image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • CARTOON
  • VISA
  • MATRIMONIAL
  • ABOUT US

image

ഭൂമിയുടെ ഉപ്പ്‌ (കഥ: ജേക്കബ്‌ തോമസ്‌)

SAHITHYAM 09-Dec-2014
SAHITHYAM 09-Dec-2014
Share
image
ലാന്‍ഡ്‌ ചെയ്യുവാനുള്ള തയ്യാറെടുപ്പില്‍ വിമാനം താണു തുടങ്ങി. വായിച്ചുകൊണ്ടിരുന്ന ഫയല്‍ അടച്ച്‌ ബ്രീഫ്‌കേസിലാക്കി അയാള്‍ സീറ്റ്‌ബെല്‍റ്റ്‌ മുറുക്കി തയ്യാറായി.

റണ്‌വേയിലെത്തുമ്പോഴേക്കും ഡിവിഷനില്‍ നടക്കുന്ന പ്രതിസന്ധികള്‍ക്ക്‌ പോംവഴികള്‍ അരാഞ്ഞുകോണ്ട്‌ മൊബൈലില്‍ കുറെ സന്ദേശങ്ങള്‍ കാണുമെന്ന്‌ തീര്‍ച്ചയാണ്‌. ഐ. ടി. മേഖലയിലെ ഈ പ്രധാന കോണ്‍ഫറന്‍സില്‍ പങ്കടുക്കേണ്ടത്‌ അത്യാവശ്യമാണ്‌. അല്ലെങ്കില്‍ ഈ യാത്ര മാറ്റിവെച്ചേനെ.

ഒരു വര്‍ഷത്തില്‍ മൂന്നു നാലു തവണയെകിലും സാന്‍ഫ്രാന്‍സിസ്‌കോയില്‍ വരാറുണ്ടെന്ന്‌ അയാള്‍ ഓര്‍ത്തു. താഴെ മൊട്ടക്കുന്നുകള്‍ക്കിപ്പോള്‍ ബ്രൌണ്‍ നിറമാണ്‌. മാര്‍ച്ച്‌ ഏപ്രില്‍ മാസങ്ങളില്‍ വീടുകളിലെ ലോണ്‍ പോലെ അവ നല്ല പച്ച നിറമായിരിക്കും. കുറ്റിച്ചെടികളൊന്നുമില്ലാതെ എന്തുകൊണ്ട്‌ പ്രകൃതി പുല്ല്‌ മാത്രം ഈ ഭംഗിയുള്ള മുട്ടക്കുന്നുകളില്‍ വളര്‍ത്തുന്നുവെന്ന്‌ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്‌.

തന്റെ പേരെഴുതിയ ബോര്‍ഡ്‌ പിടിച്ചുകൊണ്ടുനില്‍ക്കുന്ന ഡ്രൈവറോടൊപ്പം കാറിനടുത്തേക്ക്‌ നടന്നു. വൈസ്‌പ്രസിഡന്റ്‌ പദവിയോടൊപ്പം കിട്ടിയ സെക്രട്ടറി യാത്രയോട്‌ ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഭംഗിയായി ചെയ്യുമെന്ന്‌ ഉറപ്പുണ്ട്‌.

`വെല്‍കം ടു സാന്‍ഫ്രാന്‍സിസ്‌കൊ. അടുത്ത കുറച്ചുദിവസങ്ങളില്‍ നല്ല കാലാവസ്ഥയാണ്‌' ഡ്രൈവര്‍ പറഞ്ഞു. പക്ഷെ തനിക്കത്‌ ആസ്വദിക്കുവാന്‍ കഴിയുമെന്ന്‌ തോന്നുന്നില്ല. ഇതിനകം ഇരുപതു പ്രാവശ്യമെങ്കിലും ഇവിടെ വന്നുകാണും. ഭാര്യയും മക്കളുമായി വെക്കേഷനു വന്ന ഒരു പ്രാവശ്യം മാത്രമെ ഈ നഗരം ആസ്വദിക്കുവാന്‍ സാധിച്ചുള്ളു.

ടെലിക്കമ്യൂണിക്കേഷന്‍ രംഗത്തുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളാണ്‌ കോണ്‍ഫറന്‍സിന്റെ വിഷയം. അതിനുപുറമെ മറ്റു കമ്പനികളിലെ ഉയര്‍ന്ന ഉദ്യൊഗസ്ഥരെ പരിചയപ്പെടാനുമുള്ള അവസരവുമാണ്‌. കമ്പനികളുമായി സഖ്യം സ്ഥാപിച്ച്‌ പുതിയ പ്രോഡക്‌റ്റ്‌സും പുതിയ മാര്‍ക്കറ്റും രൂപവല്‍ക്കരിക്കുവാനുമുള്ള കഴിവാണ്‌ തന്‍റ്റെ ഉയര്‍ച്ചയുടെ പ്രധാന കാരണം. ഓഫീസില്‍നിന്നും അകലെയാണെങ്കിലും മൊബൈല്‍ വഴിയും ഈമെയില്‍ വഴിയും സഹപ്രവര്‍ത്തകര്‍ നിരന്തരം സമ്പര്‍ക്കപ്പെട്ടുകൊണ്ടിരിക്കും. ഇതിനിടയില്‍ കാലാവസ്ഥ ആസ്വദിക്കുവാന്‍ സമയം എവിടെ?

ഹോട്ടലിലേക്കുള്ള യാത്രയില്‍ വഴിയോരക്കാഴ്‌ചകള്‍ ശ്രദ്ധിക്കുവാന്‍ പറ്റിയില്ല. കഴിഞ്ഞ അഞ്ചുമണിക്കൂറിനുള്ളില്‍ മൊബൈലില്‍ അനേകം സന്ദേശങ്ങള്‍ കിട്ടിയിരുന്നു. ഫയലുകള്‍ തുറന്നുവെച്ച്‌ മെസ്സേജ്‌ ഇട്ടവരെ തിരിച്ചുവിളിച്ചുകൊണ്ടിരുന്നു.

മുറിയിലെത്തി കുളിച്ച്‌ വേഷം മാറിയപ്പോളേക്കും ഉദ്‌ഘാടന ചടങ്ങിനുള്ള സമയമായി. ഹാളിലേക്ക്‌ നടക്കുമ്പോളാണ്‌ സുഖമായി ഇവിടെ എതിയ വിവരം അറിയിക്കുവാന്‍ ഭാര്യയെ വിളിച്ചില്ലല്ലോ എന്ന്‌ ഓര്‍ത്തത്‌. ഇരുപത്തിനാല്‌ മണിക്കൂറുകളും മനസ്സില്‍ ജോലിക്കാര്യങ്ങളാണെന്ന്‌ അവള്‍ക്കറിയാം. അത്‌ സൂചിപ്പിക്കാറുമുണ്ട്‌. ഒരു വീട്ടമ്മയായി കഴിയുന്ന അവളുമായി സമയം ചിലവാക്കാന്‍ തീരെ സാധിക്കുന്നില്ല. കുട്ടികളുടെ ചുമതല അവള്‍ പരിപൂര്‍ണ്ണമായി ഏറ്റെടുത്തിരിക്കയാണ്‌. അവര്‍ രണ്ടുപേരും കോളേജില്‍ താമസമായതില്‍പ്പിന്നെ അവള്‍ക്ക്‌ തിരക്ക്‌ കുറഞ്ഞു. ബോറടിച്ചുതുടങ്ങി എന്ന്‌ പറയാറുണ്ട്‌. കുട്ടികളെ ഇഷ്ടമായതുകൊണ്ട്‌ അടുത്തുള്ള സ്‌കൂളില്‍ ഒരു സബ്‌സ്‌ടിട്യൂട്ട്‌ ടീച്ചര്‍ ജോലിക്ക്‌ ശ്രമിച്ചാലെന്താ എന്ന്‌ ചിന്തിക്കുന്നുണ്ട്‌.

അവരുടെ ജീവിതത്തില്‍ അധികം പങ്കില്ലാത്ത ഒരു ഉപഗ്രഹം മാത്രമാണ്‌ താന്‍ എന്ന്‌ ചിലപ്പോള്‍ അയാള്‍ക്ക്‌ തോന്നാറുണ്ട്‌.

കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ജീവിതം ജോലിയെന്ന ഒരു ബിന്ദുവില്‍ കേന്ദ്രീകൃതമാണ്‌. തന്റെ മികച്ച കഴിവിന്റെ പ്രതിഫലമായി കമ്പനി ഭാരിച്ച ചുമതലയുടെയും ശമ്പളത്തിന്റെയും വലയില്‍ കുടുക്കിയിട്ടിരിക്കുകയാണ്‌. എന്തൊക്കെയൊ നഷ്ടപ്പെടുന്നുണ്ട്‌. ഈ മലവെള്ളപ്പാച്ചിലില്‍ മുങ്ങിയൊഴുകുമ്പോള്‍ കരയോരക്കാഴ്‌ചകള്‍ കാണുവാന്‍ അവസരം കിട്ടുന്നില്ല.

ഉദ്‌ഘാടനവും തുടര്‍ന്നുള്ള പ്രഭാഷണങ്ങളും നന്നായിരുന്നു. ഇഷ്ടപ്പെട്ട പ്രാസംഗികരുടെ പേരുകള്‍ കുറിച്ചിട്ടു; അവരുമായി പിന്നീട്‌ ബന്ധപ്പെടണം.

കോണ്‍ഫറന്‍സ്‌ ഹാളിനടുത്തുള്ള രണ്ട്‌ ഹാളുകളില്‍ അനേകം കമ്പനികളുടെ ബൂത്തുകളുണ്ട്‌. മറ്റു കമ്പനികള്‍ എന്തൊക്കെ ചെയ്യുന്നു, ഭാവി പരിപാടികള്‍ എന്തൊക്കെയാണ്‌ മുതലായ കാര്യങ്ങള്‍ ശേഖരിക്കുകയെന്നത്‌ അയാളുടെ ജോലിയുടെ ഒരു പ്രധാനപ്പെട്ട ഉത്തരവാദിത്തമാണല്ലൊ.

ബൂത്തുകള്‍ക്ക്‌ മറ്റൊരു പ്രത്യേകതയുണ്ട്‌. പലതിലും കമ്പനി റപ്രസന്റേറ്റീവ്‌ സുന്ദരിമാരായിരിക്കും.

പല ബൂത്തുകള്‍ കഴിഞ്ഞ്‌ `കോറിന്‍ സോഫ്‌റ്റ്‌വെയര്‍ സിസ്റ്റംസ്‌' എന്ന കമ്പനിയുടെ ബൂത്തിലെ പ്രതിനിധിയോട്‌ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ എവിടെയോ കണ്ട പരിചയം തോന്നി. തൂത്തുക്കുടിയില്‍ നിന്നുള്ള മണിവണ്ണനാണെന്നുകേട്ടപ്പോള്‍ അയാള്‍ക്ക്‌ ആളെ പിടികിട്ടി.

എഞ്ചിനീയറിങ്ങ്‌ കോളേജില്‍ ഒരു വര്‍ഷം അയാളുടെ ജൂണിയറായിരുന്നു. പരിചയമുണ്ടായിരുന്നെങ്കിലും സുഹൃത്തായിരുന്നില്ല. ആദ്യമായി മണിവണ്ണനെ കണ്ട സന്ദര്‍ഭം ഓര്‍മ്മയില്‍ വന്നു. അടുത്തുള്ള ഗ്രാമത്തിലേക്ക്‌ പാവപ്പെട്ടവര്‍ക്കുള്ള ഭവനനിര്‍മ്മാണത്തിന്‌ സഹായിക്കുവാനായി വിദ്യാര്‍ത്ഥികള്‍ ബസ്സില്‍ യാത്രചെയ്യുകയായിരുന്നു. ഏതൊ പുരാണ കഥയെക്കുറിച്ച്‌ അയാളുടെ ബ്രാഹ്മണ സുഹൃത്തുക്കള്‍ക്കിടയിലുണ്ടായ തര്‍ക്കത്തിന്‌ ശരിയായ ഉത്തരം പറഞ്ഞുകൊടുത്ത്‌ അവരെ നിശ്ശബ്ദരാക്കിയത്‌ ഒരു താഴ്‌ന്ന ജാതിക്കാരനായ മണിവണ്ണനായിരുന്നു. പിന്നീടുള്ള വര്‍ഷങ്ങളില്‍ പഠനത്തില്‍ മുന്നോട്ടായിരുന്നെന്ന്‌ കേട്ടിരുന്നു. ഉപരിപഠനത്തിന്‌ അയാള്‍ അമേരിക്കയിലേക്ക്‌ പോന്നതില്‍പിന്നെ മണിവണ്ണന്‍ ഓര്‍മ്മയില്‍നിന്ന്‌ മാഞ്ഞിരുന്നു.

ബൂത്തില്‍ തിരക്കുണ്ടായിരുന്നതിനാല്‍ രാത്രിയില്‍ മണിവണ്ണന്റെ മുറിയില്‍ കാണാമെന്നു പറഞ്ഞ്‌ പിരിഞ്ഞു.

ചില കമ്പനി പ്രതിനിധികളുമായി ഡിന്നര്‍ കഴിച്ചശേഷം മണിവണ്ണന്റെ മുറിയിലേക്ക്‌ നടക്കുമ്പോള്‍ പോക്കറ്റിലിട്ടിരുന്ന ബിസിനസ്‌ കാര്‍ഡെടുത്തു നോക്കി. കമ്പനി പ്രസിഡന്റാണ്‌. മിടുക്കന്‍.

ലൈറ്റ്‌ കേടായതുകൊണ്ടായിരിക്കണം മണിവണ്ണന്റെ മുറിക്കുപുറത്തുള്ള ഹാള്‍വേയില്‍ ഇരുട്ടായിരുന്നു.

സെല്‍ഫോണില്‍ തമിഴില്‍ എന്തോ ടെക്‌നിക്കല്‍ കാര്യങ്ങള്‍ സംസാരിച്ചുകൊണ്ടാണ്‌ കതക്‌ തുറന്നത്‌. ഇന്ത്യയിലെ കമ്പനിയോടായിരിക്കണം.

`വരൂ വരൂ, കോളേജ്‌ വിട്ടിട്ട്‌ നമ്മള്‍ ആദ്യമായാണ്‌ ഇന്ന്‌ കാണുന്നത്‌'. ഹാര്‍ദ്ദവമായി ചിരിച്ചുകൊണ്ട്‌ അയാളെ അകത്തേക്ക്‌ ക്ഷണിച്ചു.

രണ്ടുപേരും ഒരേ ഡിപ്പാര്‍ട്‌മെന്റിലായിരുന്നതുകൊണ്ട്‌ പല പ്രൊഫസ്സറുമാരുടേയും സഹപാഠികരുടേയും കുറിച്ചുള്ള വാര്‍ത്തകള്‍ കൈമാറി. എഞ്‌ജിനീയറിങ്ങ്‌ കോളേജുകളില്‍ പെണ്‍കുട്ടികള്‍ കുറവായിരുന്നതിനാല്‍ എല്ലാവര്‍ക്കും പെണ്‍കുട്ടികളെ അറിയാമായിരുന്നു. ധനലക്ഷ്‌മി എന്ന കുട്ടിക്ക്‌ മണിവണ്ണനോട്‌ അടുപ്പമായിരുന്നെന്ന്‌ അയാള്‍ പെട്ടെന്ന്‌ ഓര്‍ത്തു.

`ധനലക്ഷ്‌മി എന്തു ചെയ്യുന്നു?'

ചെറിയ ഒരു നിശ്ശബ്ദദക്കുശേഷമാണ്‌ മണിവണ്ണന്‍ ഉത്തരം തന്നത്‌. `കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ചെന്നയിലാണെന്നാണ്‌ കേട്ടത്‌. ഞങ്ങളുടെ കാര്യം അറിയാമായിരുന്നു, അല്ലേ?.

`ഞാന്‍ കേട്ടിരുന്നു'

`അവളുടെ കുടുംബത്തിന്റെ എതിര്‍പ്പിനെ അവള്‍ക്ക്‌ മറികടക്കാനായില്ല. നിങ്ങള്‍ക്ക്‌ അറിയാമോ എന്നറിയില്ല. പരമ്പരാഗതമായി ഞങ്ങള്‍ തൂത്തുക്കുടിയിലെ ഉപ്പുതൊഴിലാളികളാണ്‌. സമൂഹത്തില്‍ വളരെ താഴ്‌ന്ന ജാതി. എനിക്ക്‌ കാമ്പസ്‌ റിക്രൂട്ടിങ്ങ്‌ വഴി ലാഴ്‌സണ്‍ ആന്റ്‌ ടൂബ്രോവില്‍ നല്ല ജോലി കിട്ടിയിരുന്നു. പക്ഷേ ബുദ്ധിയും പഠിപ്പും മിടുക്കുമൊക്കെ ജാതിയെന്ന അഴുക്കുകൊണ്ട്‌ മൂടിപ്പോയി`.

ചില മുന്തിയ ബ്രാഹ്മണ കുടുംബങ്ങളില്‍നിന്നും തനിക്ക്‌ വന്ന വിവാഹ ആലോചനകളാണ്‌ അയാള്‍ ഓര്‍ത്തത്‌. അതില്‍ ഏറ്റവും യോഗ്യയായി എല്ലാവരും അംഗീകരിച്ച കുട്ടിയെ ഭാര്യയാക്കുകയും ചെയ്‌തു.

`മുംബയില്‍ തുടങ്ങിയ ആദ്യത്തെ ജോലിയില്‍ ശോഭിക്കുവാന്‍ എനിക്ക്‌ പ്രയാസമുണ്ടായിരുന്നില്ല, പക്ഷേ എന്റെ ഹൃദയം എന്നും തൂത്തുക്കുടിയിലായിരുന്നു. എന്റെ ബാല്യകാല സുഹൃത്തുക്കള്‍ പലരും ഉപ്പ്‌ തൊഴിലാളികളായി കഴിയേണ്ടിവന്നവരായിരുന്നു. അവരുടെ ജീവിത സാഹചര്യത്തെക്കുറിച്ച്‌ നിങ്ങള്‍ കേട്ടിട്ടുണ്ടോ?`

`ഇല്ല'

`താഴ്‌ന്ന ജാതി. സമൂഹത്തിന്റെ ഏറ്റവും താഴെക്കിടയിലുള്ളവരുടെ ശപിക്കപ്പെട്ട ജീവിതം. ജന്മങ്ങളായി ഉപ്പ്‌ മുതലാളികളുടെ അടിമകള്‍. പാട്ടത്തിനെടുത്ത സ്ഥലവും കൂടിയ പലിശക്ക്‌ എടുത്ത കടവും അവരെ അടിമകളാക്കുന്നു എന്നതാണ്‌ വാസ്‌തവം. ആ ചങ്ങല പൊട്ടിക്കുവാന്‍ എളുപ്പമല്ല.`

`അപ്പോള്‍ മണിവണ്ണന്‍?`

`എന്റെ മുത്തച്ഛന്‍ ഉപ്പുതൊഴിലാളിയായിരുന്നു, പക്ഷെ അദ്ദേഹം ഒരു അസാധാരണ മനുഷ്യനായിരുന്നു. 1930ല്‍ ഗാന്ധിജി ദന്ധി യാത്രയും ഉപ്പ്‌ സത്യാഗ്രഹവും നടത്തിയപ്പോള്‍ അതിനെ അനുകൂലിച്ച്‌ തെക്കെ ഇന്ത്യയില്‍ രാജാജി എന്ന പേരില്‍ പിന്നീട്‌ അറിയപ്പെട്ട സി. രാജഗോപാലാചാരി തിരുച്ചിറപ്പള്ളിമുതല്‍ വേദാരണ്യം വരെ യാത്രയും ഉപ്പ്‌ സത്യാഗ്രഹവും നടത്തുകയുണ്ടായി. നന്നെ ചെറുപ്പമായിരുന്ന മുത്തച്ഛന്‍ ചിലര്‍ക്കൊപ്പം അതില്‍ പങ്കെടുത്തയാളാണ്‌. തൊഴിലാളികളുടെ ഇടയില്‍ ഒരു ചെറിയ നേതാവായിരുന്ന അദ്ദേഹം അവരുടെ ആവശ്യങ്ങള്‍ക്കുവേണ്ടി മുതലാളിമാരെ സമീപിക്കുകയും പകരം മുതലാളിമാരുടെ ഉപദ്രവം സഹിക്കുകയും ചെയ്യുമായിരുന്നു.`

`മണിവണ്ണന്റെ അച്ഛനോ?`

`തന്റെ മകന്‍ ഒരിക്കലും ഒരു ഉപ്പു തൊഴിലാളി ആകരുതെന്ന്‌ മുത്തച്ഛന്‌ വാശിയായിരുന്നു. സത്യാഗ്രഹത്തില്‍ പരിചയപ്പെട്ട ചിലരുടെ സഹായത്തോടെ ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി ഒരു സര്‍ക്കാര്‍ ജോലി കരസ്‌തമാക്കുവാന്‍ അദ്ദേഹത്തിന്‌ സാധ്യമായി. `

`മുത്തച്ഛന്‍ ഒരു വലിയ ആളായിരുന്നു അല്ലേ?`

`തീര്‍ച്ചയായും.` മുത്തച്ഛനെക്കുറിച്ചുള്ള അഭിമാനം മണിവണ്ണന്റെ ശബ്ദത്തില്‍ പ്രതിഫലിച്ചു.

`ഉപ്പ്‌ തൊഴിലാളികളുടെയിടയില്‍ വിദ്യാഭ്യാസം വളരെ കുറവാണ്‌. ഈ തൊഴില്‍ വളരെ കഠിനമാണ്‌. മണിക്കൂറുകളോളം ഉപ്പുപാടത്ത്‌ പണിയുന്നവരുടെ കാലും കൈയ്യും വിണ്ടുകീറി വൃണമാകും. വെള്ളത്തില്‍ നിന്നും ഉപ്പുശേഖരത്തില്‍നിന്നും പ്രതിഫലിക്കുന്ന സൂര്യരശ്‌മിയുടെ കാഠിന്യം മൂലം കാഴ്‌ചശേഷി കുറഞ്ഞ്‌ പലര്‍ക്കും കാഴ്‌ച തന്നെ നഷ്ടപ്പെടുന്നു. മുതിര്‍ന്നവര്‍ക്ക്‌ ജോലിചെയ്യാന്‍ പറ്റാതെ വരുമ്പോള്‍ കുട്ടികള്‍ സ്‌കൂളില്‍ പോകുന്നത്‌ നിര്‍ത്തി പാടത്തിറങ്ങുന്നു. മാത്രമല്ല, ഒക്ടോബര്‍ നവംബര്‍ മാസങ്ങളില്‍ കാലാവസ്‌ത പ്രതികൂലമാകുന്നതുകൊണ്ട്‌ വരുമാനവും കുറവാണ്‌. അപ്പോള്‍ കൂടിയ പലിശക്ക്‌ കടം വാങ്ങി സാമ്പത്തിക ബാദ്ധ്യത പിന്നെയും കൂടുന്നു'.

`തൊഴിലാളികള്‍ക്കുവേണ്ടി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലേ?`

`എണ്ണത്തില്‍ കുറവായതുകൊണ്ട്‌ വോട്ടു ബലം ഇല്ല. അതുകൊണ്ട്‌ രാഷ്ട്രീയ നേതാക്കളോ ഉദ്യോഗസ്ഥരോ ആരും തിരിഞ്ഞുനോക്കാറില്ല.`

മണിവണ്ണന്‍ കുറച്ചുസമയം നിശ്ശബ്ദനായി അയാളുടെ മുഖത്തേക്ക്‌ നോക്കിയിരുന്നു. തൊഴിലാളികളുടെ ദയനീയത ആ കണ്ണുകളില്‍ പ്രതിഫലിക്കുന്നതായി അയാള്‍ക്കു തോന്നി.

`എനിക്ക്‌ മുംബയില്‍ അധികം നാളുകള്‍ നില്‍ക്കാന്‍ കഴിഞ്ഞില്ല. തൂത്തുക്കുടിയിലുള്ള ഒരു ചെറിയ കോളേജില്‍ അദ്ധ്യാപകനായി തിരിച്ചുപോന്നു. മിച്ചം വരുന്ന ശമ്പളവും സമയവും തൊഴിലാളികള്‍ക്കായി ചിലവാക്കി. ഭാഗ്യത്തിന്‌ കുറെ വിദ്യാര്‍ത്ഥികള്‍ സഹായിക്കാന്‍ മുന്നോട്ടുവന്നു. വിദ്യാഭ്യാസമാണ്‌ കെണിയില്‍ നിന്ന്‌ കുട്ടികളെ രക്ഷിക്കാനുള്ള ഏക മാര്‍ഗ്ഗം. പക്ഷെ പട്ടിണിയാണെങ്കില്‍ വിദ്യാഭ്യാസം കളഞ്ഞ്‌ അവര്‍ പണിക്ക്‌ പോകും. വിദ്യാഭ്യാസത്തിനോടൊപ്പം ഭക്ഷണവും സൌജന്യമായിരിക്കണം.'

എന്തോ ആലോചിച്ച ശേഷം മണിവണ്ണന്‍ ചോദിച്ചു. `ഞാന്‍ എന്റെ കഥ പറഞ്ഞ്‌ ബോറടിപ്പിക്കുന്നുണ്ടാവും അല്ലേ?`

`തീര്‍ച്ചയായും ഇല്ല, മണിവണ്ണാ. ഇത്തരം കഥകള്‍ വിരളമായേ കേള്‍ക്കാറുള്ളൂ.' അയാള്‍ ലോഹ്യം പറയുകയായിരുന്നില്ല. കോണ്‍ഫറന്‍സുകളില്‍ കണ്ടുമുട്ടുന്നവരുടെ കമ്പനി കോണിപ്പടികള്‍ കയറാനുള്ള തത്രപ്പാടിന്റെ കഥകളേക്കാള്‍ എത്രയോ ഉദാത്തമായ കഥയെന്ന്‌ അയാള്‍ ആലോചിക്കുകയായിരുന്നു.

`പലരുടേയും ചെറിയ സഹായങ്ങള്‍ കിട്ടിയിരുന്നെങ്കിലും, എന്റെ സ്വപ്‌നങ്ങള്‍ക്ക്‌ പണം ഒരു വിലങ്ങുതടിയായിരുന്നു. ഏതാണ്ട്‌ ആ സമയത്താണ്‌ ഐ.ടി. വ്യവസായം പച്ചപിടിച്ചുതുടങ്ങിയത്‌. ഇന്ത്യയിലേക്ക്‌ വിദേശപണം ഒഴുകിത്തുടങ്ങിയെങ്കിലും അതിന്റെ ഒരു തുള്ളിപോലും പാവപ്പെട്ടവരുടെ അടുത്തെത്തിയില്ല. ഞാന്‍ ഐ.ടി. രംഗത്തേക്ക്‌ എടുത്തുചാടുകയായിരുന്നു. കഠിനദ്ധ്വാനം കൊണ്ട്‌ ഒരു നല്ല നിലയിലെത്തുവാനും താമസിയാതെ ഒരു സ്വന്തം കമ്പനി തുടങ്ങുവാനും കഴിഞ്ഞു. അതാണ്‌ കോറിന്‍ സോഫ്‌റ്റ്‌വെയര്‍ സിസ്റ്റംസ്‌.`

`മണിവണ്ണന്‍ ഫാമിലിയെക്കുറിച്ച്‌ പറഞ്ഞില്ലല്ലോ. ഭാര്യ, കുട്ടികള്‍?`

`ഭാര്യ ' പൂജ്യം, കുട്ടികള്‍ നൂറോളം.` മണിവണ്ണന്‍ പൊട്ടിച്ചിരിച്ചു. `പക്ഷെ നിങ്ങള്‍ വിചാരിക്കുന്നപോലെ അല്ല.`

മണിവണ്ണന്റെ ലാപ്‌ടോപ്പില്‍ നിന്നും കുട്ടികള്‍ അയാളെ നോക്കി പുഞ്ചിരിച്ചു. `ഇത്‌ കൃഷ്‌ണന്‍, ശിവാജി, അറുമുഖം, പാണ്ടിയന്‍...എനിക്ക്‌ എല്ലാവരുടെയും പേരുകള്‍ അറിയാം.

`നൂറുപേരുടെയും?' അയാല്‍ ആശ്ചര്യം പൂണ്ടു.

`നൂറുപേരുടെയും' മണിവണ്ണന്റെ മുഖം സന്തോഷം കൊണ്ട്‌ പ്രകാശിക്കുകയായിരുന്നു. `കമ്പനിയുടെ ലാഭത്തിന്റെ ഒരു വലിയ പങ്ക്‌ ഉപ്പുതൊഴിലാളികളുടെ കുട്ടികള്‍ക്കായുള്ള ഒരു സ്‌കൂളിന്റെ നടത്തിപ്പിനാണ്‌ ചിലവിടുന്നത്‌. സര്‍ക്കാര്‍ പൂട്ടാന്‍ തീരുമാനിച്ച ഒരു സ്‌കൂള്‍ കമ്പനി ഏറ്റെടുത്തു നടത്തുകയാണ്‌. ഞങ്ങള്‍ അത്‌ അടിമുടി പരിഷ്‌കരിച്ചു. പുതിയ കെട്ടിടം, നല്ല ടീച്ചേഴ്‌സ്‌, സൌജന്യ ഭക്ഷണം. അവിടെ കമ്പ്യൂട്ടര്‍ സാക്ഷരത വിദ്യഭ്യാസത്തിന്റെ ഒരു പ്രധാന പങ്കാണ്‌. അതിന്റെ ഒരു പ്രത്യേകത, കമ്പ്യൂട്ടര്‍ അധ്യാപകര്‍ കമ്പനി എംപ്ലോയീസ്‌ ആണെന്നുള്ളതാണ്‌. താല്‌പര്യമുള്ളവര്‍ക്ക്‌ രണ്ടു മാസത്തെ അവധികൊടുക്കും. താമസിക്കുവാന്‍ സ്‌കൂളിനോടനുബന്ധിച്ച്‌ ഹോസ്റ്റലുമുണ്ട്‌.`

`മണിവണ്ണന്‍, ഇതാണ്‌ യഥാര്‍ത്ഥത്തില്‍ ജീവിത വിജയം എന്ന്‌ പറയേണ്ടത്‌. നിങ്ങളെ എത്രമാത്രം അനുമോദിച്ചാലും മതിയാവില്ല.` ആ വാക്കുകള്‍ അയാളുടെ ഉള്ളിന്റെ ഉള്ളില്‍ നിന്ന്‌ ഒഴുകി വരികയായിരുന്നു.

`മണിവണ്ണന്‍ തല പുറകിലേക്ക്‌ ചായിച്ച്‌ കണ്ണുകളടച്ചുകൊണ്ട്‌ പറഞ്ഞു. `ഞാന്‍ സംതൃപ്‌തനാണ്‌. പക്ഷെ ഇനിയും അനേകം അനേകം കാര്യങ്ങള്‍ ചെയ്യുവാനുണ്ട്‌. അതിനായി കൂടുതല്‍ ബിസിനസ്സും വരുമാനവും വേണം. അതിനാണ്‌ ഞാന്‍ ഈ കോണ്‍ഫറന്‍സില്‍ വന്നിരിക്കുന്നത്‌.`

മണിവണ്ണന്‍ മുന്നോട്ട്‌ നീങ്ങിയിരുന്ന്‌ അയാളുടെ കണ്ണുകളില്‍ ഉറ്റുനോക്കി. `അറിയാമോ? എന്റെ മുത്തച്ഛന്‍ കൊളുത്തിയ തിരിക്ക്‌ നിങ്ങളാണ്‌ വീണ്ടും എണ്ണയൊഴിച്ചത്‌?

`ഞാനോ? എങ്ങനെ? ഒരിക്കലുമില്ല`

`കോളേജിനടുത്തുള്ള ഗ്രാമീണര്‍ക്ക്‌ വീടുപണിയുവാനും സ്‌കൂള്‍ കെട്ടിടം റിപ്പയര്‍ ചെയ്യുവാനും നമ്മള്‍ പോയിരുന്നത്‌ ഓര്‍ക്കുന്നില്ലേ. ഞാന്‍ ആ സംഘത്തില്‍ ആദ്യമായി പോയപ്പോള്‍ അന്നത്തെ നേതാവ്‌ നിങ്ങളായിരുന്നു. കുറെ എഞ്ചിനിയേഴ്‌സ്‌ ഒത്തുപിടിച്ചാല്‍ മലയും മറിക്കാമെന്ന്‌ അന്ന്‌ എനിക്ക്‌ മനസ്സിലായി.`

ഓര്‍മ്മകളുടെ അടിയില്‍ അയാള്‍ പരതി നോക്കി. ശരിയാണ്‌. എന്നേ അണഞ്ഞ അത്തരം ഒരു നാളം ഒരിക്കല്‍ തന്റെയുള്ളിലും ഉണ്ടായിരുന്നു.

`അമേരിക്കയില്‍ ബിസിനസ്സ്‌ വളര്‍ത്തിയെടുക്കാന്‍ കമ്പനിക്ക്‌ ഒരു മാര്‍ക്കറ്റിങ്‌ വൈസ്‌ പ്രസിഡന്റിനെ ആവശ്യമുണ്ട്‌. നിങ്ങളേക്കാള്‍ അനുയോജ്യനായ മറ്റൊരാള്‍ ഉണ്ടന്ന്‌ തോന്നുന്നില്ല. ഇപ്പോളുള്ള സാലറി ഒരിക്കലും മാച്ച്‌ ചെയ്യുവാന്‍ ഞങ്ങള്‍ക്ക്‌ സാധിക്കില്ല, പക്ഷെ എല്ലാ വര്‍ഷവും കമ്പനി ചിലവില്‍ നിങ്ങള്‍ക്ക്‌ തൂത്തുക്കുടിയില്‍ കടല്‍ത്തീരത്തുള്ള സ്‌കൂള്‍ ഹോസ്റ്റലില്‍ താമസിക്കാം, കുട്ടികളെ പഠിപ്പിക്കാം, അവരുടെകൂടെ ഭക്ഷണം കഴിക്കാം.`

`മറ്റൊന്നുകൂടിയുണ്ട്‌,: മണിവണ്ണന്‍ ചിരിച്ചുകൊണ്ട്‌ കൂട്ടിച്ചേര്‍ത്തു. `കുട്ടികളുടെ ചിരിയും കടലുപ്പും ഫ്രഷ്‌ ആണ്‌, എത്രവേണമെങ്കിലും ഫ്രീയായി ആസ്വദിക്കാം'.

`പണവും പെരുമയും ആവശ്യത്തിനായി മണിവണ്ണാ, ഇനി വേണ്ടത്‌ സന്തോഷവും സംതൃപ്‌തിയുമാണ്‌.?

ഈ ഉപ്പ്‌ തൊഴിലാളി തന്റെ മുന്നില്‍ ഒരു സൂര്യനെപ്പോലെ കത്തിജ്വലിക്കുകയാണ്‌.

ആ പ്രഭയില്‍, ആ വാക്കുകളുടെ ഊഷ്‌മളതയില്‍ തെന്റെ ആത്മാവില്‍ ഉപ്പുകല്ലുകള്‍ വിളഞ്ഞുവരുന്നു. ഒപ്പം ഊട്ടിയില്‍ പഠിച്ച സ്‌കൂളിലെ ഫാദര്‍ പോളിന്റെ വാക്കുകള്‍ ഓര്‍മ്മയുടെ അടിത്തട്ടില്‍ എവിടെയോ നിന്ന്‌ പൊങ്ങിവരുന്നു`യൂ ആര്‍ ദി സാള്‍ട്‌ ഓഫ്‌ ദി എര്‍ത്ത്‌. ഉപ്പു രസം നഷ്ടപ്പെട്ട്‌ നിങ്ങള്‍ ആര്‍ക്കും പ്രയോജനമില്ലാത്തവരായിക്കൂടാ'

`ഞാന്‍ സീരിയസായി പറഞ്ഞതാണ്‌. ആലോചിക്കൂ, ആ കുട്ടികള്‍ക്ക്‌ നിങ്ങളേപ്പോലുള്ളവരെ ആവശ്യമാണ്‌. നമുക്ക്‌ നാളെ വീണ്ടും കാണാം' മണിവണ്ണന്‍ വാച്ചില്‍ നോക്കി. സ്‌കൂളില്‍ പ്രാര്‍ത്ഥന സമയമായി. `ഭൂമിയുടെ ഏതുകോണിലാണെങ്കിലും കുട്ടികളോടൊപ്പം ഞാന്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കും.'

മണിവണ്ണന്‍ സെല്‍ഫോണെടുത്ത്‌ സ്‌കൂളിന്റെ നമ്പര്‍ ഡയല്‍ ചെയ്‌ത്‌ സ്‌പീക്കര്‍ ഫോണ്‍ ഓണാക്കി മേശപ്പുറത്തു വച്ചു. സ്‌കൂള്‍ ആ വിളി പ്രതീക്ഷിച്ചിരിക്കുകയായിരുന്നുവെന്നു തോന്നി. കുട്ടികളുടെ പ്രാര്‍ത്ഥനാഗീതം ഉടനെ തുടങ്ങി.

തന്നെ നോക്കി ഒന്ന്‌ ചിരിച്ച ശേഷം കൈകൂപ്പി കണ്ണുകള്‍ അടച്ച്‌ കുട്ടികളോടൊപ്പം പ്രാര്‍ത്ഥന ഉരുവിടുന്ന മണിവണ്ണനെ കുറച്ചു സമയം നോക്കിനിന്ന ശേഷം അയാള്‍ പതുക്കെ കതക്‌ തുറന്ന്‌ മുറിക്കു പുറത്തിറങ്ങി.

ഹാള്‍വെയിലെ ലൈറ്റ്‌ ഇപ്പോള്‍ പ്രകാശിക്കുന്നുണ്ടായിരുന്നു.

സ്വന്തം മുറിയിലേക്ക്‌ പോകുന്നതിനു പകരം അയാള്‍ ഗ്രൌണ്ട്‌ ഫ്‌ലോറിലുള്ള റസ്‌റ്റോറണ്ടിലേക്കാണ്‌ പോയത്‌. അവിടെ ആദ്യം കണ്ട മേശക്കടുത്തു ചെന്ന്‌ ഉപ്പുകുപ്പിയെടുത്ത്‌ കുറച്ച്‌ ഉപ്പ്‌ വായില്‍ കുടഞ്ഞിട്ടു.

അടുത്ത മേശയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരുടെ വിചിത്രമായ നോട്ടത്തിനു മറുപടിയായി ഉള്ളു തുറന്നു ചിരിച്ചശേഷം അയാള്‍ പുറത്തേക്ക്‌ നടന്നു.


image
Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
മായാത്ത കറുപ്പ് (കവിത - ബിന്ദു ടിജി)
ഒരു കഥയില്ലാക്കഥ. (കഥ : രമണി അമ്മാൾ )
അടുത്തടുത്ത വീടുകളിൽ ( കവിത : ആൻസി സാജൻ )
വെറുതെ ഒരുസ്വപ്നം ( കഥ : സൂസൻ പാലാത്ര )
മാതൃഭാഷാദിനം (കവിത: രേഖാ ഷാജി മുംബൈ)
ബുദ്ധന്റെ കൂടുമാറ്റം (കവിത: വേണുനമ്പ്യാർ)
നീലച്ചിറകുള്ള മൂക്കുത്തികൾ -- 53 - സന റബ്സ്
ഗർഭപാത്രം (കഥ : പാർവതി പ്രവീൺ ,മെരിലാൻഡ്)
പാമ്പും കോണിയും - നിർമ്മല - നോവൽ - 34
തനയ ദുഃഖം ( കവിത : സിസിലി. ബി (മീര) )
വിഷവൃക്ഷം (ചെറുകഥ-സാംജീവ്)
താമസൻ (കവിത: ഉഷാ ആനന്ദ്)
ഐക്കനും വർക്കിയും (കഥ-കെ. ആർ. രാജേഷ്‌)
കേരള സാഹിത്യ അക്കാഡമി സമഗ്ര സംഭാവന പുരസ്കാരം റോസ്മേരിക്ക് : ആൻസി സാജൻ
മാസ്ക്കുകൾ പറയാത്തത് (കഥ : ശ്രീജ പ്രവീൺ)
സ്‌നേഹത്തിന്‍ മഞ്ജീര ശിഞ്ജിതങ്ങള്‍ (കവിത: മാര്‍ഗരറ്റ് ജോസഫ്)
കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -3: കാരൂര്‍ സോമന്‍)
ഒരു സുവിശേഷകന്റെ ജനനം (കഥ: - ജോണ്‍ കൊടിയന്‍, സാന്‍ ഫ്രാന്‍സിസ്‌കോ)
വഴിവിളക്കുകൾ കഥ പറയുന്നു ( കവിത :സൂസൻ പാലാത്ര )
പെണ്ണ്(ഗദ്യകവിത:ദീപ ബിബീഷ് നായര്‍(അമ്മു)

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut