Image

എസ്.എന്‍.ഡി.പിയുടെ പുതിയ വഴികള്‍

Maddhyamam Published on 30 July, 2015
എസ്.എന്‍.ഡി.പിയുടെ പുതിയ വഴികള്‍

1903 മേയ് 15ന് ശ്രീനാരായണ ഗുരു പ്രസിഡന്‍റും കുമാരനാശാന്‍ ജനറല്‍ സെക്രട്ടറിയുമായി രൂപവത്കൃതമായ ശ്രീനാരായണ ധര്‍മ പരിപാലന യോഗം (എസ്.എന്‍.ഡി.പി) എന്ന പ്രസ്ഥാനം കേരളീയ സമൂഹ രൂപവത്കരണത്തില്‍ നല്‍കിയ സംഭാവനകള്‍ ആര്‍ക്കും നിഷേധിക്കാന്‍ കഴിയാത്തതാണ്. ഹിന്ദു സമുദായത്തിലെ പിന്നാക്ക വിഭാഗമായ ഈഴവ വിഭാഗത്തിന്‍െറ ഉന്നമനം ലക്ഷ്യംവെച്ചാണ് എസ്.എന്‍.ഡി.പിയുടെ രൂപവത്കരണം. എസ്.എന്‍.ഡി.പി രൂപവത്കരണത്തില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടുകൊണ്ടായിരിക്കണം തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ പുലയസമുദായ പരിഷ്കരണ സഭ, സാധുജന പരിപാലന യോഗം, ധീവര സഭ തുടങ്ങിയ സംഘടനകളും രൂപവത്കരിക്കപ്പെട്ടു. മുന്നാക്ക സമുദായങ്ങള്‍ക്കിടയില്‍നിന്ന് യോഗക്ഷേമ സഭ, നായര്‍ സര്‍വിസ് സൊസൈറ്റി തുടങ്ങിയ സംഘടനകള്‍ രൂപവത്കരിക്കപ്പെടുന്നതും ഇതിനുശേഷമാണ്. ഈ സംഘടനകളെല്ലാം ബന്ധപ്പെട്ട സമുദായങ്ങളുടെ ഉന്നമനം ലക്ഷ്യംവെച്ചാണ് രൂപവത്കരിക്കപ്പെട്ടതെങ്കിലും അവയുടെ പ്രവര്‍ത്തനങ്ങള്‍ കേരളീയ സമൂഹത്തിന്‍െറ മൊത്തം പുരോഗതിയില്‍  സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

സമുദായ പരിഷ്കരണ പ്രസ്ഥാനങ്ങള്‍ക്കിടയില്‍  എസ്.എന്‍.ഡി.പിയുടെ സ്ഥാനം സവിശേഷമാണ്. ശ്രീനാരായണ ഗുരു, കുമാരനാശാന്‍, ഡോ. പല്‍പു, ടി.കെ. മാധവന്‍, സി. കേശവന്‍, ആര്‍. ശങ്കര്‍, സഹോദരന്‍ അയ്യപ്പന്‍ തുടങ്ങി വ്യത്യസ്ത കാലങ്ങളിലെ മലയാളി ജീവിതങ്ങളുമായി ചേര്‍ന്നുനില്‍ക്കുന്ന മഹാന്മാരായ പലരും നേതൃസ്ഥാനത്തുണ്ടായിരുന്നു എന്നതാണ് അതിന്‍െറ ഒരു കാരണം. ജനസംഖ്യകൊണ്ട് കേരളത്തിലെ പ്രബല സമുദായത്തെയാണ് ആ പ്രസ്ഥാനം പ്രതിനിധാനംചെയ്തിരിക്കുന്നതെന്നതാണ് മറ്റൊരു കാരണം. മലയാളീജീവിതത്തില്‍ ഗൗരവത്തോടെയും സന്തുലിതത്തോടെയും ഇടപഴകാന്‍ ആ പ്രസ്ഥാനം ശ്രദ്ധിച്ചിട്ടുണ്ട്. വര്‍ഗീയതയുടെയോ പരസമുദായ വിദ്വേഷത്തിന്‍െറയോ ചരിത്രം ആ പ്രസ്ഥാനത്തിനില്ല. പിന്നാക്ക സമുദായത്തിന്‍െറ ഉയിര്‍ത്തെഴുന്നേല്‍പിനുവേണ്ടി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ് എന്ന കാരണത്താല്‍ മുന്നാക്ക സംഘടനകളുമായി ചിലപ്പോഴെങ്കിലും അസ്വാരസ്യങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നത് മറന്നതുകൊണ്ടല്ല ഇതു പറയുന്നത്. പിന്നാക്ക വിഭാഗങ്ങളുടെ മുന്നേറ്റത്തിന്‍െറ പ്രധാന ആയുധമായ സംവരണത്തിനുവേണ്ടിയാണ് എസ്.എന്‍.ഡി.പി എന്നും നിലകൊണ്ടത്. എന്നാല്‍, സംവരണം എന്ന ആശയത്തെ തന്നെ എതിര്‍ക്കുന്ന മുന്നാക്ക സംഘടനകള്‍ എസ്.എന്‍.ഡി.പിയെ എതിര്‍ക്കുന്നത് സ്വാഭാവികം. നിയമനിര്‍മാണ സഭകളിലെ ആനുപാതിക പ്രാതിനിധ്യത്തിനുവേണ്ടി ക്രിസ്ത്യന്‍, മുസ്ലിം, ഈഴവ സമുദായങ്ങള്‍ ചേര്‍ന്ന് 1933ല്‍ നടത്തിയ ‘നിവര്‍ത്തന നിശ്ചയം’ എന്ന പ്രക്ഷോഭത്തിന് ചാലകശക്തിയായി നിന്നത് എസ്.എന്‍.ഡി.പിയായിരുന്നു. പിന്നീട് സംവരണ സമുദായ മുന്നണിയടക്കമുള്ള പിന്നാക്ക വിഭാഗങ്ങളുടെ ഐക്യമുന്നണിക്കുവേണ്ടിയും എസ്.എന്‍.ഡി.പി മുന്‍കൈ എടുക്കുകയുണ്ടായി.

ഇത്തരം മുന്‍കൈകളുടെയും പ്രവര്‍ത്തനങ്ങളുടെയും സദ്ഫലങ്ങള്‍ നേടിയെടുക്കാന്‍ കേരളത്തിലെ ഈഴവ സമുദായത്തിനായിട്ടുണ്ട്. സാമാന്യം അന്തസ്സാര്‍ന്ന അവസ്ഥയിലാണ് ആ സമുദായമിന്ന്. സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ മികച്ച പ്രാതിനിധ്യം നേടിയെടുക്കാനും ആ സമുദായത്തിനായി. ഈഴവ സമുദായത്തിന്‍െറ ഭാഗമായ വടക്കന്‍ കേരളത്തിലെ തിയ്യസമുദായം വടക്കന്‍ കേരളത്തിലെ സഹോദരന്മാരുമായി താരതമ്യം ചെയ്യുമ്പോള്‍ ഇനിയും  മുന്നോട്ട് പോവേണ്ടതുണ്ടെങ്കിലും.

മതഭേദമെന്യേ പിന്നാക്ക സമുദായങ്ങളുടെ ഐക്യത്തിനുവേണ്ടി നിലകൊള്ളാനും കേരളത്തിലെ മതനിരപേക്ഷതാ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കാനും സാധിച്ചതുകൊണ്ടാണ് എസ്.എന്‍.ഡി.പിക്കും ഈഴവ സമുദായത്തിനും ഈ വിധത്തില്‍ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞത്. എന്നാല്‍, എസ്.എന്‍.ഡി.പിയുടെതന്നെ ഈ പാരമ്പര്യത്തെ തള്ളിക്കളയുന്ന സമീപനങ്ങള്‍ അടുത്തകാലങ്ങളിലായി ആ പ്രസ്ഥാനത്തിന്‍െറ നേതൃത്വത്തില്‍നിന്നുണ്ടായിട്ടുണ്ട്. ഭൂരിപക്ഷ ഐക്യം എന്ന മുദ്രാവാക്യമുയര്‍ത്തി എന്‍.എസ്.എസുമായി ചേര്‍ന്ന് സഖ്യമുണ്ടാക്കിയതൊക്കെ അങ്ങനെയാണ്. സംവരണം എന്ന, പിന്നാക്ക സമുദായങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ആയുധത്തത്തെന്നെ തള്ളിക്കളയുന്ന മുന്നാക്ക സംഘടനയുമായി സംഖ്യം ചേരുന്നത് എസ്.എന്‍.ഡി.പിയുടെ അടിത്തറതന്നെ മാന്തുന്നതായിരുന്നു. എന്നാല്‍, അത്തരമൊരു സഖ്യം അധികകാലം മുന്നോട്ട് പോവാതിരുന്നത് ആ പ്രസ്ഥാനത്തെ രക്ഷിച്ചു.

ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുമായി ബുധനാഴ്ച ഡല്‍ഹിയില്‍ എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും സംഘവും നടത്തിയ കൂടിക്കാഴ്ചയും തുടര്‍ന്ന് വെള്ളാപ്പള്ളി നടേശന്‍ നടത്തിയ പ്രസ്താവനകളും എസ്.എന്‍.ഡി.പി വീണ്ടും തെറ്റായ വഴികളില്‍ സഞ്ചരിക്കുന്നുവെന്നതിന്‍െറ സൂചനകളാണ് നല്‍കുന്നത്. ബി.ജെ.പിയുമായി ചേര്‍ന്ന് ഭൂരിപക്ഷ ഐക്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുമെന്നാണ് നടേശന്‍ ഡല്‍ഹിയില്‍ പറഞ്ഞിരിക്കുന്നത്.

കേരളത്തില്‍ ബി.ജെ.പി രാഷ്ട്രീയമായി പരാജയപ്പെട്ടത് ഇവിടെ ഹിന്ദുക്കള്‍ ഭൂരിപക്ഷമല്ലാത്തതുകൊണ്ടോ അവര്‍ക്കിടയില്‍ ഐക്യമില്ലാത്തതുകൊണ്ടോ അല്ല. ബി.ജെ.പി ഉയര്‍ത്തിപ്പിടിക്കുന്ന വര്‍ഗീയ ആശയത്തെ അകമേ ഉള്‍ക്കൊള്ളാത്തവരാണ് മലയാളികള്‍. ആ സമീപനംകൊണ്ടുകൂടിയാണ് ഒരു പ്രത്യേക സമുദായത്തിന്‍െറ സംഘടനയായിരിക്കുമ്പോഴും പൊതു അംഗീകാരം നേടിയെടുക്കാന്‍ എസ്.എന്‍.ഡി.പിക്ക് സാധിച്ചത്. ആ അംഗീകാരത്തിലൂടെ അതിന്‍െറ നേട്ടങ്ങള്‍ ഈഴവ സമുദായത്തിന് ആസ്വദിക്കാനും കഴിഞ്ഞു. എന്നാല്‍, വിദ്വേഷ രാഷ്ട്രീയം അടിത്തറയാക്കിയ ബി.ജെ.പിയുമായി കൂട്ടുകൂടുന്നതിലൂടെ എസ്.എന്‍.ഡി.പി നഷ്ടപ്പെടുത്തുന്നത് ആ പ്രസ്ഥാനത്തിന്‍െറ സാധ്യതകളാണ്. അതിന്‍െറ ആത്യന്തിക നഷ്ടം വന്നുചേരുന്നതാകട്ടെ ഈഴവ സമുദായത്തിനും. സമുദായത്തിനകത്തെ വിവേകികള്‍ പ്രസ്ഥാനത്തിന് ശരിയായ വഴി കാണിക്കാന്‍ മുന്നോട്ടുവരുമെന്ന് പ്രതീക്ഷിക്കാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക