Image

എഴുത്തിലെ കരുത്തര്‍ക്ക്‌ ലാനയുടെ ആദരം

ജോയിച്ചന്‍ പുതുക്കുളം Published on 01 December, 2011
എഴുത്തിലെ കരുത്തര്‍ക്ക്‌ ലാനയുടെ ആദരം
ന്യൂയോര്‍ക്ക്‌: അമേരിക്കന്‍ മലയാളി സാഹിത്യലോകത്ത്‌ അക്ഷരവസന്തമൊരുക്കുന്ന പ്രമുഖ എഴുത്തുകാരെ ലാന ആദരിച്ചു. ന്യൂയോര്‍ക്കില്‍ സമാപിച്ച എട്ടാമത്‌ ലാന നാഷണല്‍ കണ്‍വെന്‍ഷനില്‍ വെച്ചാണ്‌ ആകമാന പ്രവാസി സമൂഹത്തിന്‌ അഭിമാനമായി അമേരിക്കന്‍ മണ്ണില്‍ സാഹിത്യ സപര്യ നടത്തുന്ന കരുത്തരായ എഴുത്തുകാരെ ആദരിച്ചത്‌. പ്രമുഖ നോവലിസ്റ്റും ലേഖകനുമായ ജോര്‍ജ്‌ മണ്ണിക്കരോട്ട്‌, പ്രശസ്‌ത കഥാകൃത്ത്‌ ജോണ്‍ മാത്യു, അറിയപ്പെടുന്ന സഞ്ചാര സാഹിത്യകാരന്‍ എം.സി ചാക്കോ മണ്ണാര്‍കാട്ടില്‍, പ്രശസ്‌ത പത്രപ്രവര്‍ത്തകന്‍ ജോര്‍ജ്‌ ജോസഫ്‌ എന്നിവരാണ്‌ ലാനയുടെ വിശിഷ്‌ടാംഗീകാരത്തിന്‌ തെരഞ്ഞെടുക്കപ്പെട്ടത്‌. ലാനാ കണ്‍വെന്‍ഷന്റെ സമാപന സമ്മേളനത്തില്‍ വെച്ച്‌ പ്രസിഡന്റ്‌ ഏബ്രഹാം തെക്കേമുറി പ്രശംസാ ഫലകം നല്‍കി അവാര്‍ഡ്‌ ജേതാക്കളെ ആദരിച്ചു.

വടക്കേ അമേരിക്കയിലെ മലയാളി സാഹിത്യപ്രവര്‍ത്തനങ്ങളുടെ ദശകങ്ങളുടെ ചരിത്രവും നാള്‍വഴികളും രാജ്യമൊട്ടാകെ സഞ്ചരിച്ചുകൊണ്ട്‌ ആഴത്തില്‍ പഠിച്ച്‌ അവതരിപ്പിച്ച പ്രമുഖനായ എഴുത്തുകാരനാണ്‌ ജോര്‍ജ്‌ മണ്ണിക്കരോട്ട്‌. മുന്‍ഗാമികള്‍ പിന്നിട്ട അക്ഷരവഴികളിലൂടെ വര്‍ഷങ്ങള്‍ നീണ്ട അദ്ദേഹത്തിന്റെ ഗവേഷണ പ്രയാണം `അമേരിക്കയിലെ മലയാള സാഹിത്യ ചരിത്രം' എന്ന അമൂല്യ ഗ്രന്ഥത്തിന്‌ വഴിതുറന്നപ്പോള്‍ അമ്മ മലയാളത്തിന്‌ അമേരിക്കന്‍ മലയാളികളുടെ മികച്ചൊരു സ്‌നേഹോപഹാരവും തലമുറകള്‍ക്ക്‌ പ്രയോജനകരവുമായൊരു റഫറന്‍സ്‌ ഗ്രന്ഥവുമായി. അമേരിക്കയിലെ ആദ്യത്തെ മലയാള നോവലായ `എഴുത്തിന്റെ കണ്ണുനീര്‍' ഉള്‍പ്പടെ മൂന്ന്‌ നോവലുകളും രണ്ട്‌ കഥാ സമാഹാരങ്ങളും ഒരു ലേഖന സമാഹാരവും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. `കേരള നാദം' ചീഫ്‌ എഡിറ്റര്‍, കേരള റൈറ്റേഴ്‌ ഫോറം, മലയാളി അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ എന്നിവയുടെ പ്രസിഡന്റ്‌ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. `അഗ്നി യുദ്ധം' എന്ന നോവലിന്‌ പ്രഥമ ഫൊക്കാന സാഹിത്യ അവാര്‍ഡ്‌ ലഭിച്ച മണ്ണിക്കരോട്ട്‌ വിവിധ ഫൊക്കാന, ഫോമ കണ്‍വെന്‍ഷനുകളില്‍ സാഹിത്യ സെമിനാറുകള്‍ക്ക്‌ നേതൃത്വം വഹിച്ചിരുന്നു. അമേരിക്കയിലും കേരളത്തിലും പ്രസിദ്ധീകരിക്കുന്ന ആനുകാലികങ്ങളില്‍ ലേഖനങ്ങള്‍ എഴുതുന്ന അദ്ദേഹം നിലവില്‍ മലയാളം സൊസൈറ്റി ഓഫ്‌ അമേരിക്കയുടെ പ്രസിഡന്റായി പ്രവര്‍ത്തിക്കുന്നു.

ലാനയുടെ വിശിഷ്‌ടാംഗീകാരത്തിന്‌ തെരഞ്ഞെടുക്കപ്പെട്ട ജോണ്‍ മാത്യു അമേരിക്കയിലെ മികച്ച കഥാകൃത്തുക്കളില്‍ പ്രഥമഗണനീയനാണ്‌. അമേരിക്കന്‍ വന്‍കരയില്‍ കുടിയേറിയ മലയാളി മനസ്സിന്റെ ഗൃഹാതുരതകള്‍ക്കപ്പുറം അവര്‍ ജീവിക്കുന്ന കാലത്തിന്റെ അവസ്ഥകളും നേട്ടങ്ങളുമെല്ലാം കലാത്മകമായി അതരിപ്പിക്കുന്ന ശ്രദ്ധേയമായ ചെറുകഥകള്‍ രചിക്കുന്ന അദ്ദേഹം `മലയാളം പത്രം' അവാര്‍ഡ്‌, `ഫൊക്കാന' അവാര്‍ഡ്‌ എന്നിങ്ങനെ വിവിധ അംഗീകാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്‌. ലാനയുടെ മുന്‍ ട്രഷറര്‍ കൂടിയായ ജോണ്‍ മാത്യു കേരള റൈറ്റേഴ്‌സ്‌ ഫോറം പ്രസിഡന്റ്‌, ഹൂസ്റ്റണ്‍ കേരള ഡയറക്‌ടറി, ഇന്ത്യാ ന്യൂസ്‌ റിവ്യൂ എന്നിവയുടെ എഡിറ്റര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ഉടുപ്പുകളുടെ ഘോഷയാത്ര, കുടിയേറ്റം മുതല്‍ മടക്കയാത്രവരെ, നിറംപിടിപ്പിച്ച ലോകം, ആനയും അന്തകവിത്തും, ജോണ്‍ മാത്യുവിന്റെ കഥകള്‍ എന്നിങ്ങനെ അഞ്ച്‌ കഥാസമാഹാരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. വിവിധ പത്രമാസികകളില്‍ പംക്തികള്‍ കൈകാര്യം ചെയ്യുന്നു.

മാധ്യമ വിഭാഗത്തില്‍ ലാന പുരസ്‌കാരം നേടിയ ജോര്‍ജ്‌ ജോസഫ്‌ അമേരിക്കയിലെ മികച്ച പത്ര പ്രവര്‍ത്തകനും പത്രപ്രവര്‍ത്തകരുടെ മാര്‍ഗ്ഗദീപവുമാണ്‌. മലയാള മനോരമയിലെ ദീര്‍ഘകാലത്തെ പ്രവര്‍ത്തനത്തിനുശേഷം അമേരിക്കയിലേക്ക്‌ കുടിയേറിയ ജോര്‍ജ്‌ ജോസഫ്‌ മലയാളം പത്രം, ഇ മലയാളി ഡോട്ട്‌കോം എന്നീ മാധ്യമങ്ങളില്‍ സേവനം അനുഷ്‌ഠിക്കുന്നു. ഇന്ത്യാ പ്രസ്‌ ക്ലബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ സ്ഥാപക നേതാവും പ്രഥമ പ്രസിഡന്റുമായിരുന്നു.

ലാനയുടെ വിശിഷ്‌ടാംഗീകാരം നേടിയ എം.സി. ചാക്കോ മണ്ണാര്‍കാട്ടില്‍ മലയാള സഞ്ചാര സാഹിത്യത്തിന്‌ അമേരിക്കന്‍ മലയാളികളുടെ വിലപ്പെട്ട സംഭാവനയാണ്‌. ന്യൂയോര്‍ക്കിലെ ജീവിതത്തിനിടയിലും റിട്ടയര്‍മെന്റിനുശേഷവും ലോകമെമ്പാടും സഞ്ചരിച്ചുകൊണ്ട്‌ കാഴ്‌ചയുടെ വര്‍ണ്ണങ്ങളും വൈവിധ്യവും വായനക്കാരിലേക്ക്‌ എത്തിച്ചുകൊണ്ട്‌ ശ്രദ്ധേയമായ സാഹിത്യ പ്രവര്‍ത്തനമാണ്‌ കാഴ്‌ചവെച്ചത്‌. ദശകങ്ങളോളം നീണ്ട യാത്രാനുഭവങ്ങള്‍ പുസ്‌തകങ്ങളിലേക്ക്‌ പകര്‍ത്തിയപ്പോള്‍ ഭാഷയ്‌ക്ക്‌ ലഭിച്ചത്‌ പന്ത്രണ്ടോളം മികവുറ്റ യാത്രാഗ്രന്ഥങ്ങളായിരുന്നു. റിട്ടയര്‍മെന്റിനുശേഷം നാട്ടില്‍ സ്ഥിരതാമസമാക്കിയെങ്കിലും ഭൂഖണ്‌ഡങ്ങളിലെ വിസ്‌മയക്കാഴ്‌ചകള്‍ തേടിയുള്ള അദ്ദേഹത്തിന്റെ യാത്ര തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.

പ്രവാസി മലയാളികള്‍ക്കാകെ അഭിമാനമായ ഈ നാല്‌ എഴുത്തുകാരെ ആദരിച്ചതോടൊപ്പം ഡോ. എ.കെ.ബി പിള്ള, ഡോ. പോള്‍സണ്‍ ജോസഫ്‌, എന്‍.എസ്‌. തമ്പി എന്നിവര്‍ക്ക്‌ ലാനയുടെ വിശിഷ്‌ടാംഗത്വം നല്‍കി ആദരിക്കുകയും ചെയ്‌തു. പി.ആര്‍.ഒ ഷാജന്‍ ആനിത്തോട്ടം അറിയിച്ചതാണിത്‌.
എഴുത്തിലെ കരുത്തര്‍ക്ക്‌ ലാനയുടെ ആദരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക