Image

ഡോ. പി.സി. നായരുടെ മേരി മഗ്‌ദലന്റെ ആത്മകഥ-6

Published on 19 November, 2011
ഡോ. പി.സി. നായരുടെ മേരി മഗ്‌ദലന്റെ ആത്മകഥ-6
എന്നാല്‍ പിന്നീട് കണ്ട കാഴ്ച എന്നെ സങ്കടപ്പെടുത്തി. ക്ഷേത്രത്തിന് കിഴക്ക് വശത്തെ വലിയ വാതില്‍ തുറന്നിട്ടിരുന്നു. അതിനു മുമ്പില്‍ യാചകരുടെയും രോഗികളുടെയും ഒരു വലിയ നിരതന്നെയുണ്ടായിരുന്നു. അവരെ തള്ളിമാറ്റിക്കൊണ്ടാണ് തീര്‍ത്ഥാടക സംഘം മുമ്പോട്ടു പോയിരുന്നത്. ക്രമസമാധാനം പാലിക്കാന്‍ കുറെ റോമന്‍ സൈനികരവിടെയുണ്ടായിരുന്നെങ്കിലും പൊതുജനങ്ങളില്‍ നിന്നകന്ന് ക്ഷേത്രത്തിലേക്കുള്ള പ്രധാന വീഥിയുടെ ഒരു വശത്തായിട്ടാണവര്‍ നിന്നിരുന്നത്.

വിശാലമായ ക്ഷേത്രപരിസരത്ത് പലതരത്തിലുള്ള ആളുകളെ എനിക്ക് കാണാന്‍ കഴിഞ്ഞു. വിവിധ ഭാഷകള്‍ സംസാരിക്കുന്നവര്‍ ; പല നിറത്തിലുള്ള ഉടുപ്പുകളിട്ടവര്‍; വിദേശത്തുനിന്നുവന്ന തീര്‍ത്ഥാടകര്‍ ; കുരുതി കൊടുക്കാന്‍ കൊണ്ടുവന്ന ആടുമാടുകള്‍ ; കൂട്ടിലടച്ച ചിലക്കുന്ന പക്ഷികള്‍ ; മറ്റു ദേശങ്ങളില്‍ നിന്നുവരുന്ന ഭക്തജനങ്ങള്‍ക്ക് നാണയങ്ങള്‍ മാറ്റിക്കൊടുത്തവര്‍ . ഇതെല്ലാംകൊണ്ട് തിരക്കുള്ള ഒരു ചന്തപോലെയാണ് ആ സ്ഥലമെനിക്ക് തോന്നിയത്.

“ഇവിടെ യഹൂദരല്ലാത്തവര്‍ക്ക് പ്രവേശനമില്ല” എന്നെഴുതിയ ഒരു പലക പ്രധാനവാതിലില്‍ തൂക്കിയിട്ടിരുന്നു. ഈ നിയമം ലംഘിക്കുന്നവനെ തൂക്കിലിടും. അതായിരുന്നവിടത്തെ ശിക്ഷ.
ചുവന്ന തുണിയില്‍ നീല നിറത്തിലുള്ള ചെറിയ നക്ഷത്രചിഹ്നങ്ങള്‍ തുന്നിപിടിച്ച വലിയ മേലങ്കി ധരിച്ച മതപുരോഹിതന്മാര്‍ വഴിപാടുകള്‍ സ്വീകരിക്കാന്‍ വരിവരിയാട്ടാണ് നിന്നിരുന്നത്. അവരുടെ സമീപത്തുതന്നെ സങ്കീര്‍ത്തനങ്ങള്‍ പാടിക്കൊണ്ട് മോടിയില്‍ വസ്ത്രധാരണം ചെയ്ത കുട്ടികളുമുണ്ട്. ഓടക്കുഴല്‍ വായനയും തംബുരുമീട്ടലും ഭക്തിഗാനത്തിന് മാറ്റുകൂട്ടി.

ശ്രീകോവിലിനുള്ളില്‍ പവിത്രമായതെന്തെങ്കിലും കാണുമെന്ന് ഞാന്‍ കരുതി. പത്തു കല്പനകള്‍ ലേഖനം ചെയ്ത ശിലയോ, ആരന്റെ ചെങ്കോലോ, യോനയുടെ ആര്‍ക്കോ, അങ്ങനെയെന്തെങ്കിലം. എന്നാലത് ശൂന്യമായിരുന്നു. ഒരു പുരോഹിതനോടന്വേഷിച്ചപ്പോള്‍ സോളമനുശേഷം നടന്ന ബാബിലോണിയരുടെ ആക്രമണത്തിലതെല്ലാം നശിച്ചുപോയെന്ന മറുപടികിട്ടി. വെറും ശൂന്യതയെ ആരാധിക്കാനാണോ ഈ കര്‍ക്കശനിയമങ്ങളും ആഢംബരങ്ങളും, പ്രൗഢയുമെന്നോര്‍ത്തപ്പോള്‍ എനിക്ക് വലിയ നിരാശയാണുണ്ടായത്.

മടക്കയാത്ര കുറെക്കൂടെ വേഗതയിലായിരുന്നു എന്നു തോന്നി. ഞങ്ങള്‍ ഉള്‍പ്പെട്ട മഗ്ദലനില്‍ നിന്നുവന്ന സംഘം കാലത്ത് തന്നെ കൂടാരം അഴിച്ചുമാറ്റി. സാധനങ്ങളെല്ലാം അടുക്കിയെടുത്ത്, കഴുതകള്‍ക്ക് തീറ്റയും കൊടുത്ത് സൂര്യോദയത്തിന് മുമ്പ് തന്നെ ജറുസലേമില്‍ നിന്ന് മടങ്ങി.

മഗ്ദലനില്‍ എത്തിയ ശേഷം മിക്ക ദിവസവും വൈകുന്നേരം കടല്‍ത്തീരത്തു പോയിരിക്കുന്നതു ഞാനൊരു പതിവാക്കി. സെബദിനെ കച്ചോടത്തിന്റെ കണക്കുകള്‍ പരിശോധിക്കുന്നതിന് ഞാന്‍ നിത്യേന സഹായിക്കാറുണ്ടായിരുന്നു. ജോലിക്കാരുടെ പരാതികള്‍ കേള്‍ക്കുന്നതും അതിന് പരിഹാരമാര്‍ഗ്ഗം അന്വേഷിക്കുന്നതും എന്റെ ചുമതലയായിരുന്നു. ഈ ജോലികള്‍ , ആവശ്യമെങ്കിലും, എനിക്ക് വിരസമായിട്ടാണ് തോന്നിയത്. ഇതില്‍ നിന്നെല്ലാം കുറേ സമയമെങ്കിലും ഒഴിഞ്ഞുമാറി ഏകാന്തമായിരിക്കുന്നതിന് ഞാനാഗ്രഹിച്ചു. കടല്‍തീരത്തേക്കുള്ള സായാഹ്നസവാരി ഇതുകൊണ്ടാണ് ഞാനിഷ്ടപ്പെട്ടത്. പട്ടണത്തിന്റെ നടുവിലൂടെ ചുവന്നകല്ലുകള്‍ പാകിയ ഒരു ചെറിയ വീഥി സമുദ്രതീരത്തേക്ക് നീങ്ങികിടന്നിരുന്നു. അതു ചെന്നവസാനിക്കുന്നിടത്തുനിന്ന് ഇടത്തോട്ടുമാറി, എട്ടോ പത്തോ വാരയകലെയായി വെള്ളത്തില്‍ അല്പം ഉയര്‍ന്നു നില്‍ക്കുന്ന രണ്ട് ഉരുണ്ട പാറക്കൂട്ടങ്ങളുണ്ട്. പാറയുരുണ്ടതാണെങ്കിലും അതിന്റെ മൂര്‍ദ്ധാവില്‍ രണ്ടുമൂന്ന് പേര്‍ക്കിരിക്കാന്‍ പോരുന്ന വിധത്തില്‍ മിനുസമുള്ള ചെറുകുഴികളുമുണ്ട്. അതിലൊന്നില്‍ കയറിയിരിക്കാന്‍ എനിക്കെന്ത് ഉത്സാഹമായിരുന്നു. പാദരക്ഷയഴിച്ച് ഒരു സഞ്ചിയിലൊളിപ്പിച്ച്, ആ നീല ജലത്തില്‍ കാലിട്ടടിച്ച്, അങ്ങകലെ പകലിനോടു വിടപറയുന്ന സായാഹ്ന സൂര്യനെ നോക്കിയിരിക്കും. ചിലപ്പോള്‍ ചൂടുള്ള ദിവസങ്ങളില്‍ ഒരനുഗ്രഹമായി ശീതക്കാറ്റുമുണ്ടാകും.

കടല്‍തീരത്തെ സന്ദര്‍ശന വേളയിലൊരുദിവസമാണ് ഞാന്‍ അമ്പിഗയലിനെ കാണുന്നത്. അന്ന് കടലല്‍പ്പം ക്ഷോഭിച്ചിരുന്നു. ഞാന്‍ പതിവ് സ്ഥാനത്തുനിന്ന് കരയിലേക്ക് നടക്കുമ്പോള്‍ അപ്രതീക്ഷിതമായി ഒരു തിരമാല എന്റെ നേര്‍ക്ക് ഉയരത്തില്‍ പാഞ്ഞുവന്നു. ആഞ്ഞടിച്ച് അതുള്ളിലേക്ക് വലിയുമ്പോള്‍ അതില്‍പെട്ടു പോകുമെന്നെനിക്കു തോന്നി. ഭയന്നുവിറച്ചു നിന്നയെന്നെ അടുത്തുണ്ടായിരുന്ന ഒരു സ്ത്രീ രണ്ട് കൈകളും നീട്ടിപ്പിടിച്ച് അതിവേഗം പാറക്കല്ലിന്റെ മുകളിലേക്കുതന്നെ എടുത്തുനിര്‍ത്തി. അവരുടെ കരങ്ങള്‍ക്ക് നല്ല ശക്തിയുണ്ടായിരുന്നു. ഞങ്ങള്‍ രണ്ടുപേരും അല്പനേരം കൂടെ അവിടെ തങ്ങിനിന്നു. അപകടം ഒഴിവായെന്നു തോന്നിയപ്പോള്‍ വീണ്ടും വെള്ളത്തിലിറങ്ങി അതിവേഗം നടന്ന് കരക്കെത്തി.

ആകപ്പാടെ വിഷമിച്ചു നിന്നിരുന്ന എന്നെ സൂക്ഷിച്ചുനോക്കിയിട്ട്, സ്വന്തം രക്ഷപോലും കൂട്ടാക്കാതെ, എന്റെ ജീവന്‍ രക്ഷിച്ച സ്ത്രീ പറഞ്ഞു:- “ഇനിയും തനിയെ ഇവിടെ വരരുത്. എപ്പോഴാണ് കാറും കോളും ഇളകുന്നതെന്ന് പറയാന്‍ പറ്റില്ലല്ലോ”.

ഞാന്‍ മറുപടിയൊന്നും പറഞ്ഞില്ല. കൃതജ്ഞത കലര്‍ത്തിയ ഒരു പുഞ്ചിരി സമ്മാനിച്ചതേയുള്ളൂ. തന്റെ പേര് അമ്പിഗയിലൊന്നാണെന്നും, മഗ്ദലനില്‍ത്തന്നെയാണവരുടെ വീടെന്നും, വീണ്ടും കാണാമെന്നും മറ്റും ലോഹ്യം പറഞ്ഞ് ഞങ്ങള്‍ പിരിഞ്ഞു.

ഈ ആകസ്മിക സംഭവത്തിനുശേഷം മിക്കവാറും ദിവസങ്ങളില്‍ പാറക്കൂട്ടത്തില്‍വെച്ച് ഞങ്ങള്‍ തമ്മില്‍ കണ്ടുമുട്ടാറുണ്ടായിരുന്നു. എന്റെ പേര്‍ മേരിയെന്നാണെന്നും ഞാനും മഗ്ദലനില്‍ തന്നെയാണ് താമസിക്കുന്നതെന്നും ഞാന്‍ അമ്പിഗയിലിനോടു പറഞ്ഞിരുന്നു. എന്തിനേറെ പറയുന്നു, ഞങ്ങള്‍ ക്രമേണ അടുത്ത സ്‌നേഹിതകളായി.

അമ്പിയുടെ അച്ഛന്‍ ഗ്രീസില്‍ നിന്നു ഗലീലിയില്‍ വന്നു താമസമുറപ്പിച്ച അതിസമ്പന്നനായ ഒരു വര്‍ത്തക പ്രമാണിയായിരുന്നു. എന്നേക്കാള്‍ മൂന്നോ നാലോ വയസ് കൂടതല്‍ പ്രായമുള്ള അവളുടെ അമ്മ ഒരു യഹൂദസ്ത്രീയും. അമ്പിയുടെ ദാമ്പത്യ ജീവിതം അത്ര സുഖകരമായിരുന്നു. അവളുടെ അച്ഛനോടുചേര്‍ന്ന് കൂട്ടുകച്ചോടം നടത്തി ഒട്ടധികം ധനം സമ്പാദിച്ചിരുന്ന അവളുടെ ഭര്‍ത്താവും ഒരു ഗ്രീക്കുകാരനായിരുന്നു. മഗ്ദലനിലെ മീന്‍പിടുത്തക്കാരില്‍ നിന്ന് മീന്‍ മൊത്തമായി വാങ്ങി ഉണക്കി. സിറിയ, ഗ്രീസ് എന്നീ രാജ്യങ്ങളില്‍ വിറ്റഴിച്ചാണ് അയാള്‍ പണം സമ്പാദിച്ചത്. അമ്പിയോടു സ്‌നേഹമുള്ളവനും, ദാനശീലനുമായിരുന്നെങ്കിലും ഒരു സ്ത്രീ ഭര്‍ത്താവില്‍ നിന്ന്, അത്യധികം ആഗ്രഹിക്കുന്ന ഒന്ന് അയാള്‍ക്ക് കൊടുക്കാന്‍ കഴിഞ്ഞില്ല. അതയാളുടെ സാമീപ്യവും വികാരവായ്പും ഇടകലര്‍ന്നതാണ്. മിക്കവാറും കച്ചോടക്കാര്യങ്ങള്‍ക്കായി വിദേശത്തായിരുന്ന അമ്പിയുടെ ഭര്‍ത്താവ് അവരുടെ വീട്ടില്‍ അന്തിയുറങ്ങിയിരുന്ന ദിവസങ്ങള്‍ തന്നെ വിരളമായിരുന്നു.

ഗ്രീക്ക് സൗന്ദര്യത്തിന്റെ ഒരു ഉത്തമമാതൃകമായിരുന്നു അമ്പി. നീണ്ടു ഭംഗിയുള്ള കണ്ണുകള്‍ , അല്പം ശോകച്ഛവി കലര്‍ന്നതെങ്കിലും നിഷ്‌കളങ്കത ഉതിര്‍ന്നുവീണിരുന്ന മന്ദഹാസ ചന്ദ്രിക, ചുവന്ന ചെന്താമരപോലെയുള്ള കൈത്തലങ്ങള്‍ , കൃശഗാത്രം ഇതൊക്കെയാണ് അവളുടെ നൈസര്‍ഗിക സൗന്ദര്യത്തിന് മാറ്റുകൂട്ടിയിരുന്നത്.

ആയിടക്കൊരു ദിവസം അമ്പി എന്നെയും അയല്‍ക്കാരായ രണ്ടു മൂന്നു പെണ്‍കുട്ടികളേയും അവളുടെ വീട്ടില്‍ വിരുന്നിനു ക്ഷണിച്ചു. നൃത്തം ആടിയും, ഗാനങ്ങള്‍ ആലപിച്ചും സന്തോഷത്തോടെയാണ് ആ ദിവസം കഴിഞ്ഞത്. തത്തമ്മയും കുരുവിയും തമ്മില്‍ സംസാരിക്കുന്ന ശബ്ദത്തില്‍ അമ്പി കാഴ്ചവെച്ച പ്രകടനം എല്ലാവര്‍ക്കും രസിച്ചു. സാബത്തായിരുന്നതുകൊണ്ട് സന്ധ്യയായപ്പോള്‍ മറ്റു കുട്ടികളെ അവരുടെ രക്ഷിതാക്കള്‍ വന്നു വിളിച്ചുകൊണ്ടുപോയി. എന്റെ വീട് വളരെ അടുത്തായതുകൊണ്ടും, എനിക്ക് വീട്ടില്‍ പൂര്‍ണ്ണസ്വാതന്ത്ര്യമുണ്ടായിരുന്നതുകൊണ്ടും രാത്രി അവിടെ താമസിക്കാന്‍ അമ്പി എന്നെ ക്ഷണിച്ചു. മറ്റൊന്നും ആലോചിച്ചില്ല. ഞാനുമതിന് സമ്മതം മൂളി.

ഞങ്ങള്‍ നേരത്തെയുറങ്ങാന്‍ കിടന്നു. എനിക്കായി അമ്പി ഒരുക്കിയ മുറിയില്‍ ഞാനും അവളുടെ മുറിയില്‍ അവളും, എന്റെ മുറിയില്‍ കൂട്ടിലടച്ച ഒരു തത്തയുണ്ടായിരുന്നു. കാലത്ത് ഉണര്‍ന്നാല്‍ അതിന് കുറച്ചു പാലും അരിമണിയും കൊടുക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടാണ് അമ്പി പോയത്. ക്ഷീണം കൊണ്ട് ഞാന്‍ പെട്ടെന്നുറങ്ങിപ്പോയി.

ആരോ മുറിയുടെ വാതില്‍ പതുക്കെ തുറക്കുന്ന ശബ്ദം കേട്ടു. ഒരു നിഴല്‍ എന്റെ അടുത്തേക്ക് നീങ്ങിവന്നു. തുറന്നിട്ട ജനാലയിലൂടെ അകന്നുവന്ന നിലാവെളിച്ചത്തില്‍ അതമ്പിയാണെന്നു മനസ്സിലായി. എന്റെ അടുത്തുവന്ന് നമുക്ക് കുറച്ചുനേരം തോട്ടത്തില്‍ പോയിരിക്കാമെന്നു പറഞ്ഞു. അവളുടെ വീടിനു പുറകില്‍ പകല്‍ ഞാന്‍ കണ്ട പൂങ്കാവനം ചന്ദ്രപ്രഭയില്‍ കുളിച്ചുനില്‍ക്കുന്നു. മുന്തിരിവള്ളികള്‍ ചുറ്റും തൂങ്ങിക്കിടക്കുന്ന ആ നികുഞ്ജത്തിലിട്ടിരുന്ന ഒരു ചെറുതല്‍പ്പത്തില്‍ ഞങ്ങളിരുന്നു. പരസ്പരം കൈകോര്‍ത്തു അല്പനേരം നിശബ്ദരായിരുന്നു. നികുഞ്ജത്തിനു മുമ്പിലുള്ള കൃത്രിമജലാശയത്തില്‍ അരയന്നങ്ങള്‍ തത്തിക്കളിച്ചു. ഒരു ആണരയന്നം അതിന്റെ ഇണയെ പ്രീണിപ്പിക്കാനുള്ള ശ്രമത്തിലാണ്. പൂര്‍ണ്ണ ചന്ദ്രന്‍ ആകാശവീഥിയിലേക്ക് ഉയര്‍ന്നുയര്‍ന്നു പൊയ്‌ക്കൊണ്ടിരുന്നു. എത്ര നേരമാണ് ഞങ്ങളങ്ങനെ ഇരുന്നതെന്നോര്‍മ്മയില്ല. പെട്ടന്നാണത് സംഭവിച്ചത്. അമ്പി അവളുടെ ഒരു കൈ എന്റെ തോളിലിട്ട് മുഖം എന്റെ മുഖത്തോടടുപ്പിച്ചു. അവളുടെ ശ്വാസ്വോച്ഛാസത്തിനു വേഗത കൂടി. എന്റെ ധമനികളിലും രക്തം ത്രസിച്ചു. എനിക്ക് നിയന്ത്രിക്കാനായില്ല. ഞാനവളെ കെട്ടിപ്പുണര്‍ന്ന് വീണ്ടും വീണ്ടും ചുംബിച്ചു.

ക്ലീ..ക്ലീ..എന്ന തത്തമ്മയുടെ ശബ്ദം കേട്ടാണ് ഞാനുണര്‍ന്നത്. അപ്പോഴേക്കും ചന്ദ്രകിരണങ്ങളെ നിഷ്‌കസനം ചെയ്തു സൂര്യകിരണങ്ങള്‍ മുറിയിലേക്ക് പ്രവേശിച്ചുകഴിഞ്ഞിരുന്നു.

Novel Link
ഡോ. പി.സി. നായരുടെ മേരി മഗ്‌ദലന്റെ ആത്മകഥ-6
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക