Image

എതിര്‍ താരത്തെ തലകൊണ്ട് ഇടിച്ച് വിവാദത്തില്‍

Published on 06 August, 2015
എതിര്‍ താരത്തെ തലകൊണ്ട് ഇടിച്ച് വിവാദത്തില്‍
ബാഴ്‌സലോണ: സൂപ്പര്‍ താരമെന്ന പദവിയ്ക്കു പുറമേ കളിക്കളത്തില്‍ മാന്യതയുടെ പര്യായംകൂടിയാണ് അര്‍ജന്റൈന്‍ താരം ലയണല്‍ മെസി. മെസിയുടെ ഫുട്‌ബോള്‍ കരിയറില്‍ എതിര്‍ടീമിലെ അംഗങ്ങളുമായി കോര്‍ത്ത സംഭവം അപൂര്‍വമാണ്. പ്രകോപിപ്പിക്കാന്‍ മറ്റു താരങ്ങള്‍ ശ്രമിക്കാറുണ്‌ടെങ്കിലും ഇതിനെയൊന്നും വകവയ്ക്കാതെ പന്തുമായി മുന്നേറുന്ന മെസിയെയാണു കാണാന്‍ സാധിക്കുന്നത്. 

എന്നാല്‍ പുതിയ സീസണു മുമ്പായി എഎസ് റോമയും ബാഴ്‌സലോണയും തമ്മില്‍ നടന്ന മല്‍സരത്തിനിടയില്‍ മെസിയുടെ സകല നിയന്ത്രണവും നഷ്ടമാകുന്നതാണ് ആരാധകര്‍ കണ്ടത്. ബാഴ്‌സയുടെ ഹോം മൈതാനമായ ന്യൂകാംപില്‍ നടന്ന സൗഹൃദ മത്സരത്തിലായിരുന്നു സംഭവം. പ്രകോപനമില്ലാതെ റോമയുടെ ഫ്രഞ്ച് പ്രതിരോധ നിരതാരം മാപൗ യാങ്കാ എംബിവയുമായി മെസി കൈയാങ്കളിക്കു മുതിരുകയായിരുന്നു. 

മെസി പന്തുമായി നീങ്ങുന്നതിനിടെയില്‍ റഫറി വിസില്‍ മുഴക്കി. വിസിലൂതിയതിനെത്തുടര്‍ന്നു തിരിച്ചെത്തിയ മെസി എംബിവയ്ക്കു ലക്ഷ്യമാക്കി നടന്നടുക്കുകയും തലകൊണ്ട് ഇടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. എംബിവയുടെ കഴുത്തിനു പിടിച്ചു തള്ളാനും ശ്രമിച്ചു. മെസിക്കു നേരേ എംബിവയും തലപ്രയോഗം നടത്താന്‍ ശ്രമിച്ചെങ്കിലും സഹതാരങ്ങളും റഫറിയും ഇരുവരെയും പിടിച്ചുമാറ്റുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് ഇരുവര്‍ക്കും മഞ്ഞക്കാര്‍ഡ് ലഭിച്ചു. 

മെസി ഒരു ഗോളും നേടിയ മത്സരത്തില്‍ ബാഴ്‌സ എതിരില്ലാത്ത മൂന്നു ഗോളിനു വിജയം കണ്ടു. നെയ്മര്‍, ഇവാന്‍ റാക്കിട്ടിച്ച് എന്നിവരുടെ വകയായിരുന്നു മറ്റു ഗോളുകള്‍. 2006 ലോകകപ്പില്‍ ഫ്രാന്‍സിന്റെ സിനദിന്‍ സിദാന്‍ ഇറ്റലിയുടെ മറ്റരാസിയെ ഇടിച്ചു വീഴ്്ത്തിയതു പോലൊരു രംഗമാണ് ഇന്നുണ്ടായത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക