Image

`മലയാളം, എന്റെ മാതൃഭാഷ: നിങ്ങളുടെയും!'-3 പ്രൊഫസ്സര്‍ (ഡോ:) ജോയ്‌ ടി. കുഞ്ഞാപ്പു, D.Sc., Ph.D.

Published on 05 May, 2015
 `മലയാളം, എന്റെ മാതൃഭാഷ: നിങ്ങളുടെയും!'-3  പ്രൊഫസ്സര്‍ (ഡോ:) ജോയ്‌ ടി. കുഞ്ഞാപ്പു, D.Sc., Ph.D.
(മലയാളി അസ്സോസിയേഷന്‍ ഓഫ്‌ ഫിലഡല്‍ഫിയയുടെ (മാപ്‌) `കവിതഥ' എന്ന ഏകദിന സെമിനാറിലെ കീനോട്ട്‌ പ്രസംഗത്തില്‍ ഇതിലെ പ്രസക്തഭാഗങ്ങള്‍ അവതരിപ്പിച്ചിരുന്നു.)

ഭാഷ മരിക്കുന്ന വിജനവീഥികള്‍:
വംശനാശം ഭവിക്കുന്ന ഭാഷ

ഭാഷ ജനിക്കുന്നു; ജീവിക്കുന്നു; മരിക്കുന്നു. സംസ്‌കൃതവും ഗ്രീക്കും ലാറ്റിനും നമുക്കറിയാവുന്ന ഭീമന്‍ ഉദാഹരണങ്ങള്‍.

ഭാഷ എപ്പോള്‍, എന്തുകൊണ്ട്‌ മരിക്കുന്നു? ഏറ്റവും ഒടുവിലത്തെ സംസാരിക്കുന്ന പൗരന്‍ മണ്‍മറയുമ്പോള്‍ അയാളുടെ ഭാഷയും മൃതിയടയുന്നു. സ്വാഭാവികമായും അസ്വാഭാവികമായും ഈ കുറ്റിയറ്റല്‍ സംഭവിക്കാം. കാരണം പലത്‌: ഒരു ജനതയുടെ കൂട്ടക്കൊല; പ്രകൃതിക്ഷോഭത്തില്‍ ചെറുരാജ്യങ്ങള്‍ തുടച്ചുനീക്കപ്പെടല്‍, വിദേശ രാജ്യത്തിന്റെ്‌ അധിനിവേശം; പൗരരുടെ കൂട്ടപ്രവാസം; ... ... ... ആധുനിക കാരണങ്ങള്‍ വഴിയെ പറയാം.

ഇന്ന്‌ലോകത്തില്‍ ഏകദേശം 7000 സംസാരഭാഷകളുണ്ട്‌. 650 എണ്ണമേ പ്രസക്തിയോടെ സംസാരിക്കപ്പെടുന്നുള്ളൂ. രണ്ടാഴ്‌ച്ചയില്‍ ഒരു ഭാഷ മരിക്കുന്നത്രെ.അലാസ്‌കയിലും ടര്‍ക്കിയിലും ഭാഷകള്‍ അന്യംനില്‌പ്പായിട്ടുണ്ട്‌, സമീപകാലത്തു പോലും.

`സര്‍വൈവല്‍ ഓഫ്‌ ദ ഫിറ്റസ്റ്റ്‌'/വെല്ലുവിളി

ഡാര്‍വിന്റെ കണ്ടെത്തലായ `വംശനാശം സംഭവിക്കലിനെ' ചെറുക്കാന്‍ നാം എല്ലാ രംഗങ്ങളിലും യത്‌നിക്കുന്നു. മനുഷ്യനെയും മൃഗത്തെയും പക്ഷിയെയും പരിരക്ഷിക്കാന്‍ സംരക്ഷണ/പരിപാലന പരിപാടികള്‍ ആസൂത്രണം ചെയ്യുന്നു. ഒരര്‍ത്ഥത്തില്‍ `സര്‍വൈവല്‍ ഓഫ്‌ ദ ഫിറ്റസ്റ്റ്‌' എന്ന തത്ത്വത്തിനെ താല്‍ക്കാലികാടിസ്ഥാനത്തില്‍ വെല്ലുവിളിക്കുന്നു - എബോളയെ ചെറുക്കുമ്പോഴും, കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന പ്രകൃതി നിയമത്തെ മറികടക്കാന്‍ പുതിയ നീതീന്യായ വ്യവസ്ഥകള്‍ ഭരണസംഹിതയുടെ ഭാഗമാക്കുമ്പോഴും. ഭാഷയെ രക്ഷിക്കാനും നാം പല തന്ത്രങ്ങള്‍ മെനയുന്നു.

ഭാഷയെ രക്ഷിക്കാനോ! ഇവിടെയാണ്‌ ഗവേഷണത്തിന്റെ പ്രാധാന്യം.


ഗവേഷണപ്രബന്ധം: ഡോക്ടറല്‍ ബിരുദക്കാരുടെ മസ്‌തിഷ്‌കസ്വേദം

ഡോക്ടര്‍ ബിരുദത്തോട്‌ പലര്‍ക്കും അലര്‍ജി ഉള്ളതായി പറഞ്ഞു കേട്ടിട്ടുണ്ട്‌. സര്‍വകലാശാലകള്‍ ഒരു വിഷയത്തില്‍ കൊടുക്കുന്ന ഏറ്റവും ഉന്നത ബിരുദമാണത്‌. സംസ്‌കൃതത്തില്‍ ആചാര്യ ബിരുദം എന്ന്‌ ചില സര്‍വകലാശാലക്കാര്‍ മൊഴിമാറ്റം ചെയ്‌തിട്ടുണ്ട്‌. ചിലര്‍ അതിനെ അപഹസിക്കുന്നത്‌, ആവശ്യത്തിനു പ്രയത്‌നിക്കാത്തവര്‍ക്കും ഗുണനിലവാരമില്ലാത്ത പഠനങ്ങള്‍ക്കും അതേ ബിരുദം `ദാനം' ചെയ്യുമ്പോഴാണെങ്കിലും, അപകര്‍ഷതാബോധം കൊണ്ടും അറിവില്ലായ്‌മ കൊണ്ടും സംസ്‌കാരത്തെ നോക്കി പുച്ഛിക്കുന്ന പ്രകൃതമായതുകൊണ്ടുമാണ്‌ പലരും ഡോക്ടര്‍ ബിരുദത്തെ താഴ്‌ത്തിക്കെട്ടുന്നത്‌. കൃതിമ മാര്‍ഗ്ഗത്തിലൂടെ പത്താം ക്ലാസ്സു സര്‍ട്ടിഫിക്കറ്റു വരെ തരപ്പെടുത്തുന്ന കേരള പാരമ്പര്യം സാമാന്യവല്‌ക്കരിക്കുന്നത്‌ ആപത്താണ്‌.

ഏതു രംഗത്തെയും പുരോഗതിച്ചങ്ങലയിലെ കണ്ണികള്‍ തീര്‍ക്കുന്നത്‌ ഇത്തരം പഠനങ്ങളാണ്‌. അമേരിക്കയിലാണെങ്കില്‍ ഗവേഷണ തല്‌പ്പരരായ വൈദ്യശാസ്‌ത്ര വിദ്യാര്‌ത്ഥികളില്‍ പലരും എം.ഡി. ബിരുദത്തിനൊപ്പമോ അതിനു ശേഷമോ Ph.D. നേടാന്‍ ശ്രമിക്കാറുണ്ട്‌. ആനുപാതികമായ സാമ്പത്തികനേട്ടം ലഭിക്കാത്തതുകൊണ്ട്‌ ഗവേഷണ വാസനേച്ഛകളുള്ള പല ഡോക്ടര്‍മാരും ഈ ബിരുദം നേടാന്‍ ശ്രമിക്കുന്നില്ലെന്നു മാത്രം. വിദ്യാര്‌ത്ഥികളെ എം. ഡി., പിഎച്ഛ്‌.ഡി. പ്രോഗ്രാമിനു ശുപാര്‍ശ ചെയ്യുമ്പോള്‍ അവരുടെ പ്രത്യേക ഗവേഷണചാതുര്യവും അദ്ധ്യാപകര്‍ വിലയിരുത്താറുണ്ട്‌.

ഡോക്ടറല്‍ ബിരുദം നേടിയ പലരും തങ്ങളുടെ തൊഴില്‍ വൈദഗ്‌ദ്ധ്യം വരുംതലമുറയ്‌ക്കു പകര്‍ന്നു കൊടുക്കാന്‍, ആനുപാതികമായ സാമ്പത്തിക നേട്ടം ഉണ്ടാകില്ലെന്നറിഞ്ഞിട്ടും, താന്താങ്ങളുടെ വിഷയത്തില്‍ ഗ്രന്ഥരചന നടത്തി, പരോക്ഷമായി, വരും തലമുറയെയും, അതിലൂടെ സമൂഹത്തെയും സേവിക്കുന്നു. ഗ്രന്ഥകാരന്റെ്‌ സംഭാവന കനപ്പെട്ടതാണെങ്കില്‍, ആ പുസ്‌തകങ്ങള്‍ ലൈബ്രറി ഓഫ്‌ കോണ്‍ഗ്രസ്സ്‌ ഉള്‍പ്പെടെ ലോകത്തിലെ പ്രശസ്‌ത ഗ്രന്ഥശേഖരണങ്ങളില്‍ സ്ഥാനം പിടിക്കുന്നു. അമേരിക്കയില്‍ മലയാളം ഒരു പ്രധാന വിഷയമല്ലാത്തുകൊണ്ട്‌ നമ്മുടെ ഭാഷയെക്കുറിച്ചുള്ള അധികം ഗവേഷണഗ്രന്ഥങ്ങള്‍ അമേരിക്കന്‍ മലയാളികളുടെതായി കാണാനിടയില്ല. അത്തരം വിടവു നികത്തുന്നതും ഭാഷാ സേവനത്തിന്റെ ഭാഗമാകും.

വംശനാശം -കാരണങ്ങള്‍

ഭാഷയുടെ തിരോധാനത്തെക്കുറിച്ച്‌ തുടരട്ടെ: ഇംഗ്ലീഷ്‌ ഔദ്യോഗിക ഭാഷയായി സ്വീകരിച്ച രണ്ടു രാജ്യങ്ങളാണല്ലോ ഇംഗ്ലണ്ടും നൈജീരിയയും (മറ്റു സ്ഥലങ്ങള്‍ ഇല്ലെന്നില്ല). അവിടെ നിലനിന്നിരുന്ന കോര്‍ണിഷും (Cornish) ഹോറോമും (Horom) ഉപേക്ഷിക്കപ്പെട്ടാണ്‌ ഇംഗ്ലീഷ്‌ ജീവല്‍ ഭാഷയായത്‌. ഈ രണ്ടു ഭാഷകളും കാലാന്തരത്തില്‍ അപ്രത്യക്ഷമാകാനുള്ള സാധ്യത ഏറെയാണ്‌.

ഭാഷയുടെ വംശനാശത്തിനു ഹേതുവായി ചൂണ്ടിക്കാണിക്കുന്ന മറ്റു കാരണങ്ങളുമുണ്ട്‌:
സാമ്പത്തിക പുരോഗതിക്കു വേണ്ടി മനുഷ്യന്‍ എന്തും ചെയ്യും; എന്തും ഉപേക്ഷിക്കും. മേന്‍ഡരിനും ഇംഗ്ലീഷും പഠിക്കും. അറിവിനും, വിദ്യാഭ്യാസത്തിനും, ജോലിക്കും, വ്യാപാരത്തിനും അത്‌ ആവശ്യമായതുകൊണ്ടാണ്‌ ഇങ്ങനെ സംഭവിക്കുന്നത്‌. ആ സാഹചര്യത്തില്‍, സ്വാഭാവികമായും, മാതൃഭാഷയുടെ പ്രാധാന്യം നേര്‌ക്കാ ന്‍ തുടങ്ങും. സാമ്പത്തിക കാര്യക്രമത്തിനു മുമ്പില്‍ മാതൃഭാഷയുടെ ഇരിപ്പിടം രണ്ടാം നിരയിലേക്കു ഇറങ്ങും.

ആശ്വാസകരമായ ഒരു കാര്യം, ഇന്ത്യാ ഗവണ്‍മെന്റ്‌, മാനിക്കപ്പെടേണ്ട എല്ലാ ഭാരതീയ ഭാഷകളെയും പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നതാണ്‌. മലയാളത്തിന്റെു ശ്രേഷ്‌ഠഭാഷാ പദവി സമീപകാല വാര്‌ത്തു. ഈ വളര്‍ച്ചക്ക്‌ ബീജാവാപം ചെയ്‌ത ആദ്യ പ്രധാനമന്ത്രി നെഹ്രുവിനെ നമുക്ക്‌ സ്‌മരിക്കാം.

ഒരു രാജ്യത്തിന്റെ്‌ GDP കൂടുന്തോറും അത്‌ വര്‍ദ്ധിപ്പിക്കാന്‍ കച്ചവട മൂല്യമുള്ള പ്രബല ഭാഷകളിലേക്ക്‌ മനുഷ്യന്‍ അറിയാതെ മാറാന്‍ തുടങ്ങും.കംപ്യൂടറിന്റെ പ്രാചുര്യം ഇംഗ്ലീഷിന്റെ പ്രാമുഖ്യം ഏറ്റുപറയുന്നു.

മലകളുടെ മുകളിലുള്ള ഭാഷകള്‍ വേഗം അസ്‌തമിക്കുമത്രെ. കാരണം, ജനസമ്പര്‍ക്കമില്ലാതെയും ജനനാശം സംഭവിച്ചും അവ മണ്ണടിയാനുള്ള സാദ്ധ്യത ഏറെയാണ്‌. ആസ്‌ത്രേലിയായിലെ ആദിവാസി സമൂഹങ്ങളിലെ കൊച്ചു കൊച്ചു ഭാഷകള്‍ നാമാവശേഷമാകുന്നത്‌ നടപ്പുവസ്‌തുത.

(തുടരും)

Read pdf
Join WhatsApp News
വിദ്യാധരൻ 2015-05-06 20:00:00
ഭാഷ മൃതമായികൊണ്ടിരിക്കുന്നു എന്ന് പറയുന്നതും ഞാനും നിങ്ങളും ദിവസവും മരിച്ചുകൊണ്ടിരിക്കുന്നു എന്ന് പറയുന്നതും തുല്യമാണ്.  മനുഷ്യന്റെ ബാഹ്യചർമ്മം ഓരോ ദിവസവും കൊഴിയുന്നുണ്ടെങ്കിലും. പുതിയ കോശങ്ങൾ മൃതമായ കോശങ്ങളെ പുനസ്ഥാപിച്ചുകൊണ്ടിരിക്കുന്നു  എന്ന് പറഞ്ഞതുപോലെ മലയാള ഭാഷ പുനസ്ഥാപിക്കപ്പെട്ടുകൊണ്ടിരിക്കുന്നു അല്ലെങ്കിൽ പരിഷ്കരിക്കപ്പെടുന്നു. പക്ഷെ ആ പ്രക്രിയ അതിന്റെ അടിസ്ഥാനമായ ആതാമാവിൽ നിന്ന് വിട്ടു നിന്നുകൊണ്ടല്ല. ആത്മാവ് ഇല്ല എന്ന് വിശ്വസിക്കുന്നവരെ സംബന്ധിച്ച് ഭാഷ മൃതം തന്നെ.  നമ്മളുടെ പൂർവ്വികർ ഭാഷയുടെയും സാഹിത്യത്തിന്റെയും ചേതനയിൽ ഊന്നി നിന്ന്  ഭാഷയുടെ വളർച്ചക്ക് വഴിതെളിച്ചപ്പോൾ,  ആധുനികതയുടെയും  അത്യന്താധുനികതയുടെയും പേരും പറഞ്ഞു ഒരു കൂട്ടം അമേരിക്കൻ മലയാളികൾ ഭാഷയെ കാടു കയറ്റുകയാണ്. മലയാള ഭാഷയുടെ  ചരിത്രം നോക്കിയാൽ  ഏ. ഡി 800 -നടുത്തുവരെ കേരളം തമിഴകത്തിന്റെ ഒരു ഭാഗമായിരുന്നു എന്നും  മലയാളത്തിനു ദ്രാവിഡന്മാരുമായി ബന്ധം ഉണ്ടെന്നും മനസിലാക്കാൻ കഴിയും.  തമിഴ് സംസ്കൃതവുമായി ബന്ധപ്പെട്ട് മലയാള ഭാഷ പരിഷ്കരിക്കപ്പെട്ടെങ്കിലും   മലയാളത്തിലെ നല്ല ശതമാനം വാക്കുകളും സംസ്കൃതത്തിൽ നിന്ന് ഉരുതിരിഞ്ഞു വരുന്നു. കുന്ഞൻ നമ്പ്യാർക്ക് ശേഷം  മലയാള ഭാഷയുടെ സുവർണ്ണ കാലഘട്ടം എന്ന് പറയുന്നത്,രാജരാജവർമ്മ (1895 ലെ മലയവിലാസം ) വി സി ബാലക്രിഷനപ്പണിക്കരുടെ വിലാപം, വിശ്വരൂപവുമൊക്കെ ഭാവോൽക്ക്ർഷത്തിലെക്കുള്ള ആധുനിക മലയാളകവിതയുടെ ആദ്യത്തെ കാലവയ്പാണ്.  കുമാരനാശാൻ, വള്ളത്തോൾ, ഉള്ളൂർ, തുടങ്ങിയവരുടെ വിശിഷ്ടസംഭാവനകൾ ആധുനിക മലയാള കവിതക്ക് ഗംഭീര്യം നേടികൊടുത്ത്. കെ. പി കറുപ്പൻ, നാലപ്പാട്ട് നാരായണമേനോൻ, കുറ്റിപ്പുറത്ത് കേശവൻനായർ, പള്ളത്ത് രാമൻ, എം ആർ കൃഷണവാര്യർ, കെ എം പണിക്കർ തുടങ്ങിയവർ എല്ലാം ഒരുവിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ സ്മരണീയരാണ്. ആശാനും വള്ളത്തോളിനും ശേഷം കവിതയിൽ ശ്രദ്ധിക്കപ്പെടേണ്ട ചലനങ്ങൾ ഉണ്ടാക്കിയവരാണ് ഇടപ്പള്ളി രാഘവൻപ്പിള്ളയും ചങ്ങപ്പുഴകൃഷ്ണപ്പിള്ളയും. മലയാള നോവൽ പ്രസ്ഥാനത്തിന് അടിസ്ഥാനം ഇട്ടതു  അപ്പു നെടുങ്ങാടിയുടെ കുന്ദലതയും, ഓ ചന്തുമേനോന്റെ ഇന്ദുലേഖയും.  ഭാഷയോട് സ്നേഹവും ആത്മാർത്തയും പുലർത്തിയിരുന്നവർ ഭാഷയുടെ വ്യാകരണങ്ങളും, കവിതകളിൽ വൃത്തങ്ങളും ഒക്കെ ഉണ്ടാക്കി വളരെ അച്ചടക്കത്തോടെ ഭാഷയെ വളർത്തികൊണ്ടുവന്നു.  ഭാഷയെ മൃതമാക്കാതെ, ജനതികമായ മാറ്റം വരുത്താതെ പരിഷ്ക്കരിക്കുകയായിരുന്നു.  പക്ഷേ ഇന്നത്തെ സ്ഥിതി അതല്ല. അടിസ്ഥാനങ്ങൾ ഇളകിപ്പോയാൽ ആർക്ക് ഇവിടെ നിലനില്ക്കാൻ കഴിയും എന്ന് ചോദിച്ചതുപോലെ , അടിസ്ഥാനങ്ങളെ ഇളക്കി, കവിതഥയും കഥാകവിതയും ഒക്കെ സൃഷ്ടിക്കുമ്പോൾ മലയാള ഭാഷ പരിഷ്ക്കരിക്കപ്പെടുന്നില്ല മൃതമാക്കപ്പെടുകായാണ്.  ഭാഷയുടെ ചരിത്രം അറിയാവുന്നവരും, ഭാഷ അറിയാവുന്നവരും, ഭാഷയുടെ പാരമ്പര്യങ്ങളെ അവഗണിച്ചു പുതിയ പന്ഥാവിലേക്ക് തിരിച്ചു വിടാൻ ശ്രമിക്കുനത് വേദനാജനകം തന്നെ .  മലയാളഭാഷ ഇപ്പോൾ കടന്നു പോയ്ക്കൊണ്ടി രിക്കുന്നത് 'കഷ്ടകാലത്തിലൂടെയാണ്.   ഭാഷയോട് കൂറുള്ള എഴുത്തുകാർ ഇല്ലാതെയായിരിക്കുന്നു. അമേരിക്കയിൽ എഴുത്ത് എന്ന് പറയുന്നത് സ്വന്തം പേരിനോട് കവി എന്നോ നോവലിസ്റ്റ് എന്നോ ഒരു പേര് ചേർത്ത് ഒരു സത്വം അല്ലെങ്കിൽ അനന്യത സൃഷ്ടിക്കുക എന്നതിൽ കവിഞ്ഞൊന്നും ഇല്ല.  അമേരിക്കയിൽ നിലവിലുള്ള 'വ്യക്തിത്വം നഷ്ടപ്പെടലിൽ' നിന്ന് രക്ഷപ്പെടാനുള്ള ഒരു ഉപാധിയായി പലരും കവി കഥാ കൃത്ത് എന്നൊക്കെയുള്ള പേര് പലതരത്തില്ലുള്ള ഗൂഡ പദ്ധതികളിലൂടെ കരസ്ഥമാക്കാൻ ശ്രമിക്കുമ്പോൾ അത് കണ്ട് നില്ക്കാനവില്ല.  അത്തരക്കാരുടെ മനസിനിറെ അടിത്തട്ടിൽ കട്ടപിടിച്ചിരിക്കുന്ന അവരുടെ നിഗൂഡ ലക്ഷ്യങ്ങളെ ഏതു വിധേനെയും പുറത്തു കൊണ്ട്വരേണ്ടത്, വായനക്കാർ എന്ന് അഭിമാനത്തോടെ പറയുന്നവരുടെ ഉത്തരവാദിത്വമാണ്    വായനക്കാരൻ പ്രതികരിച്ചാൽ അവനെ അമേദ്യം കൂട്ടി കുഴച്ച് സദ്യകൊടുത്തും കടന്നൽ കൂട്ടത്തെ ഇളക്കി വിട്ട് കടിപ്പിച്ചും  അടിച്ചമർത്തും എന്ന് പറയുന്നവരാണോ മലയാള ഭാഷയെ വളർത്തുന്നവർ. ഇത്തരക്കാരുടെ , അഹങ്കാരത്തിന്റെ മുഷ്ക്കിന് നേരെ പ്രതികരിക്കാൻ പാടില്ല എന്ന് എവിടെയെങ്കിലും നിയമം ഉണ്ടോ. നമ്മളുടെ പൂർവികർ എങ്ങനെയാണ് ഭാഷയെ വളർത്തിയെതെന്നു കാടിളക്കി കടന്നലിനെ ഇളക്കി വായനക്കാരെ ഒതുക്കാൻ ശ്രമിക്കുന്നവർ വായിച്ചിരിക്കുന്നത് നല്ലതാണ്.

ക്ഷീണിക്കാത്ത മനീഷയും മഷിയുണ-
           ങ്ങിടാത്ത പൊൻപേനയും 
വാണിക്കായ്‌ തനിയെയുഴിഞ്ഞു വരമായ് 
            നേടി ഭവാൻ സിദ്ധികൾ 
കാണിച്ചു വിവിധാദ്ഭുതങ്ങൾ വിധിദൃ-
         ഷ്ടാന്തങ്ങളായി, വൈരിമാർ 
നാണിച്ചു, സ്വമംബ, കൈരളി തെളി-
            ഞ്ഞീക്ഷിച്ചുമോക്ഷത്തെയും (പ്രരോദനം - ആശാൻ)

ആഗോളവത്ക്കരണത്തിന്റെ പിടിയിൽപ്പെട്ടും, ആംഗലേയ ഭാഷയുടെ കടന്നു കയറ്റത്തിലും, അതിലുപരി സ്വന്തം  വ്യക്തിത്വത്തെ ഭാഷയെ കരുവാക്കി ഉയരത്തി പിടിക്കാൻ ശ്രമിക്കുന്നവരുടെ കൈൽനിന്ന് മോചിപ്പിച്ചു മലയാളഭാഷയെ   സ്വതന്ത്രമാക്കുമ്പോൾ ഓരോ മലയാളിക്കും പറയാൻ കഴിയും 'മലയാളം  എന്റെ മാതൃഭാഷ നിങ്ങളുടെയും 'എന്ന് . 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക