Image

അത്യാഹിത വിഭാഗത്തില്‍ കിടന്ന് നഴ്‌സിന്റെ ചിത്രമെടുത്ത രോഗിക്ക് പോലീസിന്റെ ചികിത്സ

Published on 09 July, 2015
അത്യാഹിത വിഭാഗത്തില്‍ കിടന്ന് നഴ്‌സിന്റെ ചിത്രമെടുത്ത രോഗിക്ക് പോലീസിന്റെ ചികിത്സ

 കോട്ടയം: ആശുപത്രിയില്‍ ഡ്രിപ്പിട്ടു കിടന്ന രോഗി മൊബൈല്‍ ഫോണില്‍ നഴ്‌സിംഗ് വിദ്യാര്‍ഥിനികളുടെ ചിത്രമെടുത്തു. ഡ്രിപ്പ് തീര്‍ന്നയുടന്‍ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു വെസ്റ്റ് സ്‌റ്റേഷനിലേക്കു കൊണ്ടുപോയി. ഇന്നു രാവിലെ ജില്ലാ ജനറല്‍ ആശുപത്രിയിലാണു സംഭവം. ഇല്ലിക്കല്‍ സ്വദേശിയായ മുപ്പത്തിരണ്ടുകാരനാണു നഴ്‌സിംഗ് വിദ്യാര്‍ഥിനികളുടെ ചിത്രമെടുത്തു പിടിയിലായത്.

രാവിലെ എട്ടോടെ പനിയും ക്ഷീണവുമായി അത്യാഹിത വിഭാഗത്തില്‍ എത്തിയ യുവാവിനു ഗ്ലൂക്കോസ് ഡ്രിപ്പിട്ടു കിടത്തി. ഇങ്ങനെ കിടക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ നഴ്‌സിംഗ് വിദ്യാര്‍ഥിനികളുടെ ചിത്രമെടുത്തതാണു പനി ബാധിച്ചവനു പണി കിട്ടാന്‍ കാരണം. ഡ്രിപ്പ് തീര്‍ന്നോ എന്നറിയുന്നതിനും രോഗിക്ക് എങ്ങനെയുണ്ട് എന്നും മറ്റും അന്വേഷിച്ചു നഴ്‌സിംഗ് വിദ്യാര്‍ഥിനികള്‍ അടുത്തെത്തിയപ്പോള്‍ പല തവണ ഫോണില്‍ ചിത്രമെടുത്തുവെന്നാണു പരാതി. പലതവണ ഇതാവര്‍ത്തിച്ചപ്പോള്‍ വിദ്യാര്‍ഥിനികള്‍ ഡ്യൂട്ടി നഴ്‌സുമാരോടു പറഞ്ഞു.

തുടര്‍ന്ന് എയ്ഡ് പോസ്റ്റിലെ പോലീസിനെ വിവരം അറിയിച്ചു. പോലീസ് എത്തി മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ ചിത്രങ്ങള്‍ എടുത്തെന്നു ബോധ്യപ്പെട്ടു. അപ്പോഴും ഡ്രിപ്പ് തീര്‍ന്നിട്ടില്ലായിരുന്നു. ഡ്രിപ്പ് തീര്‍ന്നയുടന്‍ യുവാവിനെ പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. ഇയാളെ ചോദ്യം ചെയ്തുവരുന്നു. 
http://deepika.com/News_Latest.aspx?catcode=latest&newscode=167821
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക