Image

വാര്‍ധക്യത്തിലെത്തിയവരുടെ കഥകള്‍ ആര്‍ക്കും വേണ്ട: ശ്രീകുമാരന്‍ തമ്പി

Published on 06 August, 2015
വാര്‍ധക്യത്തിലെത്തിയവരുടെ കഥകള്‍ ആര്‍ക്കും വേണ്ട: ശ്രീകുമാരന്‍ തമ്പി

തിരുവനന്തപുരം: വാര്‍ധക്യത്തിലെത്തിയവരുടെ കഥകള്‍ ഇപ്പോള്‍ ആര്‍ക്കും വേണെ്ടന്ന് ഗാനരചയിതാവും കവിയുമായ ശ്രീകുമാരന്‍ തമ്പി. പ്രേമവും വടക്കന്‍ സെല്‍ഫിയും ബാംഗ്ലൂര്‍ ഡെയ്‌സുമൊക്കെയാണ് ഇപ്പോള്‍ ആളുകള്‍ക്കു താത്പര്യം. കുടുംബസിനിമ എടുക്കുന്നതുകൊണ്ടു യാതൊരു പ്രയോജനവും ഇല്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

തിരുവനന്തപുരം പബ്ലിക് ലൈബ്രററി ഹാളില്‍ പ്രവാസി മലയാളി ഫെഡറേഷന്റെ ആദരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.അമ്മയ്‌ക്കൊരു താരാട്ട് എന്ന പേരില്‍ താനെടുത്ത സിനിമയുടെ ഇതിവൃത്തം വൃദ്ധമാതാപിതാക്കളുടെ ദയനീയാവസ്ഥയായിരുന്നു. പക്ഷേ, തിയറ്ററില്‍ സിനിമ കാണാന്‍ ആരും എത്തിയില്ല.

കേരളസമൂഹത്തെ അടിമുടി മാറ്റിമറിച്ചത് പ്രവാസികളാണെന്നു ശ്രീകുമാരന്‍ തമ്പി ചൂണ്ടിക്കാട്ടി. കേരളത്തില്‍ ദാരിദ്ര്യം ഇല്ലാതാക്കിയതില്‍ വിദേശ മലയാളികള്‍ക്കു വലിയ പങ്കുണ്ട്. ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തെയുംകാള്‍ പുരോഗതി കേരളത്തിനുണ്ട്. സംസ്ഥാനത്തിന്റെ തകര്‍ന്ന സാമ്പത്തികാവസ്ഥ മെച്ചപ്പെടുത്തിയതു പ്രവാസികളാണ്. മലയാളികളുടെ അഭിമാനം ഉയര്‍ത്തിപ്പിടിക്കുന്നതില്‍ പ്രവാസികള്‍ വഹിക്കുന്ന പങ്ക് വിസ്മരിക്കാനാവില്ല.

അതേസമയംതന്നെ മലയാളികള്‍ വിദേശരാജ്യങ്ങളിലേക്കു തൊഴില്‍തേടി പോകുമ്പോള്‍ കേരളം ബംഗാളികളുടെ ഗള്‍ഫ് ആയി മാറുകയാണെന്നു ശ്രീകുമാരന്‍തമ്പി ചൂണ്ടിക്കാട്ടി. ഇന്നത്തെ ചെറുപ്പക്കാര്‍ക്കു തൊഴിലിന്റെ മഹത്വം അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക