Image

മേമന്റെ വധശിക്ഷ: അവസാന മണിക്കൂറിലും നിയമപോരാട്ടം

Published on 29 July, 2015
മേമന്റെ വധശിക്ഷ: അവസാന മണിക്കൂറിലും നിയമപോരാട്ടം
ന്യൂഡല്‍ഹി: വധശിക്ഷയ്‌ക്കെതിരെ മുംബൈ സ്‌ഫോടന പരമ്പരക്കേസില്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ യാക്കൂബ് മെമന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതിയുടെ മൂന്നംഗ ബഞ്ച് തള്ളി. യാക്കൂബിനെ നാളെ രാവിലെ ഏഴിന് തൂക്കിലേറ്റുന്നതിന് നിയമതടസമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സുപ്രീം കോടതി വിധി വന്നതിന് തൊട്ടുപിന്നാലെ യാക്കൂബിന്റെ ദയാഹര്‍ജി മഹാരാഷ്ട്രാ ഗവര്‍ണറും തള്ളി.

തൊട്ടുപിന്നാലെ ബുധനാഴ്ച രാത്രി തന്നെ മേമന്‍ കനിവു തേടി വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. ദയാഹര്‍ജി തള്ളിയ മഹാരാഷ്ട്ര ഗവര്‍ണറുടെ നടപടി റദ്ദാക്കണമെന്നാണ് ആവശ്യം. കോടതി ഇതു പരിഗണിച്ചാല്‍ ഇന്നു രാത്രി ജഡ്ജിയുടെ വസതിയില്‍ വാദം കേട്ട് അന്തിമ വിധിയുണ്ടാകും. നാളെ രാവിലെ ഏഴു മണിക്കാണ് ശിക്ഷ നടപ്പാക്കേണ്ടത്.

അതിനിടെ മേമന്റെ ദയാഹര്‍ജി വീണ്ടും രാഷ്ട്രപതിക്ക് ലഭിച്ചു. ഈ ഹര്‍ജി തള്ളണമെന്ന ആവശ്യവുമായി ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് രാഷ്ട്രപതിയുമായി രാത്രി വൈകിയും കൂടിക്കാഴ്ച നടത്തി. രാഷ്ട്രപതിയിലും കോടതിയിലും പ്രതീക്ഷയര്‍പ്പിച്ച് ജീവനുവേണ്ടിയുള്ള അവസാന പോരാട്ടത്തിലാണ് മേമന്‍. ഈ രാത്രി കടന്ന് നാഴെ പുലര്‍ച്ചെ വരെയുള്ള സമയം സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും ഉറക്കമില്ല.

ചാര്‍ട്ടേഡ് അക്കൗണ്ടന്റായ യാക്കൂബിനെ നാളെ രാവിലെ ഏഴിന് നാഗ്പുര്‍ ജയിലില്‍ തൂക്കിലേറ്റാനാണ് നിശ്ചയിച്ചിട്ടുള്ളത്. വധശിക്ഷയ്‌ക്കെതിരായ തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളിയത് നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന യാക്കൂബിന്റെ വാദം മൂന്നംഗ ബഞ്ച് തള്ളി. എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് ദയാഹര്‍ജി തള്ളിയതെന്ന് സുപ്രീം കോടതി വിലയിരുത്തി. വധശിക്ഷ സ്‌റ്റേ ചെയ്യണമെന്ന ആവശ്യവും സുപ്രീം കോടതി നിരസിച്ചു. ശിക്ഷ നടപ്പാക്കുന്നതിനെതിരെ യാക്കൂബ് മേമന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് വീണ്ടും ദയാഹര്‍ജി നല്‍കിയിട്ടുണ്ട്. ദയാഹര്‍ജിയില്‍ രാഷ്ട്രപതി അനുകൂല തീരുമാനം എടുത്തില്ലെങ്കില്‍ വധശിക്ഷ നാളെ നടപ്പാക്കും. ഇക്കാര്യത്തില്‍ രാഷ്ട്രപതി ആഭ്യന്തര മന്ത്രാലയത്തിന്റെ അഭിപ്രായമാരാഞ്ഞിട്ടുണ്ട്. ദയാഹര്‍ജി നിലനില്‍ക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം രാഷ്ട്രപതിയെ അറിയിച്ചതായാണ് സൂചന.

യാക്കൂബിന്റെ വധശിക്ഷ നടപ്പാക്കുന്ന വിഷയത്തില്‍ സുപ്രീം കോടതിയുടെ രണ്ടംഗ ബഞ്ചിലെ ജസ്റ്റിസുമാര്‍ കഴിഞ്ഞ ദിവസം വ്യത്യസ്ത നിലപാട് സ്വീകരിച്ചിരുന്നു. തുടര്‍ന്നാണ് ഹര്‍ജി വിശാല ബഞ്ചിന് വിട്ടത്. 1993 ല്‍ നടന്ന മുംബൈ സ്‌ഫോടന പരമ്പരയില്‍ 257 പേര്‍ കൊല്ലപ്പെട്ടിരുന്നു. യാക്കൂബിന്റെ സഹോദരനും കേസിലെ മുഖ്യപ്രതിയുമായ ടൈഗര്‍ മെമന്‍ ഒളിവിലാണ്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക