Image

ടീച്ചറിന്റെ മുഖച്ഛായയുള്ള പെണ്‍കുട്ടി (ചെറുകഥ: കൊല്ലം തെല്‍മ ടെക്‌സസ്‌)

Published on 11 July, 2014
ടീച്ചറിന്റെ മുഖച്ഛായയുള്ള പെണ്‍കുട്ടി (ചെറുകഥ: കൊല്ലം തെല്‍മ ടെക്‌സസ്‌)
കാറ്റത്ത്‌ അനങ്ങാതെ നില്‍ക്കുന്ന വൃക്ഷങ്ങള്‍ നോക്കി നിന്നപ്പോള്‍ അവളുടെ മുഖം മനസ്സില്‍ തെളിഞ്ഞു വന്നു.

വേണ്ടിയിരുന്നില്ല..... വല്ലാത്ത കുറ്റബോധം.....പിന്നെന്തിനു അവളുമായി അടുക്കാന്‍ പോയി? എത്ര വേഗത്തില്‍ അവളെ ഹൃദയത്തില്‍ നിന്നും ആട്ടി ഇറക്കി..... ഇമെയിലില്‍ ആദ്യം അവളെ പരിചയപ്പെട്ടപ്പോള്‍ എന്തൊരാവേശമായിരുന്നു! അതെ, അവളെ ഒന്നു പരിച്ചയപ്പെടണമെന്നുള്ള മോഹം എത്രയൊ നാള്‍ക്കു മുന്‍പേ മനസ്സില്‍ പൊട്ടി മുളച്ച്‌ ഇലയും വേരും, പിന്നെ പൂവും കായുമായി, ഒരു വട വൃക്ഷം പോലെ മനസ്സില്‍ നിറഞ്ഞു നിന്നിരുന്നു മോഹം!

എല്ലാ ചിത്രപ്രദര്‍ശനങ്ങളിലും അവള്‍ വരച്ച എണ്ണച്ഛായാ ചിത്രങ്ങള്‍ക്കു താഴെ അവളുടെ പടവും ഇമെയില്‍ ഐ.ഡിയും കാണുമായിരുന്നു. ആ മുഖം കാണുമ്പോഴൊക്കെ ഓര്‍മ്മ വരുന്നത്‌ സബിതടീച്ചറായിരുന്നു. പണ്ടത്തെ കോളേജ്‌ ജീവിതത്തില്‍ എല്ലാ ആണ്‍കുട്ടികളെയും ദുഖിപ്പിച്ചു മടങ്ങിപ്പോയ, താല്‌ക്കാലിക നിയമനത്തില്‍ വന്ന സുന്ദരിയായ സബിത ടീച്ചര്‍ !! വല്ലാത്തൊരു ആകര്‍ഷണ വലയം അവരെ തേജസ്വിയാക്കിയിരുന്നു!

പഠിത്തത്തിലായിരുന്നു ശ്രദ്ധ. എപ്പോഴും സൂര്യനുദിച്ചതുപോലെയുള്ള ആ മുഖം! കരിങ്കൂവളപ്പൂക്കള്‍ ഉലയും കണ്ണുകള്‍!!

പക്ഷെ, താല്‌ക്കാലിക നിയമനത്തിന്റെ കാല ദൈര്‍ഘ്യം കഴിഞ്ഞ്‌ അവര്‍ മടങ്ങിപ്പോയപ്പോള്‍ എല്ലാ ആണ്‍കുട്ടികളും ദുഖിച്ചു.....

സബിതടീച്ചറുടെ മുഖച്ചായയുള്ള ഈ പെണ്‍കുട്ടിയുടെ പടത്തില്‍ നോക്കിയിരിക്കുമ്പോള്‍ അവളെ ഒന്നു പരിചയപ്പെടാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന്‌ വടവൃക്ഷമായി മനസ്സില്‍ വേരൂന്നിയ മോഹം ഒരുകണക്കിന്‌ സഫലമായതായിരുന്നു. പക്ഷെ..... വേണ്ടിയിരുന്നില്ല.... തന്റെ അവിവേകം കാരണം..... ഇപ്പോള്‍ മനസ്സ്‌ വല്ലാതെ ഖേദിക്കുന്നു.....

ഒരു നല്ല ചിത്രകാരനായിരുന്ന തന്റെ ചിത്രങ്ങള്‍ പ്രദര്‍ശനത്തിനു വയ്‌ക്കുമ്പോഴും പേരിനോടൊപ്പം പടം ഒരിക്കലും പ്രദര്‍ശിപ്പിച്ചിട്ടില്ലയിരുന്നു. എന്തിന്‌? കാണികള്‍ക്ക്‌ തന്റെ ചിത്രങ്ങളോടായിരുന്നു താല്‌പ്പര്യം!! അതു മതി..അല്ലെങ്കിലും താന്‍ രാജാ രവി വര്‍മ്മയൊന്നുമല്ലല്ലൊ?

ഒരിക്കല്‍ അവളുടെ ഇമെയില്‍ ഐഡിയില്‍ , സ്വയം പരിചയപ്പെടുതിക്കൊണ്ടും അവളുടെ ചിത്രങ്ങളെ അഭിനന്ദിച്ചുകൊണ്ടും ഒരു കത്തെഴുതി.മറുപടി കിട്ടുമെന്ന പ്രതീക്ഷയില്ലായിരുന്നു.

പക്ഷെ തന്റെ പ്രതീക്ഷകളെ തകിടം മറിച്ചു കൊണ്ട്‌ അവളുടെ മറുപടി വന്നു. തികച്ചും അവിശ്വസനീയം! അത്ര ആവേശത്തോടെയായിരുന്നു അവളുടെ പ്രതികരണം.! എന്റെ കത്ത്‌ , അവള്‍ക്കു കിട്ടിയ നിധി പോലെയായിരുന്നുവത്രേ! അവളുടെ കത്തില്‍ അവള്‍ വാതോരാതെ സംസാരിച്ചു. ഒരു കൊച്ചു കുട്ടിയുടെ കിലുക്കാം ചെപ്പിലൂടെ ഉതിര്‍ന്ന വാക്കുകള്‍ !നിഷ്‌കളങ്കതയുടെ നൈസര്‍ഗീകത !!

എനിക്കും കൗതുകം! അവളുടെ ഹൃദയ വിശാലത എന്നെ കുതൂഹലനാക്കി!! ഒരു പരിചയവുമില്ലാത്ത എന്നോട്‌ ആജന്മാനാന്തം സുഹൃത്തുക്കളായി കഴിഞ്ഞിരുന്നതിന്റെ സാമീപ്യ ഭാവം!!

(തുടരും.....)
ടീച്ചറിന്റെ മുഖച്ഛായയുള്ള പെണ്‍കുട്ടി (ചെറുകഥ: കൊല്ലം തെല്‍മ ടെക്‌സസ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക