Image

യാക്കൂബ് മേമന്‍െറ മൃതദേഹം മറവുചെയ്തു

Published on 30 July, 2015
യാക്കൂബ് മേമന്‍െറ മൃതദേഹം മറവുചെയ്തു

മുംബൈ: തൂക്കിലേറ്റിയ മുംബൈ സ്ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്‍െറ മൃതദേഹം മറവുചെയ്തു. വൈകിട്ട് 4.30ന് സൗത്ത് മുംബൈ മറൈന്‍ ലൈനിലെ ബാദാ ഖബര്‍സ്താനിലാണ് ഖബറടക്ക ചടങ്ങുകള്‍ നടന്നത്. അടുത്ത ബന്ധുക്കളും കുടുംബ സുഹൃത്തുക്കളും ചടങ്ങുകളില്‍ പങ്കാളികളായി. സംസ്കാരത്തിന്‍െറ ദൃശ്യങ്ങള്‍ പൊലീസ് ക്യാമറയില്‍ പകര്‍ത്തി.

ജയില്‍ വളപ്പില്‍ നിന്ന് ഉച്ചക്ക് ഒരു മണിയോടെ എയര്‍ ആംബുലന്‍സിലാണ് മൃതദേഹം മുംബൈയിലെ ത്തിച്ചത്. തുടര്‍ന്ന് മാഹിമിലെ അല്‍ ഹുസൈന്‍ അപ്പാര്‍ട്ട്മെന്‍റിലെ വസതിയില്‍ എത്തിച്ചു. അടുത്ത ബന്ധുക്കളും കുടുംബ സുഹൃത്തുക്കളും അന്ത്യോപചാരം അര്‍പ്പിച്ച ശേഷമാണ് പിതാവിനെ മറവുചെയ്ത ഖബര്‍സ്താനിലേക്ക് മേമന്‍െറ മൃതദേഹവും കൊണ്ടു പോയത്.

രാവിലെ കര്‍ശന ഉപാധികള്‍ അംഗീകരിച്ചതോടെയാണ് മേമന്‍െറ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാന്‍ നാഗ്പുര്‍ സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ തീരുമാനിച്ചത്. വിലാപയാത്ര പാടില്ല, വേഗത്തില്‍ സംസ്കാരം നടത്തണം, മൃതദേഹത്തിന്‍െറ ചിത്രങ്ങള്‍ പുറത്തുവിടാന്‍ പാടില്ല, ഖബറിടത്തില്‍ സ്മാരകം പാടില്ല എന്നിവയായിരുന്നു നിബന്ധനകള്‍.

അതേസമയം, അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനായി മുംബൈ നഗരത്തിലും ബാദാ ഖബര്‍സ്താനിലും വലിയ സുരക്ഷാ സംവിധാനങ്ങളാണ് പൊലീസ് ഏര്‍പ്പെടുത്തിയത്. ബാദാ ഖബര്‍സ്താനിലേക്കുള്ള റോഡ് ബാരിക്കേഡ് സ്ഥാപിച്ച് വാഹന ഗതാഗതം നിയന്ത്രിക്കുകയും പ്രധാന കവാടത്തില്‍ മെറ്റല്‍ ഡിക്റ്റടര്‍ സ്ഥാപിക്കുകയും ചെയ്തു. കൂടാതെ, മേമന്‍െറ വസതിയിലേക്കും ഖബര്‍സ്താനിലേക്കും മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയ പൊലീസ് നവമാധ്യമങ്ങളിലെ വാര്‍ത്തകളും നിരീക്ഷിക്കുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക