Image

അപര്‍ണയുടെ കഥ- (നോവല്‍: ടോം മാത്യൂസ്,ന്യൂജേഴ്‌സി)

ടോം മാത്യൂസ്,ന്യൂജേഴ്‌സി Published on 07 May, 2014
അപര്‍ണയുടെ കഥ- (നോവല്‍: ടോം മാത്യൂസ്,ന്യൂജേഴ്‌സി)

അദ്ധ്യായം 1

ചേരിയിലൊരു വീട്

സാധാരണക്കാരായ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മുംബൈയിലെ ഈ ചേരിപ്രദേശത്ത് ഇരുട്ടിന്റെ കനം കൂടിക്കൊണ്ടിരിക്കുന്നു. കുട്ടികള്‍ ഇരുട്ടിനെ പേടിക്കാതെ അടുത്തടുത്ത കുടിലുകളിലേക്ക് കയറുകയും കലപിലശബ്ദങ്ങളോടുകൂടി ഓടിച്ചാടി പോകുകയും ചെയ്യുന്നത് കാണാം. മുനിഞ്ഞു കത്തുന്ന വൈദ്യുതവിളക്കുകളാണ് എല്ലാ വീട്ടിലും. ആ ഇത്തിരി വെട്ടത്തിലിരുന്ന് സ്ത്രീകള്‍ വൈകീട്ടത്തെ ആഹാരമുണ്ടാക്കുകയാണ്. ചപ്പാത്തിയും കിഴങ്ങുകറിയും ആയാല്‍ രാത്രിയിലെ അവരുടെ ഭക്ഷണമായി. വഴിയോരത്ത് ഉന്തുവണ്ടിയില്‍ പലഹാരം ഉണ്ടാക്കുന്നവരുണ്ട്. ദിവസങ്ങളോളം പഴക്കമുള്ള എണ്ണ ചൂടാക്കുകയും തണുപ്പിക്കുകയും വീണ്ടും ചൂടാക്കുകയും ചെയ്യുന്നു. ആ എണ്ണയില്‍ വറുത്തെടുത്ത പലഹാരങ്ങള്‍ക്ക് വശ്യമായ ഒരു ഗന്ധമുണ്ട്. പക്ഷേ ആ ഗന്ധത്തിന് അവിടുത്തെ ദാരിദ്ര്യത്തിന്റെയും മാലിന്യത്തിന്റെയും ഗന്ധത്തെ ഒരിക്കലും മറികടക്കാനാവില്ല. പന്നികളും തെരുവുപട്ടികളും ചേരിയുടെ ഓരങ്ങളില്‍ അലഞ്ഞുതിരിയുന്നുണ്ട്. അവയില്‍നിന്ന് ഏറെ വ്യത്യാസമില്ലാതെ അവരില്‍ ഒന്നായി കുറെ മനുഷ്യരും.

ഇത് അപര്‍ണയുടെ സന്ധ്യ. വിലകുറഞ്ഞ ഇളം നീലനിറത്തിലുള്ള റിബണില്‍ കെട്ടിവച്ച തലമുടി. പേനുകള്‍ ഇരയ്ക്കുന്നുണ്ട്. അപര്‍ണ തലചൊറിഞ്ഞ് വശംകെട്ടു. കൂട്ടുകാരി ദീപാലി ഹോംവര്‍ക്ക് ചെയ്യുന്നതിനുവേണ്ടി വന്നിരിക്കുകയാണ്. അവള്‍ പറഞ്ഞു: എനിക്കുറക്കം വരുന്നു. നീ ഹോംവര്‍ക്ക് ചെയ്ത് തീര്‍ത്തേക്കൂ. ഞാന്‍ നാളെ പകര്‍ത്തി എഴുതിക്കൊള്ളാം.”

അപര്‍ണ നോട്ടുബുക്കുകള്‍ ബാഗില്‍ തിരുകിവച്ച് അവളുടെ ഒറ്റമുറി മാളികയെ ലക്ഷ്യമാക്കി നടന്നു. വിലകുറഞ്ഞ നീല പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മേല്‍ക്കൂരയിട്ട അപര്‍ണയുടെ മാളിക മഴക്കാലത്ത് ചോര്‍ന്നൊലിക്കും. മുളക്കീറുകള്‍കൊണ്ട് വകഞ്ഞു മാറ്റിയ രണ്ടു മുറിയാണ് അവളുടെ മാളികയ്ക്ക്. കഴുകാനും കഴിക്കാനും ഒരിടം. ഉറങ്ങാന്‍ മുളക്കീറുകള്‍ക്കപ്പുറം മറ്റൊരിടം. അപര്‍ണയുടെ മാളിക അങ്ങനെ വിസ്മയഭരിതമായിരുന്നു. പഴകിയതും കീറിയതുമായ ആരു പായയിലാണ് അപര്‍ണയുടെ ഉറക്കം. അടുപ്പിനോടു ചേര്‍ന്ന ആ പായയില്‍നിന്ന് ഒഴിഞ്ഞാണ് അമ്മ ഉറങ്ങുന്നത്. രാത്രിയിലെ നിശബ്ദതയ്ക്കു കനം കൂടുമ്പോള്‍ അച്ഛന്‍ ഇരുട്ടിലൂടെ കാണിക്കുന്ന ആംഗ്യങ്ങള്‍ കണ്ട് അപര്‍ണയുടെ അമ്മ അച്ഛന്റെ പായയിലേക്ക് വഴുതി ചെല്ലും. ചേരിയിലെ കൂരകളില്‍ ഇരുട്ടിനെ ഭേദിക്കുന്ന മണ്ണെണ്ണ വിളക്കുകള്‍ അണയുമ്പോഴാണ് ആ ദമ്പതികളുടെ പ്രശാന്തവും സുന്ദരവുമായ സ്വകാര്യത പിറവിയെടുക്കുന്നത്. ആ സ്വകാര്യതയ്ക്ക് കുറച്ചു നിമിഷങ്ങള്‍ മാത്രമേ ആയുസ്സുള്ളൂ.


അപര്‍ണയുടെ കഥ- (നോവല്‍: ടോം മാത്യൂസ്,ന്യൂജേഴ്‌സി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക