Image

മുംബൈയില്‍ ട്രെയിനില്‍ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമം: അക്രമിക്കായി തെരച്ചില്‍ തുടരുന്നു

Published on 08 August, 2015
മുംബൈയില്‍ ട്രെയിനില്‍ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമം: അക്രമിക്കായി തെരച്ചില്‍ തുടരുന്നു
മുംബൈ: ലോക്കല്‍ ട്രെയിനിലെ ലേഡീസ്‌ കോച്ചില്‍ രാത്രിയില്‍ തനിച്ചായിപ്പോയ യുവതിയെ, അതിക്രമിച്ചു കയറിയ യുവാവ്‌ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു. ബലപ്രയോഗത്തിനിടെ, സമീപ സ്‌റ്റേഷനു മുന്‍പുള്ള സിഗ്‌നലില്‍ ചാടിയിറങ്ങിയ യുവതി സ്‌റ്റേഷനിലെത്തി അഭയം തേടി. രക്ഷപ്പെട്ട അക്രമിയുടെ ദൃശ്യം ഇയാള്‍ കയറിയ സ്‌റ്റേഷനിലെ സിസിടിവി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്‌. റയില്‍വേ പൊലീസ്‌ നാല്‌ അന്വേഷണ സംഘങ്ങള്‍ രൂപീകരിച്ചു തിരച്ചില്‍ ആരംഭിച്ചു.

ചര്‍ച്ച്‌ ഗേറ്റിലേക്കുള്ള മുംബൈ ലോക്കല്‍ ട്രെയിനിലെ ലേഡീസ്‌ കോച്ചില്‍ വ്യാഴാഴ്‌ച രാത്രി പതിനൊന്നു മണിയോടെയായിരുന്നു സംഭവം. മോട്ടോര്‍മാന്‍ ക്യാബിന്റെ തൊട്ടുപിന്നിലുള്ള കോച്ചില്‍ മലാഡില്‍നിന്നു കയറിയ ഇരുപത്തിരണ്ടുകാരിയാണ്‌ ആക്രമണത്തിന്‌ ഇരയായത്‌. ലേഡീസ്‌ കോച്ചില്‍ രാത്രിയില്‍ നിയമപ്രകാരമുള്ള പൊലീസ്‌ സാന്നിധ്യം ഉണ്ടായിരുന്നില്ല. യുവതി ട്രെയിനില്‍ കയറുമ്പോള്‍ മറ്റുയാത്രക്കാര്‍ ഉണ്ടായിരുന്നെങ്കിലും ചര്‍ച്ച്‌ ഗേറ്റിനു മുന്‍പുള്ള മൂന്നാമത്തെ സ്‌റ്റേഷനായ ഗ്രാന്‍ഡ്‌ റോഡ്‌ എത്തിയപ്പോഴേക്കും ഇവരെല്ലാം ഇറങ്ങിയിരുന്നു. ഗ്രാന്‍ഡ്‌ റോഡില്‍നിന്നാണ്‌ അക്രമി ഇതേ കോച്ചില്‍ കയറിക്കൂടിയത്‌.

20 വയസ്സ്‌ പ്രായം തോന്നിക്കുന്ന ഇയാള്‍ യുവതിയുടെ വസ്‌ത്രങ്ങള്‍ വലിച്ചുകീറി. യുവതി അലറിക്കരഞ്ഞെങ്കിലും ട്രെയിന്‍ ഓടിക്കൊണ്ടിരിക്കുന്നതിനിടെ ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല. 15 മിനിറ്റിനുശേഷം മറൈന്‍ലൈന്‍സ്‌ സ്‌റ്റേഷനു മുന്‍പുള്ള സിഗ്‌നലില്‍ വേഗം കുറച്ചപ്പോള്‍ അക്രമിയില്‍നിന്നു കുതറിമാറിയ യുവതി ചാടിയിറങ്ങി സ്‌റ്റേഷനിലെത്തുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക