Image

'കുഴിവഴിപാടുമായി' കോഴിക്കോട് കലക്ടര്‍

Published on 09 July, 2015
 'കുഴിവഴിപാടുമായി' കോഴിക്കോട് കലക്ടര്‍


കോഴിക്കോട്: കുഴികളും കുളങ്ങളും നിറഞ്ഞ് തകര്‍ന്നടിഞ്ഞ റോഡുകള്‍ക്ക് ശാപമോക്ഷത്തിനായി കോഴിക്കോട് ജില്ലാ കലക്ടറുടെ പുതിയ യഞ്ജം. 'കുഴിവഴിപാട്' എന്ന പുതുമയാര്‍ന്ന പേരിലാണ് കലക്ടര്‍ എന്‍. പ്രശാന്ത് നഗരപരിധിയിലെ റോഡുകളുടെ പുനരുദ്ധാരണത്തിനായി ഫേസ്ബുക്കിലൂടെ രംഗത്തിറങ്ങിയത്. കലക്ടര്‍ കോഴിക്കോട് എന്ന പേരിലുള്ള തന്റെ ഫേസ്ബുക്ക് പേജില്‍ മഴവെള്ളക്കുഴികള്‍ നിറഞ്ഞ റോഡിന്റെ ചിത്രത്തോട് കൂടി 'പ്രൊജക്ട് 4എന്‍ നമുക്ക് നിരത്താം നമ്മുടെ നിരത്ത്' എന്ന പേരില്‍ ഇട്ട പോസ്റ്റിന് കാര്യമായ ലൈക്കും കമന്റും കിട്ടുന്നുമുണ്ട്.

'നമ്മുടെ റോഡുകളിലെ അപകടം വിതക്കുന്ന കുഴികള്‍ സമയബന്ധിതമായി അടക്കുന്നതിനൊരു പുതിയ സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ ജില്ലാ ഭരണകൂടം ആരംഭിക്കുന്നു' എന്നാണ് ഈ ദൗത്യത്തെ പോസ്റ്റില്‍ പരിചയപ്പെടുത്തിയിരിക്കുന്നത്. പൊതുജനങ്ങള്‍ക്ക് തങ്ങളുടെ റോഡിലെ കുഴികള്‍ റിപോര്‍ട്ട് ചെയ്യാമെന്നും 48 മണിക്കൂറില്‍ കൂടുതല്‍ നികത്താതെ കിടക്കുന്നതും പി.ഡബ്‌ള്യു.ഡി കോര്‍പറേഷന്‍ അധികൃതര്‍ വര്‍ക്ക് അറേഞ്ച് ചെയ്തിട്ടില്ലാത്തതുമായ കുഴികള്‍ ആണ് നികത്തപ്പെടുക എന്നും കലക്ടര്‍ വിശദീകരിക്കുന്നു. അതാത് ദിവസത്തെ 'കുഴിവഴിപാട്' സ്‌പോണ്‍സര്‍ ചെയ്യാന്‍ പരസ്യദാതാക്കളെ സ്വാഗതം ചെയ്യുന്നുമുണ്ട് അദ്ദേഹം.

നമ്മുടെ റോട്ടിലും മേക്കപ്പൊക്കെ ചെയ്യണ്ടേ എന്ന നര്‍മം കലര്‍ത്തിയ ചോദ്യത്തോടെയാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. എന്‍. പ്രശാന്ത് കോഴിക്കോട് ജില്ലാ കലക്ടര്‍ ആയി ചുമതലയേറ്റിട്ട് ഏതാനും മാസങ്ങള്‍ മാത്രമേ ആയിട്ടുള്ളു. ഇതിനകം തന്നെ രാജ്യത്തെ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരുള്ള പേജ് ആയി കലക്ടറുടെ ഫേസ്ബുക്ക് പേജ് പേരെടുത്ത് കഴിഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക