Image

ശ്രീബാല കെ. മേനോന്റെ ചിത്രത്തില്‍ ദിലീപ്‌ നായകന്‍: ഒപ്പം സന്തോഷ്‌ പണ്ഡിറ്റും ഷക്കീലയും

Published on 09 March, 2015
ശ്രീബാല കെ. മേനോന്റെ ചിത്രത്തില്‍ ദിലീപ്‌ നായകന്‍: ഒപ്പം സന്തോഷ്‌ പണ്ഡിറ്റും ഷക്കീലയും
ശ്രീബാല കെ മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജനപ്രിയ നായകന്‍ ദിലീപ്‌ നായകനാകുന്നു. കൂടാതെ സന്തോഷ്‌ പണ്ഡിറ്റും ഷക്കീലയും ചിത്രത്തില്‍ അഭിനയിക്കുന്നു എന്നതും പ്രത്യേകതയാണ്‌.

ജീവിതം വീണ്ടും ആവര്‍ത്തിക്കപ്പെടുന്നു എന്ന ടാഗ്‌ലൈനോടെ എത്തുന്ന ചിത്രത്തില്‍ ചാനല്‍ അവതാരകന്റെ വേഷത്തിലാണ്‌ ദിലീപ്‌. മാധ്യമ രംഗത്തിന്റെ പശ്‌ചാത്തലത്തിലുള്ള പ്രണയകഥയാണ്‌ സിനിമയുടെ ഇതിവൃത്തം.

ഇതാദ്യമായല്ല ദിലീപ്‌ ഒരു മാധ്യമ പ്രവര്‍ത്തകനായി വേഷമിടുന്നത്‌. ചാനലുകളുടെ വാര്‍ത്ത ആഘോഷങ്ങളെ ആക്ഷേപ ഹാസ്യമായി അവതരിപ്പിച്ച സ്വലേ എന്ന സിനിമയില്‍ ദിലീപ്‌ മാധ്യമപ്രവര്‍ത്തകനായിരുന്നു. ബ്‌ളെസി സംവിധാനം ചെയ്‌ത കല്‍ക്കട്ട ന്യൂസ്‌ എന്ന ചിത്രത്തിലും ദിലീപ്‌ മാധ്യമപ്രവര്‍ത്തകനായി അഭിനയിച്ചിരുന്നു. ഇതേവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തില്‍ നായികയാകുന്നത്‌ പുതുമുഖം മിഥിയാണ്‌. ഭാഗ്യദേവത എന്ന ചിത്രത്തില്‍ ജയറാമിന്റെ സഹോദരിയായി മിഥില എത്തിയിരുന്നു.

സുഹാസിനി മണിരത്‌നം ആണ്‌ മറ്റൊരു പ്രമുഖ വേഷം ചെയ്യുന്നത്‌. ലെന, പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ ശശികുമാര്‍, ശങ്കര്‍ രാമകൃഷ്‌ണന്‍ തുടങ്ങിയവരും സിനിമയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. നായക കഥാപാത്രത്തിനു മാത്രമല്ല, എല്ലാ കഥാപാത്രങ്ങള്‍ക്കും തുല്യ പ്രാധാന്യമുളള കഥയാണ്‌ ജീവിതം വീണ്ടും ആവര്‍ത്തിക്കപ്പെടുന്നു എന്ന ടാഗ്‌ലൈനില്‍ ചുറ്റിപ്പറ്റി വികസിക്കുന്ന ചിത്രം പറയുന്നത്‌. ഒരു ചെറുകഥയില്‍ നിന്ന്‌ പ്രമേയം ഉള്‍ക്കൊണ്ടിട്ടുളള ചിത്രത്തിനു തിരക്കഥ ഒരുക്കിയിരിക്കുന്നത്‌ ശ്രീബാല തന്നെയാണ്‌. തിരുവനന്തപുരമാണ്‌ ചിത്രത്തിന്റെ പ്രധാന ലൊക്കഷന്‍.

ദിലീപിന്റെ നിര്‍മാണ കമ്പനിയായ ഗ്രാന്‍ഡ്‌ പ്രൊഡക്ഷന്‍സ്‌ ഇ ഫോര്‍ എന്റര്‍ടെയ്‌ന്‍മെന്റിന്റെ ബാനറില്‍ മുകേഷ്‌ ആര്‍ മേത്ത എന്നിവരാണ്‌ സിനിമയുടെ നിര്‍മാണം. മാര്‍ച്ച്‌ പകുതിയോടെ സിനിമയുടെ ഷൂട്ടിങ്‌ തുടങ്ങും.

സത്യന്‍ അന്തിക്കാടിന്റെ അസോസിയേറ്റ്‌ ആയിരുന്ന ശ്രീബാല കെ. മേനോന്‍ അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച പരിചയവുമായിട്ടാണ്‌ ചലച്ചിത്രലോകത്ത്‌ അരങ്ങേറുന്നത്‌. സത്യന്‍ അന്തിക്കാട്‌- ഡോ. ഇക്‌ബാല്‍ കുറ്റിപ്പുറം കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഒരു ഇന്ത്യന്‍ പ്രണയകഥ എന്ന ചിത്രത്തിലും ശ്രീബാല സഹസംവിധായിക ആയിരുന്നു. ശ്രീബാല സംവിധാനം ചെയ്‌ത ഡോക്കുമെന്ററി അക്കാമ്മ ചെറിയാന്‍,, പന്തിഭോജനം, ജോണി ഫ്രം ഡാര്‍ക്‌നസ്‌ ടു ലൈറ്റ്‌ എന്നീ ഹ്രസ്വ ചിത്രങ്ങളും ശ്രദ്ധ നേടിയിരുന്നു. 19 കനാല്‍ റോഡ്‌, സില്‍വിയ പ്ലാത്തിന്റെ മാസ്‌റ്റര്‍ പീസ്‌ എന്നീ പുസ്‌തകങ്ങളും ശ്രീബാല കെ. മേനോന്റേതാണ്‌.
ശ്രീബാല കെ. മേനോന്റെ ചിത്രത്തില്‍ ദിലീപ്‌ നായകന്‍: ഒപ്പം സന്തോഷ്‌ പണ്ഡിറ്റും ഷക്കീലയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക