടെ വാര്‍ത്താവതരണത്തിനു മേല്‍ കുറ്റം ചുമത്തിയിരിക്കുന്നത് എന്നത് അത്യന്തം അപഹാസ്യമാണ്. അനാശാസ്യവും അപകീര്‍ത്തികരവും അര്‍ധസത്യങ്ങള്‍ നിറഞ്ഞതുമായ ഉള്ളടക്കങ്ങളും അക്രമത്തിനും ക്രമസമാധാനത്തകര്‍ച്ചക്കുമിടയാക്കുന്ന സംഗതികളും പ്രചരിപ്പിക്കുന്നതില്‍നിന്ന് കേബ്ള്‍ ശൃംഖലക്കാരെ തടയുന്ന നിയമവകുപ്പുകളാണ് വാര്‍ത്തകളും വിശകലനങ്ങളും വ്യത്യസ്ത വീക്ഷണങ്ങളും കൈകാര്യംചെയ്യുന്ന വാര്‍ത്താമാധ്യമങ്ങളുടെ വായടപ്പിക്കാന്‍ ഉപയോഗിക്കുന്നത്. ആശയപ്രകാശന സ്വാതന്ത്ര്യത്തെ ഞെക്കിക്കൊല്ലാന്‍ ധിറുതിപ്പെടുമ്പോള്‍ വകുപ്പിന്‍െറ ന്യായാന്യായങ്ങള്‍ പരിശോധിക്കാനൊന്നും ഗവണ്‍മെന്‍റ് മിനക്കെട്ടിട്ടില്ല. സംയമനത്തിനുള്ള സര്‍ക്കാറിന്‍െറ ആഹ്വാനത്തിനു വഴങ്ങിയാണ് ദൃശ്യമാധ്യമങ്ങള്‍ മേമന്‍െറ സംസ്കാരച്ചടങ്ങുകളുടെ ദൃശ്യവത്കരണത്തിനു മുതിരാതിരുന്നത്. പരമോന്നത നീതിപീഠത്തിനകത്തുതന്നെ വിയോജിപ്പുകള്‍ പ്രകടിപ്പിക്കപ്പെട്ട യാക്കൂബ് മേമന്‍െറ തൂക്കിക്കൊലയുമായി ബന്ധപ്പെട്ട് വിഷയത്തിന്‍െറ മറുപുറങ്ങളും മറുവാദങ്ങളും പ്രക്ഷേപണംചെയ്യുന്നതും കുറ്റകരമാണെന്നാണ് ഗവണ്‍മെന്‍റിന്‍െറ വാദം. അഭിപ്രായസ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടാനും മാധ്യമങ്ങളെ ഗവണ്‍മെന്‍റിന്‍െറ മെഗാഫോണുകളാക്കി വഴക്കിയെടുക്കാനുമുള്ള ശ്രമമാണിതെന്ന് രാജ്യത്തെങ്ങുമുള്ള മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മകള്‍ ആശങ്ക പ്രകടിപ്പിക്കുകയും നോട്ടീസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരിക്കുന്നു.

വിഷയത്തില്‍ സര്‍ക്കാറുമായി സംസാരിക്കാന്‍ തീരുമാനിച്ച ചാനല്‍ പത്രാധിപന്മാരുടെ സംഘടനയും തീവ്രവാദ ഓപറേഷനുകളിലടക്കം ഒൗദ്യോഗികവിവരങ്ങള്‍ മാത്രം പ്രക്ഷേപണം ചെയ്യിക്കാനുള്ള തീരുമാനത്തെ ചോദ്യംചെയ്തിട്ടുണ്ട്. ജനാധിപത്യത്തിന്‍െറ കാവല്‍സ്തംഭങ്ങളിലൊന്നായ മാധ്യമങ്ങളെ സര്‍ക്കാറിന്‍െറ ഒൗദ്യോഗികജിഹ്വകളാക്കി മാറ്റാനും സ്വേച്ഛാധിപത്യനീക്കങ്ങള്‍ക്ക് ഇരുമ്പുമറ തീര്‍ക്കാനുമുള്ള മാരണനീക്കങ്ങളെ ചെറുത്തുതോല്‍പിച്ചേ മതിയാകൂ. സുതാര്യത മാധ്യമപ്രവര്‍ത്തകരുടെ ജീവനെടുക്കുമ്പോള്‍ നിഷ്ക്രിയമായിരിക്കുന്ന ഭരണകൂടം മാധ്യമസ്വാതന്ത്ര്യത്തെ കൊന്നു കൊലവിളിക്കാനൊരുങ്ങുന്നത് ഫാഷിസ്റ്റ് ഭരണക്രമത്തിനു വേണ്ടിയുള്ള അടിയന്തരാവസ്ഥയുടെ കേളികൊട്ടായിത്തന്നെ കാണണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക