Image

സംസ്ഥാനത്തെ സ്കൂളുകളില്‍ ഓണപരീക്ഷ സെപ്റ്റംബര്‍ ഏഴു മുതല്‍ 15 വരെ

Published on 08 July, 2015
സംസ്ഥാനത്തെ സ്കൂളുകളില്‍ ഓണപരീക്ഷ സെപ്റ്റംബര്‍ ഏഴു മുതല്‍ 15 വരെ
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ പാദവാര്‍ഷിക പരീക്ഷ ഓണം കഴിഞ്ഞുതന്നെ. മന്ത്രി പി.കെ. അബ്ദുറബ്ബിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന ക്വാളിറ്റി ഇംപ്രൂവ്മെന്‍റ് പ്രോഗ്രാം (ക്യു.ഐ.പി) മോണിട്ടറിങ് സമിതി യോഗത്തിലാണ് തീരുമാനം. ജൂലൈ ഒന്നിന് ചേര്‍ന്ന ക്യു.ഐ.പി യോഗത്തിലും ഇതേ തീരുമാനമെടുത്തിരുന്നെങ്കിലും പാഠപുസ്തക അച്ചടി വൈകിയതുമൂലമാണ് പരീക്ഷ വൈകിപ്പിക്കുന്നതെന്ന ആരോപണം നിയമസഭയിലടക്കം ഉന്നയിക്കപ്പെട്ട സാഹചര്യത്തിലായിരുന്നു വീണ്ടും യോഗം.
പരീക്ഷ ഓണത്തിന് മുമ്പ് നടത്താനാവുമോയെന്ന് മന്ത്രി ആരാഞ്ഞെങ്കിലും മൂന്ന് മാസത്തെ അധ്യയനം പൂര്‍ത്തിയാവാതെ പരീക്ഷ നടത്താനാകില്ളെന്ന് അധ്യാപക സംഘടനാ പ്രതിനിധികള്‍ അറിയിക്കുകയായിരുന്നു.
കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഓണം 16 പ്രവൃത്തി ദിവസം നേരത്തേയായതിനാല്‍ ഓണത്തിനനുസരിച്ച് പരീക്ഷ മാറ്റേണ്ടതില്ളെന്ന അഭിപ്രായമാണ് യോഗത്തില്‍ ഉയര്‍ന്നത്. പരീക്ഷ സെപ്റ്റംബര്‍ ഏഴു മുതല്‍ 15 വരെ നടക്കും.
ഹയര്‍ സെക്കന്‍ഡറി പരീക്ഷയും ഇതേ തീയതികളില്‍തന്നെ നടത്തും. നേരത്തേ സെപ്റ്റംബര്‍ ഒമ്പത് മുതല്‍ 18 വരെ നടത്താനായിരുന്നു തീരുമാനം. 
എയ്ഡഡ് സ്കൂളുകളിലും ഈ വര്‍ഷം മുതല്‍ സൗജന്യ യൂനിഫോം വിതരണം ചെയ്യും. സര്‍ക്കാര്‍ സ്കൂളുകളിലെ എ.പി.എല്‍ ആണ്‍കുട്ടികള്‍ ഒഴികെയുള്ളവര്‍ക്ക് എസ്.എസ്.എ വിതരണം ചെയ്തിരുന്ന സൗജന്യ യൂനിഫോം എയ്ഡഡ് സ്കൂളുകളില്‍കൂടി വ്യാപിപ്പിക്കും. 60 കോടി രൂപ ഇതിനായി അനുവദിക്കും. 2013-14ലും എയ്ഡഡ് സ്കൂളുകളില്‍ യൂനിഫോം നല്‍കിയിരുന്നു. 
ഇന്‍േറണല്‍ സപ്പോര്‍ട്ട് മിഷന്‍െറ (ഐ.എസ്.എം) ഭാഗമായി എല്ലാ മാസവും സ്കൂളുകളില്‍ നടക്കുന്ന പരിശോധനയില്‍നിന്ന് ബി.ആര്‍.സിയിലെ അധ്യാപകരെ ഒഴിവാക്കും.
ജൂനിയര്‍ അധ്യാപകരായ ഇവരെ പരിശോധനക്ക് അനുവദിക്കില്ളെന്ന് അധ്യാപകസംഘടനാ പ്രതിനിധികള്‍ നിലപാടെടുക്കുകയായിരുന്നു. ഡയറ്റ് അധ്യാപകര്‍ക്ക് പുറമെ എ.ഇ.ഒ, ഡി.ഇ.ഒ, ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എന്നിവര്‍ക്കായിരിക്കും പരിശോധനക്ക് അധികാരം.
പരിശോധന കാമറയില്‍ പകര്‍ത്തേണ്ടതില്ളെന്നും നിര്‍ദേശിച്ചിട്ടുണ്ട്. അധ്യാപക പാക്കേജ് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയശേഷം ഇതിനെക്കുറിച്ച് സംഘടനകളുടെ പരാതികള്‍ പരിശോധിക്കും.പാഠപുസ്തക വിതരണം ജൂലൈ 20നകം പൂര്‍ത്തീകരിക്കും. വിതരണം ത്വരിതപ്പെടുത്താന്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡെപ്യൂട്ടി ഡയറക്ടര്‍മാരുമായി വിഡിയോ കോണ്‍ഫറന്‍സ് നടത്തും. എ.ഇ.ഒമാരുടെ യോഗവും ചേരും. അടുത്തവര്‍ഷം പരിഷ്കരിക്കുന്ന ഒമ്പത്, 10 ക്ളാസുകളിലെ പാഠപുസ്തകങ്ങള്‍ സെപ്റ്റംബറില്‍തന്നെ അച്ചടിക്കാനുള്ള ഒരുക്കങ്ങള്‍ എസ്.സി.ഇ.ആര്‍.ടി നടത്തും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക