Image

ഡാം സുരക്ഷാ നിയമം സുപ്രീം കോടതി അസാധുവാക്കി; നാളെ സംസ്ഥാന ഹര്‍ത്താല്‍

Published on 07 May, 2014
ഡാം സുരക്ഷാ നിയമം സുപ്രീം കോടതി അസാധുവാക്കി; നാളെ സംസ്ഥാന ഹര്‍ത്താല്‍
മുല്ലപ്പെരിയാര്‍ തര്‍ക്കത്തില്‍ കേരളത്തിന് തിരിച്ചടിയേകി ഡാം സുരക്ഷാ നിയമം സുപ്രീം കോടതി അസാധുവാക്കി. ഡാമിലെ ജലനിരപ്പ് 136 അടിയില്‍ നിന്നും 142 അടിയാക്കി ഉയര്‍ത്താമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.

ഡാമിലെ ജലനിരപ്പ്, സുരക്ഷ, അറ്റകുറ്റപ്പണി എന്നിവയില്‍ തീരുമാനമെടുക്കാന്‍ മൂന്നംഗ സമിതിയെയും സുപ്രീം കോടതി നിയോഗിച്ചു. കേന്ദ്ര ജലകമ്മീഷന്‍ ചെയര്‍മാനായിരിക്കും സമിതിയുടെ അധ്യക്ഷന്‍. കേരളത്തിന്റെയും തമിഴ്‌നാടിന്റെയും ഓരോ അംഗങ്ങളും സമിതിയിലുണ്ടായിരിക്കും. വര്‍ഷത്തില്‍ രണ്ട് തവണ സമിതി പരിശോധന നടത്തും. സമിതിയുടെ ചെലവ് തമിഴ് നാട് വഹിക്കണം. ഡാമില്‍ നിറയുന്ന വെള്ളത്തിന്റെ അളവ് , അറ്റകുറ്റപ്പണി തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കണം. മഴക്കാലത്തും വേനല്‍ക്കാലത്തുമായിരിക്കും പരിശോധന നടത്തേണ്ടതെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഡാമിന്റെ അറ്റകുറ്റപ്പണി നടത്താന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയിട്ടുണ്ട്. ഡാമിന് സുരക്ഷാ പ്രശ്‌നങ്ങളില്ലെന്നും കോടതി പറഞ്ഞു.
പതിറ്റാണ്ടുകള്‍ നീണ്ട കേസില്‍ തമിഴ്നാടിന്‍റെ വാദങ്ങള്‍ മുഴുവന്‍ അംഗീകരിച്ച കോടതി കേരളത്തിനെതിരെ വിമര്‍ശം ഉന്നയിക്കുകയും ചെയ്തു.
2006 മാര്‍ച്ചില്‍ കേരള നിയമ സഭ പാസാക്കിയ ഡാം സുരക്ഷാ നിയമം റദ്ദാക്കിയ സുപ്രീംകോടതി കേരളത്തിന്‍റെ നീക്കം കോടതിയുടെ അധികാര പരിധിക്കുമേല്‍ ഉള്ള കടന്നു കയറ്റമായും ഇത് ഭരണഘടനാ വിരുദ്ധമാണെന്നും കുറ്റപ്പെടുത്തി.
തമിഴ്നാട്ടിന്‍െറ കൃഷി ആവശ്യത്തിന് ആവശ്യമായ വെള്ളം ലഭിക്കാന്‍ മുലപ്പെരിയാര്‍ ഡാമിന്‍െറ ജലനിരപ്പ് ഉയര്‍ത്തണമെന്നാണ് തമിഴ്നാടിന്‍െറ ആവശ്യം. 116 വര്‍ഷം പഴക്കമുള്ള ലൈം സുര്‍ക്കി മിശ്രിതത്താല്‍ നിര്‍മിച്ച അണക്കെട്ട് അപകട നിലയിലാണെന്നും ജലനിരപ്പ് ഉയര്‍ത്താനാകില്ളെന്നുമാണ് കേരളത്തിന്‍െറ നിലപാട്.

2006 ഫെബ്രുവരിയില്‍ ഡാമിലെ ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്താന്‍ സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് ഉത്തരവിട്ടു. സുപ്രീംകോടതി ഉത്തരവ് മറികടക്കാന്‍ ഡാം സുരക്ഷാ നിയമ ഭേദഗതി നിയമസഭയില്‍ പാസാക്കിയ കേരളം മുല്ലപ്പെരിയാല്‍ ഡാമിനെ ഷെഡ്യൂള്‍ഡ് ഡാമുകളുടെ പട്ടികയില്‍ പെടുത്തി ജലനിരപ്പ് 136 അടിയായി നിജപ്പെടുത്തി. അതിനെതിരെ തമിഴ്നാട് നല്‍ഹിയ ഹരജിയിലാണ് സുപ്രീംകോടതി വിധി പറഞ്ഞിരിക്കുന്നത്. ജലനിരപ്പ് ഉയര്‍ത്താനുള്ള സുപ്രീംകോടതി വിധി നടപ്പാക്കാതിരിക്കാന്‍ ഡാം സുരക്ഷാ നിയമസഭ ഭേദഗതി കൊണ്ടുവന്ന കേരളത്തിന്‍െറ നടപടി ഭരണഘടനയുടെ അനുഛേദം 131ന്‍െറ ലംഘനമാണെന്നാണ് തമിഴ്നാടിന്‍െറ വാദം. എന്നാല്‍, അണക്കെട്ടിന്‍െറ താഴ്വാര പ്രദേശങ്ങളിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവന്‍ പരിഗണിച്ചുള്ള തീരുമാനമാണിതെന്നായിരുന്നു കേരളത്തിന്‍െറ വിശദീകരണം.

സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും വിധികളെ മറികടക്കാനാണ് ഡാം സുരക്ഷാ നിയമം കൊണ്ടുവന്നതെന്ന് തമിഴ്‌നാട് വാദിച്ചിരുന്നു. ഇത് പരിഗണിച്ച കോടതി ഈ നിയമം ഭരണഘടനാവിരുദ്ധമാണെന്നും പറഞ്ഞു. ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

തമിഴ്നാടിന് ആവശ്യത്തിന് വെള്ളം നല്‍കുന്നതില്‍ എതിര്‍പ്പില്ളെന്ന് വ്യക്തമാക്കി പുതിയ ഡാം നിര്‍മിക്കാന്‍ അനുവദിക്കണമെന്നും കേരളം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ദീര്‍ഘകാലത്തേക്കുള്ള കരാര്‍ അസാധുവാകുമെന്നതിനാല്‍ പുതിയ ഡാം എന്ന ആശയത്തെ തമിഴ്നാട് അനുകൂലിക്കുന്നില്ല. വിഷയം പഠിക്കാന്‍ ജസ്റ്റിസ് എ.കെ പട്നായികിന്‍െറ നേതൃത്വത്തില്‍ വിദഗ്ധ സമിതിയെ സുപ്രീം കോടതി നിയോഗിച്ചിരുന്നു. 2014 ഏപ്രിലില്‍ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഡാമിന് ഗുരുതരമായ ബലക്ഷയമുണ്ടെന്ന കേരളത്തിന്‍െറ വാദം വിദഗ്ധ സമിതി അംഗീകരിച്ചിട്ടില്ല. ജ

ചീഫ് ജസ്റ്റിസ് ആര്‍.എം ലോധ, എച്ച്.എല്‍ ദത്തു, ചന്ദ്രമുരളി കെ.പി പ്രസാദ്, മദന്‍ ബി ലോകുര്‍, എം.വൈ. ഇഖ്ബാല്‍ എന്നിവരാണ് കേസ് പരിഗണിച്ച ഭരണഘടനാ ബെഞ്ചിലെ അംഗങ്ങള്‍.

മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന നിലപാടില്‍ ഭരണഘടനാ ബെഞ്ച് തീരുമാനമെടുത്തിട്ടില്ല എന്നതാണ് കേരളത്തിന് ആശ്വാസമേകുന്നത്. ഡാമുമായി ബന്ധപ്പെട്ട ഭരണഘടനാപരമായ കാര്യങ്ങളും കോടതി പരിശോധിച്ചിട്ടില്ല.

മുല്ലപ്പെരിയാര്‍ കരാര്‍ ബ്രിട്ടീഷ് സര്‍ക്കാറും തിരുവിതാംകൂര്‍ മഹാരാജാവും തമ്മില്‍ 1886ല്‍ ഒപ്പിട്ടതാണ്. എന്നാല്‍, സ്വാതന്ത്ര്യത്തിനുശേഷം തിരുവിതാംകൂറും കൊച്ചി സംസ്ഥാനവും ലയിച്ച് തിരുകൊച്ചി വന്നു. ഇതോടെ, കരാറിന്റെ സാധുതയില്ലാതായെന്നും കേരളം കോടതിയില്‍ വാദിച്ചിരുന്നു.
സുപ്രീം കോടതി വിധിയുടെ പൂര്‍ണരൂപം ലഭിച്ച ശേഷം മന്ത്രിസഭ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മുല്ലപ്പെരിയാര്‍ വിഷയം ചര്‍ച്ചചെയ്യാന്‍ കേരളാ നിയമസഭ അടിയന്തിരമായി വിളിച്ചുചേര്‍ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. സുപ്രീം കോടതി വിധി അത്യന്തം നിര്‍ഭാഗകരമാണെന്ന് അദ്ദേഹം പറഞ്ഞു.
നാളെ സംസ്ഥാന ഹര്‍ത്താലിന് മുല്ലപ്പെരിയാര്‍ സമരസമിതിയുടെ ആഹ്വാനം. മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന് കനത്ത തിരിച്ചടി നല്‍കിയ സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ഇത് ജനങ്ങള്‍ക്കെതിരായ വിധിയാണെന്നും സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും സമരസമിതി ആവശ്യപ്പെട്ടു. മുല്ലപ്പെരിയാറിന്‍റെ സംരക്ഷണത്തിന് സമരവുമായി മുന്നോട്ടു പോവുമെന്നും അവര്‍ അറിയിച്ചു.
ഇടുക്കി ഒഴികയുള്ള ജില്ലകളില്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തും. ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷനാണ് ഇക്കാര്യം അറിയിച്ചത്.
വിധിയില്‍ പ്രതിഷേധിച്ച് മുല്ലപ്പെരിയാര്‍ സമര സമിതി പ്രഖ്യാപിച്ച ഹര്‍ത്താലിനെ പിന്തുണയ്ക്കില്ലെന്ന് സിപിഎം അറിയിച്ചു. സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണിയാണ് ഇക്കാര്യം അറിയിച്ചത്. ഹര്‍ത്താലിനെ പൂര്‍ണമായും പിന്തുണയ്ക്കുമെന്ന് കേരള കോണ്‍ഗ്രസ്-എം അറിയിച്ചു. പാര്‍ട്ടിയുടെ ഇടുക്കി ജില്ലാ കമ്മിറ്റിയാണ് ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചത്. സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി ഹര്‍ത്താലിന് പിന്തുണ നല്‍കില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കേരള കോണ്‍ഗ്രസ് പിന്തുണയുമായി രംഗത്തെത്തിയത്.
വിധി ഏകപക്ഷീയമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. കേരളത്തിലെ ജനങ്ങളുടെ സുരക്ഷ തെല്ലും കണക്കിലെടുക്കാത്ത വിധിയാണ് സുപ്രീംകോടതിയില്‍ നിന്നുണ്ടയതെന്നത് കേരളത്തിന് കനത്ത ആഘാതമാണ്.

റൂര്‍ക്കി, ഡല്‍ഹി ഐ.ഐ.ടി.കള്‍ മുമ്പ് നടത്തിയ പഠനത്തില്‍ മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമല്ലെന്ന് തെളിഞ്ഞതാണ്. ഭൂചലന മേഖലയിലാണ് ഡാം എന്നതിനാല്‍ തുടര്‍ചലനങ്ങള്‍ ഡാമിന്റെ സുരക്ഷക്ക് വലിയ ഭീഷണിയായി തുടരുകയാണ്. ഇത് കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തിനും കനത്ത ഭീഷണി സൃഷ്ടിക്കുന്നു. ഇതൊന്നും കണക്കിലെടുക്കാതെ തീര്‍ത്തും നീതിരഹിതമായ വിധിയാണ് സുപ്രീം കോടതിയില്‍ നിന്നുണ്ടായത്.

ഇനി പ്രശ്‌നത്തിനുള്ള പരിഹാരവും അതിനുള്ള സാധ്യതകളും നിയമവിദഗ്ധരും കക്ഷി രാഷ്ട്രീയഭേദമന്യേ ചര്‍ച്ച ചെയത് വിശകലനം ചെയ്യണം. അതനുസരിച്ച് മുന്നോട്ട് പോവുക മാത്രമാണ് നിലവിലുള്ള മാര്‍ഗം. സുപ്രീം കോടതിയുടെ സമ്പൂര്‍ണ വിധി പുറത്ത് വന്നാല്‍ മാത്രമേ മുന്നോട്ടുള്ള സാധ്യതകള്‍ വിശകലനം ചെയ്യാന്‍ സാധിക്കൂ എന്നും വി.എം സുധീരന്‍ പറഞ്ഞു.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീം കോടതി വിധിക്കെതിരെ റിവ്യു ഹര്‍ജി നല്‍കുന്നത് ആലോചിക്കുമെന്ന് മന്ത്രി പി.ജെ ജോസഫ്. ജനങ്ങളുടെ സുരക്ഷ കോടതി പരിഗണിച്ചില്ലെന്നുള്ളത് വേദനാജനകമാണെന്ന് പി.ജെ ജോസഫ് പറഞ്ഞു.
നിയമ വിദഗ്ധരുമായി ആലോചിച്ച് റിവ്യു ഹര്‍ജി നല്‍കുന്ന സാധ്യത ആരായും. ഡാം സുരക്ഷതിമാണെന്ന് സുപ്രീം കോടതി പറഞ്ഞാലും ജനങ്ങള്‍ വിശ്വസിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

വിധി സമ്പൂര്‍ണ നീതിനിഷേധമാണെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം സുധീരന്‍. റൂര്‍ക്കി ഐഐറ്റി അടക്കം നടത്തിയ ശാസ്ത്രീയ പഠനങ്ങളോ ആധികാരിക റിപ്പോര്‍ട്ടുകളോ പരിഗണിക്കാതെ ഉണ്ടായിരിക്കുന്ന വിധി തീര്‍ത്തും നീതി രഹിതമാണ്.
രാഷ്ട്രിയ വിവാദങ്ങളിലേക്ക് പോകാതെ ഇനിയെന്താണ് വേണ്ടതെന്ന് കൂട്ടായി തീരുമാനിക്കണമെന്നും സുധീരന്‍ പറഞ്ഞു.

വിധി ഞെട്ടിക്കുന്നതാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. വിധി ദൗര്‍ഭാഗ്യകരമാണ് നിയമവിദഗ്ധരുമായി ആലോചിച്ച് റിവ്യുഹര്‍ജി അടക്കമുള്ള കാര്യങ്ങളിലേക്ക് സര്‍ക്കാര്‍ പോകും.
വിധി പഠിച്ചശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
jep 2014-05-07 07:07:57

കേരള  നേതാക്കന്മ്മാന്ർക്ക് തമിഴ് നാട്ട്ലുള്ള തന്റെ  സ്വത്തിറെയ് കാരിത്യലനല്ലോ  വെപ്രാളം ,ഇവിടെ ആര് തോലഞ്ഞാൽ എന്ത് വേണം .ലോകത്തിലെ എന്ത് കാരിയത്തിനും   അഭിപ്രായം തട്ടി വിടാൻ എന്ത് മിടുക്കരാ നേതാക്കന്മ്മാർ .ഇപ്പൊൾ മനസ്സിലായോ ഇവര്ക്ക് കേരളം എന്ന കിണറ്റിൽ കിടന്നു ഇവിടുത്തെ  പാവം മലയാളികളെ കുന്ത മുനയിൽ നിർത്തി ഇക്ഷ വരപ്പിക്കാൻ മാത്രമേ  അറിയുള്ളു എന്ന് .ഇനിയും അടുത്ത വിവാദം വരുന്നത് വരെ ,ഇവരുടെ വായിൽ "മുല്ലപ്പെരിയാർ മുല്ലപ്പെരിയാർ " എന്ന് മാത്രമേ വരുകയുള്ളു .

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക