Image

ഇവള്‍ വാഴ്ത്തപ്പെട്ടവള്‍ (നോവല്‍:11- കൊല്ലം തെല്‍മ)

കൊല്ലം തെല്‍മ) Published on 27 December, 2014
ഇവള്‍ വാഴ്ത്തപ്പെട്ടവള്‍ (നോവല്‍:11- കൊല്ലം തെല്‍മ)
അദ്ധ്യായം 11
രാജു രഘവേന്ദ്രയുടെയും മീനാകൃഷ്ണയുടെയും വെഡിംഗ് ആനിവേഴ്‌സറി ആഘോഷങ്ങള്‍ അതിഗംഭീരമായി നടക്കുകയാണ്.
മലയാളി അസോസിയേഷനിലെ ഒട്ടുമിക്കവരെയും ക്ഷണിച്ചിട്ടുണ്ട്. രാജു രാഘവേന്ദ്ര അസോസിയേഷന്റെ മുന്‍കാല സെക്രട്ടറിയായിരുന്നു. പിന്നെ പ്രശസ്തനായ ന്യൂറോളജിസ്റ്ററുമാണ്. മീനാകൃഷ്ണ ഗൈനക്കോളജിസ്റ്റായി പ്രാക്ടീസ് ചെയ്തുവരുന്നു. ഇവരുടെ ഏകമകള്‍ ശ്രേയ മെഡിസിന്‍ ഫൈനലിയറാണ്.
അമേരിക്കയിലെ സന്തുഷ്ട മലയാളി കുടുംബം! ഇരുപത്തിയഞ്ചുവര്‍ഷമായി അമേരിക്കയില്‍ സെറ്റിലായിട്ട്. എന്നിരുന്നാലും മലയാളത്തനിമ കാത്തുസൂക്ഷിക്കുന്നതില്‍ ഈ കൊച്ചുകുടുംബം ഏറെ ശ്രദ്ധചെലുത്തിയിരുന്നു എന്നുള്ള യാഥാര്‍ത്ഥ്യം അടുത്തിടപഴകുന്ന ഏവര്‍ക്കും മനസിലാക്കാവുന്നതാണ്.
പുറത്ത് ഒരു റോള്‍സ് റോയിസ് കാര്‍ വന്നു നിന്നപ്പോള്‍ ഹാളിലുള്ളവരുടെ ശ്രദ്ധ അങ്ങോട്ടായി. അജിത്തും കൂട്ടുകാരും കാറില്‍ നിന്നിറങ്ങി.
അകത്തേയ്ക്ക് വരൂ…” വന്നിറങ്ങിയവരെ രാജുരാഘവേന്ദ്രയും മിസിസും ഉപചാരപൂര്‍വ്വം സ്വീകരിച്ചു.
“എന്താ അജിത്ത് കെല്‍സി വന്നില്ലേ…?” മീനാകൃഷ്ണ ചോദിച്ചു.
“കെല്‍സി വന്നില്ല… ഞാനിങ്ങ് പോന്നു…”  അജിത്ത് മറുപടി പറഞ്ഞ് അകത്തേയ്ക്കു കയറി. കൈയ്യില്‍ കരുതിയ ഗിഫ്റ്റ് പായ്ക്കറ്റ് ഇതുവരെയുമായി ഏല്‍പിച്ചു.
“മേ ദ ഗുഡ് ലോര്‍ഡ് സീ ആന്‍ഡ് ബ്ലസ് യൂ ഓണ്‍ യുവര്‍ ആനിവേഴ്‌സറി ഡേ…”
ആശംസകളോടെ അജിത്ത് രാജുരാഘവിനെ ആലിംഗനം ചെയ്തു.
ഹാളില്‍ അസോസിയേഷനിലെ  മൈമ്പര്‍മാരുടെ കൊച്ചുകൊച്ചു പ്രോഗ്രാമുകള്‍ നടക്കുകയായിരുന്നു. ഇത്തരം വിശേഷ അവസരങ്ങളില്‍ മുന്‍പേ നിശ്ചയിച്ച പ്രകാരം ഓരോരുത്തരും അവരവരുടെ അഭിരുചികള്‍ക്കനുസൃതമായി പരിപാടികള്‍ അവതരിപ്പിക്കാറുണ്ട്.
മലയാളിയെ സംബന്ധിച്ച് ഈ ഒത്തുചേരലുകള്‍ വളരെ ആനന്ദകരവും തങ്ങളുടെ നാടിന്റെ നന്മകളെ കാത്തുസൂക്ഷിക്കുന്നതിനുള്ള അസുലഭ അവസരങ്ങളുമാണ്. പ്രവാസജീവിതത്തിലെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ ആകുലതകളില്ലാത്ത നിമിഷങ്ങള്‍! വിശേഷങ്ങളും സ്‌നേഹോഷ്മള സൗഹൃദവും പങ്കുവയ്ക്കാന്‍ ഒരുവേദി..”
അജിത്ത് കയറിചെല്ലുമ്പോള്‍ മിയാ സ്‌കറിയായുടെ പാട്ടായിരുന്നു. മിയാ സ്‌കറിയായെ അറിയാത്തവര്‍ അമേരിക്കയിലെ മലയാളികള്‍ക്കിടയില്‍ ഉണ്ടാവില്ല. നിരവധി സമ്മാനങ്ങള്‍ വാരിക്കൂട്ടിയ ഒരനുഗ്രഹീത പാട്ടുകാരിയാണ് മിയ. ജന്മനാ ഇരുകാലുകളും തളര്‍ന്നുപോയ പെണ്‍കുട്ടി.
അല്ലെങ്കിലും ഈശ്വരന്റെ കൈയ്യൊപ്പു ചാര്‍ത്തികിട്ടിയ എന്തെങ്കിലും കഴിവുകളുള്ളവരായിരിക്കുമല്ലോ ഇത്തരക്കാരില്‍ അധികം പേരും. പലരും വൈകല്യങ്ങളോടു പൊരുതി മികവ് തെളിയിച്ചവര്‍ ആയിത്തീരുന്നു.
അജിത്ത് തനിയെ വന്നുചേര്‍ന്നതില്‍ പലരും ജിജ്ഞാസുക്കളായി. കെല്‍സിയെ ഏവരും പ്രതീക്ഷിച്ചിരുന്നു. അവളൊരു സെലബ്രിറ്റിയായതിനാല്‍ തന്നെക്കാളധികം കെല്‍സിയെ ശ്രദ്ധിക്കുന്നു. കെല്‍സിയുടെ അഭാവം ഏവരും ശ്രദ്ധിച്ചു തുടങ്ങിയിരിക്കുന്നു.
അജിത്തില്‍ അസ്വസ്ഥത തലപൊക്കി. ഉള്ളില്‍ നീരസം നുരഞ്ഞു… എങ്കിലും അസാരസ്യം പുറത്തു കാട്ടിയില്ല. താന്‍ ഒന്നുമല്ലാതായിത്തീരുകയാണ്. കെല്‍സി എന്ന മാനദണ്ഡത്തിനനുസരിച്ച് താനിപ്പോള്‍ അളക്കപ്പെടുന്നു. അല്ലെങ്കിലും കെല്‍സി എന്ന സെലബ്രിറ്റിയുടെ ഹസ്ബന്റ് എന്ന നിലയിലാണല്ലോ എല്ലാവരും തന്നെ മാനിക്കുന്നത്. അപ്പോള്‍ അവളുടെ അഭാവം തനിക്കൊരു പരിഗണനയും തന്നില്ലെന്നു വരില്ലേ?
അജിത്ത് സുഹൃത്തുക്കളോടൊപ്പം പുറത്തേക്കിറങ്ങി. ഓപ്പണ്‍ എയറില്‍  'ഡ്രിങ്ക്‌സ്' അറേഞ്ച് ചെയ്തിട്ടുണ്ട്. ഈ അടുത്തകാലത്തായി ലിക്കര്‍ ഉപയോഗം വളരെയധികം കൂടിയിട്ടുണ്ട്. കെല്‍സി തന്റെ കാര്യത്തില്‍ ഇടപെടുന്നില്ല. എന്നതിനാല്‍ 'നാഥനില്ലാക്കളരി' പോലെയായിരിക്കുന്നു.
ഒരു കണക്കിന് റിലാക്‌സ് ചെയ്യാന്‍ ഒരു വഴി എന്നു മാത്രം. എല്ലാവര്‍ക്കും അങ്ങനെയാവണമെന്നില്ല. ചിലരെ സംബന്ധിച്ച് 'ഡ്രിങ്ക്‌സ്' ഓര്‍മ്മകളുടെ വേലിയേറ്റത്തിലേയ്ക്ക് തള്ളിവിടാനെ ഉപകരിക്കുകയുള്ളൂ. പിന്നെ പരിഭവവും പരാതിയും; ചിലപ്പോള്‍ പകയേറ്റുകയുംചെയ്യും അത്രതന്നെ.
വ്യത്യസ്ത ബ്രാന്റുകള്‍ അറേഞ്ച് ചെയ്തിരിക്കുന്നു. ലാം ബ്രസ്‌കോ ഇറ്റാലിയന്‍ വൈന്‍, റീയൂനിക്ക്, ബ്രിസ്റ്റോള്‍ ക്രീം വൈന്‍, ബഡ് ബിയര്‍, ഷിവാസ് റീഗര്‍ വോഡ്ക, റെഡ് ലേബല്‍, ബ്ലാക്ക് ലേബല്‍ വോഡ്ക, സീഗ്രാംസ് വിസ്‌കി തുടങ്ങി നിരവധി ബ്രാന്റുകള്‍ ആവശ്യക്കാര്‍ക്ക് അവര്‍ക്കുചിതമായത് സെലക്ട് ചെയ്യാം. അജിത്തും കൂട്ടരും തങ്ങളുടെ ബ്രാന്‍ഡ് ഓര്‍ഡര്‍ ചെയ്ത് ഒഴിഞ്ഞ ഇടത്ത് ഇരുപ്പുറപ്പിച്ചു.
ഗ്ലാസിലൊഴിച്ച മദ്യത്തില്‍ ഐസ്‌കഷ്ണങ്ങള്‍ മുങ്ങിപ്പൊങ്ങി. അജിത്ത് ഗ്ലാസ് കൈയ്യിലെടുത്ത് ഉയര്‍ത്തി. കൂടെ ഉണ്ടായിരുന്നവര്‍ തങ്ങളുടെ ഗ്ലാസ് ഉയര്‍ത്തി. അജിത്തിന്റെ ഗ്ലാസോട് ചേര്‍ത്ത് മുട്ടിച്ചു. ഗ്ലാസുകള്‍ തമ്മില്‍മുട്ടി ചിലമ്പിച്ച ശബ്ദം ഉയര്‍ന്നു.
“ചിയേഴ്‌സ്….” എല്ലാവരും ഒന്നിച്ച് മദ്യപാനത്തിന് ആനന്ദാശംസയേകി…
ലഹരിമൂത്തു തുടങ്ങിയപ്പോള്‍ ഓരോരുത്തരായി കഥകളുടെയും അനുഭവങ്ങളുടെയും വാതായനങ്ങള്‍ തുറന്നിട്ടുതുടങ്ങിയിരുന്നു.
ഗാനകോകിലങ്ങള്‍ പാട്ടിന്റെ പാലാഴി തീര്‍ത്തു. രസികന്മാര്‍ സരസകഥകള്‍ പങ്കുവച്ചു. ചിലര്‍ മനസിലെ ദുഃഖങ്ങള്‍ പങ്കുവച്ചു. തുറന്ന മനസ്സുകള്‍ ഒന്നുചേര്‍ന്ന നിമിഷങ്ങള്‍…
“അജിത്തേ, നീയെന്താടാ അധികമൊന്നും മൊഴിയാതെ മുനിയെപ്പോലിരിക്കുന്നേ? എന്തുവാ… ഉവ്വേ… താന്‍ മൗനവ്രതത്തിലാണോ?” ജസ്റ്റിന്‍ തുറന്നടിച്ചപോലൊരു ചോദ്യം…
“ഓ… അങ്ങനൊന്നും ഇല്ല…നീയെന്താ ഇപ്പം ഇങ്ങനൊരു ചോദ്യം…”  അജിത്ത് ലാഘവത്തോടെ ചോദിച്ചു.
“അല്ല… ഞങ്ങളിവിടെ തലകുത്തിമറിഞ്ഞിട്ടും നീയൊരു മൂലപറ്റി ഇരിക്കുന്നോണ്ടു ചോദിച്ചതാ…”
“എന്താ നീ മിസിസുമായി തെറ്റലാണോ? ഇപ്പം പഴയപടി ഒന്നിച്ചു കാണാറില്ലല്ലോ? എന്താണേലും പറയെന്റെ അജിത്തേ…” ചാക്കോ ജസ്റ്റിനെ അനുകൂലിച്ച് സംസാരിച്ചു.
“ഓ…അവളു വല്യപുള്ളിയല്ലയോ?” അറിയാതെ അജിത്ത് പറഞ്ഞുപോയി. ഒരുതാളത്തിന് പറഞ്ഞുപോയതാണ്. അബദ്ധമായല്ലോ എന്ന ചിന്ത അജിത്തിനെ അസ്വസ്ഥനാക്കി.
“അവളുവല്ല ഏനക്കേടും കാട്ടിയോടാ…” ഗ്രൂപ്പിലെ തലമൂത്ത ഔതച്ചായന്‍ സംശയമുന്നയിച്ചു.
അജിത്ത് തെല്ലൊന്നു പരുങ്ങി… ഇനി ഇവര്‍ കിട്ടിയ കച്ചികഷ്ണത്തില്‍ പിടിച്ച് കാര്യങ്ങള്‍ ഒരു കരയ്‌ക്കെത്തിക്കും രക്ഷയില്ല…
അമേരിക്കയില്‍ വന്നിത്രകാലമായില്ലേ? മിസ്സിസിന് സിനിമാമോഹം പിന്നെയും  തലപൊക്കിയോ? നിങ്ങളല്ലേ പറഞ്ഞത് ഇനി ടെക്‌സാസ് വിട്ട് എങ്ങോട്ടുമില്ല എന്ന്… എന്തുപറ്റിയെടാ നിനക്ക്? ജസ്റ്റിന്‍ തിരക്കി…
“അതുപിന്നെ ജസ്റ്റിനെ... നീ പറഞ്ഞപോലെ കെല്‍സി വീണ്ടും സിനിമാ ഫീല്‍ഡിലേയ്ക്ക് തിരിയണം എന്നാഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഞാനതിനെ എതിര്‍ക്കുകയും ചെയ്തു… കുറച്ചുനാളായിട്ട് അതിന്റെ ഒരു കശപിശയിലാണ്…” അജിത്ത് യാഥാര്‍ത്ഥ്യം മറച്ചുപിടിച്ചു.
ഒരു കണക്കിന് ഇത്തരമൊരു വിഷയം അവതരിപ്പിക്കുന്നതാണ് യുക്തി #െന്ന് അജിത്തിന് തോന്നാതിരുന്നില്ല. ഏതായാലും സിനിമാ അഭിനയമോഹം ഒരു വിഷയമാക്കി നില്‍ക്കട്ടെ; മറ്റുള്ളത് ആരും അറിയേണ്ട… അജിത്ത് തീരുമാനിച്ചു.
“അല്ലേല്ലും പെണ്ണ് എന്ന വര്‍ഗ്ഗം ഇങ്ങനാ… വാക്കുമറന്ന് ചിന്തയ്ക്കും വിചാരങ്ങള്‍ക്കും അനുസരിച്ച് പ്രവര്‍ത്തിക്കും. സിനിമാനടികളുടെ കാര്യം പറയുകേം വേണ്ട. അഹങ്കാരം ഇത്തിരികൂടും; കടുംപിടുത്തത്തിന് ഒരല്പം മുന്നിലും…”  ചാക്കപ്പന്റെ കണ്ടുപിടുത്തം!
“ശരിയാടാ നീ പറഞ്ഞത്….സൗന്ദര്യം അഴകും കാട്ടി വെള്ളിത്തിരയില്‍നിന്ന് കാശുണ്ടാക്കി ഇറങ്ങിപ്പോകുന്നവരല്ലേ ഇവളുമാര്… ആരൊക്കെ ഇവിടെ ഉറച്ചുനില്‍ക്കുന്നു. കുറച്ചുപേര് നിലനിന്നാലായി ഇവര്‍ക്കൊക്കെ ഒരു നല്ല ഫാമിലി ലൈഫ് ഉണ്ടോ എന്ന് അന്വേഷിച്ചാലറിയാം അത്രതന്നെ…എല്ലാം പണത്തിന്റെ പുകില്… എല്ലാം ക്യാഷ് മറച്ചോളും… അല്ല പിന്നെ…” പ്രദീപ് തന്റെ ഭാഗം വിശദീകരിച്ചു.
അജിത്ത് ആകെ എരിപൊരി കൊള്ളുകയാണ്. ഉള്ളില്‍ ഒരഗ്നിഗിരി വിസ്‌ഫോടത്തിനായി തയ്യാറാകുന്നതായി തോന്നിത്തുടങ്ങിയിരിക്കുന്നു. ഒരു പൊതുവേദിയായതിനാല്‍ പൊട്ടിത്തെറിക്കാനോ ചോദിക്കാനോ ആവില്ല…
ഒരുപക്ഷെ തന്റെ സംയമനക്കുറവ് ആഘോഷത്തെ അലങ്കോലപ്പെടുത്തിയേക്കാം… അതൊരു കുറവും തനിക്കു മാനഹാനിവരുത്തുന്നതുമാണ്. അജിത്ത് സ്വയം നിയന്ത്രിച്ചു. കൂട്ടുകാരെ പിണക്കാനും വയ്യ.
മദ്യം ഒരു റൗണ്ട്കൂടി ഗ്ലാസില്‍ പകര്‍ന്നു. കൂട്ടുകാരുടെ ചിന്താഗതികള്‍ അജിത്തില്‍ ചിന്തകളുണര്‍ത്തി. ഇവരുടെ അഭിപ്രായങ്ങളിലും സത്യമില്ലേ?
കുടുംബത്തില്‍നിന്ന് അഭിനയത്തിനായി ഇറങ്ങിത്തിരിച്ച തന്നിഷ്ടക്കാരായവരുമില്ലേ നടിമാരില്‍. അഭിനയമോഹത്തില്‍ വീട്ടുകാരുടെ എതിര്‍പ്പിനെയും വകവയ്ക്കാതെ ഇറങ്ങിത്തിരിച്ച് ഫീല്‍ഡില്‍ ഒറ്റയ്ക്കു പൊരുതി ഒരു സ്ഥാനം പിടിച്ചടക്കിയവരാണ് ഏറിയ പങ്കും… മറ്റുള്ളവര്‍ക്ക് അവരുടെ സെലബ്രിറ്റിസൈഡ് മാത്രമേ ദര്‍ശിക്കാനാവുന്നുള്ളൂ… എതിര്‍ഭാഗം എന്തെന്ന് ആര്‍ക്കും അറിയില്ലതാനും… നഷ്ടങ്ങളുടെയും നേട്ടങ്ങളുടെയും ആകെത്തുകയാണ് സിനിമാജീവിതം എന്നതു ശരിയല്ലേ… ഏറിയപങ്കും കുടുംബജീവിതം തല്ലിപ്പിരിഞ്ഞു പോവുന്നതിനും കാരണം ഇവയൊക്കെ തന്നെയല്ലേ…?
ഒരു പ്രസ്റ്റിജ് ഇഷ്യൂ ഉണ്ടാകാതിരിക്കുവാനും കരിയറിനെ ബാധിക്കും എന്ന ആശങ്കയിലും ആരും അറിയാതെ മൂടിവയ്ക്കപ്പെടുന്ന യാഥാര്‍ത്ഥ്യങ്ങളുടെ യാന്ത്രിക ബന്ധമാണ് പല നടീനടന്മാരുടെയും ജീവിതം. ഏറിയ പങ്കും ഫീല്‍ഡിന് പുറത്തു നിന്നുള്ളവരെ വിവാഹം ചെയ്യാന്‍ താല്പര്യപ്പെടുന്നതും ഇതിനാലല്ലേ…? അജിത്ത് നിരവധി സംശയങ്ങള്‍ ബാക്കിയായി.
ഇതുവരെയും താന്‍ ശ്രദ്ധചെലുത്താതിരുന്ന വിഷയങ്ങളുടെ ഭണ്ഡാകാരത്തിലേയ്ക്ക് അജിത്തിനെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു ചിന്തകള്‍…
അജിത്ത് തന്റെ ചിന്തകളെ കെല്‍സിയുമായി താരതമ്യപ്പെടുത്തിത്തുടങ്ങി… അവളുടെ എടുത്തുചാട്ടത്തിന് കാരണം സിനിമാഫീല്‍ഡിലെ ഇത്തരം പിന്താങ്ങളുകളായിരിക്കാം. ആരുടെയും സപ്പോര്‍ട്ടില്ലാതെ പിന്നെയും ഇത്തരം തീരുമാനം എടുക്കാന്‍ അവള്‍ക്കാവില്ല.
ഒരു ഭര്‍ത്താവെന്ന നിലയില്‍ തന്നെക്കാളധികമായി; കുടുംബബന്ധത്തിന് നല്‍കാത്ത പ്രാധാന്യം എന്തിനവള്‍ സിനിമാ ലോകത്തിന് നല്‍കുന്നു?
അജിത്ത് പകര്‍ന്നുവച്ച മദ്യവും അകത്താക്കി. അപ്പോഴേയ്ക്കും മൂന്നാമത്തെ ഫുള്‍ബോട്ടില്‍ ഓപ്പണ്‍ ചെയ്തു കഴിഞ്ഞിരുന്നു. അജിത്ത്  ഗ്ലാസ് മേശയില്‍വച്ചു. തെല്ലുസ്പീഡ് കൂടിപ്പോയെന്നു തോന്നുന്നു. ഗ്ലാസ് വലിയൊരു ശബ്ദത്തോടെ മേശമേല്‍ അമര്‍ന്നു. എല്ലാവരും അജിത്തിനെ ഒന്നു നോക്കി….
“സോറി…ഐ ആം സോറി…” അജിത്ത് ക്ഷമാപണം നടത്തി… ചാക്കോച്ചന്‍ അജിത്തിന്റെ തോളില്‍ രണ്ടുമൂന്നാവര്‍ത്തി തട്ടി ആശ്വസിപ്പിച്ചു.
“ഓക്കെ… ഓക്കെ അജിത്ത് വിട്ടുകള…”
“അങ്ങനെയങ്ങു വിട്ടുകളയാന്‍ പറ്റില്ല… ജീവിതത്തെ നിസാരവത്ക്കരിക്കരുത്… ആരും… ആരും. ആരും നിസാരവത്കരിക്കരുത്… ജീവിതം ഒന്നേയുള്ളൂ… ഒറ്റ ഒരു ജീവിതം…”  അജിത്ത് ഗ്ലാസ് കൈവെള്ളയ്ക്കകത്തിട്ട് ഞെരുക്കിക്കൊണ്ട് പിറുപിറുത്തു.
“അജിത്തേ, ക്ഷമിക്കെടാ… ബി…കൂള്‍;  കൂള്‍… അജിത്ത് കൂള്‍… എന്തിനും പരിഹാരം ഉണ്ടാക്കാം. ഞങ്ങളില്ലേ കൂടെ… എന്തിനാടാ… പേടിക്കുന്നത്?”  ജസ്റ്റിന്‍ ആശ്വാസവുമായി അജിത്തിനരികില്‍ വന്നു നില്‍ക്കാല്‍ ബദ്ധപ്പെട്ടു…
അജിത്തും സുഹൃത്തുക്കളും വേണ്ടതിലുമധികം മദ്യം അകത്താക്കി കഴിഞ്ഞിരുന്നു. ഒടുവില്‍ എല്ലാവരും ഡിന്നറിനായി എഴുന്നേറ്റുപോയി. അജിത്തിലെ ചിന്തകള്‍ തെല്ലൊന്നടങ്ങിയിരുന്നു.
അജിത്ത് മടങ്ങിയെത്തിയപ്പോള്‍ സമയം പത്തുമണി രാത്രിയായിരുന്നു. ഡ്രൈവര്‍ കാര്‍ പാര്‍ക്ക് ചെയ്ത് ഗെയ്റ്റ് ലോക്ക് ചെയ്തു. അജിത്ത് ഇപ്പോള്‍ പാര്‍ട്ടികള്‍ക്കും ഗെറ്റുഗതറിനും മറ്റും പോകുമ്പോള്‍ ഡ്രൈവറിനെ കൂടെ കൂട്ടാറുണ്ട്. തനിയെ ഡ്രൈവ് ചെയ്ത് പോരാന്‍ പറ്റാത്തതിനാലാണ്. അജിത്തിന് തന്നെ അറിയാം താന്‍ വളരെയധികം ചെയ്ഞ്ചായിട്ടുണ്ടെന്ന്.
ഹാളിലേക്ക് കയറിയപ്പോള്‍ കെല്‍സി ഹാളിലെ ടിവി കണ്ടുകൊണ്ടിരിക്കുകയായിരുന്നു. താന്‍ വന്നതറിഞ്ഞിട്ടും അറിയാത്തഭാവത്തിലാണ് ഇരുപ്പ്. അജിത്തിനതത്ര രസിച്ചില്ല. അജിത്ത് ടിവിയുടെ പവര്‍ ഓഫ് ചെയ്തു.
കെല്‍സി തെല്ലൊന്നമ്പരന്നു. “എന്താ അജിത്ത് സുബോധം കെടുന്നവരെ കുടിക്കണമായിരുന്നോ?”
ഞാന്‍ എത്രത്തോളം കുടിക്കണമെന്ന് തീരുമാനിക്കാന്‍ എനിക്കറിയാം… മറ്റൊരാളുടെ സഹായം ആവശ്യംവരുമ്പോള്‍ അറിയിക്കാം…”  അജിത്ത് മറുപടി പറഞ്ഞു.
“കുറച്ചു നാളായി അജിത്തിനിത്തിരി ധിക്കാരം ഏറുന്നുണ്ട്… ഞാനടങ്ങിയൊതുങ്ങി കഴിയുമ്പോള്‍ എന്തിനാണെന്നെ ഉപദ്രവിക്കുന്നത്? കെല്‍സി തന്റെ രോഷം പ്രകടിപ്പിച്ചു.
“നീ വെറുതെ ഇല്ലാക്കഥകള്‍ മെനഞ്ഞുണ്ടാക്കണ്ട. നിനക്കുതോന്നുംപടി ജീവിക്കാന്‍ മുതിരുന്ന നിന്റെ മനസിലിരുപ്പ്  എനിക്കറിയാം… കെല്‍സി… ഞാനതിന് സമ്മതിക്കും എന്നു നീ കരുതേണ്ട…”
“ഞാനെന്ത് കഥകള്‍ മെനഞ്ഞുണ്ടാക്കിയെന്നാ? എന്നെ ഗൗനിക്കാത്ത ഹസ്ബന്റിന്റെ കൂടെ ഒരു ജീവിതം എനിക്കു മടത്തു… ഭര്‍ത്താവിനും കുട്ടികള്‍ക്കും ഇടയിലെ ജീവിതം ഞാന്‍ ആഗ്രഹിച്ചതല്ല… എന്നെ ഇനിയും ഉപദ്രവിക്കരുത്… പ്ലീസ്… അജിത്ത്”  കെല്‍സിയില്‍ നിന്നൊരുയാചന പുറപ്പെട്ടു.
നീ ഒളിച്ചു ജീവിക്കേണ്ട പരസ്യമായിത്തന്നെ ഇറങ്ങിക്കോ… ഞാനൊരു തടസമാവില്ല. നിനക്ക് ആടിപ്പാടി നടന്നാല്‍ മതിയെന്ന ചിന്തയല്ലാതൊന്നുമില്ല… കുട്ടികളെയുംവേണ്ട… ഭര്‍ത്താവിനെയും വേണ്ട… കുടുംബം എന്നൊന്ന് നിനക്കൊന്നും പറഞ്ഞിട്ടുള്ളതല്ല…” അജിത്ത് സോഫായിലേക്ക് ചാഞ്ഞു…
അജിത്തിന്റെ വാക്കുകള്‍ കെല്‍സിയില്‍ ഒരു മിന്നല്‍പിണരായി പുളഞ്ഞു. താന്‍  മനസില്‍ ചിന്തിക്കാത്തതരത്തില്‍ അജിത്ത് സംസാരിച്ചുതുടങ്ങിയിരിക്കുന്നു. ചിന്താഗതികളില്‍ മാറ്റംവന്നു തുടങ്ങി.
ഇത്തരമൊരു സംസാരശൈലി അജിത്തിന് ഇതിനുമുമ്പ് ഉണ്ടായിരുന്നില്ല. അഭിനയജീവിതത്തില്‍പോലും ഗോസിപ്പുകള്‍ക്ക് തന്റെ മുന്നില്‍ സ്ഥാനം ഉണ്ടായിരുന്നില്ല. താനവയ്ക്ക് ഇടനല്‍കിയിട്ടും ഇല്ല.
അജിത്തിനവ അറിയാവുന്നതുമാണ് പിന്നെന്താണ് ഇപ്പോള്‍ ഇത്തരം ചിന്തകള്‍ അജിത്തില്‍ മുളയെടുത്തത്? ഇത് അജിത്തിന്റെ ചിന്തകള്‍ ആവണമെന്നുമില്ല. തന്നോടുള്ള വിദ്വേഷം ഇത്തരുണത്തില്‍, ഇപ്രകാരം ചിന്തിക്കാന്‍ പ്രേരിപ്പിച്ചതായിരിക്കാം കെല്‍സി സ്വയം ആശ്വസിക്കാന്‍ ശ്രമിച്ചു.
ഇവള്‍ വാഴ്ത്തപ്പെട്ടവള്‍ (നോവല്‍:11- കൊല്ലം തെല്‍മ)
Join WhatsApp News
Antony Anil 2014-12-29 10:14:59
Congratulations Thelma, Novel athi gambheeramaakunnu, piri murukkangal thudangiyirikkunnu....... ini enthaakumo aavo? Antony
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക