Image

സമൂഹത്തിനൊരു സന്ദേശമായി മൈ ഗോഡ്‌

Published on 12 February, 2015
സമൂഹത്തിനൊരു സന്ദേശമായി മൈ ഗോഡ്‌
വലിയ അപകടത്തില്‍ നിന്നും നമ്മെ രക്ഷിക്കുന്ന ഒരാളോട്‌, അതുമല്ലെങ്കില്‍ മരണത്തേക്കാള്‍ വലിയ പ്രതിസന്ധികളില്‍ നിന്നും രക്ഷിക്കുന്ന ഒരു വ്യക്തിയോട്‌ നമ്മള്‍ ഹൃദയം നിറഞ്ഞ നന്ദിയോടെ പറയുന്ന വാക്കുകളുണ്ട്‌. നിങ്ങള്‍ എനിക്കു ദൈവത്തെ പോലെയാണെന്ന്‌. അത്‌ സ്‌ത്രീയോ പുരുഷനോ ആകാം. ഒരു പക്ഷേ നമ്മുടെ ജീവിതത്തില്‍ ഒരിക്കലും അയാളെ മുമ്പ്‌ കണ്ടിട്ടുപോലുമുണ്ടായിരിക്കില്ല. എന്നാലും ചിലര്‍ ദൈവത്തെ പോലെ തന്നെ ചില പ്രതിസന്ധികളില്‍ നിന്നും നമ്മെ രക്ഷിക്കാനെത്തും. കഥ പറയുമ്പോള്‍, മാണിക്യക്കല്ല്‌, 916 തുടങ്ങി ഏറെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ ചിത്രങ്ങള്‍ക്കു ശേഷം എം. മോഹനന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ മൈ ഗോഡ്‌. ഇന്നത്തെ സാമൂഹ്യ പശ്ചാത്തലത്തില്‍ ഏറെ പ്രസക്തിയുള്ളതും മനുഷ്യബന്ധങ്ങളിലെ വികാരതീവ്രമായ അഭിനയ മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞതുമാണ്‌ ഈ സിനിമ.

രക്ഷിതാക്കളുടെ ആഗ്രഹങ്ങള്‍ക്കൊത്ത്‌ കുട്ടികളെ വളരണമെന്ന്‌ വാശിപിടിക്കുമ്പോള്‍ കുട്ടികള്‍ നേരിടേണ്ടി വരുന്ന അതികഠിനമായ മാനസിക സമ്മര്‍ദ്ദവും അതേതുടര്‍ന്നുണ്ടാകുന്ന കുടുംബപ്രശ്‌നങ്ങളും ഇന്ന്‌ സമൂഹത്തില്‍ നാം നിത്യേന കാണുന്ന സംഭവങ്ങളാണ്‌. ഏതെങ്കിലും വിഷയത്തിന്‌ തോറ്റുപോയാല്‍ അതുമല്ലെങ്കില്‍ അല്‍പം മാര്‍ക്ക്‌ കുറഞ്ഞുപോയാല്‍ ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്ന കൗമാരക്കാരെ കുറിച്ചുള്ള എത്രയോ വാര്‍ത്തകളാണ്‌ നാം കാണുന്നത്‌. മറ്റുകുട്ടികളുമായി താരതമ്യം ചെയ്യുന്ന പ്രവണതയും പല രക്ഷിതാക്കള്‍ക്കുമുണ്ട്‌. മാതാപിതാക്കളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി അവരുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്‌ക്കരിക്കാനുള്ള കഷ്‌ടപ്പാടുകള്‍ക്കിടയില്‍ പല കുട്ടികളും ഭയങ്കരമായ മാനസിക സംഘര്‍ഷങ്ങളാണ്‌ നേരിടേണ്ടി വരുന്നത്‌. കുട്ടികളിലെ സഹജമായ പല സര്‍ഗാത്മക കഴിവുകളും നഷ്‌ടപ്പെടുന്നു. ചില കുട്ടികളില്‍ ഒരു നിഷേധ സ്വഭാവം വളര്‍ന്നു വരുന്നതിനും അവര്‍ വഴി മാറി സഞ്ചരിക്കുന്നതിനു പോലും ഇത്തരം സാഹചര്യങ്ങള്‍ കാരണമാകുന്നു. ഇത്തരത്തില്‍ ഏറെ പ്രസക്തമായ ഒരു വിഷയത്തിലേക്കാണ്‌ എം. മോഹനന്‍ ഇത്തവണ ക്യാമറ തിരിച്ചിരിക്കുന്നത്‌.

സാം തോട്ടുങ്കല്‍ (ആദര്‍ശ്‌ നായര്‍) എന്ന പതിനഞ്ചുകാരനാണ്‌ കഥയിലെ കേന്ദ്ര കഥാപാത്രം. സ്‌കറിയാ തോമസ്‌ (ജോയ്‌ മാത്യു) എന്ന പ്‌ളാന്ററുടെ മൂന്നാമത്തെ മകനാണ്‌ സാം. സാമിന്റെ മൂത്ത രണ്ട്‌ സഹോദരന്‍മാരും സാമും തമ്മില്‍ വളരെയധികം പ്രായവ്യത്യാസമുണ്ട്‌. അവര്‍ ഇരുവരും ഐ.ടി പ്രഫഷണല്‍സ്‌ ആണ്‌. സാം പഠനകാര്യത്തില്‍ വളരെ പിന്നിലായതുകൊണ്ട്‌ അവന്റെ മാതാപിതാക്കള്‍ വളരെ അസ്വസ്ഥരാണ്‌. തൊട്ടടുത്ത പളളിയിലെ വികാരി (ശ്രീനിവാസന്‍)യോടും മറ്റ്‌ ചില ആല്‍ക്കാരോടും മാത്രമാണ്‌ അവന്‌ അടുപ്പമുളളത്‌.

അമേരിക്കയിലെ ഒരു ഐ.ടി കമ്പനിയുടെ സി.ഇ.ഓ ആയാണ്‌ സുരേഷ്‌ഗാപി ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്‌. അഥിരാജ ഭട്ടതിരിപ്പാട്‌ എന്നാണ്‌ സുരേഷ്‌ ഗോപി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്‌. വളരെ നന്‍മകളുള്ള ഒരു കഥാപാത്രം. ചിത്രത്തിന്റെ അവസാനം സമൂഹത്തിനു മുന്നില്‍ ഒരു വെളിച്ചമായി തീരുന്ന സന്ദേശം നല്‍കുന്നവിധത്തില്‍ ശക്തമായ കഥാപാത്രമാണ്‌ അഥിരാജ ഭട്ടതിരിപ്പാട്‌. സാം തോട്ടുങ്കല്‍ എന്ന പതിനഞ്ചുകാരന്റെ വഴി തെറ്റിയ ജീവിതത്തെ നേര്‍വഴിക്കു കൊണ്ടുവരുന്ന വെളിച്ചമായി ഈ കഥാപാത്രം മാറുന്നു. സമീപ കാലത്ത്‌ വ്യത്യസ്‌തമായ കഥാപാത്രങ്ങളിലൂടെ മലയാളസിനിമയില്‍ തന്റെ സ്ഥാനം ഉറപ്പിക്കുന്ന സുരേഷ്‌ ഗോപിയ്‌ക്ക്‌ മൈ ഗോഡ്‌ എന്ന ചിത്രത്തിലെ കഥാപാത്രവും ഏറെ സ്വീകാര്യത നല്‍കും എന്നുറപ്പാണ്‌.

സുരേഷ്‌ ഗോപിയുടെ ഭാര്യ ആരതിയായി ഹണി റോസ്‌ അഭിനയിക്കുന്നു. കുട്ടികളുടെ സൈക്യാട്രിസ്റ്റ്‌ ആയാണ്‌ ഹണി ഈ ചിത്രത്തില്‍ വരുന്നത്‌. ഇവര്‍ ഇരുവരും സാമുമായി പരിചയപ്പെടുന്നു. തന്റെ കരിയറിനു വേണ്ടി വളരെയധികം ആത്മസമര്‍പ്പണത്തോടെ ജോലി ചെയ്യുന്ന വ്യക്തിയാണ്‌ ആരതി. ഇത്‌ പലപ്പോഴും അവരുടെ കുടുംബജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നു.

``ഇന്നത്തെ സമൂഹത്തില്‍ പല വീടുകളിലും ഉണ്ടാകുന്ന സംഭവങ്ങളാണ്‌ ഈ സിനിമയിലൂടെ പറയുന്നത്‌. ചിലയിടത്ത്‌ രക്ഷിതാക്കള്‍ കുട്ടികള്‍ക്കു മേല്‍ വലിയ പ്രതീക്ഷകളാണ്‌ അടിച്ചേല്‍പ്പിക്കുന്നത്‌. ഇങ്ങനെ വരുമ്പോള്‍ കുട്ടികളുടെ കഴിവുകള്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്നു. മറ്റു കുട്ടികളുമായുള്ള താരതമ്യം വല്ലാത്ത മാനസിക സമ്മര്‍ദ്ദത്തിലേക്കാണ്‌ കുട്ടികളെ തള്ളിവിടുന്നത്‌. കുട്ടികളുടെ നേട്ടങ്ങള്‍ അവര്‍ നേടുന്ന മാര്‍ക്കിന്റെ മാത്രം അടിസ്ഥാനത്തില്‍ നിര്‍ണയിക്കപ്പെടുന്ന അവസഥയാമുള്ളത്‌.`` സംവിധായകന്‍ മോഹനന്‍ പറയുന്നു.

ആദര്‍ശ്‌ നായര്‍ എന്ന പതിനഞ്ചുകാരനാണ്‌ ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. ജീവിക്കാന്‍ എല്ലാവിധ സുഖസൗകര്യങ്ങളുമുണ്ടായിട്ടും തനിച്ചായി പോകുന്ന കൗമാരക്കാരന്റെ ആത്മസംഘര്‍ഷങ്ങളും നൊമ്പരങ്ങളുമാണ്‌ ആദര്‍ശ്‌ അവതരിപ്പിക്കുന്നത്‌. അനുസരിപ്പിക്കല്‍ എന്നതു മാത്രമാണ്‌ വീട്ടുകാരുടെ നയം. അവരുടെ നിര്‍ദേശങ്ങളും തീരുമാനങ്ങളും അവനെ പലപ്പോഴും തളര്‍ത്തുന്നു. സ്‌നേഹവും പരിഗണനയും തീര്‍ത്തും അന്യമായി പോകുന്ന ആ വലിയ വീട്ടില്‍ സദാ വേദനിക്കുന്ന മനസുമായി അവന്‌ കഴിയേണ്ടി വരുന്നു. സാം നേരിടുന്ന സമ്മര്‍ദ്ദങ്ങള്‍ അവനെ ഒരു വലിയ ദുരന്തത്തിലേക്ക്‌ നയിക്കുന്നു. രക്ഷിതാക്കളുടെ സ്വാര്‍ത്ഥതയും അമിതപ്രതീക്ഷകളും ചേന്‍ന്നുണ്ടാക്കുന്ന തിക്താനുഭവങ്ങള്‍ നേരിടേണ്ടി വരികയും അതേതുടര്‍ന്നുള്ള പ്രശ്‌നങ്ങളില്‍ വഴി തെറ്റിപ്പോവുകയും ചെയ്യുന്ന കുട്ടികളുടെ കഥ പ്രതിപാദിക്കുന്ന സിനിമയാണ്‌ `മൈ ഗോഡ്‌`

മാതാപിതാക്കള്‍ക്കൊപ്പം അഹമ്മദ്‌ബാദില്‍ താമസമാക്കിയ ആദര്‍ശ്‌ നൃത്തം, സംഗീതം, കരാട്ടെ എന്നിവയില്‍ പ്രാവീണ്യം നേടിയിട്ടുണ്ട്‌. പ്രമുഖ ദിനപത്രങ്ങളില്‍ വന്ന പരസ്യത്തുടര്‍ന്ന്‌ ലഭിച്ച ആറായിരത്തോളം അപേക്ഷകരില്‍ നിന്നാണ്‌ ആദര്‍ശിനെ തിരഞ്ഞെടുത്തത്‌. എം. മോഹനനെ പോലെ ഒരു സംവിധായകന്റെ സിനിമയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അവസരം കിട്ടിയതില്‍ അങ്ങേയറ്റം ആഹ്‌ളാദവാനാണ്‌ ആദര്‍ശ്‌. തന്റെ ഓരോ സീനിലും മോഹന്‍ സാറിന്റെ കൈയൊപ്പുണ്ടെന്നു പറയുന്ന ആദര്‍ശ്‌ തന്റെ ആദ്യസിനിമയെ കുറിച്ച്‌ വളരെ പ്രതീക്ഷ പുലര്‍ത്തുന്നുണ്ട്‌.

കാരുണ്യ പി.ആര്‍. ക്രിയേഷസിന്റെ ബാനറില്‍ മഹി പുതുശ്ശേരി, ഷൈന്‍ കെ.വി എന്നിവരാണ്‌ ചിത്രം നിര്‍മിക്കുന്നത്‌. രവീന്ദ്രനാണ്‌ ചിത്രത്തിന്റെ കോ-പ്രൊഡ്യൂസര്‍. എം. മോഹന്‍, ജിയോ മാത്യു, നിജോ കുറ്റിക്കാട്‌

എന്നിവരാണ്‌ തിരക്കഥാ രചിച്ചിരിക്കുന്നത്‌. എം. മോഹനന്‍ തന്നെയാണ്‌ സംഭാഷണവും നിര്‍വഹിച്ചിട്ടുള്ളത്‌. ജിത്തു ദാമോദറിന്റേതാണ്‌ ക്യാമറ. റഫീക്ക്‌ അഹമ്മദ്‌, രമേശ്‌ കാവില്‍, ജോയ്‌ തോമസ്‌ ഇരിട്ടി എന്നിവരുടെ വരികള്‍ക്ക്‌ ബിജിപാലാണ്‌ സംഗീതം പകര്‍ന്നിരിക്കുന്നത്‌. കല ബസന്ത്‌ പെരിങ്ങോട്‌, മേക്കപ്പ്‌ പട്ടണം ഷാ, വസ്‌ത്രാലങ്കാരം ഷീബാ മണിശങ്കര്‍, എക്‌സിക്യുട്ടീവ്‌ പ്രൊഡ്യൂസര്‍ പ്രദീപ്‌ പാനുണ്‌ഡ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സെവന്‍ ആര്‍ട്ട്‌സ്‌ മോഹന്‍, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്‌ സേതു അടൂര്‍, പ്രൊഡക്ഷന്‍ മാനേജര്‍ സുരേഷ്‌ മിത്രക്കറി, സ്റ്റില്‍സ്‌ മോഹന്‍ സുരഭി, പരസ്യകല ജിസ്‌റോണ്‍ പോള്‍, എഡിറ്റര്‍ രഞ്‌ജന്‍ എബ്രഹാം, ചീഫ്‌ അസോസിയേറ്റ്‌ ഡയറക്‌ടര്‍ വാവ, അസോസിയേറ്റ്‌ ഡയറക്‌ടര്‍ ഡയപ്രകാശ്‌ തവനൂര്‍, കിരണ്‍ റാഫേല്‍. സംവിധാന സഹായികള്‍ ഹാരിസ്‌, റെനിത്‌ ഇളമാട്‌, അനൂപ്‌ രാജ്‌ ഇരിട്ടി, പ്രൊജക്‌ട്‌ ഡിസൈനര്‍ ആന്റണി ഇടക്കൊച്ചി.
സമൂഹത്തിനൊരു സന്ദേശമായി മൈ ഗോഡ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക