Image

ചലച്ചിത്രമേള: അവാര്‍ഡുകളുടെ പേരില്‍ വീണ്ടും വിവാദം

Asha Panicker Published on 30 November, 2014
ചലച്ചിത്രമേള: അവാര്‍ഡുകളുടെ പേരില്‍ വീണ്ടും വിവാദം
നെറ്റ്‌പാക്‌, ഫിപ്രസി പുരസ്‌കാരങ്ങള്‍ നിലനിര്‍ത്തിയില്ലെങ്കില്‍ തിരികെ നല്‍കുമെന്ന്‌ ലെനിന്‍ രാജേന്ദ്രന്‍
തിരുവനന്തപുരം: ചലച്ചിത്രമേളയില്‍ നെറ്റ്‌പാക്‌, ഫിപ്രസി പുരസ്‌കാരങ്ങള്‍ നിലനിര്‍ത്തിയില്ലെങ്കില്‍ തനിക്ക്‌ ലഭിച്ച പുരസ്‌കാരങ്ങള്‍ പ്രതിനിധികള്‍ക്കു മുന്നില്‍ വച്ച്‌ ജൂറിയെ തിരിച്ചേല്‍പ്പിക്കുമെന്ന്‌ സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍. സംവിധായകരായ ഡോ. ബിജു, ശശി പരവൂര്‍ എന്നിവര്‍ക്കൊപ്പം പത്രസമ്മേളനത്തില്‍ സംസാരിക്കവേയാണ്‌ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്‌. പുരസ്‌കാരങ്ങള്‍ നിര്‍ത്തുന്നതിനായി പറഞ്ഞ കാരണങ്ങള്‍ ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയുന്നതല്ലെന്നും പുരസ്‌കാരത്തിന്‌ കടലാസിന്റെ വിവ മാത്രമാണുള്ളതെന്ന നിലപാട്‌ ശരിയല്ലെന്നും ലെനിന്‍ രാജേന്ദ്രന്‍ പറഞ്ഞു.
നെറ്റ്‌പാക്‌, ഫിപ്രസി അവാര്‍ഡുകള്‍ നിര്‍ത്താനുള്ള തീരുമാനം അംഗീകരിക്കാനാവില്ല. ആറു ഫിപ്രസി അവാര്‍ഡുകള്‍ നേടിയവരാണ്‌ ഇപ്പോള്‍ അതിനു കടലാസിന്റെ വില പോലുമില്ലെന്നു പറയുന്നത്‌. മലയാള സിനിമയ്‌ക്കു മാത്രം ഫിപ്രസി അവാര്‍ഡ്‌ നല്‍കേണ്ടന്നാണ്‌ ഇപ്പോഴത്തെ തീരുമാനം. അതേസമയം ഫിപ്രസി, നെറ്റ്‌പാക്‌ അവാര്‍ഡുകള്‍ നിര്‍ണയിക്കുന്നതിനു കോടിക്കണക്കിനു രൂപ ചെലവാക്കി വിധികര്‍ത്താക്കളെ കൊണ്ടുവരുന്നുണ്ട്‌.
മലയാളത്തില്‍ നിന്നുമത്സരിക്കുന്ന ഒമ്പത്‌ ചിത്രങ്ങളും കഴിഞ്ഞവര്‍ഷം മത്സരത്തിനുണ്ടായിരുന്ന മൂന്നു ചിത്രങ്ങളുമടക്കം ആകെ പന്ത്രണ്ട്‌ ചിത്രങ്ങള്‍ ഇവര്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ച ശേഷം തിരഞ്ഞെടുക്കപ്പെടുന്ന നാലോ അഞ്ചോ ചിത്രങ്ങള്‍ക്ക്‌ കാഷ്‌ അവാര്‍ഡ്‌ നല്‍കുമെന്നാണ്‌ അക്കാദമി ചെയര്‍മാന്‍ പറയുന്നത്‌. മത്സര വിഭാഗത്തില്‍ ഈ വര്‍ഷം പുറത്തിറങ്ങിയ ചിത്രങ്ങള്‍ മാത്രമേ പ്രദര്‍ശിപ്പിക്കാവൂ എന്നിരിക്കേ രാജ്യാന്തര ചലച്ചിത്രമേളയില്‍ കഴിഞ്ഞ വര്‍ഷത്തെ മൂന്നു ചിത്രങ്ങള്‍ കൂടി മത്സര വിഭാഗത്തിലേക്കു തിരഞ്ഞെടുത്ത ചലച്ചിത്ര അക്കാദമിക്കെതിരേയാണ്‌ സംവിധായകരായ ലെനിന്‍ രാജേന്ദ്രന്‍, ഡോ. ബിജു, ശശി പരവൂര്‍ എന്നിവര്‍ ശക്തമായി പ്രതിഷേധിച്ചു. എന്തു മാനദണ്‌ഡത്തിന്റെ അടിസ്ഥാന്തതിലാണ്‌ മൂന്നു സിനിമകള്‍ മാത്രം തിരഞ്ഞെടുത്തതെന്നും അധികൃതര്‍ വ്യക്തമാക്കണം. കഴിഞ്ഞ വര്‍ഷം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാത്ത മൂന്നു ചിത്രങ്ങളടക്കം 12 മലയാള ചിത്രങ്ങളാണ്‌ ഇത്തവണ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്‌. കഴിഞ്ഞ വര്‍ഷത്തെ സിനിമകള്‍ വീണ്ടും ഇത്തവണ മേളയില്‍ ഉള്‍പ്പെടുത്തുന്നത്‌ തികച്ചും അസംബന്ധമാണ്‌. ആരെയൊക്കയോ പ്രീണിപ്പിക്കുന്നതിനും കൂടെ നിര്‍ത്തുന്നതിനും വേണ്ടിയാണ്‌ മേളയില്‍ തിരുത്തലുകള്‍ വരുത്തുന്നത്‌.
മേളയുടെ ഭാരവാഹികള്‍ തന്നെ ചലച്ചിത്രമേള അലങ്കോലമാക്കാന്‍ ശ്രമിക്കുകയാണ്‌. ഇതിന്റെ ഭാഗമായാണ്‌ ആദ്യം മുതല്‍ തന്നെ പലതരത്തിലുമുളള പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നത്‌. മേളയെ പരാജയപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ ആരാണെന്നു പറയാനുള്ള ഉത്തരവാദിത്വവും ഭാരവാഹികള്‍ക്കുണ്ട്‌. പല ചലച്ചിത്രോത്സവങ്ങളിലും ആളുകളെത്തുന്നില്ല. ജനപങ്കാളിത്തമാണ്‌ കേരളത്തിലെ ചലച്ചിത്രമേളയുടെ ഏറ്റവും വലിയ പ്രത്യേകത. കേരളത്തിലെ ചലച്ചിത്രോത്സവത്തില്‍ മലയാളികള്‍ പങ്കെടുത്ത്‌ അതിനെ ആഘോഷമാക്കി മാറ്റുകയാണ്‌. ആ സാഹചര്യത്തിലാണ്‌ ഇത്തരം നിലാപടുകളുമായി ഭാരവാഹികള്‍ മുന്നോട്ടു പോകുന്നത്‌. പ്രമാണിമാര്‍ക്ക്‌ സിനിമ കാണാന്‍ അവസരം ലഭിക്കുന്നില്ലെന്ന്‌ പരാതിയുണ്ടെങ്കില്‍ അതിനു വേറെ പരിഹാരം കാണണം. രാജ്യാന്തരമേളയെ പുകമറയ്‌ക്കുള്ളില്‍ നിര്‍ത്തി അലങ്കോലമാക്കാനാണ്‌ സംഘാടകര്‍ ശ്രമിക്കുന്നതെന്ന്‌ ലെനിന്‍ രാജേന്ദ്രന്‍ ആരോപിച്ചു.
ഫെസ്റ്റിവല്‍ കോംപ്‌ളക്‌സ്‌ യാഥാര്‍ഥ്യമാക്കാതെ പരീക്ഷ നടത്തിയിട്ടു കാര്യമില്ല. തിയേറ്ററുകളില്‍ റിസര്‍വേഷന്‍ കൗണ്ടറുകള്‍ നിര്‍ത്തലാക്കി പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനം നടപ്പാക്കിയും ഫെസ്റ്റിവല്‍ ഓഫീസ്‌ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക്‌ മാറ്റിയും മേളയെ ജനങ്ങളില്‍ നിന്ന്‌ അകറ്റാനാണ്‌ സംഘാടകര്‍ ശ്രമിക്കുന്നതെന്ന്‌ ഡോ. ബിജു ആരോപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക