Image

ഇവള്‍ വാഴ്ത്തപ്പെട്ടവള്‍(നോവല്‍-21 : കൊല്ലം തെല്‍മ, ടെക്‌സാസ്)

കൊല്ലം തെല്‍മ, ടെക്‌സാസ് Published on 07 March, 2015
ഇവള്‍ വാഴ്ത്തപ്പെട്ടവള്‍(നോവല്‍-21 : കൊല്ലം തെല്‍മ, ടെക്‌സാസ്)
അദ്ധ്യായം 21

തിരുവനന്തപുരം വി.ജെ.ടി. ഹാളില്‍ വന്നിറങ്ങുമ്പോള്‍ നാടും നഗരവും മുഴുവന്‍ അവിടേയ്‌ക്കേ എത്തിയിട്ടുള്ളതായി കെല്‍സി മനസിലാക്കി. രാഷ്ട്രീയ പ്രമുഖരും സിനിമാ ഇന്‍ഡസ്ട്രിയിലെ സര്‍വ്വരും നിരന്നു കഴിഞ്ഞിരുന്നു. വിദേശ പര്യടനത്തിലായിരിക്കുന്ന ഇന്‍ഡസ്ട്രിയിലെ അംഗങ്ങള്‍ ഒഴികെ എല്ലാവരും എത്തിയിരുന്നു.
കാലത്തു തന്നെ വിവരം അറിഞ്ഞതേ പുറപ്പെടുകയായിരുന്നു കെല്‍സി. സി.എഫ്. ആന്റണി സാറിന്റെ മരണവാര്‍ത്ത വലിയൊരു ഞെട്ടലോടെയാണ് കേട്ടത്. പഴയകാല നാടകങ്ങളില്‍ നിന്ന് വെള്ളിത്തിരയുടെ വിശാലതയില്‍ നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു സി.എഫ്. സാര്‍. പ്രതിനായകവേഷങ്ങളിലെ സൗന്ദര്യവും ശബ്ദസാന്നിധ്യവുമായിരുന്നു. അദ്ദേഹത്തിന്റെ ഡയലോഗ് പ്രസന്റേഷനും ഭാവാഭിനയവും മലയാള സിനിമയും കടന്ന് തമിഴ്, കന്നട, തെലുങ്ക് ഫിലിം ഇന്‍ഡസ്ട്രികളില്‍ തിളങ്ങി നിന്നിരുന്നു. അഭിനയമികവിന്റെ ഉത്തുംഗശൃംഗത്തിലായിരിക്കുമ്പോഴാണ് മരണം എന്ന രംഗബോധമില്ലാത്ത കോമാളി കഥാപാത്രം സി.എഫിലെ നടനെ എയ്തുവീഴ്ത്തിയത്.
പുഷ്പചക്രങ്ങള്‍ക്കിടയില്‍ ശാന്തമായൊരുറക്കത്തിലാണ് സി.എഫ്. എന്നു തോന്നും. മേയ്ക്കപ്പിന്റെയും ആര്‍ക്ക് ലൈറ്റിന്റെയും കോലാഹലങ്ങളില്ലാതിരുന്നിട്ടും സുന്ദരമായിരുന്നു ആ മുഖം. കണ്ണട ഫ്രെയ്മിനുള്ളില്‍ അടഞ്ഞിരിക്കുന്ന മിഴി ഏകാന്തധ്യാനത്തിലിരിക്കുകയാണോ എന്നു തോന്നി. അതോ ഒരത്യുജ്വല കഥാപാത്രത്തിന്റെ ഭാവപ്രകടനങ്ങള്‍ക്കായി ഒരുങ്ങുന്ന മഹാനടന്റെ മുഖത്തെ ആദ്യശാന്തതയാണോ എന്നും തോന്നി. കെല്‍സി കര്‍ചീഫുകൊണ്ട് കണ്ണുകളൊപ്പി.
സി.എഫിന്റെ ഭാര്യയും മൂത്തമകനും രണ്ടുപെണ്‍മക്കളും അവരുടെ ഭര്‍ത്താക്ക•ാരും മരുമകളും പേരക്കുട്ടികളും സമീപത്തായി ഇരിപ്പുണ്ട്. സകലരും സന്തപ്ത കുടുംബത്തെ ആശ്വസിപ്പിക്കയും തങ്ങളുടെ അനുശോചനം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്. കെല്‍സിചെന്ന് സി.എഫ് സാറിന്റെ ഭാര്യയുടെ കരംഗ്രഹിച്ചു. ആശ്വാസപൂര്‍വ്വം അവരുടെ തണുത്തകരങ്ങളെ ചേര്‍ത്തുപിടിച്ചു. കരുതിയിരുന്ന റോസാപൂക്കളാല്‍ നിര്‍മ്മിച്ച പുഷ്പചക്രം സി.എഫ്. സാറിന്റെ നെഞ്ചോടുചേര്‍ത്തുവച്ചു.
റസ്സൂല്‍, മിഥുന്‍, സുധീന്ദ്രനാടാര്‍, സാന്റി, സരളാന്റി, ഗുപ്താജി, സീത, പ്രമീള, ഡയാന, ഗോവര്‍ദ്ധനന്‍, സുമതിചേച്ചി, സുഗതന്‍, അല്ലിചേച്ചി, സിദ്ദുരാജ്, സുദേവ്, ജിതേന്ദ്രജിത്ത്, സംഗീത, വിനിയാമ്മ, സുധീപ് വിജയന്‍, സതീഷ്, വിന്‍സെന്റ്, എസ്തപ്പാന്‍ തുടങ്ങി മലയാള സിനിമയിലെ താരനിരയും സംവിധായക പ്രമുഖരും നിര്‍മ്മാതാക്കളും തുടങ്ങി ഇന്‍ഡസ്ട്രിയിലെയും പുറത്തുനിന്നുമുളളവരും ആരാധകരെയുംകൊണ്ട് ഒരു മനുഷ്യസാഗരം തന്നെയായിരുന്നു വി.ജെ.ടി.ഹാള്‍.
ചെറുതായി പെയ്തിറങ്ങിയ മഴ പ്രകൃതിയുടെ കണ്ണുനീരായി മണ്ണിലലിഞ്ഞു. മഴ വകവയ്ക്കാതെ എല്ലാവരും ഒഴുകുകയായിരുന്നു. കേട്ടവര്‍ കേട്ടവര്‍ തങ്ങളുടെ പ്രിയനടനെ കാണുവാന്‍ ഓടിയെത്തി. പൂക്കടകളെല്ലാം നിമിഷംകൊണ്ട് കാലിയായി. വി.ജെ.ടി. ഹാളിന്റെ ഒരുവശത്ത് പൂക്കളും പുഷ്പചക്രങ്ങളും കൊണ്ട് ഒരു കൂമ്പാരംതന്നെ രൂപപ്പെട്ടു.
വൈകുന്നേരം നാലുമണിക്ക് സംസ്‌ക്കാര ചടങ്ങുകള്‍ സംസ്ഥാന ബഹുമതികളോടെ നടക്കും. എല്ലാ ചടങ്ങുകളിലും പങ്കെടുത്ത് മടങ്ങുമ്പോഴേയ്ക്കും നേരം രാത്രിയാവുകതന്നെ ചെയ്യും. ചടങ്ങുകള്‍ക്കിടയിലും ഇന്‍ഡസ്ട്രിയിലെ പലരും വന്ന് തന്നോട് ക്ഷേമാന്വേഷണങ്ങള്‍ നടത്തി. എല്ലാവരെയും ഒരു ചെറുചിരിയോടെ വിഷ് ചെയ്യാന്‍ കെല്‍സി മറന്നില്ല.
ചടങ്ങുകള്‍ക്കൊടുവില്‍ എല്ലാവരെയും കണ്ട് യാത്രപറഞ്ഞ് തിരിക്കുമ്പോള്‍ സമയം രാത്രി എട്ടര കഴിഞ്ഞിരുന്നു. സി.എഫിന്റെ ഓര്‍മ്മകള്‍ എരിഞ്ഞടങ്ങുവാന്‍ മനസ് സമ്മതിക്കുന്നുണ്ടായിരുന്നില്ല. കാലത്തിന്റെ തിരശീലയില്‍ ഒരുപിടി കഥാപാത്രങ്ങളെ ബാക്കിനിര്‍ത്തി മഹാപ്രതിഭകള്‍ മണ്‍മറയുമ്പോള്‍ അവര്‍ക്കുകിട്ടുന്ന സ്‌നേഹാദരങ്ങളും ബഹുമതികളും കാണുമ്പോള്‍ വീണ്ടും തനിക്ക് ഫീല്‍ഡിലേയ്ക്ക് തിരിച്ചുവരാനുള്ള പ്രചോദനം കൂടുകയായിരുന്നു...
സി.എഫ്.സാര്‍ അഭിനയിച്ച് പ്രതിഫലിപ്പിച്ച കഥാപാത്രങ്ങള്‍ ഓരോന്നും കെല്‍സിയുടെ മനസില്‍ വെള്ളിത്തിരയിലെന്നപോലെ മിന്നിത്തെളിയുകയായിരുന്നു.
********    ********    *******    ******  *******
ദീപ്തി സുദേവ്, കെല്‍സിയുടെ പേഴ്‌സണല്‍ സെക്രട്ടറിയായി നിയമിതയായി. ശരണ്യാന്റിയുടെ യുക്തമായ തിരഞ്ഞെടുപ്പ്! ചുറുചുറുക്കും കാര്യപ്രാപ്തിയുമുള്ള യുവതി. ജേര്‍ണ്ണലിസത്തില്‍ ബിരുദമെടുത്തതിനുശേഷം പ്രമുഖ പത്രസ്ഥാപനത്തില്‍ ജോലിചെയ്തുവരികയായിരുന്നു ദീപ്തി.
ഫിലിം ഇന്‍ഡസ്ട്രിയുമായി ബന്ധപ്പെട്ടുള്ള കോളം കൈകാര്യം ചെയ്തിരുന്നത് ദീപ്തിയായിരുന്നു. പ്രസ്തുത സ്ഥാപനത്തിന്റെ സിനിമാപ്രസിദ്ധീകരണത്തിലെ റ്റൈറ്റപ്പുകളും ഫിലിം റിവ്യൂകളും ഫിലിം ന്യൂസുകളും കൈകാര്യം ചെയ്തിരുന്നത് ദീപ്തിയായിരുന്നു. ദീപ്തിക്ക് അതിനാല്‍തന്നെ ഫിലിം ഇന്‍ഡസ്ട്രിയിലെ ട്രെന്‍ഡുകളും പ്രമുഖരെയും അറിയാമായിരുന്നു. ഇക്കാരണങ്ങളൊക്കെയും ഒത്തിണങ്ങിയ ദീപ്തിയെ പുതിയൊരു മേഖലയിലേയ്ക്ക്  കൈപിടിച്ചയക്കുവാന്‍ ശരണ്യ തയ്യാറായതും കെല്‍സിയോടുള്ള വാത്സല്യത്താലാണ്.
 ഒരു പ്രൈവറ്റ് സെക്രട്ടറി എന്ന നിലയില്‍ കെല്‍സിയുടെ അഭിനയസിദ്ധിയെ യഥാവിധം വഴിനയിക്കാനും മാര്‍ക്കറ്റ് ചെയ്യാനും പൊതുശ്രദ്ധയും സപ്പോര്‍ട്ടും നേടികൊടുക്കാനും ഒരു ജേര്‍ണ്ണലിസ്റ്റായ ദീപ്തിക്ക് മാത്രം കെല്‍സിയെ അടുത്തറിയുന്ന ശരണ്യയ്ക്ക് കഴിഞ്ഞു.
'കെല്‍സി മാഡം, നമുക്ക് മാഡത്തിന്റെ രണ്ടാംവരവിനെ ഹൈലൈറ്റ് ചെയ്തുകൊണ്ട് പ്രമുഖപത്രത്തിന്റെ സപ്ലിമെന്റില്‍ ഒരു റൈറ്റപ്പും ഫോട്ടോസെഷനും കൊടുക്കണം. അതുവഴി നമുക്ക് ഒരു നല്ല പബ്ലിക് അറ്റന്‍ഷന്‍ കിട്ടും. അതുപോലെ കഴിഞ്ഞകാലത്തെ മാഡത്തിന്റെ സിനിമകളുടെ ഓര്‍മ്മകളിലേയ്ക്ക് പ്രേക്ഷകമനസുകളെ മൂഡ് ചെയ്ഞ്ച് ചെയ്യാനും സാന്നിദ്ധ്യം അറിയിക്കാനും ഉപകരിക്കും....' ദീപ്തി തന്റെ ഒരു ഐഡിയ കെല്‍സിയെ അറിയിച്ചു.
'ഉം.... ശനിയാണ് ഇതൊരു നല്ല സജഷനാണ്. അതുപോലതന്നെ ചാനല്‍ മീഡിയായിലും പ്രൈം ടൈമില്‍ ഒരു ഇന്റര്‍വ്യൂ ടെലിക്കാസ്റ്റ് ചെയ്യിക്കണം.... അതുവഴി വീട്ടമ്മമാരെ കൈയിലെടുക്കാന്‍ സാധിക്കും.' കെല്‍സി ദീപ്തിയെ അനുകൂലിച്ച് തന്റെ പദ്ധതികള്‍ കൂടി വിശദീകരിച്ചു.
അതുകൊള്ളാം.... ഒപ്പംതന്നെ ഒരു നല്ല വീക്കിലിയിലും ഇങ്ങനെയൊരു ഫോട്ടോസെഷന്‍ വിത്ത് ഇന്റര്‍വ്യൂ തയ്യാറാക്കി ഇടുവിക്കണം. പിന്നെ മാഡം നമുക്ക് ഏതെങ്കിലും ഒരു നല്ല ഫാമിലി പ്രൊഡക്ടിന്റെ ബ്രാന്‍ഡ് സെലബ്രിറ്റിയായി പരസ്യത്തില്‍ അസോസിയേറ്റ് ചെയ്യണം. അതിന്റെ ഗുണം എന്താണ് എന്നുവച്ചാല്‍ പരസ്യം എല്ലാവരും കുടുംബസമേതം കാണുന്ന പ്രോഗ്രാമുകളിലെ പ്രൈംടൈമില്‍ ദിവസവും പലപ്രാവശ്യം ടെലിക്കാസ്റ്റ് ചെയ്യപ്പെടും. അതുവഴി മോഡലായ മാഡത്തിന്റെ സാന്നിധ്യവും പ്രേക്ഷകരില്‍ നിറഞ്ഞുനില്‍ക്കും.' ദീപ്തി വിശദമാക്കി.
'ഗുഡ് ഐഡിയാസ്.... ദീപ്തിതന്നെ ഞാന്‍ സമ്മതിച്ചുതന്നിരിക്കുന്നു. നൈസ് ആന്‍ഡ് പ്രെഷ്യസ് സിലക്ഷന്‍! ശരണ്യാന്റിക്ക് ഒരായിരം നന്ദി....' കെല്‍സി തന്റെ സന്തോഷം മറച്ചുവയ്ക്കാതെ പ്രകടമാക്കി.
'നമുക്ക് റൈറ്റപ്പും ഇന്റര്‍വ്യൂവും തയ്യാറാക്കാന്‍ ദിലീപ് ശങ്കറിനെ ചുമതലപ്പെടുത്താം. ദിലീപ് ശങ്കര്‍ വാരികകളിലും പത്രങ്ങളിലും സിനിമാ പ്രസിദ്ധീകരണങ്ങളിലും ഫിലിം റിവ്യൂവും താര അഭിമുഖങ്ങളും സിനിമാ ലേഖനങ്ങളും മറ്റും എഴുതുന്ന പ്രഗത്ഭനാണ്. നല്ലൊരു എന്‍ട്രി ക്രിയേറ്റുചെയ്തു കിട്ടും.' ദീപ്തി, ദിലീപ് ശങ്കറിനെ കെല്‍സിക്കു പരിചയപ്പെടുത്തി.
ദിലീപ് ശങ്കറിന്റെ ആര്‍ട്ടിക്കിളുകള്‍ വായിച്ചിട്ടുള്ളതും തന്റെതന്നെ മുന്‍കാല പ്രമോഷന്‍ ദിലീപ് ശങ്കര്‍ ചെയ്തിട്ടുള്ളതുമായി കാര്യം കെല്‍സി ഓര്‍ത്തു. ഒടുവില്‍ ദീപ്തിയെ അതിനുള്ള ചുമതലകള്‍ കെല്‍സി ഏല്‍പ്പിച്ചു.
ഒരാഴ്ചക്കുള്ളില്‍തന്നെ കെല്‍സിയുടെ രണ്ടാംവരവിനെ പ്രഖ്യാപിച്ചുകൊണ്ടുള്ള റൈറ്റപ്പ് പ്രമുഖ സിനിമാ പ്രസിദ്ധീകരണത്തില്‍ അച്ചടിച്ചുവന്നു. അതിന്റെ ഒരു കോപ്പി ദീപ്തി കെല്‍സിയുടെ കൈകളില്‍ ഏല്‍പ്പിച്ചു.
കെല്‍സി വാരികയിലെ തന്നെക്കുറിച്ചുള്ള ആര്‍ട്ടിക്കിളിന്റെ ടൈറ്റില്‍ ആകാംഷയോടെ വായിച്ചു. 'മലയാളക്കരയുടെ പ്രിയനായിക കെല്‍സി വീണ്ടും വെള്ളിത്തിരയിലേയ്ക്ക്....' കെല്‍സിയുടെ പഴയ സൂപ്പര്‍ഹിറ്റ് സിനിമയായ 'വേനല്‍മഴ' എന്ന ചിത്രത്തിലെ 'അഭിരാമി' എന്ന കഥാപാത്രത്തിന്റെ ക്ലോസപ്പ് ഫോട്ടോയും കൊടുത്തിരിക്കുന്നു. കെല്‍സിപോലും ആ ചിത്രം കണ്ടപ്പോള്‍ വേനല്‍മഴയിലെ അഭിരാമിയിലേയ്ക്ക് പോയിരുന്നു. ശക്തമായ ആ കഥാപാത്രവും ആ ഹിറ്റ് സിനിമ സമ്മാനിച്ച ഉയര്‍ച്ചയും പ്രശസ്തിയും കെല്‍സിയുടെ ചിന്തകളിലേയ്ക്ക് ഓടിയെത്തി.
ദാരിദ്രത്തിന്റെ പടുകുഴിയില്‍നിന്ന് സ്വയപ്രയത്‌നത്തല്‍ കയറിവന്ന പെണ്‍കുട്ടി അഭിരാമി! രാഷ്ട്രീയ പകപോക്കലിന്റെ കാടത്തത്തില്‍ ആളുമാറി കൊലചെയ്യപ്പെട്ട തയ്യല്‍ക്കാരന്‍ വാസുദേവന്റെ ഒറ്റപുത്രി! നിയമയുദ്ധങ്ങളാല്‍ തകര്‍ന്ന കുടുംബം! രാഷ്ട്രീയത്തിന്റെ കള്ളക്കളികളില്‍ കേസില്‍നിന്നും പിന്‍മാറേണ്ടിവന്നു അഭിരാമിക്കും അമ്മയ്ക്കും.... മടിശീലയില്‍ തിരുകികൊടുത്ത ചിരിക്കുന്ന ഗാന്ധിയുടെ ചിത്രം ആലേഖനം ചെയ്ത അഞ്ഞൂറിന്റെ നോട്ടുകെട്ടുകള്‍ അച്ഛന്റെ ജീവന്റെ വിലയായി. നിറഞ്ഞ കണ്ണുകളോടെ വിറയാര്‍ന്ന കൈകള്‍ നോട്ടുകെട്ടുകളില്‍ തെരുപ്പിടിക്കുമ്പോള്‍ നഷ്ടത്തിന്റെയും മുന്നില്‍ നിറഞ്ഞാടുന്ന കഷ്ടപ്പാടിന്റെ ഭാവിക്കും ഇവയൊന്നും പോരെന്ന സത്യം പ്രതിഫലിക്കുകയായിരുന്നു അഭിരാമിയുടെ മുഖത്ത്....
തന്റെ കഷ്ടപ്പാടുകള്‍ നിറഞ്ഞ ജീവിതത്തിലേയ്ക്ക് സ്‌നേഹവുമായി കടന്നുവന്ന ബാലകൃഷ്ണന്‍ എന്ന യുവാവില്‍ അനുരക്തയായി അഭിരാമി..... അഭിരാമിയിലെ പെണ്ണ് ഉണര്‍ന്നു.
അധ്വാനത്തിന്റെ കരിവാളിപ്പുവീണ മുഖത്ത് പ്രണയത്തിന്റെ ലാഞ്ചന! കരിനീലിമ പടര്‍ന്ന കണ്‍പോളകള്‍ക്കുമീതേ കരിമഷിയെഴുതി സുന്ദരിയായി അഭിരാമി. പ്രത്യാശയറ്റിരുന്ന അഭിരാമിയില്‍ പ്രണയത്തിന്റെ നിറനിലാവ് പൂത്തൂലഞ്ഞു. അവര്‍ ഇരുവരും അഗാധമായ പ്രണയം കൈമാറി. ഇനി തനിക്ക് ബാലകൃഷ്ടനും ബാലകൃഷ്ണന് അഭിരാമിയും മതിയെന്ന തീരുമാനം! അഭിരാമിയുടെ അമ്മയോട് ബാലകൃഷ്ണന്‍ പെണ്ണ് ചോദിക്കുന്നു. അവര്‍ക്കും സമ്മതം.
വിവാഹദിവസം അണിഞ്ഞൊരുങ്ങി എത്തിയ അഭിരാമിക്കുമുന്നില്‍ വരാനായി ബാലകൃഷ്ണന്‍ എത്തിയില്ല.... പരിഹാസിതയായി കതിര്‍മണ്ഡപത്തില്‍നിന്നും ഇറങ്ങിപ്പോയ അഭിരാമി വീട്ടിലെത്തിയപ്പോള്‍ കണ്ടകാഴ്ച.... തന്റെ അമ്മ..... ഉത്തരത്തില്‍ കെട്ടിഞ്ഞാന്നു കിടന്നാടുന്നു.....
ബാലകൃഷ്ണന്‍ ഒളിവിലാണെന്ന സത്യം അഭിരാമി അറിയുന്നു..... എന്തിന്? മലയോരഗ്രാമത്തിലൊരിടത്ത് കുടുംബസമേതം താമസിച്ചിരുന്ന വിവാഹിതനായിരുന്നു ബാലകൃഷ്ണന്‍. കൂട്ടുകൃഷിക്കാരന്റെ കൈയ്യില്‍നിന്നും ലക്ഷങ്ങള്‍ തട്ടി അവനെയും കൊന്നിട്ട് മുങ്ങിയതാണവിടെനിന്ന്. തങ്ങളുടെ നാട്ടില്‍വന്ന് ഒരു പലചരക്കുകടയില്‍ ആശ്രിതനായി ഒളിവില്‍  കഴിയുകയായിരുന്നു. അപ്പോഴാണ് തങ്ങളുടെ നാട്ടില്‍വന്ന്  ഒരു പലചരക്കുകടയില്‍ ആശ്രിതനായി ഒളിവില്‍ കഴിയുകയായിരുന്നു. അപ്പോഴാണ് അഭിരാമിയെ പരിചയപ്പെട്ടതും മറ്റൊരു വിവാഹത്തിന് മുതിര്‍ന്നതും. എന്നാല്‍ വിവാഹത്തിന്റെ തലേന്ന് പൊലീസ് ബാലകൃഷ്ണനെ തിരഞ്ഞ് അവിടെയും എത്തി. അവരുടെ കണ്ണുവെട്ടിച്ച് മുങ്ങിയതാണ് ബാലകൃഷ്ണന്‍.
പിന്നീട് ഒരിക്കല്‍ ബാലകൃഷ്ണന്‍ അഭിരാമിയുടെ വീട്ടില്‍ എത്തുന്നു. അഭിരാമി താന്‍ കാര്യങ്ങളൊന്നും അറിഞ്ഞില്ലെന്ന വ്യാജേന നില്‍ക്കുന്നു. എന്തിനാണ് എന്നെ ചതിച്ചതെന്ന് അന്വേഷിക്കുന്നു. ബാലകൃഷ്ണനാകട്ടെ അഭിരാമി ഒന്നും അറിഞ്ഞിട്ടില്ലെന്ന ഭാവത്തില്‍ മറ്റൊരു ന്യായം പറയുന്നു.
നമുക്കിനി ഒരുമിച്ചു താമസിക്കാം എന്ന ആവശ്യവുമായി ബാലകൃഷ്ണന്‍ അഭിരാമിയെ സമീപിക്കുന്നു. അഭിരാമി താനറിഞ്ഞ സത്യങ്ങള്‍ വ്യാജമുഖംമൂടി ധരിച്ച ബാലകൃഷ്ണനോട് വിളിച്ചുപറയുന്നു. വീട്ടില്‍നിന്നും ഇറങ്ങിപ്പോവാന്‍ പറഞ്ഞ് ആട്ടുന്നു.
കള്ളിപൊളിഞ്ഞെന്നും ഇനിയും ഇവിടെ നിന്നാല്‍ കുടിക്കിലാവും എന്നും മനസിലാക്കുന്ന ബാലകൃഷ്ണന്‍ സന്ധ്യയുടെ ഇരുളില്‍ ചുറ്റിലും കണ്ണോടിക്കുന്നു..... പിന്നീട് കൈവിട്ടുപോയ നിധി കൈക്കലാക്കാന്‍ ഉള്ള വ്യഗ്രതയോടെ അയാള്‍ അഭിരാമിയെ കയറിപ്പിടിക്കുന്നു. അപ്രതീക്ഷിത നീക്കത്തില്‍ പതറിയ അഭിരാമി ബാലകൃഷ്ണനെന്ന മൃഗത്തെ തള്ളിയിട്ട് അകത്തേയ്ക്ക് ഓടുന്നു.
അയാള്‍ ഉരുണ്ടുപിരണ്ട് എഴുന്നേറ്റ് മുറിവേറ്റ മൃഗത്തെപ്പോലെ ഇരയുടെ നേര്‍ക്ക് ഓടിഅടുക്കുന്നു. പേടിച്ചരണ്ട അഭിരാമി അലറിവിളിച്ചുകൊണ്ട് കൈയ്യില്‍ കിട്ടിയ അരിവാളുപയോഗിച്ച് കണ്ണുകള്‍ ഇറുകിയടച്ച് തലങ്ങും വിലങ്ങും ശക്തിയായി വീശി.... എവിടെയാണോ എന്തിലാണോ കൊള്ളുന്നതെന്ന് കാണുകയോ ശ്രദ്ധിക്കുകയോ ചെയ്യാതെ ഭ്രാന്തമായ വാശി....
അലറി ആക്രോശിച്ച്  അരിവാള്‍ വീശുന്ന അവളുടെ മുഖത്തേയ്ക്ക് കൊഴുത്ത ദ്രാവകം ചീറ്റിത്തെറിച്ചു..... ഒഴുകിയിറങ്ങിയ ദ്രാവകം വായില്‍ പടര്‍ന്നു; ചോരയുടെ പുളിപ്പ്..... അഭിരാമി കണ്ണുതുറന്നുനോക്കി....
കഴുത്തിലും ഇരുതോളിലും വെട്ടേറ്റ് വായ്പിളര്‍ന്ന് കണ്ണുതള്ളി പിന്നിലേക്ക് പതിയെ മലയ്ക്കുന്ന ബാലകൃഷ്ണന്‍.
പിളര്‍ന്ന മുറിവിലൂടെ ചുടുചോര ചീറ്റിത്തെറിക്കുന്നു.... പിടിവിട്ട് വീണ അരിവാളിന്റെ കിലുകിലപ്പ്..... ചുവരില്‍ ചുവപ്പു നൂലിഴച്ചാര്‍ത്തായി ഒഴുകി ഇറങ്ങുന്ന ചോര..... അഭിരാമി ചേതനയറ്റവളായി ഇരുന്നു.
ശക്തമായ വേനല്‍ചൂടുള്ള പ്രഭാതം! രാത്രി മുഴുവന്‍ ചത്തുമലച്ച ചതിയന്റെ ശവത്തിനരികെ ഒരു ഭ്രാന്തിയെപ്പോലെ ഇരിക്കുകയായിരുന്നു അഭിരാമി. അറിഞ്ഞു കേട്ടവര്‍ വന്നെത്തിനോക്കി. ഒടുവില്‍ പോലീസും എത്തി. അഭിരാമിയെ വിലങ്ങണിയിച്ച് പുറത്തേക്കിറക്കി.... ഇരുണ്ടുമൂടിയ മഴക്കാര്‍ പെയ്തു തുടങ്ങി... മഴയത്ത് നനഞ്ഞ് വിലങ്ങണിഞ്ഞ കരങ്ങളുമായി പോകുമ്പോള്‍ നിര്‍ജീവമായ മുഖഭാവത്തോടെ അഭിരാമി തന്റെ വീടിനെ പിന്തിരിഞ്ഞു നോക്കി പോലീസ് വാഹനത്തിലേയ്ക്ക് കയറിപ്പോകുന്നു.... ശക്തമായി പെയ്യുന്ന മഴ.... വീശിയടിക്കുന്ന കാറ്റ്..... ചോരത്തുള്ളികള്‍ മഴവെള്ളത്തില്‍ അലിഞ്ഞുചേരുന്നു.... വേനല്‍മഴ!
'ഹലോ മാഡം....' ദീപ്തിയുടെ വിളികേട്ട് കെല്‍സി ഓര്‍മ്മകളില്‍നിന്ന് ഞെട്ടിയുണര്‍ന്നു.
'എങ്ങനെയുണ്ട്?' ദീപ്തി അന്വേഷിച്ചു.
'നന്നായിരിക്കുന്നു.... ഞാന്‍ പോലും അഭിരാമിയുടെ പ്രകടനത്തില്‍ ലയിച്ചുപോയി.... ഉം.... എന്റെ സാന്നിധ്യം പ്രേക്ഷകനും മറക്കാനാവില്ല..... ഈ ലേഖനം അതിന് അവരെ സഹായിക്കും തീര്‍ച്ച....' കെല്‍സിക്ക് കൂടുതല്‍ ഉത്സാഹമായി.....
പ്രസിദ്ധീകരണം മാര്‍ക്കറ്റില്‍ വിറ്റഴിഞ്ഞുതുടങ്ങിയപ്പോള്‍തന്നെ വായനക്കാരില്‍ നിന്നുള്ള പ്രതികരണം കെല്‍സിക്ക് ലഭിച്ചു തുടങ്ങിയിരുന്നു.... തന്റെ മുന്‍സിനിമകളുടെ സംവിധായകരും പ്രൊഡ്യൂസര്‍മാരും വിളിച്ചുതുടങ്ങി. കെല്‍സി രണ്ടാംവരവിന് ഒരുങ്ങുന്നു എന്നറിഞ്ഞപ്പോള്‍ തന്നെ പുതിയ നിര്‍മ്മാതാക്കളും ബാനറുകളും കെല്‍സിയുമായി ബന്ധം സ്ഥാപിച്ചുതുടങ്ങിയിരിക്കുന്നു.
സിനിമാരംഗത്തെ സഹപ്രവര്‍ത്തകരും അഭ്യുദയകാംഷികളും കെല്‍സിയെ വിളിച്ച് അഭിനന്ദിച്ചു. കെല്‍സിയുടെ ഫോണ്‍ കോളുകളാല്‍ ബിസിയായിത്തുടങ്ങി. പലരും പുതിയ കഥകളും കഥാപാത്രങ്ങളുമായി കെല്‍സിയെ സമീപിച്ചു തുടങ്ങിയിരുന്നു.
കെല്‍സിയും ദീപ്തിയും സഗൗരവം കഥകള്‍ കേള്‍ക്കുവാനും ചര്‍ച്ചചെയ്യുവാനും തുടങ്ങി. ഒന്നുരണ്ടെണ്ണം പരഗണനയില്‍ നിര്‍ത്തിയിട്ട് യുക്തമല്ലെന്നു തോന്നിയവ മാറ്റിവച്ചു. രണ്ടാമത്തെ വരവില്‍ ആദ്യമിറങ്ങുന്ന സിനിമ നല്ലൊരു ബാനറിന്റെ കീഴില്‍ പ്രഗത്ഭനായ സംവിധായകന്റെ സിനിമ തന്നെയാകണം എന്നതിനാലും നല്ലൊരു ബ്രേക്ക് കിട്ടണം എന്നതിനാലുമാണ് സെലക്ടീവാകാന്‍ തീരുമാനിച്ചതുതന്നെ.
സരളാന്റിയും എസ്തപ്പാനും മറ്റും പ്രസിദ്ധീകരിച്ചുവന്ന റൈറ്റപ്പ് വായിച്ചിട്ട് പ്രത്യേകം വിളിച്ചിരുന്നു. ശരണ്യ മുകുന്ദന്‍ ദീപ്തിയെയും കെല്‍സിയേയും വന്നു കാണുകയും ചെയ്തു. തന്റെ പ്രത്യേക നിര്‍ദ്ദേശങ്ങള്‍ അവര്‍ക്ക് നല്‍കുവാനും മറന്നില്ല. കെല്‍സിയെ സംബന്ധിച്ച് അത് വലിയ സന്തോഷത്തിനും കാരണമായി.
മലയാളത്തിലെ ന്യൂസരിഗായുടെ ബാനറില്‍ പ്രൊഡ്യൂസര്‍ ശ്യാംകുമാര്‍ നിര്‍മ്മിക്കുന്ന പുതിയ സിനിമയുടെ കഥയുമായി സംവിധായകന്‍ കാശിനാഥന്‍ കെല്‍സിയെ സമീപിച്ചു. കാശിനാഥന്‍ മലയാളത്തിലെ ഏറ്റവും വിലയേറിയ സംവിധായകനാണ്. പുതുമുഖനായികമാരെയും നട•ാരെയും മലയാളത്തില്‍ അവതരിപ്പിച്ച് മുന്‍നിരക്കാരാക്കിയതിന്റെ ക്രെഡിറ്റ് ഏറെയുള്ള സംവിധായകന്‍.
കെല്‍സി മുമ്പ് കാശിനാഥന്റെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ആ ഹിറ്റു സിനിമകളില്‍ തനിക്കേകിയ നായികാ സ്ഥാനം ഭംഗിയായി കൈകാര്യം ചെയ്യുകയും ചെയ്തിട്ടുണ്ട്. മിഥുനോടൊപ്പം അഭിനയിച്ച ആ സിനിമകളില്‍ മൂന്നെണ്ണം എഴുപത്തിയഞ്ചു ദിവസങ്ങള്‍വരെ ഓടിയിട്ടുണ്ട്.
കഥ കേട്ടുകഴിഞ്ഞപ്പോള്‍ കെല്‍സിക്ക് വളരെ സന്തോഷമായി. താന്‍ കാത്തിരുന്ന ബെസ്റ്റ്  സ്റ്റാര്‍ട്ടിംഗ്. ഒരു നല്ല ബാനറില്‍ പ്രശസ്തനായ സംവിധായകന്റെ സിനിമയില്‍. നായകനായി നിശ്ചയിച്ചിരിക്കുന്നത് മിഥുനിനെയും.

ഇവള്‍ വാഴ്ത്തപ്പെട്ടവള്‍(നോവല്‍-21 : കൊല്ലം തെല്‍മ, ടെക്‌സാസ്)
Join WhatsApp News
Anil Kumar 2015-03-09 11:37:37
Novel, has reached its peak of heights!. Pratheekshakale mari kadathi. ee novel adutha ethengilum Award naayi samarppichaal theerchayaayum it will be selected. All the best. Anil
Santhosh J Thalamukkil,UAE 2015-03-10 11:24:19
Ithu kalakki.Oru kolapaathakathinte kathayum olinju kidakkunnu. ezhuthukaarikku Hats off!! Santhosh
Sarah, Alasaka 2015-03-11 06:33:56
great novel.
Sujesh suju, Palakkad 2015-03-11 11:05:05
I thought this novel is all about cenema and Film industry. But I read political corruption, murder, love cheating ennu venda lokathu nadakkunna sakala cheruvakalum samam .. samam cherthu orukkiyirikkunna oru vibhavamaanennu manassilaayi. Novelistinte kara viruthu theliyikkunna kidilam novel! Hats off!! Sujesh
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക