Image

ഏബ്രഹാം കടവില്‍ കോര്‍എപ്പിസ്‌കോപ്പയുടെ പൗരോഹിത്യ സുവര്‍ണ്ണജൂബിലി ആഘോഷിച്ചു

ബിജു ചെറിയാന്‍ Published on 27 November, 2011
ഏബ്രഹാം കടവില്‍ കോര്‍എപ്പിസ്‌കോപ്പയുടെ പൗരോഹിത്യ സുവര്‍ണ്ണജൂബിലി ആഘോഷിച്ചു
കോട്ടയം: സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ സഭയുടെ അമേരിക്കയിലെ മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌ ഭദ്രാസന സെക്രട്ടറിയും, മേരീലാന്റ്‌ ബാള്‍ട്ടിമോര്‍ സെന്റ്‌ തോമസ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ദേവാലയ സ്ഥാപക വികാരിയുമായ വെരി റവ. ഏബ്രഹാം കടവില്‍ കോര്‍എപ്പിസ്‌കോപ്പയുടെ പൗരോഹിത്യ സുവര്‍ണ്ണജൂബിലി ലളിതമായ ചടങ്ങുകളോടെ മാതൃ ഇടവകയായ തൃക്കോതമംഗലം സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി പള്ളിയില്‍ (കോട്ടയം) വെച്ച്‌ ആഘോഷിച്ചു. ഇടവകയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ചടങ്ങില്‍ കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. തോമസ്‌ മോര്‍ തിമോത്തിയോസ്‌ അദ്ധ്യക്ഷതവഹിച്ചു. വന്ദ്യ വൈദീക ശ്രേഷ്‌ഠര്‍, അത്മായ പ്രമുഖര്‍ തുടങ്ങി ഒട്ടേറെപ്പേര്‍ പങ്കെടുത്തു.

മോര്‍ തിമോത്തിയോസ്‌ മുഖ്യകാര്‍മികത്വം വഹിച്ച വിശുദ്ധ കുര്‍ബാനയ്‌ക്കുശേഷം ചേര്‍ന്ന അനുമോദന യോഗത്തില്‍ സഭാ തലവനായ പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവാ തിരുമനസ്സിന്റെ ആശംസാ കല്‍പ്പന റവ.ഫാ. ബോബി മാത്യു മൂലയില്‍ വായിച്ചു. പരിശുദ്ധ സഭയുടെ കെട്ടുറപ്പിനും വളര്‍ച്ചയ്‌ക്കും ജൂബിലേറിയനായ കടവില്‍ കോര്‍എപ്പിസ്‌കോപ്പ നല്‍കിവരുന്ന വിശിഷ്‌ട സേവനങ്ങളെ പ്രകീര്‍ത്തിച്ച്‌ പാത്രിയര്‍ക്കീസ്‌ ബാവ അദ്ദേഹത്തിന്റെ ശ്ശൈഹിക വാഴ്‌വുകളും അനുഗ്രഹങ്ങളും നേര്‍ന്നു. സുറിയാനി ഓര്‍ത്തഡോക്‌സ്‌ സഭയ്‌ക്ക്‌ അഭിമാനിക്കാവുന്ന വിധം വളരുന്ന അമേരിക്കന്‍ അതിഭദ്രാസനത്തില്‍ ശുഷ്‌കാന്തിയോടും പ്രസരിപ്പോടുംകൂടി സേവനം അനുഷ്‌ഠിക്കുന്ന കടവില്‍ കോര്‍എപ്പിസ്‌കോപ്പയുടെ പ്രവര്‍ത്തനങ്ങള്‍ നേരില്‍ മനസ്സിലാക്കുവാന്‍ തന്റെ അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ സാധിച്ചിട്ടുണ്ടെന്നും ഉത്തമ ദൈവാശ്രയത്തിലും സമര്‍പ്പണത്തിലുമൂന്നി നടത്തപ്പെടുന്ന അദ്ദേഹത്തിന്റെ വൈദീക ശുശ്രൂഷ അമേരിക്കന്‍ ആര്‍ച്ച്‌ ഡയോസിസിന്റേയും പരിശുദ്ധ സുറിയാനി സഭയുടേയും പുരോഗതിക്കായിത്തീരട്ടെ എന്ന്‌ മോര്‍ തിമോത്തിയോസ്‌ ആശംസിച്ചു. സമ്മേളനത്തില്‍ ഉദ്‌ഘാടന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ദൈവസന്നിധിയില്‍ വിശ്വസ്‌തനായി പ്രവര്‍ത്തിക്കുന്ന മാതൃകാ പട്ടക്കാരനാണ്‌ ജൂബിലേറിയനെന്ന്‌ മുഖ്യപ്രഭാഷകനായിരുന്ന റവ.ഫാ.ഡോ. എ.ടി ഏബ്രഹാം പ്രസ്‌താവിച്ചു.

വെരി റവ. ഫിലിപ്പോസ്‌ കോട്ടപ്പുറം കോര്‍എപ്പിസ്‌കോപ്പ, വെരി. റവ. കുര്യാക്കോസ്‌ കറുകയില്‍ കോര്‍എപ്പിസ്‌കോപ്പ, റവ.ഫാ. ജോര്‍ജ്‌ ജേക്കബ്‌, പി.എസ്‌. കുര്യാക്കോസ്‌, അമേരിക്കന്‍ ഭദ്രാസനത്തെ പ്രതിനിധീകരിച്ച്‌ ഡോ. ജോര്‍ജ്‌ കട്ടക്കുഴി, ബാബു ജേക്കബ്‌ നടയില്‍, യു.ടി. വര്‍ഗീസ്‌ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഇടവകയുടെ സ്‌നേഹോപഹാരം കെ.എന്‍. മര്‍ക്കോസ്‌ കോതകേരി കോര്‍എപ്പിസ്‌കോപ്പയ്‌ക്ക്‌ സമ്മാനിച്ചു. തോമസ്‌ ഉലഹന്നാന്‍ സ്വാഗതം ആശംസിച്ചു. ഇടവകാംഗങ്ങളുടെ സ്‌നേഹത്തിനും ബഹുമാനത്തിനും നന്ദിയര്‍പ്പിച്ചുകൊണ്ട്‌ നടത്തിയ മറുപടി പ്രസംഗത്തില്‍ സഭാ തലവനായ പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവയോടും ശ്രേഷ്‌ഠ കാതോലിക്കാ ബാവയോടും ഇതര മെത്രാപ്പോലീത്തമാരോടുമുള്ള ഭയഭക്തിയും വിധേയത്വവും ആവര്‍ത്തിച്ച്‌ പ്രഖ്യാപിക്കുകയുണ്ടായി. സ്‌നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു. ബിജു ചെറിയാന്‍ (പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍) അറിയിച്ചതാണിത്‌.
ഏബ്രഹാം കടവില്‍ കോര്‍എപ്പിസ്‌കോപ്പയുടെ പൗരോഹിത്യ സുവര്‍ണ്ണജൂബിലി ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക