Image

എയര്‍ കേരള വിമാന സര്‍വീസിന് കേന്ദ്രസര്‍ക്കാര്‍ ഇളവു നല്‍കി

ജോര്‍ജ് ജോണ്‍ Published on 03 June, 2015
 എയര്‍ കേരള വിമാന സര്‍വീസിന് കേന്ദ്രസര്‍ക്കാര്‍ ഇളവു നല്‍കി


ഫ്രാങ്ക്ഫര്‍ട്ട്: പ്രവാസി മലയാളികളുടെ ചിരകാല സ്വപ്നമായ കേരളത്തിന്റെ സ്വന്തം വിമാന സര്‍വീസ് എയര്‍കേരള യാഥാര്‍ത്യത്തിലേക്ക് നീങ്ങുന്നു. കേന്ദ്ര സര്‍ക്കാര്‍  മന്ത്രാലയ സമിതി ഈ വിമാന സര്‍വീസ് തുടങ്ങുന്നതിനുള്ള നിബന്ധനകളില്‍ ഇളവു നല്‍കി കേരളാ സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് പുതിയ തീരുമാനം. വിദേശ സര്‍വീസ് ലൈസന്‍സിന് അഞ്ചു വര്‍ഷത്തെ ആഭ്യന്തര സര്‍വീസ് വേണമെന്ന വ്യവസ്ഥ ഒഴിവാക്കും. 600 ആഭ്യന്തരസര്‍വീസ് നടത്തിയവര്‍ക്ക് ഗള്‍ഫ് സര്‍വീസ് അനുവദിക്കാമെന്നാണ് ഇപ്പോഴത്തെ ശുപാര്‍ശ. ഇത് കേന്ദ്രമന്ത്രിസഭാ യോഗം ഉടന്‍ പരിഗണിക്കും. ഈ രണ്ടു നിര്‍ദേശങ്ങളും മന്ത്രിസഭാ യോഗത്തില്‍ പാസാകുമെന്ന് കരുതുന്നു. അങ്ങിനെ എയര്‍ കേരള എന്നത് യാഥാര്‍ത്ഥ്യമാകുമെന്ന് എയര്‍ കേരള സംരഭകര്‍ കരുതുന്നു.

എയര്‍ കേരളയ്ക്കു വിദേശത്തേക്ക് സര്‍വീസ് നടത്തുന്നതില്‍ രണ്ട് നിബന്ധനകളായിരുന്നു ഇതുവരെ തടസമായി നിന്നിരുന്നത്. ഇതില്‍ ഒരെണ്ണം അഞ്ചു വര്‍ഷം ആഭ്യന്തര സര്‍വീസ് നടത്തി പരിചയം വേണമെന്നതും, രണ്ടാമത്തേത് 20 വിമാനങ്ങള്‍ സ്വന്തമായി വേണം എന്നതും. എന്നാല്‍ കേരളത്തിന്റെ അഭ്യര്‍ഥനമാനിച്ച് 20 വിമാനങ്ങള്‍ വേണമെന്ന നിബന്ധനയില്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തന്നെ ഇളവു നല്‍കിയിരുന്നു.

അഞ്ചു വര്‍ഷത്തെ ആഭ്യന്തര സര്‍വീസ് വേണമെന്ന തടസത്തിനാണ് കേന്ദ്ര മന്ത്രാലയ സമിതി ഇപ്പോള്‍ ഇളവ് നല്‍കിയത്. ഈ ശുപാര്‍ശ കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകരിച്ചാല്‍ എല്ലാ തടസ്സങ്ങളും നീങ്ങും. മുന്നൂറ് കോടി രൂപയാണ് എയര്‍ കേരളയുടെ പ്രവര്‍ത്തനം തുടങ്ങാന്‍ തുടക്കത്തില്‍ ആവശ്യമുള്ളത്. ഇതില്‍ 26% കേരള സര്‍ക്കാര്‍ വഹിക്കും, ബാക്കി തുക ഓഹരിയിലൂടെ കണ്ടെത്താനാണ് പദ്ധതി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക