Image

ജോസഫ്‌ മട്ടയ്‌ക്കലിന്റെ ശതാബ്‌ദി ആഘോഷവും പുസ്‌തകപ്രകാശനവും നടത്തി

ജോയിച്ചന്‍ പുതുക്കുളം Published on 18 November, 2011
ജോസഫ്‌ മട്ടയ്‌ക്കലിന്റെ ശതാബ്‌ദി ആഘോഷവും പുസ്‌തകപ്രകാശനവും നടത്തി
ഉതിമൂട്‌: ഡോ. ജോസഫ്‌ മട്ടയ്‌ക്കലിന്റെ ശതാബ്‌ദി ആഘോഷവും, ആത്മകഥ `ജോയി കംസ്‌ വിത്ത്‌ ഡോണ്‍' പ്രകാശനവും നവംബര്‍ അഞ്ചിന്‌ ഉതിമൂട്‌ മാര്‍ത്തോമാ പള്ളി ഓഡിറ്റോറിയത്തില്‍ വെച്ച്‌ നടന്നു.

`എന്നോടുള്ള നിന്‍ സര്‍വ്വ നന്മകള്‍ക്കായി' എന്ന ഭക്തിഗാനത്തോടെ പരിപാടികള്‍ ആരംഭിച്ചു. ഇടവക വികാരി വെ. റ്റി.റ്റി. തോമസിന്റെ പ്രാരംഭ പ്രാര്‍ത്ഥനയ്‌ക്കുശേഷം നിതാദ്യവന്ദ്യ മഹിമശ്രീ ഡോ. ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത, ധര്‍മജ്യോതി വിദ്യാപ്രീത്‌ ഫരീദാബാദിന്റെ പ്രിന്‍സിപ്പലായ റവ.ഡോ. പി.ജി. ജോര്‍ജിന്‌ പുസ്‌തകം നല്‍കിക്കൊണ്ട്‌ ഡോ. ജോസഫ്‌ മട്ടയ്‌ക്കല്‍ എന്നും ലോകത്തില്‍ ജീവിക്കുന്നതിന്‌, അദ്ദേഹത്തിന്റെ ജീവിതം അനേകര്‍ക്ക്‌ ജീവിത്തിന്റെ സമൃദ്ധി നല്‍കുന്നതിന്‌ ഈ പുസ്‌തകം സഹായിക്കട്ടെ, ദൈവം ഉപയോഗിക്കട്ടെ, ലോകം അനുഗ്രഹിക്കപ്പെടട്ടെ എന്ന പ്രാര്‍ത്ഥനയോടും, ആശംസയോടുംകൂടി പ്രകാശന കര്‍മ്മം നടത്തി.

യേശുക്രിസ്‌തുവിനെ മനുഷ്യനായി കാണാനും അവനെ സ്വന്തജീവിതത്തില്‍ സ്വീകരിച്ച്‌ മനുഷ്യനായി ജീവിക്കുകയും ഏറെക്കുറെ വിജയിക്കുകയും ചെയ്‌തയാളാണ്‌ ജോസഫ്‌ മട്ടയ്‌ക്കല്‍. മറ്റുള്ളവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി അവരെ വളരുവാന്‍ സഹായിക്കുകയും, ജീവിതം ദൈവത്തിന്റെ പൂര്‍ണ്ണതയിലേക്കു നയിക്കുവാന്‍ ശ്രമിക്കുകയും ചെയ്‌ത മട്ടയ്‌ക്കലിന്റെ ദര്‍ശനം നമ്മുടെ എല്ലാവരുടേയും ജീവിതദര്‍ശനമായിത്തീരട്ടെ എന്ന ആഹ്വാനത്തോടെ തിരുമേനി അധ്യക്ഷ പ്രസംഗം ഉപസംഹരിച്ചു.

പരസ്യാരാധന ക്രമം ഉപയോഗിച്ച്‌ 1972-ഏപ്രില്‍ ഒമ്പതിന്‌ നോര്‍ത്ത്‌ അമേരിക്കയില്‍ മാര്‍ത്തോമാ സഭയുടെ ആദ്യ ആരാധന നടത്തി മാര്‍ത്തോമാ സഭയുടെ നോര്‍ത്ത്‌ അമേരിക്കന്‍ ഭദ്രാസനത്തിന്‌ അടിത്തറയിട്ട ഡോ. ജോസഫ്‌ മട്ടയ്‌ക്കലിനെ റവ.ഡോ. പി.ജി. ജോര്‍ജ്‌, റവ. ഉമ്മന്‍ ഫിലിപ്പ്‌, റവ. കെ.പി. സാബു, റവ. രാജു പി. സഖറിയ, ഡോ. എ.ജെ. ജോഷ്വാ, ഡോ. ജോര്‍ജ്‌ ജോണ്‍, ജോസഫ്‌ വി. തോമസ്‌, ജോസഫ്‌ ചാക്കോ, രാജു തോമസ്‌, കോശി പ്രസാദി എന്നിവര്‍ അനുമോദിക്കുകയും മംഗളങ്ങള്‍ നേരുകയും ചെയ്‌തു.

തന്റെ കഴിഞ്ഞ 51 വര്‍ഷത്തെ പ്രവാസ ജീവിതത്തിന്റെ ഓര്‍മ്മകള്‍ ഡോ. ജോസഫ്‌ മട്ടയ്‌ക്കല്‍ തന്റെ മറുപടി പ്രസംഗത്തില്‍ അയവിറക്കുകയും, എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്‌തു.

മട്ടയ്‌ക്കല്‍ പിന്‍തലമുറക്കാരായ വിമലും, ആല്‍ബിനും ഭക്തിഗാനങ്ങള്‍ ആലപിച്ചു. നിലയ്‌ക്കല്‍ ഭദ്രാസന സെക്രട്ടറി റവ.കെ.ജി. ജോസഫിന്റെ പ്രാര്‍ത്ഥനയോടുകൂടി യോഗം പര്യവസാനിച്ചു.
ജോസഫ്‌ മട്ടയ്‌ക്കലിന്റെ ശതാബ്‌ദി ആഘോഷവും പുസ്‌തകപ്രകാശനവും നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക