Image

ഡെര്‍ട്ടി പിക്‌ചര്‍ ഹിറ്റാകുമ്പോള്‍...

Published on 09 December, 2011
ഡെര്‍ട്ടി പിക്‌ചര്‍ ഹിറ്റാകുമ്പോള്‍...
ആരായിരുന്നു സില്‍ക്ക്‌ സ്‌മിത. പ്രേക്ഷകന്‍ ആഘോഷിച്ച്‌ തിരസ്‌കരിച്ച ജീവിതം അതായിരുന്നു സില്‍ക്ക്‌ സ്‌മിത. തിരസ്‌കരിക്കപ്പെട്ട ആ ജീവിതത്തിന്റെ ഉത്തരം തേടുകയാണ്‌ ഡെര്‍ട്ടിപിക്‌ചര്‍ എന്ന ബോളിവുഡ്‌ സിനിമ. കഴിഞ്ഞ വാരം റിലീസിനെത്തിയ ഡെര്‍ട്ടി പിക്‌ചര്‍ ഇതിനകം തീയേറ്ററില്‍ നിന്ന്‌ നേടിയ അമ്പത്‌ കോടിയോളം. ബോളിവുഡിലെ സൂപ്പര്‍താരങ്ങള്‍ക്ക്‌ മാത്രം സാധിക്കുന്ന കളക്ഷന്‍ റിക്കോഡ്‌. തീയേറ്ററില്‍ സൂപ്പര്‍ഹിറ്റായി ഡെര്‍ട്ടി പിക്‌ചര്‍ ആഘോഷമാകുന്നത്‌ ചിത്രത്തിലെ നായിക വിദ്യാബാലന്റെ ഗ്ലാമര്‍ പ്രകടനങ്ങള്‍കൊണ്ടു മാത്രമല്ല. മറിച്ച്‌ അത്‌ മറവിയിലേക്ക്‌ പോകാത്ത ഇന്ത്യന്‍ സിനിമയിലെ ഗ്ലാമര്‍ റാണി സില്‍ക്ക്‌ സ്‌മിതയുടെ ജീവിതം പറയുന്നു എന്നതുകൊണ്ടാണ്‌.

അഞ്ചു മിനിറ്റ്‌ മാത്രമുള്ള ഐറ്റം നമ്പര്‍ കൊണ്ട്‌ സിനിമയെ സൂപ്പര്‍ഹിറ്റാക്കിയിരുന്ന റിയല്‍ സൂപ്പര്‍സ്‌റ്റാര്‍ അതായിരുന്നു സില്‍ക്ക്‌ സ്‌മിത. എല്ലാവര്‍ക്കും സ്‌മിതയെ വേണമായിരുന്നു. സൂപ്പര്‍താരങ്ങള്‍ക്കും, നിര്‍മ്മാതാക്കള്‍ക്കും, സംവിധായകര്‍ക്കുമെല്ലാം സില്‍ക്കിന്റെ സാന്നിധ്യം കൂടിയേ കഴിയുമായിരുന്നുള്ളു. പക്ഷെ അഞ്ചുമിനിറ്റുള്ള ഗ്ലാമര്‍ രംഗത്തിനു ശേഷം പുറത്ത്‌ മാറി നില്‍ക്കാനായിരുന്നു സില്‍ക്കിന്റെ വിധി. സില്‍ക്കിനെ വിജയത്തിനായി ഉപയോഗിച്ച സിനിമക്കാര്‍ മുന്‍നിര കസേരകള്‍ നല്‍കാതെ അവളെ ഗ്ലാമര്‍ റാണി മാത്രമാക്കി. സിനിമക്കാരെ പോലെ തന്നെയാണ്‌ പ്രേക്ഷകരും സില്‍ക്കിനെ കണ്ടത്‌. എന്നും ഡെര്‍ട്ടി എന്ന വാക്ക്‌ ഉപയോഗിച്ചു തന്നെയാണ്‌ സില്‍ക്കിനെ പ്രേക്ഷക ലോകവും വിശേഷിപ്പിച്ചത്‌. വീടുകളുടെ അകത്തളങ്ങളില്‍ സില്‍ക്കിന്‌ സ്ഥാനമില്ലായിരുന്നു. പക്ഷെ എല്ലാവരും രഹസ്യമായി സില്‍ക്കിന്റെ സൗന്ദര്യം ആസ്വദിക്കാനും ഇഷ്‌ടപ്പെട്ടിരുന്നു. ഇവിടെയാണണ്‌ ആഘോഷിക്കപ്പെട്ട്‌ തിരസ്‌കരിക്കപ്പെട്ടവളായി സില്‍ക്ക്‌ മാറുന്നത്‌. ഈ സില്‍ക്കിന്റെ കഥ പച്ചയായി പറയുന്നതാണ്‌ മിലന്‍ ലുത്ര സംവിധാനം ചെയ്‌തിരിക്കുന്ന ഡെര്‍ട്ടി പിക്‌ചര്‍ എന്ന ബോളിവുഡ്‌ ചിത്രം.

മലയാളി കൂടിയായ ബോളിവുഡ്‌ താരം വിദ്യാബാലനാണ്‌ ചിത്രത്തില്‍ സില്‍ക്കിനെ അവതരിപ്പിക്കുന്നത്‌. സില്‍ക്ക്‌ എന്ന അതേ പേരില്‍ തന്നെ. ദാരിദ്രത്തില്‍ നിന്നും സിനിമയുടെ വര്‍ണ്ണ ലോകം തേടിപ്പോയ സില്‍ക്ക്‌. അവിടെ ഗ്ലാമറിനെ ലോകം തുറന്നു കിട്ടിയപ്പോള്‍ മടി കൂടാതെ അത്‌ സ്വകരിച്ച സില്‍ക്ക്‌. എന്നാല്‍ താന്‍ സ്‌നേഹിച്ചവര്‍ തന്നെ സ്‌നേഹിച്ചിരുന്നില്ല എന്ന്‌ തിരിച്ചറിവില്‍ അവസാനം ആത്മഹത്യ ചെയ്‌ത സില്‍ക്ക്‌. സില്‍ക്കിന്റേത്‌ ഒരു ഒറ്റപ്പെട്ട ജീവിതമല്ല. ഗ്ലാമറിന്റെ വെള്ളിവെളിച്ചത്തിലെത്താന്‍ സിനിമയുടെയും, മോഡലിംഗിന്റെയും ലോകത്തേക്ക്‌ എടുത്തെറിയപ്പെടുന്ന ഒരുപാട്‌ പെണ്‍കുട്ടികളുടെ കഥയാണ്‌. ചിലര്‍ സില്‍ക്കിനെപോലെ പ്രശസ്‌തരാകുന്നു. ഭൂരിഭാഗവും ആരുമറിയാതെ എവിടെയൊക്കെയോ എത്തിച്ചേരുന്നു. ഇത്തരം യാഥാര്‍ഥ്യങ്ങളിലേക്ക്‌ കൂടി വിരല്‍ ചൂണ്ടുന്നു എന്നതാണ്‌ ഡെര്‍ട്ടി പിക്‌ചര്‍ എന്ന സിനിമയുടെ പ്രത്യേകത.

കപടമായ ഒരു സദാചാര ബോധത്തിന്റെ ആപേക്ഷികമായ ശരിതെറ്റുകളുടെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു സില്‍ക്ക്‌ സ്‌മിതയെന്ന്‌ ഡെര്‍ട്ടി പിക്‌ചര്‍ ഓര്‍മ്മപ്പെടുത്തുന്നു. ഇറക്കം കുറഞ്ഞ കുട്ടിയുടുപ്പുകള്‍ അണിഞ്ഞ്‌ സ്‌ക്രീനിലെത്തുന്ന സില്‍ക്കിനെ ഹരം പിടിപ്പിക്കുന്ന ലഹരിയായി മാത്രമേ അവളുടെ കാലം കണ്ടിട്ടുള്ളു. പക്ഷെ ഇന്ന്‌ ബോളിവുഡിലെയും കോളിവുഡിലെയും താര റാണിമാര്‍ സില്‍ക്ക്‌ അവതരിപ്പിച്ചിരുന്നതിനേക്കാള്‍ ഗ്ലാമര്‍ വേഷങ്ങളില്‍ വെള്ളിത്തിരയിലെത്തുമ്പോള്‍ ഇന്നത്‌ ബോള്‍ഡ്‌ എന്ന വിശേഷണത്തോടെ കുടുംബ സദസുകളില്‍ പോലും സ്വകരിക്കപ്പെടുന്നു. ഇവിടെയാണ്‌ സിനിമാ ലോകവും പ്രേക്ഷക ലോകവും സില്‍ക്ക്‌ സ്‌മിതയെന്ന താരത്തോടെ നീതിപുലര്‍ത്തിയിരുന്നോ എന്ന്‌ ചോദിക്കപ്പെടുന്നത്‌. ഡെര്‍ട്ടി പിക്‌ചര്‍ മുമ്പോട്ടു വെക്കുന്ന ചോദ്യവും ഇത്‌ തന്നെ.

വലിയ മോഹങ്ങള്‍ പേറി വീടുവിട്ടിറങ്ങുന്ന രേഷ്‌മയുടെ കഥയാണ്‌ ഡെര്‍ട്ടിപിക്‌ചറില്‍ പറയുന്നത്‌. രേഷ്‌മയുടെ ഏറ്റവും വലിയ ആഗ്രഹം സിനിമയിലെത്തുക എന്നതായിരുന്നു. എന്നാല്‍ ഗ്ലാമര്‍ നര്‍ത്തകിയാവുക എന്നതായിരുന്നു അവളുടെ നിയോഗം. അവള്‍ക്ക്‌ സില്‍ക്ക്‌ എന്ന ചലച്ചിത്രലോകം പേരിട്ടു. സന്തോഷത്തോടെ തന്നെ അവള്‍ അത്‌ ഏറ്റെടുക്കുകയും ചെയ്‌തു. തന്റെ മുമ്പിലെ ചിരിക്കുന്ന മുഖങ്ങളെല്ലാം തന്നെ സ്‌നേഹിക്കുന്നവര്‍ എന്ന്‌ വിശ്വസിച്ച്‌ സിനിമകളുടെ വിജയഘടമായി അവള്‍ നിന്നുകൊടുത്തു. എന്നാല്‍ ഒരു മസാലക്കൂട്ട്‌ എന്നതിനപ്പുറം തന്നെ ആരും പരിഗണിച്ചിരുന്നില്ല എന്നത്‌ രേഷ്‌മ തിരിച്ചറിയുന്നത്‌ വളരെ വൈകിയാണ്‌. അപ്പോഴേക്കും ഒരു തിരിച്ചുവരാന്‍ കഴിയാത്ത വിധം സെക്‌സ്‌ സിംബലായി മാറിക്കഴിഞ്ഞിരുന്നു രേഷ്‌മ. അപ്പോഴും അവള്‍ ആരോടും പരാതി പറയുന്നില്ല. ആരോടും പരാതികളില്ലാതെ അവള്‍ തന്നിലേക്ക്‌ തന്നെ ഒതുങ്ങാന്‍ ആഗ്രഹിച്ചു. എന്നാല്‍ അവസാനം എല്ലാ ആഘോഷങ്ങള്‍ക്കും ശേഷം താന്‍ തിരസ്‌കരിക്കപ്പെടുകയാണ്‌ എന്ന തിരിച്ചറിവ്‌ രേഷ്‌മയെ ആത്മഹത്യയില്‍ കൊണ്ടെത്തിക്കുന്നു.

ഡെര്‍ട്ടി പിക്‌ചറിലെ രേഷമയുടെ ഈ കഥ തന്നെയായിരുന്നില്ലേ യഥാര്‍ഥ ജീവിതത്തില്‍ സില്‍ക്ക്‌ സ്‌മിതയുടെയും. ഡെര്‍ട്ടിപിക്‌ചറില്‍ സില്‍ക്ക്‌ സ്‌മിതയായി വിദ്യാബാലന്‍ മികച്ച പ്രകടനം തന്നെയാണ്‌ കാഴ്‌ചവെക്കുന്നത്‌. ബോളിവുഡിലാണെങ്കിലും പോലും അമിതമായ ഗ്ലാമര്‍ റോളുകളില്‍ അഭിനയിക്കാതെ മാറി നിന്നിരുന്ന വിദ്യയുടെ പുതിയ ഗ്ലാമര്‍ റോള്‍ പ്രേക്ഷകരെയും സിനിമാ ലോകത്തെയും ശരിക്കും അമ്പരപ്പിക്കുക തന്നെ ചെയ്‌തിട്ടുണ്ട്‌. ചിത്രത്തില്‍ നസറുദ്ദീന്‍ഷാ, ഇമ്രാന്‍ ഹാഷ്‌മി, തുഷാര്‍ കപൂര്‍ എന്നിവരും വേഷമിടുന്നുണ്ട്‌.

35ാം വയസില്‍ ചെന്നൈയിലെ ഫ്‌ളാറ്റ്‌ മുറിയില്‍ തുങ്ങി മരിച്ച സില്‍ക്കിന്റെ ജീവിതവും ഏതാണ്ട്‌ ഡെര്‍ട്ടി പിക്‌ചറിലെ രേഷ്‌മയുടേത്‌ പോലെ തന്നെയായിരുന്നു. 14ാം വയസില്‍ നിത്യവൃത്തിക്ക്‌ വകയില്ലാതെ വിവാഹം ചെയ്യേണ്ടി വന്ന വിജയലക്ഷമി. പിന്നീട്‌ ഭര്‍ത്താവിന്റെ വീട്ടിലെ പീഡനങ്ങള്‍ സഹിക്കാന്‍ വയ്യാതെ ചെന്നൈയിലേക്ക്‌ ഒളിച്ചോടേണ്ടി വന്നു അവള്‍ക്ക്‌. അങ്ങനെ എത്തുന്നവരുടെ അക്കാലത്തെ അഭയകേന്ദ്രമായിരുന്നു കോടമ്പാക്കം. കോടമ്പാക്കത്തു നിന്നു തന്നെയാണ്‌ സില്‍ക്കായി മാറിയ വിജയലക്ഷമിയുടെ കഥയും ആരംഭിക്കുന്നത്‌. പിന്നീട്‌ 1979ല്‍ വണ്ടിചക്രം എന്ന തമിഴ്‌ചിത്രത്തില്‍ ബാര്‍ഗേളിന്റെ വേഷം ചെയ്‌തുകൊണ്ട്‌ സില്‍ക്ക്‌ സ്‌മിതയുടെ കരിയര്‍ ആരംഭിക്കുന്നു. എന്നാല്‍ ഗ്ലാമര്‍ നൃത്തരംഗങ്ങളില്‍ അവളെ ഉപയോഗിക്കാനായിരുന്നു സിനിമാ ലോകത്തിന്‌ താത്‌പര്യം. ചില സംവിധായകരെങ്കിലും സ്‌മിതയിലെ അഭിനേത്രിയെയും തിരിച്ചറിഞ്ഞിരുന്നു എന്നു പറയാതെ വയ്യ.

ബാലുമഹേന്ദ്രയുടെ മുന്നാം പിറയും, മലയാള ചിത്രമായ അഥര്‍വ്വവും ഭാരതി രാജയുടെ അലൈകള്‍ ഒയ്‌വതില്ലൈ എന്ന ചിത്രവുമൊക്കെ ഇതിന്‌ ഉദാഹരണങ്ങളാണ്‌. എന്നാല്‍ ഗ്ലാമര്‍ ലോകത്തിനും അപ്പുറത്ത്‌ സ്‌മിതയക്ക്‌ ഒരു കസേര നല്‍കാന്‍ സിനിമാ ലോകം മിക്കപ്പോഴും തയാറായില്ല. ഡെര്‍ട്ടിപിക്‌ചര്‍ എന്ന ചിത്രത്തിലെ സില്‍ക്ക്‌ ജീവിതത്തില്‍ സില്‍ക്കിന്‌ ചോദിക്കാന്‍ കഴിയാതെ പോയെ ചോദ്യം പ്രേക്ഷകരോടും സിനിമാ ലോകത്തോടും ചോദിക്കുന്നുമുണ്ട്‌.

സിനിമയുടെ വിജയത്തിനായി നിങ്ങള്‍ക്ക്‌ എന്നെ വേണം. പക്ഷെ എന്നിട്ടും ഗ്ലാമര്‍ നര്‍ത്തകിയായി എന്നെ മാറ്റി നിര്‍ത്തുന്നു. കുടുംബ സദസുകള്‍ക്ക്‌ എന്നെ കാണാന്‍ കഴിയില്ല എന്ന്‌ നിങ്ങള്‍ പറയുന്നു. എന്നിട്ടും സ്വകാര്യമായി നിങ്ങള്‍ എന്റെ ചിത്രങ്ങള്‍ കാണാന്‍ തീയേറ്ററുകളിലെത്തുന്നു. യഥാര്‍ഥത്തില്‍ ഞാനോ നിങ്ങളോ, തെറ്റുകാരി എന്ന്‌ സില്‍ക്ക്‌ ചോദിക്കുന്നുണ്ട്‌. സില്‍ക്ക്‌ സ്‌മിതയുടെ ജീവിതത്തില്‍ അവരും ഇങ്ങനെയൊരു ചോദ്യം ചോദിക്കണമെന്ന്‌ ആഗ്രഹിച്ചിരുന്നിട്ടുണ്ടാകും. പക്ഷെ അതിന്‌ കഴിയാതെ ജീവിതത്തോടും തന്നെ ആഘോഷിച്ച്‌ വലിച്ചെറിഞ്ഞ സിനിമാ ലോകത്തോടും വിടപറഞ്ഞു പോകാനായിരുന്നു സില്‍ക്കിന്റെ വിധി.

എങ്കിലും കാലങ്ങള്‍ക്കിപ്പുറം സില്‍ക്ക്‌ ഓര്‍ക്കപ്പെടുകയാണ്‌. കണ്ടു രസിക്കാനുള്ള ഗ്ലാമര്‍ ഗേളിനും അപ്പുറം അവരിലും ഒരു ജീവിതം ഉണ്ടായിരുന്നു എന്ന്‌ കണ്ടെത്തുകയാണ്‌ ഡെര്‍ട്ടി പിക്‌ചര്‍. അതുകൊണ്ടു തന്നെയാവും ഡെര്‍ട്ടിപിക്‌ചര്‍ ഹിറ്റ്‌ ചാര്‍ട്ടുകളിലേക്ക്‌ കടന്നു കയറുന്നതും.
ഡെര്‍ട്ടി പിക്‌ചര്‍ ഹിറ്റാകുമ്പോള്‍...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക