Image

ലഹരി മാഫിയയെ തകര്‍ക്കണം

Madhyamam Published on 04 June, 2015
ലഹരി മാഫിയയെ തകര്‍ക്കണം
യുവതലമുറ മയക്കുമരുന്നില്‍ തല്‍പരരാവുന്നതും പിന്നീട് അതിന് അടിമകളായിത്തീരുന്നതും അത്യന്തം ആശങ്കയോടെയാണ് വീക്ഷിക്കേണ്ടത്. കഴിഞ്ഞ വര്‍ഷം ഐക്യരാഷ്ട്രസഭ നടത്തിയ ഒരു പഠനപ്രകാരം ആഗോള തലത്തില്‍ 16 കോടിയിലധികം പേര്‍ മയക്കുമരുന്നിന്‍െറ പിടിയിലായതായാണ് കണക്ക്. യുവജനതയെയാണ് മയക്കുമരുന്ന് മാഫിയ നോട്ടമിടുന്നത്. യുവാക്കളെ മയക്കുമരുന്നില്‍ ആസക്തരാക്കി അതിന്‍െറ ഉപഭോഗ-വില്‍പന വ്യാപനത്തിലൂടെ ലാഭം കൊയ്യണമെന്ന ഏക ഉദ്ദേശ്യമേ ലഹരിമാഫിയക്കുള്ളൂ. ലഹരി ഉപയോഗം വ്യാപകമായി സമൂഹം അരാജകത്വത്തിലൊടുങ്ങിയാല്‍ തങ്ങള്‍ക്ക് എന്ത് ചേതം എന്നതാണ് മാഫിയ നിലപാട്. അവിടെയും ലാഭം കൊയ്യാമല്ളോ. കേരളത്തിലും മയക്കുമരുന്ന് മാഫിയ പിടികൂടുന്നതിന്‍െറ സൂചനകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. കേരളത്തിലേക്ക്  മയക്കുമരുന്ന് കടത്തുകേസുകള്‍ കൂടിവരുന്നതിന്‍െറ റിപ്പോര്‍ട്ടുകള്‍ പത്രങ്ങളില്‍ ദിനംപ്രതി സ്ഥാനംപിടിക്കുന്നുണ്ട്. നിയമപാലകരുടെ കര്‍ശന നടപടികള്‍ക്കിടയിലും മാഫിയ സ്വാധീനം കേരളത്തില്‍ വര്‍ധിച്ചു വരുന്നുവെന്നത് ഗൗരവപൂര്‍വം പരിശോധിക്കേണ്ട സംഗതിയത്രെ.
2014ല്‍ സംസ്ഥാനത്ത് അബ്കാരി, മയക്കുമരുന്ന് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണെന്നാണ് സ്റ്റേറ്റ് ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്ക് കാണിക്കുന്നത്. നാര്‍കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റാന്‍സസ് ആക്ട് (എന്‍.ഡി.പി.എസ് ആക്ട്) പ്രകാരം 2014ല്‍ 2233 മയക്കുമരുന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2010ല്‍ 769ഉം 2011ല്‍ 693ഉം 2012ല്‍ 696ഉം 2013ല്‍ 974ഉം കേസുകള്‍ ചാര്‍ജ് ചെയ്തപ്പോഴാണ് 2014ലെ ഈ വര്‍ധന. ആപല്‍ക്കരമാണ് ഈ പ്രവണത.
ലഹരി മരുന്നുകള്‍ക്ക് കേരളത്തില്‍ ഒരു പഞ്ഞവുമില്ലാത്ത അവസ്ഥ കൈവന്നിരിക്കുന്നു. ഏത് മുക്കിലും മൂലയിലും ഇന്ന് ഇത് ലഭിക്കും. വിദ്യാര്‍ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് വേണ്ട സൗകര്യങ്ങള്‍പോലും മാഫിയ നല്‍കുന്നുണ്ട്. റിസോര്‍ട്ടുകള്‍, ഡി.ജെ പാര്‍ട്ടികള്‍ എന്നിവക്കുപുറമെ വലിക്കാന്‍ ഹുക്ക, ചുരുട്ടാന്‍ തിളങ്ങുന്ന കടലാസ് തുടങ്ങിയവയും. യുവതലമുറയാണ് ഭാവിയിലെ ഏറ്റവും വലിയ വിപണിയും വിപുലീകരണ മേഖലയുമെന്ന് മാഫിയ തിരിച്ചറിഞ്ഞിരിക്കുന്നു. അതുകൊണ്ടുതന്നെ യുവാക്കളെ വലയില്‍ വീഴ്ത്താന്‍ എന്ത് സൗകര്യങ്ങളും മാഫിയ ചെയ്തുകൊടുക്കും. മനുഷ്യവിഭവശേഷിക്കുറവും മറ്റു പരിമിതികളുംമൂലം പൊലീസിന് സംസ്ഥാനത്തെ മയക്കുമരുന്നു മാഫിയയുടെ നീക്കങ്ങളും സ്വാധീനവും തകര്‍ക്കാന്‍ കഴിഞ്ഞിട്ടില്ളെന്നത് വസ്തുതയത്രെ. ലഹരി മാഫിയയുടെ നീക്കം നിരീക്ഷിക്കാന്‍ ഷാഡോ പൊലീസ് പലയിടത്തും രംഗത്തുണ്ടെങ്കിലും അംഗസംഖ്യക്കുറവുമൂലം അതിന്‍െറ പ്രവര്‍ത്തനം പൂര്‍ണവിജയത്തിലത്തെുമെന്ന് പറയാനാവില്ല.
മനുഷ്യപ്രജ്ഞയെ ഊറ്റിക്കുടിക്കുന്ന മയക്കുമരുന്നുകള്‍ ഹൃദയാഘാതത്തിന്‍െറ സാധ്യത വര്‍ധിപ്പിക്കുമെന്നും സംശയരോഗം, വൃക്ക തകരാര്‍ തുടങ്ങിയവക്കിടയാക്കുമെന്നും പല പഠനങ്ങളും സാക്ഷ്യപ്പെടുത്തുന്നു. വിഷാദരോഗവും ഉറക്കമില്ലായ്മയും ബാധിക്കുന്ന ലഹരി നുണയുന്നവര്‍ ഏറെ. ലഹരി വസ്തുക്കള്‍ ഉപയോഗിച്ച് ജീവിതനൈരാശ്യം ബാധിച്ച് ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നവരും നിരവധി. ലഹരി മാഫിയ ഉയര്‍ത്തുന്ന കൊടും ഭീഷണി പൊലീസ് തീവ്രനടപടികളിലൂടെ നേരിടണം. പുതിയ പൊലീസ് മേധാവി ടി.പി. സെന്‍കുമാറിന്‍െറ നിയമനം സമൂഹം ഇക്കാര്യത്തില്‍ പ്രതീക്ഷയോടെയാണ് കാണുന്നത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലഹരിക്കടിമകളാക്കുന്ന കുറ്റവാളികള്‍ക്കെതിരെ ഗുണ്ടാ ആക്ട് പ്രകാരം നടപടിയെടുക്കുന്നതില്‍ തെറ്റില്ളെന്ന ഹൈകോടതി ഡിവിഷന്‍ബെഞ്ച് വിധി പൊലീസിന് ധൈര്യം പകരേണ്ടതാണ്. മയക്കുമരുന്നു മാഫിയ പ്രവര്‍ത്തനം തകര്‍ക്കാന്‍ പൊലീസ് മാത്രം ശ്രമിച്ചാല്‍ പോര. പൊതുസമൂഹം നിയമപാലകരോട് അകമഴിഞ്ഞ് സഹകരിക്കണം. മാഫിയയെ ഒറ്റപ്പെടുത്താനും അവരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊലീസിന് കൈമാറാനും സമൂഹം ജാഗ്രത കാണിക്കണം. കൂടാതെ സ്വന്തം മക്കളെക്കുറിച്ചൊരു കരുതല്‍ മാതാപിതാക്കള്‍ക്ക് ഉണ്ടാകേണ്ടതും അത്യന്താപേക്ഷിതമാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക