Image

ഇവള്‍ വാഴ്ത്തപ്പെട്ടവള്‍ (നോവല്‍:28- കൊല്ലം തെല്‍മ, ടെക്‌സാസ്)

കൊല്ലം തെല്‍മ, ടെക്‌സാസ് Published on 02 May, 2015
ഇവള്‍ വാഴ്ത്തപ്പെട്ടവള്‍ (നോവല്‍:28- കൊല്ലം തെല്‍മ, ടെക്‌സാസ്)

അദ്ധ്യായം 28
കെല്‍സിയുടെ സ്‌നേഹപൂര്‍ണ്ണമായ പരിചരണവും ആയുര്‍വേദചികിത്സയുടെ മികവും അജിത്തിന്റെ ആരോഗ്യപ്രാപ്തിക്ക് ആക്കംകൂട്ടി. ചികിത്സ തുടങ്ങിയിട്ട് ഒന്‍പതുമാസം കടന്നുപോയി. അജിയുടെ കരചലനശേഷി വീണ്ടുകിട്ടിത്തുടങ്ങിയതിന്റെ ലക്ഷണമെന്നോണം കൈവിരലുകള്‍ സ്വയം ചലിപ്പിക്കുവാന്‍ തുടങ്ങി. മുഖപേശികളുടെ ബലക്ഷയത്തിനു മാറ്റം കണ്ടുതുടങ്ങി. സംസാരശേഷിയിലും ഓര്‍മ്മശക്തിയിലും പുരോഗതി ഉണ്ടാകേണ്ടതുണ്ട്. കെല്‍സിയുടെ ആശങ്കയും അതാണ്.
അജിയുടെ സമീപത്തിരുന്ന് പഴയകാര്യങ്ങള്‍ ഓര്‍മ്മിച്ചെടുക്കാന്‍ സഹായിക്കും. അമേരിക്കയിലെ സുഹൃത്തുക്കള്‍ വിളിക്കുമ്പോള്‍ കെല്‍സി ഫോണ്‍ അജിയുടെ കാതില്‍ ചേര്‍ത്തുവച്ചു കൊടുക്കും. കൃഷ്ണമണികള്‍ ചലിപ്പിച്ച് തന്നെത്തന്നെ നോക്കി കേള്‍ക്കുന്ന ശബ്ദങ്ങള്‍ക്ക് കാതോര്‍ക്കും. വിളിക്കുന്നവരുടെ ശബ്ദം തിരിച്ചറിയുന്നില്ല എന്നത് ഭാവങ്ങളില്‍നിന്നും മനസിലാകും. എന്നാലും പഴയ രീതിയിലേയ്‌ക്കൊരു മടങ്ങി വരവിനുതകുന്ന ഒരു കാരണം വീണുകിട്ടിയെങ്കിലോ എന്നുള്ള പ്രത്യാശ കെല്‍സിക്കുണ്ടായിരുന്നു.
അജിക്കു സംഭവിച്ച അത്യാഹിതത്തിനുശേഷം കെല്‍സി സിനിമാ ഇന്‍ഡസ്ട്രിയില്‍ നിന്നും വിട്ടുനിന്നു. കെല്‍സിയുടെ അഭാവം, നേടിയെടുത്ത പ്രശസ്തിയ്ക്ക് മങ്ങലേല്‍പ്പിച്ചു. പുതിയ പുതിയ നായികമാരുടെ രംഗപ്രവേശനവും കെല്‍സിയുടെ താരസിംഹാസനത്തിന് ഇളക്കം തട്ടിച്ചു. അജിയോടുള്ള സ്‌നേഹത്തെപ്രതി ഒന്നും കണ്ടില്ലെന്നു വച്ചു.
ഒഴിവുകിട്ടുമ്പോള്‍ മിക്കപ്പോഴും എസ്തപ്പാന്‍ അജിയുടെ സമീപം എത്തും. എപ്പോഴും കിടപ്പുതന്നെയായ അജിക്ക് ആശ്വാസം പകരാനും സമയം ചെലവഴിക്കാനും എസ്തപ്പാന്റെ സന്ദര്‍ശനം ഉപകരിച്ചു. അപ്പുവിനും മിന്നുവിനും എസ്തപ്പാന്‍ അങ്കിളിനെ വലിയ ഇഷ്ടമാണ്. കുട്ടികള്‍ എസ്തപ്പാന്റെ കൂടെ കളിച്ചുചിരിച്ചു നടക്കും. മിക്കപ്പോഴും അവരെയുംകൊണ്ട് എസ്തപ്പാന്‍ ഔട്ടിംഗിന് പോകാറുണ്ട്. അജിയുടെ പരിചരണത്തിലും കാര്യങ്ങളിലും ശ്രദ്ധാലുവായ കെല്‍സിക്ക് പലപ്പോഴും കുട്ടികളെ ശ്രദ്ധിക്കുവാന്‍ കഴിയാതെവന്നു. അതിനൊരാശ്വാസമാണ് എസ്തപ്പാന്‍. ഏകനായി ജീവിക്കുന്ന, സിനിമാത്തിരക്കുകളില്‍ വ്യാപൃതനായ എസ്തപ്പാന് കുട്ടികള്‍ ജീവനാണ്. എസ്തപ്പാന്‍ അവര്‍ക്കു വാങ്ങിക്കൊടുത്തിരിക്കുന്നവയ്ക്ക് ഒരു കൈയ്യും കണക്കുമില്ല. ഒറ്റവാക്കില്‍ പറഞ്ഞാല്‍ സ്വന്തം മക്കളെ എന്നപോലെ കരുതുന്നു; ശ്രദ്ധിക്കുന്നു.
'എസ്തപ്പാന്‍ ചേട്ടന് അപ്പുവിന്റെയും മിന്നുവിന്റെയും താളത്തിന് തുള്ളുന്നതില്‍ മടുപ്പില്ലേ?' കെല്‍സി ചോദിച്ചു. 'കുഞ്ഞുങ്ങളെ സ്‌നേഹിക്കുകയും കളിപ്പിക്കുകയും ചെയ്യുന്നതിന് ആര്‍ക്കാ കെല്‍സി മടി? കുട്ടികളും കുടുംബവും ഒരു ഭാഗ്യമല്ലേ കെല്‍സി.... ഇനി ഒരു കുടുംബ ജീവിതത്തെപ്പറ്റി ഞാന്‍ ചിന്തിക്കാറെയില്ല.... പക്ഷെ കുഞ്ഞുങ്ങള്‍ എനിക്കെന്നും പ്രിയപ്പെട്ടവരാണ്... ങ്ങാ....' എസ്തപ്പാന്‍ ദീര്‍ഘമായി നിശ്വസിച്ചു.
'എസ്തപ്പാന്‍ ചേട്ടന് ഒരു വിവാഹം കഴിച്ച് ഇനിയെങ്കിലും സ്വസ്തമായി ജീവിച്ചു കൂടെ....  ആരോടാണി വാശി....? അതുകൊണ്ട് എന്താണ് നേട്ടം? വെറുതെ ജീവിതം തള്ളിനീക്കുന്നു എന്നതില്‍ എന്തൊരര്‍ത്ഥമാണ് ഉള്ളത്? വലിയൊരു കൊട്ടാരതുല്യമായ ബംഗ്ലാവും അതിനൊരു വലിയ ഗേറ്റും വച്ച് എത്രകാലം ഏകാന്തജീവിതം നയിക്കും? മറ്റുള്ളവര്‍ വച്ചു വിളമ്പുന്നത് ഭക്ഷിച്ച് എത്രനാള്‍ കഴിഞ്ഞുകൂടും?' കെല്‍സി എസ്താപ്പന്റെ ഏകാന്തജീവിതത്തെ വിമര്‍ശിച്ചു.
'കെല്‍സി, ഞാന്‍ ഇങ്ങനെ സ്വാതന്ത്ര്യത്തോടെ നടക്കുന്നത് തനിക്കു പിടിക്കുന്നില്ല എന്നുണ്ടോ? ഒരു ഫ്രീ ബേഡായി ഞാന്‍ പറന്നു നടക്കട്ടെടോ കെല്‍സി..... തനിക്കസൂയയാ അല്ലേ' എസ്തപ്പാന്‍ ചിരിയോടെ പറഞ്ഞു.
'ഓ... പിന്നെ ഫ്രീ ബേഡ്....ബേഡിനെ ഒരിക്കല്‍ ആരെങ്കിലും കൂട്ടിലടയ്ക്കും.... ഉം.... നോക്കിക്കോ' കെല്‍സി തമാശയെന്നോണം ചിരിച്ചു.
അവരുടെ കളിചിരികള്‍ നിര്‍നിമേഷം കണ്ടുകിടക്കുകയാണ് അജി. ഒരു അവ്യക്തചിത്രം കാണുന്ന പോലെ! ഒന്നും വിവേചിക്കുവാനോ ഓര്‍മ്മയില്‍ സൂക്ഷിക്കുവാനോ കഴിയാത്ത ചിത്രങ്ങള്‍!
അജിയുടെ മനസ് ശാന്തമായി കിടക്കുകയാണ്. ചിന്തകളുടെ ഓളക്കുത്തുകളില്ല. നിറങ്ങളുടെ വര്‍ണ്ണഭേദങ്ങളില്ല. ഓര്‍മ്മകള്‍ പോയിമറഞ്ഞിട്ട് ദിനരാത്രങ്ങള്‍ എത്ര കഴിഞ്ഞു. ഉള്ളില്‍ ജീവന്‍ തുടിക്കുന്ന ഒരു മനുഷ്യരൂപമായി കഴിയുന്നു. ഇടയ്ക്കിടെ ശരീരം ചലിപ്പിക്കാനാവുന്നു എന്നതുതന്നെ ചികിത്സയുടെ പ്രാഗാത്ഭ്യം. സ്വന്തം കാര്യങ്ങള്‍ക്ക് മറ്റൊരാളെ ആശ്രയിക്കേണ്ട അവസ്ഥ! ഏതൊരു മനുഷ്യനും ഈ ഒരു പരിതാപ സ്ഥിതി വന്നുഭവിക്കരുതേ എന്ന് പ്രാര്‍ത്ഥിക്കും, തീര്‍ച്ച!
കുതിരയെപ്പോലെ പാഞ്ഞു നടന്നിട്ട് ഒരു ദിവസം ശയ്യാവലംബിയാകേണ്ടി വരുക! ഹോ! എത്രയോ ദയനീയമായ സാഹചര്യം! ചിരിക്കുവാനും കരയുവാനും ചിന്തിക്കുവാനും സ്വപ്‌നം കാണുവാനും സാധിക്കാതെ പരസഹായംകൊണ്ട് മാത്രം ദിവസങ്ങള്‍ തള്ളിനീക്കുവാന്‍ വിധിക്കപ്പെട്ടവര്‍ ഇതുപോലെ ആരെല്ലാം ഉണ്ടാവും....
*****  *****  ***** **** ***** ****
മാസങ്ങള്‍ പെട്ടെന്നുതന്നെ പോയി മറഞ്ഞു. ചികിത്സയും പരിചരണവുമായി ഓടി നടക്കുന്ന കെല്‍സിക്ക് ദിവസങ്ങള്‍ കടന്നുപോകുന്നത് നിശ്ചയമില്ല. ഇടയ്ക്ക് രണ്ട് കുഞ്ഞുങ്ങളുടെ പഠനകാര്യങ്ങളും ഭംഗിയായി നടത്തണം.
ദിവസവും വൈകുന്നേരം അജിയെ വീല്‍ചെയറില്‍ ഇരുത്തി വീടിനു പുറത്ത് കൊണ്ടു നടക്കും. കുട്ടികള്‍ മുന്നേ ഓടിച്ചാടി കിന്നാരം പറഞ്ഞ് നടക്കും. കുറുമ്പും കുസൃതിയും രണ്ടുപേരുടെയും കൈയ്യില്‍ ധാരാളമുണ്ട്. ഓടി വീണ് കരഞ്ഞുകൊണ്ട് വരും. ചിലപ്പോള്‍ രണ്ടാളും. തന്നെവീണാലും പറയും മറ്റെയാള്‍ ഉന്തിയിട്ടതാണെന്ന്. കുട്ടികളുടെ ഓട്ടവും ചാട്ടവും; ചരിഞ്ഞുതാഴ്ന്ന ശിരസ് തെല്ലൊരായസത്തില്‍ ഉയര്‍ത്തി അജി ശേഷിയുള്ള ഇടതുകരം വീല്‍ചെയറിന്റെ ഹാന്റ് ബാറില്‍ കുത്തി ചരിഞ്ഞിരിക്കും. അജിയുടെ ബലക്ഷയം വന്ന ചുണ്ടുകളില്‍കൂടി ഊറി ഒലിച്ചിറങ്ങുന്ന ഉമിനീര്‍ കെല്‍സി ഇടയ്ക്കിടെ ടൗവ്വലുകൊണ്ട് ഒപ്പും.
ഇളംകാറ്റേറ്റേ ഗാര്‍ഡനില്‍ കൂടിയും പറമ്പില്‍കൂടിയും സഞ്ചരിക്കാന്‍ അജി ഇഷ്ടം പ്രകടിപ്പിക്കുന്നുണ്ട്. ഒരു കൊച്ചുകുട്ടിയുടെ ഭാവത്തോടെ ഇരിക്കുന്ന അജിയെ ചേര്‍ത്തുപിടിച്ച് നിറുകയില്‍ ചുംബിക്കും കെല്‍സി. ആ കണ്ണുകളില്‍നിന്ന് അശ്രുകണങ്ങള്‍ പൊഴിഞ്ഞ് കെല്‍സിയുടെ കൈത്തണ്ടയില്‍ ചെറുചൂടായി പടരും.
കുറെക്കാലും അജിയും തനിക്കും ഇടയിലുണ്ടായ അകല്‍ച്ചയുടെ പരിഹാരമെന്നോണം പരസ്പരം താങ്ങായി കഴിയുവാന്‍ ഒരവസരം! സ്‌നേഹത്തോടെ പരിചരിച്ച് കൊണ്ടുനടക്കുവാനും ക്ഷമയോടെ കരുതുവാനും ഒരു ഭാര്യയുടെ സമര്‍പ്പണം പ്രകടമാക്കുവാനും ഉചിതമായ നിമിഷങ്ങള്‍! കൂടുതല്‍ കരുത്തിനായ് ദൈവത്തോടു പ്രാര്‍ത്ഥിച്ചു.... ഒരു കുറവും വരുത്താതെ അജിക്ക് കാവലിരിക്കുവാന്‍ നിശ്ചയമെടുത്തു.....
ഒരുവശം കിടന്ന് കരുവാളിപ്പു പടര്‍ന്ന അജിയുടെ ശരീരത്തില്‍ ഓയില്‍മെന്റ് പുരട്ടി തലോടി.... വാട്ടര്‍ ബെഡിലാണ് കിടപ്പെങ്കിലും സ്‌കിനിന് ക്ഷതം സംഭവിക്കുന്നുണ്ട്. വളരെയധികം ചൂടുകൂടിയ കാലാവസ്ഥയായതിനാല്‍ ശരീരം വേഗം ഡ്രൈയാവുന്നു; ഏ.സി. അധികം ഉപയോഗിക്കാനും പറ്റില്ല. ഇടയ്ക്കിടെ ഹോട്ട് വാട്ടര്‍ ബാഗുകൊണ്ട് ശരീരത്തിന് ചൂടുപിടിച്ചുകൊടുക്കണം..... ഒരു കൊച്ചുകുട്ടിയെ എന്നപോലെ നോക്കിയും കണ്ടും പരിചരിക്കണം....
അജി വിശ്രമിക്കുന്ന അവസരങ്ങളില്‍ കുട്ടികളെയും കൂട്ടി അത്യാവശ്യം ഷോപ്പിംഗിനും വിസിറ്റിംഗിനും പോകും. അജി സുഖമില്ലാതെ കിടക്കുന്നു എന്നതിനാല്‍ ഒന്നിനും ഒരു താല്പര്യം കാട്ടാറില്ല. എങ്കിലും കുഞ്ഞുങ്ങളെ എത്രനാളാണ് വീട്ടില്‍ത്തന്നെ ഇരുത്തുന്നത്. അവര്‍ക്കൊരു റിലാക്‌സേഷന്‍ കിട്ടട്ടെ എന്നും കരുതും.
**** ***** ***** ***** ****** *****  ******
വളരെ നാളുകളായി കുട്ടികള്‍ എസ്തപ്പാനങ്കിളിന്റെ വീട്ടില്‍ പോകണം എന്നുപറയുന്നു. കുട്ടികളെയും കൊണ്ട് പോയിവരാം എന്ന് എസ്തപ്പാന്‍ പറഞ്ഞതുമാണ്. എന്നാലും അവരെ തനിയെ വിട്ടാല്‍ എസ്തപ്പാന് ബുദ്ധിമുട്ടാവും എന്നുള്ളതുകൊണ്ട് പലപ്പോഴും പോയ് വരാന്‍ പറ്റിയിരുന്നില്ല.
ഇന്ന് എസ്തപ്പാന്റെ ബര്‍ത്ത്‌ഡേയാണ് തനിക്കും കുട്ടികള്‍ക്കും വീട്ടില്‍ ലഞ്ച് അറേഞ്ച് ചെയ്തിട്ടുണ്ടെന്ന് അറിയിച്ചിട്ടുണ്ട്. കുട്ടികളുടെ നിര്‍ബന്ധവും ആഗ്രഹവും കാരണം പോയിവരാന്‍ നല്ലൊരവസരവും ആണ്.
അജിയുടെ ഭക്ഷണവും മരുന്നും എല്ലാം കൊടുത്ത് വേണ്ട കാര്യങ്ങള്‍ ക്രമീകരിച്ച് കുട്ടികളെ ഒരുക്കി. അജിയോട് എസ്തപ്പാന്റെ ബെര്‍ത്ത് ഡേ കാര്യവും തങ്ങള്‍ പോകുന്നവിവരവും ധരിപ്പിച്ചു. അജി വെറുതെയങ്ങിനെ നോക്കികിടന്നു. കുട്ടികള്‍ അജിക്ക് ഉമ്മയും കൊടുത്ത് യാത്രപറഞ്ഞു. വളരെ സന്തോഷത്തിലാണവര്‍.
കെല്‍സി കുട്ടികളെയും കൂട്ടി കാറില്‍ യാത്രയായി. സമയം പത്തരയായിരിക്കുന്നു. വഴിയില്‍ ഷോപ്പില്‍ കയറി ഒരു നല്ല ഗിഫ്റ്റ് വാങ്ങി കുട്ടികളെ ഏല്‍പ്പിച്ചു.... രണ്ടുപേരുംകൂടി അങ്കിളിന് കൊടുത്ത് ഹാപ്പി ബര്‍ത്ത്‌ഡേ വിഷ് ചെയ്യണമെന്നും നിര്‍ദ്ദേശിച്ചു....
എസ്തപ്പാന്റെ വലിയ ബംഗ്ലാവിനു മുമ്പില്‍ കാര്‍ വന്നു. കാര്‍ ഗേയ്റ്റിനോടടുത്തപ്പോള്‍ തന്നെ റിമോട്ട് കണ്‍ട്രോളിംഗില്‍ എസ്തപ്പാന്‍ ഗേറ്റ് തുറന്ന് സിറ്റൗട്ടില്‍ ചിരിതൂകി നില്‍പ്പുണ്ടായിരുന്നു. പടുകൂറ്റന്‍ ബംഗ്ലാവ്. ചുറ്റുമതിലുകള്‍ക്കുള്ളിലെ കൊട്ടാരംതന്നെയായിരുന്നു. നന്നായി പരിചരിക്കുന്ന ഗാര്‍ഡനും ഫൗണ്ടനും അലങ്കാരമത്സ്യക്കുളവും എല്ലാം ഉള്ള സുന്ദരന്‍ ഭവനം....
ഒറ്റയ്ക്കാണ് വാസമെങ്കിലും എല്ലാം ചിട്ടയില്‍ ക്രമീകരിച്ചിരിക്കുന്നു എസ്തപ്പാന്‍! ഗാര്‍ഡും പൂന്തോട്ട പാലകരും വീട്ടുജോലിക്കാരും എസ്തപ്പാന്റെ സ്വത്തുവകകളും തോട്ടങ്ങളും നോക്കിനടത്തുന്നവരും എല്ലാവരും സജീവമായി തന്നെ അവിടെ ഉണ്ട്. അതിനാല്‍ത്തന്നെ ഏകസ്ഥനായി ജീവിക്കുന്ന എസ്തപ്പാന് തനിച്ചാണെന്നുള്ള തോന്നല്‍ ഇല്ല. എത്രഭംഗിയില്‍ കാര്യങ്ങള്‍ ക്രമീകരിച്ചിരിക്കുന്നു....
'കയറി വാ മക്കളെ.... ഇതാണ് അങ്കിളിന്റെ കൊട്ടാരം.... കയറി വാ കെല്‍സി..... എന്താ അവിടെതന്നെ നിന്നുകളഞ്ഞത്? ഇന്നു നിങ്ങള്‍ മാത്രമേ അതിഥികളായുള്ളൂ.... പിന്നെ ഇവിടെ ഉള്ളവരും....' എസ്തപ്പാന്‍ അവരെ സ്വാഗതം ചെയ്തു....
'ഹാപ്പി ബര്‍ത്ത് ഡേ അങ്കിള്‍....' കുട്ടികള്‍ ഓടിച്ചെന്ന് എസ്തപ്പാന്റെ കൈയ്യില്‍ തൂങ്ങി....
'താങ്ക്യൂ.... താങ്ക്യൂ....അപ്പു.... മിന്നൂ....' കുട്ടികള്‍ കൊടുത്ത ഉപഹാരം വാങ്ങി അവര്‍ക്ക് കവിളില്‍  ഓരോ മുത്തം കൊടുത്തു എസ്തപ്പാന്‍.
'അജി എന്തുപറയുന്നു കെല്‍സി.... നിങ്ങള്‍ ഇങ്ങോട്ടേയ്ക്ക് വരുന്ന കാര്യം പറഞ്ഞില്ലേ?' എസ്തപ്പാന്‍ തിരക്കി.
'പിന്നെ പറയാതെ....' കെല്‍സി ആശ്ചര്യം പ്രകടിപ്പിച്ചുകൊണ്ട് ചോദിച്ചു.
'വരൂ അകത്തേയ്ക്ക് കയറി വാ....'
കെല്‍സി കുട്ടികളെയും കൂട്ടി ഹാളിലേയ്ക്ക് കയറി. ഹാളില്‍ എസ്തപ്പാന്റെ അമ്മയുടെയും അച്ഛന്റെയും വലിയ ഫോട്ടോ വച്ചിരിക്കുന്നു. ഹാളിന്റെ പ്രധാനഭാഗത്തായി യേശുക്രിസ്തുവിന്റെയും തിരുക്കുടുംബത്തിന്റെയും ഫോട്ടോകള്‍ അലങ്കരിച്ചിരുന്നു. അവയ്ക്കു മുന്നില്‍ ഡക്കറേഷന്‍ ബള്‍ബുകള്‍ മിന്നിത്തിളങ്ങി. എല്ലായിടത്തും ബലൂണുകളും റിബണുകളുംകൊണ്ട് അലങ്കരിച്ചിരിക്കുന്നു.
'ഇതൊക്കെ ഇവിടുത്തെ ജോലിക്കാരുടെ അലങ്കാരപ്പണികളാ കേട്ടോ കെല്‍സി....' എസ്തപ്പാന്‍ സന്തോഷപൂര്‍വ്വം പറഞ്ഞു.
'കൊള്ളമാല്ലോ എല്ലാം നന്നായിരിക്കുന്നു.... എല്ലാവരെയും എസ്തപ്പാന്‍ ചേട്ടന്‍  കയ്യിലെടുത്തിട്ടുണ്ടെന്ന് സാരം....' കെല്‍സി പറഞ്ഞു.
'പിന്നെ.... ഇഷ്ടത്തോടെയും സ്‌നേഹത്തോടെയും ഇടപെട്ടാല്‍ മുതലാളിയെയും തൊഴിലാളികള്‍ സ്‌നേഹിക്കും കെല്‍സി..... ഞാന്‍ ഇവരെ വീട്ടിലെ അംഗങ്ങള്‍പോലെയാ കരുതിയിരിക്കുന്നത്.... എനിക്ക് അധികം ബന്ധുക്കളോ കുടുംബമോ ഇല്ലാത്തതിനാല്‍ ഇവരും എന്നെ ആത്മാര്‍ത്ഥതയോടെ സ്‌നേഹിക്കുകയും അനുസരിക്കുകയും ചെയ്യുന്നു.'
ശരിയാണ്. ജോലിക്കാര്‍ എന്ന പരിഗണയ്ക്കുമപ്പുറം വ്യക്തിഗതമായി ഓരോരുത്തരെയും നന്നായി അറിയാം എസ്തപ്പാന്. ഗാര്‍ഡനര്‍ തങ്കപ്പന്‍ വര്‍ഷങ്ങളായി എസ്തപ്പാനോടൊപ്പം നില്‍ക്കുന്നു. എസ്തപ്പാന്റെ ജോലിക്കാരില്‍ ഏറ്റവും പ്രായമുള്ളയാളാണ് തങ്കപ്പന്‍! അറുപതാം വയസിലും കാര്യങ്ങള്‍ ചുറുചുറുക്കോടെ നോക്കിക്കണ്ട് ചെയ്യുന്നത് എസ്തപ്പാന്‍ ചെയ്തുകൊടുത്ത സഹായങ്ങളെയും സ്‌നേഹാദരവുകളെയും പ്രതിയാണ്.
തങ്കപ്പന്‍ ചേട്ടന്റെ രണ്ട് പെണ്‍മക്കളെയും കെട്ടിച്ചയയ്ക്കുവാന്‍ പണമായും സ്വര്‍ണ്ണമായും മുന്‍പിന്‍ നോക്കാതെ സഹായിച്ചിട്ടുണ്ട് എസ്തപ്പാന്‍.... നല്ലൊരു വീട് പണിയുവാന്‍ തുറന്ന മനസോടെ വേണ്ടതെല്ലാം നല്‍കി. ചുരുക്കിപ്പറഞ്ഞാല്‍ തങ്കപ്പന്‍ചേട്ടന് വേണ്ടതെല്ലാം ഒരുക്കിക്കൊടുക്കുവാന്‍ എസ്തപ്പാന്‍ വളരെയധികം ശ്രദ്ധിച്ചു.
'അപ്പൂ.... മിന്നൂ.... ഓടിച്ചാടി വീണേക്കല്ലേ മക്കളേ.... സൂക്ഷിക്കണേ....' എസ്തപ്പാന്‍ കുട്ടികളെ സ്‌നേഹത്തോടെ ഓര്‍മ്മിപ്പിച്ചു. ഇറ്റാലിയന്‍ മാര്‍ബിളില്‍ തീര്‍ത്ത കറ കണ്ണാടിയെന്നപോലെ മിനുങ്ങി. കുട്ടികള്‍ ഓടിച്ചാടി വീണാല്‍ അപകടം സംഭവിച്ചേക്കും.
കെല്‍സി എസ്തപ്പാന്റെ ബംഗ്ലാവ് ചുറ്റിനടന്നൊന്നു കണ്ടു. ഭംഗിയായിരിക്കുന്നു. ആകാശത്തോളം ഉയരത്തില്‍ സിമന്റുകൊട്ടാരം പോലെ ഒരു വീട് പണിയാം. കൈയില്‍ നിറയെ പണമുണ്ടെങ്കില്‍! എന്നാല്‍, അടുക്കും ചിട്ടയും ഭംഗിയും ഐശ്വര്യവും നിറഞ്ഞുനില്‍ക്കുന്ന ഒരു ഭവനം ക്രമീകരിക്കണമെങ്കില്‍ ക്ഷമയും കഴിവും  വേണം.
എസ്തപ്പാന്‍ തന്റെ വീട് വളരെയധികം പ്രൗഡിയിലും ഭംഗിയിലും ക്രമീകരിച്ചിരിക്കുന്നു. കാറ്റും വെളിച്ചവും ഇന്റീരിയല്‍ അറേഞ്ചുമെന്റുകളും എല്ലാം സ്വര്‍ഗ്ഗതുല്യമാക്കിയ വീട്! എസ്തപ്പാന്റെ കലാവൈഭവം വീടെന്ന സ്വപ്‌നസാക്ഷാത്കാരത്തിലും ഭംഗിയായി പ്രതിഫലിച്ചിട്ടുണ്ട്.
ഹാളിന്റെ ഒരു വശത്ത് വലിയൊരു മണ്‍ഭരണി സ്ഥാപിച്ചിരിക്കുന്നു. അതില്‍ രണ്ടാള്‍ക്ക് സുഖമായി ഒളിച്ചിരിക്കാം. അത്ര വലിയ ഭരണി. ഭരണിയുടെ പുറത്ത് പഴയ കറുത്ത ചകിരിക്കയറുകള്‍ വലനെയ്ത് ഉറപ്പിച്ചിരിക്കുന്നു. മറ്റൊരു വശത്ത് പഴയകാലത്തെ വലിയ ഒരു മരപ്പെട്ടി. പണ്ടുകാലത്ത് വസ്ത്രങ്ങളും മറ്റും സൂക്ഷിക്കുവാന്‍ ഉപയോഗിച്ചിരുന്ന മരപ്പെട്ടി! അതിന്റെ കോണുകളില്‍ ചെമ്പുതകിടുകള്‍ പതിപ്പിച്ച് ഭംഗിയാക്കിയിട്ടുണ്ട്.
മേശമേല്‍ ഇരിക്കുന്ന പഴയകാല ഗ്രാമഫോണും റിക്കോര്‍ഡും ശ്രദ്ധയോടെ വീക്ഷിച്ചു. 'എന്താ കെല്‍സി എങ്ങനെയുണ്ട്? എന്റെ അപ്പച്ചന് ഒരു സുഹൃത്ത് കൊടുത്ത ഗ്രാമഫോണാ....' എസ്തപ്പാന്‍ പറഞ്ഞു.
'നന്നായിരിക്കുന്നു..... ഇത് പ്രവര്‍ത്തിക്കുന്നതാണോ? എസ്തപ്പാന്‍ ചേട്ടാ?' കെല്‍സി ജിജ്ഞാസയോടെ അന്വേഷിച്ചു.
'പിന്നെ.... വര്‍ക്കിംഗ് കണ്ടീഷനാണ്...' എസ്തപ്പാന്‍ വന്ന് ഒരു റിക്കോര്‍ഡ് തിരഞ്ഞെടുത്ത് പ്ലേ ചെയ്തു. റെക്കോര്‍ഡര്‍ ചലിച്ചു തുടങ്ങി.... ഗ്രാമഫോണില്‍നിന്നും പഴയകാല പ്രൗഢിയുടെ സംഗീതം ശ്രുതിമധുരമായി ഉയര്‍ന്നു.... 'സോജാ രാജകുമാരി....' കെ.എല്‍.സൈഗാളിന്റെ ഭാവസാന്ദ്രമായ ആലാപനശൈലി!
വിഭവസമൃദ്ധമായ ഉച്ചഭക്ഷണത്തിനുശേഷം കൊച്ചുവര്‍ത്തമാനങ്ങളുമായി ഇവര്‍ ഇരുന്നു. ഇടയ്ക്ക് അജിയുടെ രോഗവിവരങ്ങളെക്കുറിച്ച് എസ്തപ്പാന്‍ തിരക്കി.
'അജിക്ക് ആയുര്‍വേദ ചികിത്സകൊണ്ട് നല്ല പുരോഗതി ഉണ്ടെന്നു തോന്നുന്നു; അല്ലെ കെല്‍സി....?'
'പിന്നെ നല്ല ഡവലപ്‌മെന്റ് ഉണ്ട്. ആയുര്‍വേദമരുന്നുകള്‍ അലോപ്പതിപോലെ പെട്ടെന്ന് പ്രവര്‍ത്തിക്കുന്നവയല്ലല്ലോ? പുറമേ കാണുന്ന പുരോഗതിയെക്കാളും അധികമായി ഉള്ളില്‍ നല്ല മാറ്റങ്ങള്‍ ഉണ്ടാവും. പടിപടിയായി നല്ല റിസള്‍ട്ട് കിട്ടുകയും ചെയ്യും. ഇപ്പോ എത്രയോ നല്ല ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിരിക്കുന്നു.....'
'ചിട്ടയായും കൃത്യമായും വേണ്ടപോലെ ചെയ്താല്‍ എന്തായാലും നല്ല ചികിത്സ ആയുര്‍വേദം തന്നെയാ.... സൈഡ് എഫക്ട്‌സ് കുറവല്ലേ? ങ്ങാ.... ദൈവവും അനുഗ്രഹിക്കട്ടെ' എസ്തപ്പാന്‍ പറഞ്ഞു നിര്‍ത്തി.
'ങ്ങാ.... അതുതന്നെയാണ് എന്റെയും പ്രാര്‍ത്ഥന...'
'കെല്‍സിയുടെ പ്രൊഫഷന്‍ ഡൗണായിപ്പോയി അല്ലേ? അജിയുടെ ദുരവസ്ഥയില്‍ ഏതായാലും കെല്‍സി വളരെ സഫര്‍ ചെയ്യേണ്ടി വന്നിരിക്കുന്നു. ഉം.... ഇനിയും നല്ലൊരു ജീവിതം നിങ്ങള്‍ക്ക് രണ്ടു പേര്‍ക്കും ലഭിക്കട്ടെ എന്നാണ് എന്റെ പ്രാര്‍ത്ഥന' എസ്തപ്പാന്‍ തന്റെ ഹിതം വ്യക്തമാക്കി.
'പ്രൊഫഷന്‍ ഏതായാലും അവിടെ നില്‍ക്കട്ടെ.... അജിയുടെ റിക്കവറിയാണെന്റെ ലക്ഷ്യം. ഈ ഒരവസ്ഥയില്‍ മനസിന് ഒരു സ്വസ്ഥതയും ഇല്ലാതെ പ്രൊഫഷനുമായി മുന്നോട്ടുപോകാനും പറ്റില്ല. രാവും പകലും ഫീല്‍ഡില്‍ ചെലവഴിക്കാന്‍ സമയം കിട്ടത്തുമില്ല. പിന്നെ അജിയുടെ കാര്യം ആരുനോക്കും?' കെല്‍സി പറഞ്ഞു.
'അല്ലേലും അതു ശരിയല്ല കെല്‍സി.... ഈ ഒരുവസ്ഥയില്‍ ആരുണ്ടെന്നു പറഞ്ഞാലും അജിയെ ഒറ്റയ്ക്കായി ആരെ ഏല്‍പ്പിച്ച് ഇറങ്ങിത്തിരിച്ചാലും മറ്റുള്ളവര്‍ പരിഹസിക്കുകയും പഴിക്കുകയും ചെയ്യും.... സ്‌നേഹനിധിയായ ഭാര്യക്ക് പിടയുന്ന മനസുമായി എങ്ങനെ തന്റെ ജോലിയില്‍ വ്യാപൃതയാകുവാന്‍ കഴിയും? മനസ് എപ്പോഴും വീട്ടില്‍ ഭര്‍ത്താവിന്റെ ശയ്യയ്ക്കരികില്‍ തന്നെയായിരിക്കും....' എസ്തപ്പാന്‍ കെല്‍സിയുടെ തീരുമാനങ്ങളെ ന്യായീകരിച്ചു.
'ഉം...' കെല്‍സി ഒന്ന് മൂളുകമാത്രം ചെയ്തു.
'അജിക്ക് ഇപ്പോ നല്ല ആശ്വാസം ഉണ്ട് എന്നാണെനിക്ക് തോന്നുന്നത്. അധികം താമസിക്കാതെ എഴുന്നേറ്റ് ഇരിക്കാനും പതിയെപതിയെ സ്വയം നടക്കാനും പറ്റും എന്ന് തോന്നുന്നുണ്ട്. ശരീരത്തിന് ചികിത്സ കൊണ്ട് ഒരുണര്‍വ് കൈവന്നിട്ടുണ്ട്. ഇങ്ങനെ അങ്ങ് പോയാല്‍ ഏകദേശം ഒരഞ്ചാറ് മാസത്തിനുള്ളില്‍ തന്നെ അജിക്ക് സംസാരശക്തിയും ഓര്‍മ്മശക്തിയും എല്ലാം തിരികെ കിട്ടിയേക്കും തീര്‍ച്ച....' എസ്തപ്പാന്‍ തന്റെ പ്രത്യാശ വെളിവാക്കി.
'ഉം....അങ്ങനെ സംഭവിക്കാം.... പെട്ടെന്ന് അപ്രതീക്ഷിതമായി ഓര്‍മ്മശക്തിയും സംസാരശേഷിയും തിരികെ കിട്ടിയേക്കും.... അത് ഈ സ്‌ട്രോക്കിന്റെ ഒരു പ്രത്യേകതയാണ്. ഒരു വിദ്യുത്പ്രവാഹമായി റിക്കവറിയും പൊടുന്നനെ സംഭവിച്ചേക്കാം...' കെല്‍സി ആശ്വാസം കൊണ്ടു.
അവരുടെ സംഭാഷണത്തിനു വിഘാതംസൃഷ്ടിച്ചുകൊണ്ട് വലിയ കാസ്റ്റ് അയേണ്‍ ഗേറ്റിനുമുമ്പില്‍ ഒരു സ്ത്രീയും കുട്ടിയും വന്നു നിന്നു. മുഷിഞ്ഞ വേഷം ധരിച്ച അവരെ സിറ്റൗണ്ടില്‍ സംസാരിച്ചിരിക്കുന്ന കെല്‍സിയും  എസ്തപ്പാനും ശ്രദ്ധിച്ചു. തന്റെ പിറന്നാള്‍ദിനത്തില്‍ കടന്നുവരുന്ന അവരെ ഉള്ളിലേയ്ക്ക് കടത്തിവിടുവാന്‍ എസ്തപ്പാന്‍ ഗേറ്റ് കാവല്‍ക്കാരനോട് ഇന്റര്‍കോമിലൂടെ വിളിച്ചുപറഞ്ഞു. ആ സ്ത്രീയും കുട്ടിയും പ്രതീക്ഷയോടെ ഗേറ്റുകടന്ന് ആ വലിയ ബംഗ്ലാവിലേയ്ക്ക് നടന്നടുത്തു.

ഇവള്‍ വാഴ്ത്തപ്പെട്ടവള്‍ (നോവല്‍:28- കൊല്ലം തെല്‍മ, ടെക്‌സാസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക