Image

മലയാളത്തിന്റെ സത്യന്‍ മറഞ്ഞിട്ട് 44 വര്‍ഷം

ആശ പണിക്കര്‍ Published on 16 June, 2015
  മലയാളത്തിന്റെ സത്യന്‍ മറഞ്ഞിട്ട് 44 വര്‍ഷം
മലയാള ,സിനിമയില്‍ അഭിനയത്തികവു കൊണ്ട് ചക്രവര്‍ത്തിപദമലങ്കരിച്ച സത്യന്‍ വിട പറഞ്ഞിട്ട് ജൂണ്‍ 15ന് 44 വര്‍ഷം തികഞ്ഞു. ഗംഭീരമായ അഭിനയ മൂഹൂര്‍ത്തങ്ങളിലൂടെ എണ്ണമറ്റ കഥാപാത്രങ്ങളെ മലയാള സിനിമക്കു സമ്മാനിച്ച കലാകാരന്‍, ജീവിച്ചിരുന്ന കാലയളവില്‍ എല്ലാവരോടും തികഞ്ഞ മനഷ്യസ്‌നേഹി, സൗഹൃദങ്ങള്‍ക്ക് വില കല്‍പ്പിച്ചിരുന്ന സാധാരണക്കാരന്‍. അതൊക്കെയായിരുന്നു സത്യന്‍ എന്ന നടന്‍. 

ശരീരസൗന്ദരര്യത്തിന്റെ അഴകളവുകളുടെ മാനദണ്ഡത്തില്‍ നായകനെ നിശ്ചയിച്ചിരുന്ന കാലത്താണ് സത്യന്‍ സിനിമയിലേക്ക് കടന്നു വരുന്നത്. ഒരു മാധ്യമമെന്ന നിലയില്‍ സിനിമയെന്നത് ഒരിക്കലും ജനങ്ങള്‍ സ്വീകരിച്ചു തുടങ്ങിയിട്ടില്ലാത്ത കാലം. പാട്ടാള ജീവിതത്തില്‍ നിന്നും വിരമിച്ച ശേഷം തിരുവിതാംകൂര്‍ പോലീസില്‍ സബ്ഇന്‍സ്‌പെക്ടറായിരിക്കേയാണ് സത്യന്‍ സിനിമയിലെത്തുന്നത്. സത്യനിലെ നടനെ തിരിച്ചറിഞ്ഞ സെബാസ്റ്റന്യന്‍ കുഞ്ഞു കുഞ്ഞു ഭാഗവതരാണ് സത്യനെ സിനിമാ രംഗത്തുളളവര്‍ക്ക് പരിചയപ്പെടുത്തുന്നത്. ആദ്യകാലങ്ങളില്‍ നാട്ടിലെ നാടക ട്രൂപ്പുകള്‍ക്കൊപ്പം പ്രവര്‍ത്തിച്ചത് സത്യന് സിനിമയില്‍ അഭിനയത്തിന്റെ പിന്‍ബലമായി. 

ഒരിക്കലും വെളിച്ചം കാണാതെ പോയ 'ത്യാഗസീമ' യെന്ന ചിത്രത്തിലൂടെയായിരുന്നു സത്യന്റെ വെള്ളിത്തിരയിലേക്കുളള പ്രവേശം. കൗമുദി പത്രാധിപരായിരുന്ന ബാലകൃഷ്ണനായിരുന്നു ആ സിനിമയുടെ നിര്‍മാതാവ്. എന്നാല്‍ ആദ്യചിത്രത്തിന്റെ ദുരന്തം നല്‍കിയ തിക്താനുഭത്തില്‍ പതറാതെ പിടിച്ചു നിന്ന സത്യന്‍ പിന്നീട് 1952 ല്‍ ആത്മസഖി എന്ന ചിത്രത്തിലൂടെ സിനിമാരംഗത്ത് തന്റെ സാന്നിദ്ധ്യമുറപ്പിച്ചു. മലയാള സിനിമക്ക് ദേശീയ അംഗീകാരം നേടിക്കൊടുത്ത നീലക്കുയില്‍ എന്ന ചിത്രത്തിലൂടെ സത്യന്‍ അതുവരെയുണ്ടായിരുന്ന എല്ലാ നായകസങ്കല്‍പങ്ങളും തിരുത്തിയെഴുതി തന്റെ സ്ഥാനമുറപ്പിച്ചു. ആകാരത്തിലല്ല, അഭിനയത്തിലൂടെയാണ് ഒരു നടന്‍ വിലയിരുത്തപ്പെടേണ്ടതെന്ന് മലയാള സിനിമയ്ക്കു ബോധ്യപ്പെടുത്തിയ ആദ്യത്തെ നടനും സത്യന്‍ തന്നെയാണ്.

അഭിനയത്തിലെ സൂക്ഷ്മതയും അനായാസതയുമാണ് അദ്ദേഹത്തെ വേറിട്ടു നിര്‍ത്തിയത്. അദ്ദേഹത്തിന്റെ ഈ അഭിനയസിദ്ധി ഏറെ പ്രശംസിക്കപ്പെടുകയും ചെയ്തു. രാമു കാര്യാട്ട്, എ.വിന്‍സെന്റ്, കെ. സേതുമാധവന്‍ തുടങ്ങി പ്രശസ്തരായ സംവിധയകരുടെ ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങളെയാണ് അദ്ദേഹം തന്റെ ഭാവോജ്ജ്വലമായ അഭിനയ മികവു കൊണ്ട് അവിസ്മരണീയമാക്കിയത്. ചെമ്മീനിലെ പളനി, ഓടയില്‍ നിന്ന് എന്ന ചിത്രത്തിലെ പപ്പു എന്നിവ ഉദാഹരണങ്ങളാണ്. വടക്കന്‍പാട്ടിലെ കഥകള്‍ പ്രമേയമാക്കി ഇറങ്ങിയിരുന്ന അക്കാലത്തെ എല്ലാ ചിത്രങ്ങളിലും സത്യന്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. നാടകത്തില്‍ വളരെക്കാലം പ്രവര്‍ത്തിച്ചുവെങ്കിലും സിനിമയിലെ കഥാപാത്രങ്ങളില്‍ നാടകത്തിന്റെ അമിതാഭിനയം കടന്നുവരാതെ സൂക്ഷിക്കാനുള്ള സത്യന്റെ കഴിവ് അപാരമായിരുന്നു. ഈ അഭിനയ സിദ്ധിക്കുള്ള ഉപഹാരമായി  മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് രണ്ടു തവണ അദ്ദേഹത്തിനു ലഭിച്ചിരുന്നു. 

അസുഖബാധിതനായിരിക്കുമ്പോഴും അഭിനയിക്കാനുള്ള അദ്ദഹത്തിന്റെ ഉത്സാഹത്തിനു യാതൊരു കുറവും വന്നിരുന്നില്ല. മാരകരോഗത്തിന്റെ ആകുലതകള്‍ അദ്ദേഹത്തെ ഒട്ടും തന്നെ അലട്ടിയിരുന്നില്ല. സഹപ്രവര്‍ത്തകരോടും മററുള്ളവരോടും അദ്ദേഹം തികഞ്ഞ സൗമ്യതയോടെയാണ് പെരുമാറിയിരുന്നത്. അനുഭവങ്ങള്‍ പാളിച്ചകളായിരുന്നു സത്യന്‍ അവസാനമായി അഭിനയിച്ച ചിത്രം. മണ്‍മറഞ്ഞ് 44 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും അവിസ്മരണീയമായ ഒരു പിടി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസില്‍ ജീവിക്കുകയാണ് സത്യന്‍ എന്ന മഹാനടന്‍.
  മലയാളത്തിന്റെ സത്യന്‍ മറഞ്ഞിട്ട് 44 വര്‍ഷം
  മലയാളത്തിന്റെ സത്യന്‍ മറഞ്ഞിട്ട് 44 വര്‍ഷം
  മലയാളത്തിന്റെ സത്യന്‍ മറഞ്ഞിട്ട് 44 വര്‍ഷം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക