Image

വ്യാപം സി.ബി.ഐ അന്വേഷിക്കുമെന്ന് സുപ്രീകോടതി

Published on 09 July, 2015
വ്യാപം സി.ബി.ഐ അന്വേഷിക്കുമെന്ന് സുപ്രീകോടതി

ന്യൂഡല്‍ഹി: വ്യാപം നിയമനതട്ടിപ്പുമായി ബന്ധപ്പെട്ട എല്ലാ കേസുകളും സി.ബി.ഐ അന്വേഷിക്കുമെന്ന് സുപ്രീകോടതി. ദുരൂഹമരണങ്ങള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ കേസുകളും സി.ബി.ഐ അന്വേഷിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശം നല്‍കി. കേസ് ജൂലൈ 24 നകം ഏറ്റെടുക്കണമെന്നും രണ്ടാഴ്ചക്കുള്ളില്‍ അന്വേഷണത്തിലെ പുരോഗതി അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
കേസ് ജൂലൈ 24 ന് വീണ്ടും പരിഗണിക്കും. വ്യാപം കുംഭകോണത്തില്‍ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് മധ്യപ്രദേശ് സര്‍ക്കാറിനെ പ്രതിനിധീകരിച്ച് അറ്റോര്‍ണി ജനറല്‍ നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്.

ഹരജി പരിഗണിക്കവെ, കേസില്‍ മേല്‍നോട്ടം വഹിച്ചിരുന്ന മധ്യപ്രദേശ് ഹൈകോടതിയുടെ ജബല്‍പൂര്‍ ബെഞ്ചിനെതിരെ സുപ്രീംകോടതി രൂക്ഷവിമര്‍ശം നടത്തി. ഉന്നതരുള്‍പ്പെട്ട ഇത്തരം കേസ് സുപ്രീംകോടതിക്ക് വിട്ട് ഹൈകോടതി ബെഞ്ച് കൈകഴുകുകയാണ് ചെയ്തത്. കേസിന്‍റെ തുടര്‍ നടപടികളില്‍ ഹൈകോടതി ഇടപെടരുതെന്നും സുപ്രീംകോടതി കര്‍ശന നിര്‍ദേശം നല്‍കി.

അതേസമയം, കേസില്‍ ആരോപണവിധേയനായ മധ്യപ്രദേശ് ഗവര്‍ണര്‍ റാം നരേഷ് യാദവിനെ മാറ്റിനിര്‍ത്തണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജിയില്‍ സുപ്രീംകോടതി സര്‍ക്കാറിന് നോട്ടീസ് അയച്ചു. നിയവിരുദ്ധമായി അഞ്ച് ഉദ്യോഗാര്‍ഥികളെ ഫോറസ്റ്റ് ഗാര്‍ഡ് തസ്തികയിലേക്ക് നിയമിച്ച കേസിലെ കുറ്റപത്രത്തില്‍ ഗവര്‍ണറെ പ്രതിചേര്‍ത്തിട്ടുണ്ട്.
ഗവര്‍ണറെ മാറ്റുന്നത് സംബന്ധിച്ച് നാലാഴ്ചക്കകം മറുപടി നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു. അതേസമയം, ഗവര്‍ണര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഹൈകോടതിക്ക് അധികാരമില്ളെന്ന് കേസിലെ അഭിഭാഷന്‍ കബില്‍ സിബല്‍ കോടതിയെ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക