Image

കല്യാണിസം: അനന്യ വീണ്ടും നായികയാകുന്നു

Published on 14 February, 2015
കല്യാണിസം: അനന്യ വീണ്ടും നായികയാകുന്നു
നവാഗതനായ അനുറാം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കല്യാണിസം എന്ന ചിത്രത്തിലൂടെ ഒരിടവേളയ്‌ക്കു ശേഷം അനന്യ വീണ്ടും നായികാ വേഷത്തിലെത്തുന്നു. വിവാഹശേഷം ഇതുവരെ അനന്യ അഭിനയിച്ച സിനിമകളില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രമാണ്‌ കല്യാണിസത്തിലേത്‌.

അന്യനാട്ടിലെ നിയമക്കുരുക്കുകളില്‍ അകപ്പെട്ട്‌ കഴിയുന്ന ഒരു മലയാളി കുടുംബത്തിന്റെ കഥ പറയുന്ന ചിത്രമാണ്‌ കല്യാണിസം. സ്‌ത്രീ കഥാപാത്രത്തിന്‌ പ്രാധാന്യം നല്‍കി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കല്യാണി എന്ന വീട്ടമ്മയുടെ റോളിലാണ്‌ അനന്യയെത്തുന്നത്‌. സിനിമ പൂര്‍ണമായും ചിത്രീകരിച്ചിരിക്കുന്നത്‌ ഗള്‍ഫിലാണ്‌. ഭര്‍ത്താവ്‌ പോലീസ്‌ കസറ്റഡിയിലാകുന്നതോടെ കുടുംബത്തിന്‌റെ ഉത്തരവാദിത്വം സ്വയമേല്‌ക്കുന്ന ഭാര്യ കല്യാണിയുടെ ബുദ്ധിപരമായ നീക്കങ്ങളും പ്രവര്‍ത്തനങ്ങളുമാണ്‌ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്‌. മുകേഷ്‌,കൈലാഷ്‌, ഇര്‍ഷാദ്‌, സ്‌ഫടികം ജോര്‍ജ്‌ജ്‌, കൊച്ചു പ്രേമന്‍ എന്നിവരാണ്‌ മറ്റ്‌ താരങ്ങള്‍. ഫോര്‍ ഫിലിംസിന്റെ ബാനറില്‍ പ്രബീഷ്‌, അഭിലാഷ്‌, മല്ലയ്യ എന്നിവരാണ്‌ ചിത്രം നിര്‍മ്മിക്കുന്നത്‌.


കൗശിക്‌ ബാബു നായകനാകുന്ന വൈറ്റ്‌ബോയ്‌സ്‌ ഫെബ്രുവരി 27 ന്‌ റിലീസ്‌ ചെയ്യും

മിനിസ്‌ക്രീനിലെ സ്വാമി അയ്യപ്പന്‍ പരമ്പരയില്‍ അയ്യപ്പനായെത്തി പ്രേക്ഷകരുടെ മനം കവര്‍ന്ന കൗശിക്‌ ബാബു നായകനായി മലയാളത്തില്‍ അരങ്ങേറുന്ന ചിത്രമാണ്‌ വൈറ്റ്‌ ബോയ്‌സ്‌. മേലില രാജശേഖര്‍ കഥയെഴുതി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം റിലീസിനൊരുങ്ങുന്നു.

ഭാര്യാഭര്‍ത്താക്കന്‍മാരായി ജീവിക്കുമ്പോഴും പങ്കാളിയോട്‌ അപരിചിതത്വം നിലനിറുത്തുന്ന ചിലരുണ്ട്‌. ഇത്തരത്തിലുളള അകല്‍ച്ചയും അപരിചിതത്വവും നിലനിര്‍ത്തുന്നതിലൂടെ ജീവിതത്തില്‍ പ്രതിസന്ധികള്‍ നേരിടേണ്ടി വരുന്നവരും ഉണ്ട്‌. എത്ര കാലം ഒപ്പം ജീവിച്ചാലും തന്റെ മനസു പൂര്‍ണമായും പങ്കാളിക്കു മുന്നില്‍ തുറക്കാത്ത ചിലര്‍. എന്നാല്‍ വളരെ കാലം ഒരുമിച്ചു ജീവിച്ച ശേഷം ചിലരുടെ യഥാര്‍ത്ഥ വ്യക്തിത്വം അവരറിയാതെ തന്നെ പങ്കാളിക്കു തിരിച്ചറിയാന്‍ കഴിയുന്ന സാഹചര്യങ്ങള്‍ ഉണ്ടാകാറുണ്ട്‌. അതേ തുടര്‍ന്ന്‌ ചിലപ്പോള്‍ നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും ചെയ്യും. ഒരുപക്ഷേ ഈ സ്വത്വരഹസ്യം പങ്കാളിയോടു തുറന്നു പറഞ്ഞിരുന്നെങ്കില്‍ അവര്‍ക്ക്‌ ഇത്തരത്തിലുള്ള ആഘാതം അനുഭവിക്കേണ്ടിവരില്ല. അതുമായി പൊരുത്തപ്പെടാന്‍ അവര്‍ക്ക്‌ കഴിയുമായിരുന്നു എന്ന്‌ തോന്നിപ്പിക്കുന്ന പ്രമേയം, ഇതാണ്‌ വൈറ്റ്‌ ബോയ്‌സില്‍ പറയുന്ന വിഷയം.

ഓം ശക്‌തി ഫിലിംസിന്റെയും ശ്രീവല്ലഭാ ക്രിയേഷന്‍സിന്റെയും ബാനറില്‍ കലഞ്ഞൂര്‍ ശശികുമാറും ശ്രീലകം സുരേഷും ചേര്‍ന്നാണ്‌ ചിത്രം നിര്‍മിക്കുന്നത്‌.കൗശിക്‌ ബാബുവിന്‌ പുറമെ വിജയരാഘവന്‍, അഞ്‌ജലി അനീഷ്‌, ഗൗരവ്‌ മേനോന്‍ (ഫിലിപ്‌സ്‌ ആന്‍ഡ്‌ ദി മങ്കി പെന്‍) ലിജു കൃഷ്‌ണ, ജോയ്‌ മാത്യു, ശോഭാ മോഹന്‍, കോഴിക്കോട്‌ ശാന്തകുമാരി, ഏലിയാസ്‌ കത്തവന്‍, എസ്‌.ശശികുമാര്‍, എസ്‌.സുരേഷ്‌കുമാര്‍, കവിത, മഹേശ്വരി, മാളവിക, ദുര്‍ഗാദത്തന്‍, അജയന്‍ അടൂര്‍, മെഹജാബ്‌, സന്ദീപ്‌ മാഫിയാ ശശി, ഷഫി ഹൈദ്രാബാദ്‌ എന്നിവര്‍ക്കു പുറമെ റിംഗ്‌ മാസ്‌റ്ററിലൂടെ പ്രേക്ഷകരുടെ കണ്ണിലുണ്ണിയായി മാറിയ ഡയാന എന്ന നായയും വൈറ്റ്‌ ബോയ്‌സില്‍ കഥാപാത്രങ്ങളാകുന്നു.

ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്‌ ഏലിയാസ്‌ കത്തവനും നന്ദനും ചേര്‍ന്നാണ്‌. ഛായാഗ്രഹണം-രാജേഷ്‌ നാരായണ്‍, ചിത്രസന്നിവേശം-രമേശ്‌ വിക്രമന്‍, സംഗീതം-പണ്ഡിറ്റ്‌ രമേഷ്‌ നാരായണ്‍, ഗാനരചന-എസ്‌.രമേശന്‍ നായര്‍, റഫീഖ്‌ അഹമ്മദ്‌. ഓംശക്‌തി ഫിലിംസ്‌ ആണ്‌ വൈറ്റ്‌ബോയ്‌സ്‌ വിതരണത്തിനെത്തിക്കുന്നത്‌.
കല്യാണിസം: അനന്യ വീണ്ടും നായികയാകുന്നു
കല്യാണിസം: അനന്യ വീണ്ടും നായികയാകുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക