Image

എസ്.എന്‍.ഡി.പി യോഗത്തെ ആര്‍.എസ്.എസ് വിഴുങ്ങും: കോടിയേരി

Published on 09 August, 2015
എസ്.എന്‍.ഡി.പി യോഗത്തെ ആര്‍.എസ്.എസ് വിഴുങ്ങും: കോടിയേരി

കോഴിക്കോട്: എസ്.എന്‍.ഡി.പി യോഗം സംരക്ഷിക്കുന്നത് സന്പന്നരുടെ താല്‍പര്യമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മുന്പ് പിന്നാക്ക ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിച്ചിരുന്ന എസ്.എന്‍.ഡി.പി ഇന്ന് മുതലാളിത്ത നിലപാടുകള്‍ക്കൊപ്പമാണ് നിലകൊള്ളുന്നതെന്നും അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
സി.പി.എം എല്ലാക്കാലത്തും പിന്നാക്ക ക്ഷേമത്തിന് വേണ്ടിയാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്. എസ്.എന്‍.ഡി.പിയെന്നല്ല ഒരു സംഘടനയേയും സി.പി.എം അവഗണിച്ചിട്ടില്ല. ഇങ്ങോട്ടുള്ള നിലപാടാണ് അങ്ങോട്ടും സ്വീകരിച്ചിട്ടുള്ളത്. സി.പി.എമ്മിനെ ശത്രുക്കളായാണ് എസ്.എന്‍.ഡി.പി കാണുന്നതെന്നും കോടിയേരി ചൂണ്ടിക്കാട്ടി. സംഘപരിവാറിന് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന എസ്.എന്‍.ഡി.പി യോഗത്തെ ആര്‍.എസ്.എസ് വിഴുങ്ങും. ബി.ജെ.പിയോട് ചേരാനുള്ള യോഗത്തിന്റെ നിലപാട് ആത്മഹത്യാപരമാണെന്നും അദ്ദേഹം പറഞ്ഞു.
സമുദായ സംഘടനകളെ തങ്ങളുടെ പോഷക സംഘടനകളാക്കി മാറ്റാനാണ് ആര്‍.എസ്.എസിന്റെ ശ്രമം. മതേതര ആശയങ്ങളുള്ള എസ്.എന്‍.ഡി.പിക്കും മതാധഷ്ഠിത നിലപാടുള്ള ആര്‍.എസ്.എസിനും ഒരിക്കലും ഒന്നിച്ചു പോവാനാവില്ല. മുന്‍കാലങ്ങളില്‍ എസ്.എന്‍.ഡി.പി നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച സംഘടനയായിരുന്നെന്നും കോടിയേരി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക