Image

ഷോപ്പിംഗ് കോംപ്‌ളക്‌സിനായി അട്ടക്കുളങ്ങര സ്‌കൂള്‍ പൊളിക്കാനുള്ള ശ്രമം മേയറും സംഘവും തടഞ്ഞു

Published on 11 July, 2015
 ഷോപ്പിംഗ് കോംപ്‌ളക്‌സിനായി അട്ടക്കുളങ്ങര സ്‌കൂള്‍ പൊളിക്കാനുള്ള ശ്രമം മേയറും സംഘവും തടഞ്ഞു
തിരുവനന്തപുരം: ഷോപ്പിംഗ് കോംപ്‌ളക്‌സും ബസ് ബേയും നിര്‍മ്മിക്കാന്‍ അട്ടക്കുളങ്ങര ഗവ. സ്‌കൂളിന്റെ ഒരുഭാഗം പൊളിക്കാനുള്ള ശ്രമം മേയര്‍ കെ. ചന്ദ്രികയും സംഘവും തടഞ്ഞു. രാവിലെ എട്ടുമണിയോടെ ട്രിഡ ഉദ്യോഗസ്ഥരാണ് പൊളിക്കാന്‍ എത്തിയത്. ഇതറിഞ്ഞ് മേയറും സംഘവും എത്തി തടയുകയായിരുന്നു. അതോടെ പൊലീസും സ്ഥലത്തെത്തി. സ്ഥലത്തെ സംഘര്‍ഷാവസ്ഥ പരിഗണിച്ച് വന്‍ പൊലീസ് സംഘം അവിടെ നിലയുറപ്പിച്ചിട്ടുണ്ട്.

ഷോപ്പിംഗ് കോംപ്‌ളക്‌സും ബസ് ബേയും നിര്‍മ്മിക്കാന്‍ സ്‌കൂളിന്റെ ഒരു ഭാഗം പൊളിച്ചേ തീരുവെന്നാണ് ട്രിഡയുടെ നിലപാട്. ഇതുസംബന്ധിച്ച നിലനിന്ന കേസില്‍ കോടതിയില്‍ നിന്ന് അനുകൂല വിധി ഉണ്ടായതോടെയാണ്  ട്രിഡ ഉദ്യോഗസ്ഥര്‍ എത്തിയത്. എന്നാല്‍ സ്‌കൂള്‍ പൊളിക്കാന്‍ അനുവദിക്കില്ലെന്ന് സമരസമിതി പ്രവര്‍ത്തകര്‍ പറഞ്ഞു. മേയറും ഉറച്ച നിലപാടിലാണ്. 

രാവിലെ സ്‌കൂളിന്റെ ഒരു കെട്ടിടത്തിന്റെ  ഭാഗം പൊളിച്ചടുക്കാന്‍ 50 അംഗ സംഘത്തെയാണ് ട്രിഡ നിയോഗിച്ചത്. അവര്‍ രാവിലെയെത്തി സ്‌കൂള്‍ കെട്ടിടത്തിന്റെ ഓടുകളും മറ്റും ഇളക്കിമാറ്റിത്തുടങ്ങി. അതിനിടയിലാണ് വിവരം മേയര്‍ അറിഞ്ഞത്. ഉടന്‍ മേയര്‍ പാഞ്ഞെത്തി. സംഘത്തോട് കയര്‍ത്തു. പൊളിക്കല്‍ നിറുത്താന്‍ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് സ്‌കൂളിന്റെ കോമ്പൗണ്ടില്‍ കയറരുതെന്ന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ഏറെ നേരം മേയര്‍ അവിടെ ചെലവഴിക്കുകയും ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക