Image

ഓണ്‍ലൈനില്‍ വൈദ്യുതി ബില്ലടക്കാന്‍ സര്‍വിസ് ചാര്‍ജില്ല

Published on 08 July, 2015
 ഓണ്‍ലൈനില്‍ വൈദ്യുതി ബില്ലടക്കാന്‍ സര്‍വിസ് ചാര്‍ജില്ല
തിരുവനന്തപുരം: വൈദ്യുതി ബില്‍ ഓണ്‍ലൈനായി നല്‍കുന്നവരില്‍നിന്ന് ബാങ്കുകള്‍ ഈടാക്കിയിരുന്ന ട്രാന്‍സാക്ഷന്‍ ഫീസും ഇതിലുള്ള സേവനനികുതിയും പൂര്‍ണമായി ഒഴിവാക്കിയതായി മന്ത്രി ആര്യാടന്‍ മുഹമ്മദ് അറിയിച്ചു. ഓണ്‍ലൈന്‍ പണമടയ്ക്കല്‍ സൗകര്യം നല്‍കിയിരുന്ന ബാങ്കുകള്‍ ഉപഭോക്താക്കളില്‍നിന്ന് ഈടാക്കിയിരുന്ന അധികതുക കെ.എസ്.ഇ.ബി നല്‍കും. നിലവില്‍ ബോര്‍ഡിനുവേണ്ടി പേമെന്‍റ് ഗേറ്റ്വേകളായി പ്രവര്‍ത്തിക്കുന്ന ടെക് പ്രോസസ്, കനറ ബാങ്ക്/പേ യു എന്നിവ ബില്ളൊന്നിന് യഥാക്രമം മൂന്നുരൂപ 60 പൈസയും നാലുരൂപ 49 പൈസയുമാണ് ഈടാക്കിയിരുന്നത്. വിവിധ ഡെബിറ്റ് /ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി പണമടച്ചിരുന്നവരില്‍നിന്ന് ബില്‍ തുകയുടെ 0.78 മുതല്‍ 1.12 ശതമാനംവരെയുള്ള തുകയായിരുന്നു ട്രാന്‍സാക്ഷന്‍ ഫീ ആയി പേമെന്‍റ് ഗേറ്റ്വേകള്‍ ഈടാക്കിയിരുന്നത്. വൈദ്യുതി ബില്‍ ഓണ്‍ലൈനില്‍ അടക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന്‍െറ ഭാഗമായാണ് ആനുകൂല്യം.
വൈദ്യുതി ബോര്‍ഡിന്‍െറ സൈറ്റിലൂടെ വിസ, മാസ്റ്റര്‍കാര്‍ഡ് തുടങ്ങിയ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയും കേരളത്തിലെ നാല്‍പ്പതിലേറെ ബാങ്കുകളുടെ നെറ്റ് ബാങ്കിങ് സൗകര്യമുപയോഗിച്ചും ബില്‍ അടക്കാം. സംശയങ്ങള്‍ ദൂരീകരിക്കാന്‍ 1912 എന്ന നമ്പരില്‍ കെ.എസ്.ഇ.ബിയുടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാള്‍ സെന്‍ററുമായി ബന്ധപ്പെടാം. ഈ നമ്പര്‍ ഡയല്‍ ചെയ്തശേഷം‘5’ തെരഞ്ഞെടുത്താല്‍ ഓണ്‍ലൈന്‍ പേമെന്‍റ് സംബന്ധിച്ച വിവരങ്ങള്‍ അറിയാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക