Image

നടന്‍ ജയസൂര്യ കായല്‍ പുറമ്പോക്ക്‌ കൈയ്യേറിയെന്ന്‌ നഗരസഭ

Published on 11 June, 2014
നടന്‍ ജയസൂര്യ കായല്‍ പുറമ്പോക്ക്‌ കൈയ്യേറിയെന്ന്‌ നഗരസഭ
കൊച്ചി: നടന്‍ ജയസൂര്യ കായല്‍ പുറമ്പോക്ക്‌ കൈയ്യേറി ബോട്ടുജെട്ടിയും ചുറ്റുമതിലും നിര്‍മ്മിച്ചതായി ആക്ഷേപം. നിര്‍മ്മാണം പൊളിച്ച്‌ മാറ്റണമെന്ന്‌ കൊച്ചി നഗരസഭ ഉത്തരവിട്ടിരുന്നത്രേ. 14 ദിവസത്തിനകം ഉത്തരവ്‌ നടപ്പാക്കണെന്നായിരുന്നു നഗരസഭ പറഞ്ഞിരുന്നത്‌. എന്നാല്‍ ഉത്തരവിട്ട്‌ നാലുമാസം കഴിഞ്ഞിട്ടും ബോട്ടുജെട്ടിയും ചുറ്റുമതിലും ജയസൂര്യ പൊളിച്ച്‌ മാറ്റിയിട്ടില്ല. കൊച്ചു കടവന്ത്ര ഭാഗത്തായാണ്‌ ജയസൂര്യയുടെ വീട്‌. വീടിന്‌ അനുബന്ധമായി ബോട്ടുജെട്ടിയും ചുറ്റുമതിലും ജയസൂര്യ നിര്‍മ്മിച്ചിരുന്നു. ഇത്‌ കായല്‍ പുറമ്പോക്ക്‌ കൈയ്യേറി നടത്തിയ നിര്‍മ്മാണമാണെന്ന്‌ കാട്ടി പൊതുപ്രവര്‍ത്തകനായ ഗിരീഷ്‌ ബാബു നഗരസഭയില്‍ പരാതി നല്‍കിയിരുന്നു.

ബില്‍ഡിംഗ്‌ ഇന്‍സ്‌പെക്ടര്‍ സ്ഥലം സന്ദര്‍ശിച്ച്‌ കൈയ്യേറ്റം നടന്നതായി നഗരസഭയ്‌ക്ക്‌ റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു. എന്നാല്‍ ഉത്തരവിട്ട്‌ നാല്‌ മാസം കഴിഞ്ഞിട്ടും ബോട്ടുജെട്ടിയും ചുറ്റുമതിലും പൊളിച്ച്‌ മാറ്റാന്‍ ജയസൂര്യയോ നഗരസഭയോ തയ്യാറായില്ല. ജയസൂര്യയുടെ നിയമ ലംഘനത്തിന്‌ നഗരസഭയുടെ ഒത്താശയുണ്ടെന്നാണ്‌ ആക്ഷേപം. തീരദേശ പരിപാലനിയമം ലംഘിച്ചുവെന്ന്‌ കാട്ടിയാണ്‌ ജയസൂര്യയ്‌ക്കെതിരെ നഗരസഭ ഉത്തരവിട്ടിരുന്നത്‌. മുന്‍പ്‌ റോഡിലെ കുഴികളടയ്‌ക്കാന്‍ ജയസൂര്യ ശ്രമിച്ചത്‌ വിവാദമായിരുന്നു.
നടന്‍ ജയസൂര്യ കായല്‍ പുറമ്പോക്ക്‌ കൈയ്യേറിയെന്ന്‌ നഗരസഭ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക