Image

ബാര്‍ കോഴക്കേസ്: തുടരന്വേഷണം ആവശ്യപ്പെട്ട് എല്‍.ഡി.എഫ് ഹര്‍ജി നല്‍കി

Published on 07 August, 2015
ബാര്‍ കോഴക്കേസ്: തുടരന്വേഷണം ആവശ്യപ്പെട്ട് എല്‍.ഡി.എഫ് ഹര്‍ജി നല്‍കി


തിരുവനന്തപുരം: ധനമന്ത്രി കെ.എം.മാണിക്കെതിരായ ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഇടതുമുന്നണി തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കി. എല്‍.ഡി.എഫിന് വേണ്ടി കണ്‍വീനര്‍ വൈക്കം വിശ്വനാണ് ഹര്‍ജി നല്‍കിയത്. അന്വേഷണത്തില്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇടപ്പെട്ടെന്ന് സംശയിക്കുന്നതായും എല്‍.ഡി.എഫ് കോടതിയില്‍ അറിയിച്ചു. 

കേസില്‍ കക്ഷി ചേരുന്നതിനായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍, ആം ആദ്മി പാര്‍ട്ടി നേതാവ് സാറ ജോസഫ്, അഭിഭാഷകരായ സണ്ണി മാത്യൂ, നാഗരാജന്‍ എന്നിവരും അപേക്ഷ നല്‍കി. എല്‍.ഡി.എഫിന്റേതൊഴികെയുള്ള ഹര്‍ജികള്‍ പരിഗണിക്കരുതെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും കോടതി ഇത് തള്ളി. 

അതിനിടെ, കേസ് അവസാനിപ്പിക്കുന്നതിനുള്ള റിപ്പോര്‍ട്ടിന്മേല്‍ തങ്ങളുടെ വാദം അവതരിപ്പിക്കുന്നതിന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും ബാര്‍ കേസിലെ പരാതിക്കാരനും ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റുമായ ബിജു രമേശും കൂടുതല്‍ സമയം ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് വിജിലന്‍സിന്റെ രേഖകളുടെ പകര്‍പ്പ് ലഭിക്കാത്തതിനെ തുടര്‍ന്നാണിത്. കേസ് ഈ മാസം 22ന് വീണ്ടും പരിഗണിക്കാനായി കോടതി മാറ്റി.

കേസ് അവസാനിപ്പിക്കാന്‍ അനുമതി തേടി അന്വേഷണ ഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടും കോടതി പരിഗണിച്ചിരുന്നില്ല. ബാര്‍ ഉടമകളില്‍ നിന്ന് മാണി കോഴ വാങ്ങിയതിന് തെളിവില്ലെന്നാണ് എസ്.പി ആര്‍.സുകേശന്‍ കോടതിയെ അറിയിച്ചത്. ഈ സാഹചര്യത്തിലാണ് കേസ് അവസാനിപ്പിക്കാന്‍ അനുമതി തേടിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക