Image

കെ.പി.കേശവമേനോന്റെ മകനും പാലക്കാട് രാജസ്വരൂപത്തിന്റെ രാജാവുമായ ശേഖരിവര്‍മ്മ അന്തരിച്ചു

Published on 07 August, 2015
 കെ.പി.കേശവമേനോന്റെ മകനും പാലക്കാട് രാജസ്വരൂപത്തിന്റെ രാജാവുമായ ശേഖരിവര്‍മ്മ അന്തരിച്ചു

കോഴിക്കോട്: മാതൃഭൂമി സ്ഥാപകപത്രാധിപന്‍ കെ.പി.കേശവമേനോന്റെ മകനും പാലക്കാട് രാജസ്വരൂപത്തിന്റെ രാജാവുമായ പാലക്കാട്ടുശ്ശേരി ശേഖരിവര്‍മ്മ വലിയരാജാവ് (എം.എസ്.വര്‍മ- 104) കോഴിക്കോട് പി.എം.കുട്ടി റോഡിലെ വസതിയില്‍ അന്തരിച്ചു. ശവസംസ്‌കാരം പിന്നീട് പാലാക്കാട്ടെ കുടുംബ ശ്മശാനത്തില്‍ നടക്കും.

35 വര്‍ഷം ജപ്പാന്‍ എയര്‍ലൈന്‍സിലെ ഉദ്യോഗസ്ഥനായിരുന്ന എം.എസ്.വര്‍മ സിംഗപ്പൂര്‍ റീജിണല്‍ മാനേജറായാണ് വിരമിച്ചത്. ജോലി ആവശ്യാര്‍ത്ഥം വിദേശത്തായിരുന്നപ്പോഴും വിരമിച്ച് നാട്ടില്‍ എത്തിയപ്പോഴും പാലക്കാട് രാജസ്വരൂപത്തിന്റെ കാര്യങ്ങളില്‍ ശ്രദ്ധാലുവായിരുന്നു. സാമൂഹിക സാംസ്‌കാരിക മേഖലകളിലും സജീവമായിരുന്നു.

1911 ഫെബ്രുവരി എട്ടിനായിരുന്നു ജനനം. കോഴിക്കോട്, മദ്രാസ്, മലാക്ക, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ ആദ്യകാലജീവിതം. രവീന്ദ്രനാഥടാഗോറിന്റെ വിശ്വഭാരതിയിലെ പഠനത്തിനുശേഷം അമേരിക്കയിലും ബ്രിട്ടനിലുമായി എയ്‌റോനോട്ടിക്കല്‍ എന്‍ജിനിയറിങ്ങില്‍ ഉപരിപഠനം നടത്തി.

സിംഗപ്പൂരിലുണ്ടായിരുന്ന ആനക്കര കരുമത്തില്‍ പുല്‍പ്രവളപ്പില്‍ ഡോ.വി.പി.മേനോന്റെ മകള്‍ പരേതയായ ഡോ.ലീലയാണ് ഭാര്യ. അമ്മ: അകത്തേത്തറ മാളിക്കല്‍ മേലിടത്തില്‍ പരേതയായ ലക്ഷ്മി നേത്യാരമ്മ.

മക്കള്‍: ഹരിഗോവിന്ദമേനോന്‍ (ബാരിസ്റ്റര്‍,ബ്രിട്ടണ്‍), ചന്ദ്രശേഖരമേനോന്‍ (സുവോളജിക്കല്‍കണ്‍സള്‍ട്ടന്റ്, സിംഗപ്പൂര്‍). മരുമകള്‍: ആഷ്‌ലി. സഹോദരങ്ങള്‍: ലീല തലാപ്, പരേതരായ ചെല്ലമ്മ, തങ്കം, പത്മിനി. മാതൃഭൂമി പത്രാധിപര്‍ എം.കേശവമേനോന്‍ സഹോദരീ പുത്രിയുടെ മകനാണ്.
http://www.mathrubhumi.com/story.php?id=567148
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക