Image

വര്‍ദ്ധിപ്പിച്ച ഭൂനികുതി പിന്‍വലിച്ചില്ലെങ്കില്‍ പ്രക്ഷോഭം ശക്തമാക്കും: ദ പീപ്പിള്‍

Published on 05 August, 2015
വര്‍ദ്ധിപ്പിച്ച ഭൂനികുതി പിന്‍വലിച്ചില്ലെങ്കില്‍ പ്രക്ഷോഭം ശക്തമാക്കും: ദ പീപ്പിള്‍

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ പതിന്മടങ്ങായി വര്‍ദ്ധിപ്പിച്ച ഭൂനികുതി പിന്‍വലിച്ചില്ലെങ്കില്‍ വില്ലേജ് ഓഫീസുകള്‍ കേന്ദ്രീകരിച്ച് കര്‍ഷക പ്രസ്ഥാനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രതിഷേധ സമരങ്ങള്‍ സംഘടിതമായി സംസ്ഥാനത്തുടനീളം ശക്തിപ്പെടുത്തുമെന്ന് കര്‍ഷക ഐക്യവേദിയായ ദ പീപ്പിള്‍.
    റബര്‍ സബ്‌സിഡി ലഭിക്കുമെന്നുള്ള പ്രതീക്ഷയില്‍ അപേക്ഷകളോടൊപ്പം ഒരു ലക്ഷത്തോളം കര്‍ഷകര്‍ വര്‍ദ്ധിപ്പിച്ച ഭൂനികുതി അടയ്‌ക്കേണ്ടിവന്നിരിക്കുകയാണ്. രണ്ട് ഹെക്ടര്‍ ഭൂമിയുള്ള കര്‍ഷകന്‍ മുന്‍കാലപ്രാബല്യത്തോടെ 1600 രൂപയോളം ഭൂനികുതി അടയ്‌ക്കേണ്ടി വരുന്നു.  ജൂലൈ നാലിന് ആരംഭിച്ച റബര്‍ സബ്‌സിഡി പദ്ധതിയിലൂടെ ഒരു ലക്ഷം കര്‍ഷകരുടെ അപേക്ഷകള്‍ കൂടാതെ 160 കോടിയോളം രൂപയാണ് സംസ്ഥാന ഖജനാവിലെത്തിച്ചേരുന്നത്.  300 കോടിയുടെ റബര്‍ സഹായധന വിതരണത്തിന് സാമ്പത്തിക ക്ലേശങ്ങളില്‍ നട്ടംതിരിയുന്ന കര്‍ഷകരില്‍ നിന്നു തന്നെ പണം സംഭരിക്കുന്ന സര്‍ക്കാരിന്റെ ക്രൂരതന്ത്രങ്ങള്‍ കര്‍ഷകര്‍ തിരിച്ചറിഞ്ഞ് പ്രതികരിക്കണമെന്ന് ദ പീപ്പിള്‍ കോര്‍ഡിനേറ്റര്‍ ഷെവലിയര്‍ വി.സി.സെബാസ്റ്റ്യന്‍ ആഹ്വാനം ചെയ്തു.
    വിവിധ കാര്‍ഷിക പ്രശ്‌നങ്ങള്‍ പരിഹാരമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ കേരളത്തിലെ  വിവിധ കര്‍ഷകപ്രസ്ഥാനങ്ങളുടെ ഐക്യവേദിയായ ദ പീപ്പിളിന്റെ കേന്ദ്രസമിതി കൊച്ചി പാലാരിവട്ടം പിഒസിയില്‍ ഓഗസ്റ്റ് 8ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് ഇന്‍ഫാം ദേശീയ രക്ഷാധികാരി ബിഷപ് മാര്‍ മാത്യു അറയ്ക്കലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന് തുടര്‍പ്രക്ഷോഭങ്ങള്‍ക്ക് രൂപം നല്‍കുന്നതാണ്.

ഷൈജു ചാക്കോ
ഓഫീസ് സെക്രട്ടി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക