Image

'മാഗി':ഡല്‍ഹി സര്‍ക്കാര്‍ 15 ദിവസത്തെ നിരോധം ഏര്‍പ്പെടുത്തി

Published on 03 June, 2015
'മാഗി':ഡല്‍ഹി സര്‍ക്കാര്‍ 15 ദിവസത്തെ നിരോധം ഏര്‍പ്പെടുത്തി

ന്യൂഡല്‍ഹി: സംസ്ഥാനത്ത് 'മാഗി' ന്യൂഡില്‍സിന്‍െറ വില്‍പനക്ക് ഡല്‍ഹി സര്‍ക്കാര്‍ 15 ദിവസത്തെ നിരോധം ഏര്‍പ്പെടുത്തി. മാഗി ന്യൂഡില്‍സിലെ ചേരുവകള്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി. വിശദ പരിശോധനാ ഫലം ലഭിച്ച ശേഷം നിരോധം തുടരുന്ന കാര്യം ആലോചിക്കുമെന്ന് ആരോഗ്യ മന്ത്രി സത്യേന്ദ്ര കുമാര്‍ അറിയിച്ചു.

മാഗി ന്യൂഡില്‍സ് വിഷയം ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍െറ പരിഗണനക്ക് വിടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ആരോഗ്യത്തിന് ഹാനികരമായ ഘടകങ്ങള്‍ നെസ് ലെയുടെ ഉല്‍പന്നത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നും കമ്പനിക്കെതിരെ നടപടി സ്വീകരിക്കുമെന്നും കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രി രാം വിലാസ് പാസ്വാന്‍ പറഞ്ഞു. മാഗ്ഗി നൂഡില്‍സ് ഉപയോഗിക്കരുതെന്നും കാന്റീനുകളില്‍ ഇവ വില്‍പന നടത്തരുതെന്നും സൈന്യത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, വിവിധ സംസ്ഥാനങ്ങളില്‍ മാഗി ന്യൂഡില്‍സിന് നിരോധം ഏര്‍പ്പെടുത്തുന്നത് കമ്പനിയുടെ ഓഹരി ഇടിയാന്‍ വഴിവെച്ചു. ബുധനാഴ്ച നെസ് ലെ കമ്പനിയുടെ ഓഹരികള്‍ക്ക് 10 ശതമാനം ഇടിവ് രേഖപ്പെടുത്തി. നെസ് ലെയുടെ വരുമാനത്തില്‍ 20 ശതമാനം ലഭിക്കുന്നത് മാഗി ന്യൂഡില്‍സില്‍ നിന്നാണ്.

മാഗി ന്യൂഡില്‍സിന്‍െറ ഗുണനിലവാരം പരിശോധിക്കണമെന്ന് ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് ഇന്ത്യ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഗുജറാത്ത്, മഹാരാഷ്ട്ര, ബിഹാര്‍, ഹരിയാന, പഞ്ചാബ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ ഉല്‍പന്നം പരിശോധനക്ക് വിധേയമാക്കിയിരുന്നു.

ഭക്ഷ്യ വസ്തുക്കളില്‍ രുചിയും മണവും വര്‍ധിപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന മോണോസോഡിയം ഗ്ളൂട്ടാമേറ്റിന്‍െറ അധിക ഉപയോഗം മാഗി ന്യൂഡില്‍സില്‍ കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ മാഗി ന്യൂഡില്‍സിന്‍െറ വില്‍പനക്ക് നിരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക