Image

സി-ആപ്‌റ്റ്‌ എം.ഡിക്കെതിരെ വിജിലന്‍സ്‌ അന്വേഷണം; അന്വേഷണം അജി.ബി.റാന്നി നല്‍കിയ പരാതിയില്‍

Published on 08 August, 2015
സി-ആപ്‌റ്റ്‌ എം.ഡിക്കെതിരെ വിജിലന്‍സ്‌ അന്വേഷണം; അന്വേഷണം അജി.ബി.റാന്നി നല്‍കിയ പരാതിയില്‍
തിരുവനന്തപുരം: അഴിമതിയുടേയും ക്രമക്കേടിന്റെയും പേരില്‍ സി-ആപ്‌റ്റ്‌ മാനേജിംഗ്‌ ഡയറക്‌ടര്‍ സജിത്‌വിജയരാഘവനെതിരേ വിജിലന്‍സ്‌ അന്വേഷണത്തിന്‌ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല ഉത്തരവിട്ടു. റിപ്പോര്‍ട്ട്‌ ഉടന്‍ തയാറാക്കണമെന്ന്‌ വിജിലന്‍സ്‌ ഡയറക്‌ടര്‍ക്ക്‌ നല്‍കിയ ഉത്തരവില്‍ പറയുന്നു.

സി-ആപ്‌റ്റിലെ അഴിമതി സംബന്ധിച്ച്‌ ദേശീയ ജനജാഗ്രതാ പരിഷത്ത്‌ സംസ്‌ഥാന പ്രസിഡന്റ്‌ അജിബി.റാന്നി വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്‌ദുറബിന്‌ നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ്‌ വിജിലന്‍സ്‌ അന്വേഷണത്തിന്‌ തീരുമാനിച്ചത്‌. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഡോ.ബി.ശ്രീനിവാസനെ അന്വേഷണത്തിനായി വിദ്യാഭ്യാസ മന്ത്രി ചുമതലപ്പെടുത്തിയിരുന്നു. ?സി-ആപ്‌റ്റ്‌ എം.ഡിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ വിശദമായ വിജിലന്‍സ്‌ അന്വേഷണം നടത്തണമെന്നായിരുന്നു ശ്രീനിവാസന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്‌. തുടര്‍ന്ന്‌ വിജിലന്‍സ്‌ അന്വേഷണം നടത്താന്‍ ശിപാര്‍ശ ചെയ്‌ത്‌ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്‌ദുറബ്‌ ഫയല്‍ മുഖ്യമന്ത്രിക്ക്‌ കൈമാറി. മുഖ്യമന്ത്രി ഈ ഫയല്‍ ആഭ്യന്തര മന്ത്രിക്ക്‌ കൈമാറുകയായിരുന്നു. സി-ആപ്‌റ്റ്‌ എം.ഡിക്കെതിരെ ലോട്ടറി അച്ചടിയില്‍ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണവും അച്ചടി യന്ത്രങ്ങള്‍ വാങ്ങിയതില്‍ ക്വിക്‌ വെരിഫിക്കേഷനും നടക്കുന്നുണ്ടണ്ട്‌. ഇതിന്‌ പുറമെയാണ്‌ വിശദമായ അന്വേഷണം നടത്താന്‍ ആഭ്യന്തര മന്ത്രി ഉത്തരവിട്ടത്‌.?

ലോട്ടറി അച്ചടി, പാഠപുസ്‌തക അച്ചടി, വിപണി വിലയേക്കാള്‍ ഉയര്‍ന്ന നിരക്കില്‍ യന്ത്രങ്ങള്‍ വാങ്ങിക്കൂട്ടല്‍, അധ്യാപക കൈപ്പുസ്‌തക അച്ചടിയിലെ അഴിമതി എന്നിവയിലാണ്‌ അന്വേഷണം. ലോട്ടറി അച്ചടിക്കുന്നതിനും ബാര്‍കോഡിംഗിനുമായി ഉയര്‍ന്ന നിരക്കില്‍ ഉപകരണം വാടകയ്‌ക്ക്‌ എടുത്ത്‌ സി-ആപ്‌റ്റിന്‌ 3.7 കോടി രൂപയുടെ നഷ്‌ടമുണ്ടാക്കിയെന്ന്‌ കംപ്‌ട്രോളര്‍ ആന്റ്‌ ഓഡിറ്റര്‍ ജനറല്‍ കണ്ടെത്തിയിരുന്നു. കൂടുതല്‍ ലോട്ടറി അച്ചടിക്കാനായി പുതിയ അച്ചടി യന്ത്രം വാങ്ങാന്‍ സി-ആപ്‌റ്റ്‌ എക്‌സിക്യുട്ടീവ്‌ കമ്മിറ്റി തീരുമാനിച്ചുവെങ്കിലും അതനുസരിക്കാതെ എം.ഡി ചെന്നെയില്‍ നിന്ന്‌ യന്ത്രം വാടയ്‌ക്ക്‌ എടുത്തു. സി-ആപ്‌റ്റില്‍ 22 പൈയ്‌ക്ക്‌ ലോട്ടറി അച്ചടിക്കുമ്പോള്‍ 92 പൈസയ്‌ക്കാണ്‌ ചെന്നൈയിലെ അന്‍സല എന്ന കമ്പനിക്ക്‌ കരാര്‍ നല്‍കിയത്‌. ഇതിലൂടെ ഓരോ വര്‍ഷവും കോടിക്കണക്കിന്‌ രൂപ നഷ്‌ടപ്പെടുന്നു. ഈ വര്‍ഷം പാഠപുസ്‌തകം അച്ചടിക്കാനായി ടെണ്ടര്‍ ക്ഷണിച്ചുവെങ്കിലും കുറഞ്ഞ തുക രേഖപ്പെടുത്തിയ സോളാര്‍ പ്രിന്റേഴസിന്റെ നിരതദ്രവ്യം മുക്കി ഇവരെ ടെണ്ടറില്‍ നിന്നും ഒഴിവാക്കി. രണ്ട്‌കോടി രൂപ അധികം രേഖപ്പെടുത്തിയ കര്‍ണാടകയിലെ മണിപ്പാല്‍ ടെക്‌നോളജീസിന്‌ കരാര്‍ നല്‍കാന്‍ തീരുമാനിച്ചു. വിവാദമായതോടെ മന്ത്രിസഭ ഈ ടെണ്ടര്‍ റദ്ദാക്കി. പാഠപുസ്‌തക അച്ചടിയില്ലെങ്കിലും ഉയര്‍ന്ന വിലയ്‌ക്ക്‌ ഉപകരണങ്ങള്‍ വാങ്ങിക്കൂട്ടി.?

ലോട്ടറിയില്‍ ബാര്‍കോഡ്‌ രേഖപ്പെടുത്തുന്നതിനായി റിസോ കോംകളര്‍ 2150 എന്ന ഉപകരണം വാങ്ങിയത്‌ ടെണ്ടര്‍ രേഖകള്‍ പൂഴ്‌ത്തിയാണ്‌. തിരുവനന്തപുരത്തുള്ള യൂണിവേഴ്‌സല്‍ ആട്ടോമെഷീന്‍ സര്‍വീസ്‌ സെന്റര്‍ ടെണ്ടണ്ടര്‍ ക്വട്ടേഷന്‍ നല്‍കി. 14.5 ലക്ഷം രൂപയ്‌ക്ക്‌ റിസോ കോംകളര്‍ നല്‍കാമെന്നായിരുന്നു ഇവരുടെ വാഗ്‌ദാനം. എന്നാല്‍ ഇതിലും ഉയര്‍ന്ന നിരക്കില്‍ ടണ്ടെര്‍ ക്വട്ടേഷന്‍ നല്‍കിയ സ്‌ഥാപനത്തില്‍ നിന്നും റിസോ കോംകളര്‍ വാങ്ങുകയാണ്‌ സി-ആപ്‌റ്റ്‌ ചെയ്‌തത്‌. 20.47 ലക്ഷം രൂപയ്‌ക്കാണ്‌ ഇതു വാങ്ങിയതെന്ന്‌ രേഖകള്‍ വ്യക്‌തമാക്കുന്നു. ഇതിനുപുറമെ കോടികണക്കിന്‌ രൂപയുടെ അച്ചടി ഉപകരണങ്ങള്‍ വിപണി വിലയേക്കാള്‍ ഉയര്‍ന്ന നിരക്കില്‍ വാങ്ങിക്കൂട്ടി. അധ്യാപക കൈപ്പുസ്‌തക അച്ചടയിലും കുറഞ്ഞ തുക രേഖപ്പെടുത്തിയവരെ ഒഴിവാക്കി മണിപ്പാല്‍ ടെക്‌നോളജീസിന്‌ കരാര്‍ നല്‍കുകയായിരുന്നു. ഇതു സംബന്ധിച്ചുയര്‍ന്ന പരാതികളിലാണ്‌ ഇപ്പോള്‍ വിജിലന്‍സ്‌ അന്വേഷണത്തിന്‌ ഉത്തരവായത്‌.?

കോടിക്കണക്കിന്‌ അഴിമതി നടത്തിയതിന്റെ പേരില്‍ സര്‍ക്കാര്‍ വിജിലന്‍സ്‌ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ സി-ആപ്‌റ്റ്‌ മാനേജിംഗ്‌ ഡയറക്‌ടര്‍ സ്ഥാനത്തുനിന്നും സജിത്‌ വിജയരാഘവനെ പുറത്താക്കണമെന്ന്‌ അജി ബി.റാന്നി സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക