Image

യെന്നൈ അറിന്താല്‍: പ്രണയത്തിനും പ്രതികാരത്തിനും പുതിയ ദൃശ്യഭാഷ്യം

ആശാ പണിക്കര്‍ Published on 19 February, 2015
യെന്നൈ അറിന്താല്‍: പ്രണയത്തിനും പ്രതികാരത്തിനും പുതിയ ദൃശ്യഭാഷ്യം
ഗൗതം മേനോന്‍-അജിത്‌-ഹാരിസ്‌ ജയരാജ്‌ ഇതു കേള്‍ക്കുമ്പോള്‍ തന്നെ നല്ലൊരു ക്‌ളാസ്‌ സിനിമ സ്വപ്‌നം കണ്ടു പോകും ഏതൊരു പ്രേക്ഷകനും. കാരണം മറ്റൊന്നുമല്ല, ഗൗതം മേനോന്‍ എന്ന സംവിധയകനും ഹാരിസ്‌ ജയരാജും ഒന്നിച്ചപ്പോഴെല്ലാം വികാരതീവ്രമായ മുഹൂര്‍ത്തങ്ങളും ഇമ്പമേറിയ ഗാനങ്ങളും നിറഞ്ഞ മനോഹരമായ സിനിമകള്‍ പിറന്നിട്ടുണ്ട്‌.

യെന്നൈ അറിന്താല്‍ എന്ന സിനിമ കാണാന്‍ പോകുമ്പോഴും മുന്‍കാല അനുഭവങ്ങളായിരുന്നു മനസില്‍. ആക്ഷന്‍-പ്രണയം-പ്രതികാരം എന്നിവ കൃത്യമായ അനുപാതത്തില്‍ ചേര്‍ത്തെടുത്ത ഉജ്ജ്വലമായൊരു സിനിമ. ഗൗതം മോനോന്‍ ഒരുക്കുന്ന പോലീസ്‌ കഥകളില്‍ കാണുന്ന തീ പിടിപ്പിക്കുന്ന വിധത്തിലുള്ള ഉദ്വേഗമോ ആകാംക്ഷയോ നമുക്ക്‌ ഈ ചിത്രത്തില്‍ കാണാന്‍ കഴിയില്ലെങ്കിലും അജിത്‌ എന്ന നടന്റെ അഭിനയ ചാതുര്യം ആ കുറവുകളെ മറികടന്ന്‌ മികച്ചൊരു സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നു.

ഒരു വിധത്തിലുമുള്ള വിശേഷണങ്ങളില്‍ ഒതുങ്ങാതെ സംവിധായകന്റെ കൈയ്യൊപ്പു പതിഞ്ഞ സിനിമയാണ്‌ യെന്നൈ അറിന്താല്‍. അജിത്‌ എന്ന നടനെ എപ്രകാരം ഉപയോഗപ്പെടുത്തണം എന്ന്‌ വളരെ കൃത്യമായ ബോധ്യമുള്ള സംവിധായകനാണ്‌ ഗൗതം മേനോന്‍ എന്ന്‌ സിനിമയുടെ ഓരോ സീനും കാണുമ്പോള്‍ വ്യക്തമാകും. ആക്രോശങ്ങള്‍ ആവശ്യപ്പെടുന്ന സ്റ്റണ്ട്‌ സീനുകളില്‍ അജിത്‌ കാഴ്‌ച വയ്‌ക്കുന്ന മെയ്‌ വഴക്കം അഭിനന്ദനീയം തന്നെ. അതിഭാവുകത്വം മുഴച്ചു നില്‍ക്കാനിടയുള്ള വൈകാരിക മുഹൂര്‍ത്തങ്ങളിലും വളരെ മിതത്വമാര്‍ന്ന പ്രകടനമാണ്‌ അജിത്‌ നടത്തിയിട്ടുളളത്‌.

സിനിമയില്‍ സത്യദേവ്‌ എന്ന സത്യസന്ധനായ പൊലീസുകാരന്റെ ജീവിതവും അയാളിലൂടെ കടന്നുപോയ കുറച്ചുപേരുടെ കഥയുമാണ്‌ ചിത്രം പറയുന്നത്‌. മിതത്വവും പക്വതയുള്ളതുമായ ഗൗതം മേനോന്റെ സംവിധാനശൈലിയും തലയാകെ നരച്ചിട്ടും അപാരമായ സ്‌ക്രീന്‍ പ്രസന്‍സുകൊണ്ട്‌ ആരാധകരുടെ ഹൃദയം കീഴടക്കുന്ന അജിത്തിന്റെ തകര്‍പ്പന്‍ പെര്‍ഫോമന്‍സും ചിത്രത്തെ ഉജ്ജ്വലമാക്കുന്നു എന്നു പറയാതെ വയ്യ. കാക്ക കാക്ക, വേട്ടയാട്‌ വിളയാട്‌ എന്നീ സിനിമകളിലെ പോലെ തികച്ചും ഉദ്വേഗജനകമായ ഒരു പോലീസ്‌ സ്റ്റോറി തന്നെയാണ്‌ യെന്നൈ അറിന്താലും. ഈ രണ്ട്‌ സിനിമകളിലേയും പോലെ സമാനമായ കഥാ സന്ദര്‍ഭങ്ങളും പ്രതികാരവും തന്നെയാണ്‌ ഈ ചിത്രത്തിലും ഗൗതം മേനോന്‍ പറയുന്നത്‌. എന്നാല്‍ ഇതിലെ അജിത്തിന്റെ സത്യദേവ്‌ എന്ന കഥാപാത്രം വളരെയധികം മുന്നിട്ടു നില്‍ക്കുന്നു.

യെന്നൈ അറിന്താലിന്റെ പ്രധാന പോരായ്‌മ അതിന്റെ തിരക്കഥ തന്നെയാണെന്നു പറയാതെ വയ്യ.
ഒരു പ്രതികാരകഥയ്‌ക്ക്‌ അത്യാവശ്യം വേണ്ട പരിസമാപ്‌തി ഈ സിനിമയ്‌ക്ക്‌ ഉണ്ടാകുന്നില്ല എന്നത്‌ ഒരു പോരായ്‌മ തന്നെയാണ്‌. ആദ്യപകുതിയില്‍ ചിത്രം അല്‍പ്പം ഇഴഞ്ഞുനീങ്ങുന്നു. ഇടവേളക്കു തൊട്ടുമുമ്പാണ്‌ അല്‍പ്പമെങ്കിലും ഉദ്വേഗം പ്രേക്ഷകരില്‍ നിറയുന്നത്‌. എന്നാല്‍ സംവിധാനത്തിന്റെ മികവു കൊണ്ട്‌ ആ കുറവ്‌ ഗൗതം മേനോന്‍ പരിഹരിച്ചിട്ടുണ്ട്‌.

വില്ലന്‍ വേഷത്തിലെത്തുന്ന അരുണ്‍ വിജയിന്റെ പ്രകടനം അതിഗംഭീരമാണെന്നു തന്നെ പറയണം. എന്നാല്‍ അജിത്തുമായിട്ടുള്ള കോമ്പനേഷന്‍ സീനുകളില്‍ തമിഴ്‌ സിനിമകളിലെ പതിവു വില്ലന്‍മാരുടെ അലര്‍ച്ചയും ആക്രോശവും അരുണും പിന്തുടരുന്നുണ്ട്‌. എന്നാലും അരുണിന്റെ ഇതുവരെയുള്ള കരിയറിലെ ഏറ്റവും ശക്തമായ കഥാപാത്രമാണ്‌ ഈ ചിത്രത്തിലെ വിക്‌ടര്‍.

നായികാതാരങ്ങളായെത്തിയ അനുഷ്‌കയ്‌ക്കും തൃഷയ്‌ക്കും സിനിമയില്‍ പ്രധാന്യമുണ്ടെങ്കിലും രംഗങ്ങള്‍ കുറവാണ്‌. കഥയുമായി ശക്തമായ ബന്ധമുള്ള വേഷങ്ങളാണ്‌ ഇരുവരുടേതുമെന്ന്‌ സിനിമ കണ്ടിരിക്കുമ്പോള്‍ നമുക്ക്‌ തോന്നുന്നില്ല. എന്നാലും ഇരുവരും തങ്ങളുടെ ഭാഗങ്ങള്‍ ഭംഗിയാക്കി. ഹേമാനിക എന്ന തൃഷയുടെ കഥാപാത്രത്തിനു സംഭവിക്കുന്ന ദുരന്തം അതിന്റെ ആഴത്തില്‍ പ്രേക്ഷകരിലേക്കു കൂടി എത്തിക്കാന്‍ സംവിധായകനു കഴിഞ്ഞോ എന്ന കാര്യം സംശയമാണ്‌. തൃഷയുടെ മകളായി എത്തിയ മലയാള ബാലതാരം ബേബി അനിഖയും തന്റെ വേഷം മികച്ചതാക്കി.

നെഗറ്റീവ്‌ റോളിലെത്തിയ മലയാളിയായ പാര്‍വതി നായര്‍ അഭിനന്ദനമര്‍ഹിക്കുന്നു. തമിഴ്‌ സിനിമകളില്‍ പൊതുവേ ആവശ്യമുള്ളയിടത്തും അല്ലാത്തിടത്തും കോമഡി വിളമ്പുന്ന വിവേകിന്റെ പതിവു ശൈലി ഈ സിനിമയില്‍ കണ്ടില്ല. അതുകൊണ്ടുതന്നെ മിതമായ രീതിയില്‍ കോമഡി അവതരിപ്പിച്ച വിവേകിന്റെ റിവോള്‍വര്‍ റിച്ചാര്‍ഡ്‌ എന്ന കഥാപാത്രവും മോശമായില്ല. ഗൗതം മേനോന്റെ ആദ്യചിത്രമായ മിന്നലേയ്‌ക്ക്‌ ശേഷം വിവേക്‌ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്‌. അതിഥിതാരങ്ങളായി സംവിധായകന്‍ ഗൗതം മേനോനും സ്‌റ്റണ്ട്‌ ഡയറക്‌ടര്‍ സില്‍വയും ചിത്രത്തിലെത്തുന്നുണ്ട്‌.

ഹാരിസ്‌ ജയരാജിന്റെ സംഗീതം, പാട്ടുകളുടെ ദൃശ്യവല്‍ക്കരണം, പശ്‌ചാത്തല സംഗീതം ഇവയെല്ലാം ചിത്രത്തിന്റെ ഭംഗി കൂട്ടുന്ന ഘടകങ്ങളാണ്‌. ഓസ്‌ട്രേലിയക്കാരനായ ഡാന്‍ മര്‍ക്കര്‍ട്ടറിന്റെ ഛായാഗ്രഹണം പുതിയ കാഴ്‌ചാനുഭവം സമ്മാനിക്കും. ആന്റണിയാണ്‌ ചിത്രസംയോജകന്‍. തോക്കും വെടിയുമെല്ലാമുണ്ടെങ്കിലും അതിനുമപ്പുറം ജീവിതത്തില്‍ ലഭിക്കുന്ന നേട്ടങ്ങളുടെയും നഷ്‌ടങ്ങളുടെയും കഥ കൂടിയാണ്‌ ഈ ചിത്രം. കുടുംബസഹിതം കണാന്‍ കൊള്ളാവുന്ന യാതൊരുവിധ മസാലക്കൂട്ടുമില്ലാത്ത സിനിമ.
യെന്നൈ അറിന്താല്‍: പ്രണയത്തിനും പ്രതികാരത്തിനും പുതിയ ദൃശ്യഭാഷ്യം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക