Image

നഴ്സിംഗ് റിക്രൂട്ട്മെന്‍റ് തട്ടിപ്പുകേസിലെ മുഖ്യപ്രതി ഉതുപ്പ് വര്‍ഗീസ് അറസ്റ്റില്‍

Published on 06 August, 2015
നഴ്സിംഗ് റിക്രൂട്ട്മെന്‍റ് തട്ടിപ്പുകേസിലെ മുഖ്യപ്രതി ഉതുപ്പ് വര്‍ഗീസ് അറസ്റ്റില്‍

ദുബൈ: നഴ്സിംഗ് റിക്രൂട്ട്മെന്‍റ് തട്ടിപ്പുകേസിലെ മുഖ്യപ്രതി ഉതുപ്പ് വര്‍ഗീസ് അറസ്റ്റില്‍. അബൂദബിയില്‍ വെച്ച് ഇന്‍റര്‍പോളാണ് ഉതുപ്പിനെ അറസ്റ്റ് ചെയ്തത്. ഒരു ഹോട്ടലില്‍ നിന്നാണ് പ്രതിയെ പിടികൂടിയതെന്നാണ് ലഭിക്കുന്ന വിവരം.

വിദേശത്തേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യാനെന്ന പേരില്‍ വന്‍ തുക തട്ടിയെന്നാണ് കേസ്. ഉതുപ്പിന്‍െറ ഉടമസ്ഥതയിലുള്ള അല്‍സറാഫ എന്ന കൊച്ചിയിലെ സ്ഥാപനം വഴിയാണ് തട്ടിപ്പ് നടത്തിയത്. 300 കോടി രൂപയാണ് തട്ടിപ്പു വഴി ഉതുപ്പ് വര്‍ഗീസ് നേടിയതെന്നാണ് കണക്കാക്കപ്പെടുന്നത്. കേസിലെ മൂന്നാം പ്രതിയാണ് ഉതുപ്പ് വര്‍ഗീസ്.

തട്ടിപ്പുനടത്തി രാജ്യം വിട്ട ഉതുപ്പ് വര്‍ഗീസിനെ പിടികൂടാന്‍ വേണ്ടി സി.ബി.ഐ ഇന്‍റര്‍പോളിനോട് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇന്‍റര്‍പോള്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും വിവരങ്ങള്‍ അവരുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഉതുപ്പ് വര്‍ഗീസ് കുവൈത്തിലുണ്ടെന്നായിരുന്നു ആദ്യം വിവരം ലഭിച്ചിരുന്നത്.

കേസില്‍ ഉതുപ്പ് വര്‍ഗീസ് സുപ്രീംകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. ഇന്ത്യയില്‍ എത്താന്‍ അനുവദിക്കണമെന്നും അന്വേഷണവുമായി സഹകരിക്കാമെന്നുമായിരുന്നു ഹരജിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇത് സുപ്രീംകോടതി തള്ളുകയായിരുന്നു.

കുവൈത്ത് ആരോഗ്യ മന്ത്രാലത്തിന് കീഴിലുള്ള ആശുപത്രികളിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാനാണ് പണം വാങ്ങുന്നത് എന്നായിരുന്നു അറിയിച്ചിരുന്നത്. ഒരാളില്‍ നിന്നും 19,500 രൂപ ഈടാക്കേണ്ട സ്ഥാനത്ത് അതിന്‍െറ നൂറിരട്ടിയായ 19,50000 രൂപയാണ് സ്ഥാപനം വാങ്ങിയത്. ആയിരം പേരെ റിക്രൂട്ട് ചെയ്യാനായിരുന്നു സ്ഥാപനത്തിന് കരാറുണ്ടായിരുന്നത്. എന്നാല്‍ ഇത് മറികടന്ന് 1200 പേരെ റിക്രൂട്ട് ചെയ്യാന്‍ അല്‍സറാഫ പദ്ധതിയിട്ടിരുന്നതായും സി.ബി.ഐ കണ്ടെത്തിയിരുന്നു.

കോട്ടയം പുതുപ്പള്ളി സ്വദേശിയാണ് ഉതുപ്പ് വര്‍ഗീസ്. തട്ടിപ്പില്‍ കേന്ദ്ര പ്രവാസി മന്ത്രാലയത്തിന്‍െറ കീഴിലുള്ള പ്രൊട്ടക്ടര്‍ ഓഫ് എമ്മിഗ്രന്‍സിന് പങ്കുള്ളതായി നേരത്തെ തന്നെ സി.ബി.ഐ കണ്ടെത്തിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക